കാർമേഘങ്ങൾ മൂടിക്കെട്ടി തുള്ളിക്കൊരുകുടം കണക്കെ മഴ തിമിർത്തുപെയ്തിരുന്ന കർക്കടകം... പുറത്തിറങ്ങാനാവാതെ, പാടത്തു പണിയെടുക്കാനാവാതെ വീടുകളിൽ ചടഞ്ഞുകൂടിയിരുന്നിരുന്ന നാളുകൾ. ഉത്സവങ്ങളോ ആഘോഷങ്ങളോ ഇല്ലാതെ ദുരിതം മാത്രം പെയ്തിരുന്ന പഞ്ഞമാസം. ക്ഷാമവും രോഗങ്ങളും ഭീതിപ്പെടുത്തിയ കർക്കടകം കടക്കാൻ ആത്മീയകാര്യങ്ങളായിരുന്നു പഴമക്കാരുടെ പ്രധാന ആശ്രയം. അതിന് അവർ കണ്ടെത്തിയ ഉപാധികളിൽ പെടുന്നു രാമനാമജപവും രാമായണ പാരായണവും.
പുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ ജീവിതകഥകൾക്ക് ഒപ്പം നടക്കുന്ന പ്രാർഥനാനിരതമായ ഒരുമാസം. അതിലൂടെ മനസ്സിനും ശരീരത്തിനും ശക്‌തിപകരാനുള്ള ശ്രമമാണു നടക്കുന്നത്. കാലവും കാലാവസ്‌ഥയും മാറിയെങ്കിലും പിന്തുടർന്ന ആത്മീയചര്യകളിൽ മാറ്റമില്ല. രാമായണ മാസാചരണവും നാലമ്പല ദർശനവുമെല്ലാം അതിന്റെ തുടർച്ചയാണ്. വീണ്ടും കർക്കടകമെത്തുന്നു. ആത്മീയ ജീവിതത്തിന്റെ സന്ദേശവുമായി മനസ്സുകൾ പ്രാർഥനയിലേക്കുണരുകയാണ്. ത്രേതായുഗത്തിലെ വൈഷ്ണവ അവതാരങ്ങളായ ശ്രീരാമ ലക്ഷ്മണ ഭരതശത്രുഘ്‌നൻമാരുടെ സങ്കൽപമുള്ള നാലു ക്ഷേത്രങ്ങളെയാണ് നാലമ്പലം എന്നു വിശേഷിപ്പിക്കുന്നത്. രാമായണം ഒരു പ്രാവശ്യം വായിക്കുന്നതിനു തുല്യമായാണു നാലമ്പല ദർശനത്തെ കണക്കാക്കുന്നത്. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ നാലമ്പലങ്ങളിൽ രാമായണ മാസക്കാലങ്ങളിൽ ഒട്ടേറെ ഭക്തർ എത്താറുണ്ട്. കണ്ണൂരിലും നാലമ്പലങ്ങളുണ്ടെന്ന് അധികമാർക്കുമറിയില്ല.
നീർവേലി ശ്രീരാമക്ഷേത്രവും എളയാവൂരിലെ ഭരതക്ഷേത്രവും പെരിഞ്ചേരിയിലെ ലക്ഷ്മണ ക്ഷേത്രവും പായത്തെ ശത്രുഘ്നക്ഷേത്രവുമാണ് കണ്ണൂർ ജില്ലയിലെ നാലമ്പലങ്ങൾ. നാലമ്പലങ്ങളെന്ന് ഇവ അറിയപ്പെട്ടു തുടങ്ങിയിട്ടില്ലെങ്കിലും ഇക്കാര്യങ്ങൾ അറിയാവുന്നവർ കർക്കടകത്തിലെ നാലമ്പല ദർശനത്തിന് ഈ ക്ഷേത്രങ്ങളിൽ എത്തുന്നുണ്ട്.
ശ്രീരാമനെ തൊഴാം തിരുവങ്ങാട്ടും നീർവേലിയിലും
മട്ടന്നൂർ – കൂത്തുപറമ്പ് റോഡിൽ നിർമലഗിരിക്കടുത്ത അളകാപുരിയിൽ നിന്ന് ഇടത്തോട്ടുള്ള റോഡിൽ ഒന്നരകിലോമീറ്റർ പിന്നിട്ടാൽ നീർവേലി ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്താം. നാലുഭാഗവും നീരൊഴുക്കുകളാൽ വേലി തീർത്ത പ്രദേശം എന്ന അർഥത്തിലാണ് നാടിനു നീർവേലിയെന്ന പേരുവന്നത്. അയ്യായിരം വർഷങ്ങൾക്കു മുൻപ് ഋഷീശ്വരന്മാരാണ് ഇവിടെ ശ്രീരാമന്റെ പ്രതിഷ്ഠ നിർവഹിച്ചതെന്നാണു വിശ്വാസം. മാന്ദ്യത്ത് ഇല്ലം വകയായിരുന്ന ക്ഷേത്രം മലബാർ ദേവസ്വം ബോർഡിനു വിട്ടുകൊടുത്തശേഷം ട്രസ്റ്റ് ബോർഡും ദേശ കമ്മിറ്റിയുമാണ് ക്ഷേത്രഭരണം നിർവഹിക്കുന്നത്. ജീർണാവസ്ഥയിലായിരുന്ന ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ സഹായത്തോടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
പുലർച്ചെ 5.30നു നടതുറന്ന് ഉഷപൂജയ്ക്കും ഉച്ചപൂജയ്ക്കും ശേഷം ഒൻപതരയ്ക്കു നട അടയ്ക്കും. വൈകിട്ട് അഞ്ചരയ്ക്ക് നടതുറന്ന് ദീപാരാധനയ്ക്കും അത്താഴപൂജയ്ക്കും ശേഷം ഏഴരയ്ക്കു നട അടയ്ക്കും. മകരത്തിൽ അശ്വതി ദിവസമാണ് ഉത്സവം ആഘോഷിക്കുന്നത്. മേടത്തിലെ രോഹിണിയിലാണ് പ്രതിഷ്ഠാദിനം. ശ്രീരാമനവമി ആഘോഷം, കർക്കടകത്തിൽ രാമായണ പാരായണം, ഗണപതി ഹോമം, മൃത്യുഞ്ജയഹോമം, നവരാത്രി പൂജ, മണ്ഡലമാസാചരണം എന്നിവ എല്ലാ വർഷവും നടത്തുന്നു. ക്ഷേത്രത്തിനോടു ചേർന്ന് ഭഗവതി സ്ഥാനവും നാഗസ്ഥാനവുമുണ്ട്. സി.രാമചന്ദ്രൻ പ്രസിഡന്റും സി.വിനോദൻ സെക്രട്ടറിയും എൻ.സുധാകരൻ ട്രസ്റ്റി ബോർഡ് ചെയർമാനുമായുള്ള കമ്മിറ്റിയാണ് ഇപ്പോൾ ക്ഷേത്രഭരണത്തിനു നേതൃത്വം നൽകുന്നത്. വിലങ്ങര നാരായണൻ നമ്പൂതിരിപ്പാടാണ് തന്ത്രി.നാലമ്പല ദർശന സങ്കൽപത്തിൽ പൊതുവെ ഉൾപ്പെടുത്തപ്പെട്ടു കാണാറില്ലെങ്കിലും തലശ്ശേരി തിരുവങ്ങാട്ടെ ശ്രീരാമക്ഷേത്രത്തിലും രാമായണമാസത്തിൽ ദർശനത്തിന് ഏറെ ഭക്തജനങ്ങളെത്തും.
ഭരതസങ്കൽപം എളയാവൂരിൽ
മട്ടന്നൂർ – കണ്ണൂർ റോഡിൽ മുണ്ടയാട്ടെ ഇൻഡോർ സ്റ്റേഡിയം കഴിഞ്ഞാൽ ഇടത്തോട്ടേക്കുള്ള റോഡിൽ ഒന്നരകിലോമീറ്റർ ദൂരത്താണ് എളയാവൂർ ക്ഷേത്രം. പ്രധാന ദേവനായി നാലമ്പലത്തിലെ പെരുംതൃക്കോവിലിൽ കുടികൊള്ളുന്നത് സംഗമേശനാണ്. വിഷ്ണുക്ഷേത്രമായാണ് നേരത്തേ അറിയപ്പെട്ടിരുന്നതെങ്കിലും സ്വർണപ്രശ്നം നടത്തിയപ്പോഴാണ് ഇതു ഭരതസങ്കൽപത്തിലുള്ള ക്ഷേത്രമാണെന്ന് അറിയുന്നത്. അക്ഷമാല, ചക്രം, ശംഖ്, ഗഥ എന്നിവയോടുകൂടിയ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. തൃശ്ശൂർ ജില്ലയിലെ കൂടൽമാണിക്യം ക്ഷേത്രത്തിൽ മാത്രമേ സമാനമായ ഭരത പ്രതിഷ്ഠയുള്ളൂ.
നിത്യപൂജയുള്ള ക്ഷേത്രത്തിൽ പുലർച്ചെ അഞ്ചരയ്ക്കു നടതുറക്കും. പതിനൊന്നരയോടെ അടച്ചശേഷം വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും തുറക്കും. രാത്രി എട്ടിനാണ് നട അടയ്ക്കുക. എല്ലാ ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും ഭദ്രകാളിക്ക് ഗുരുതിയും നടക്കുന്നു.
വി.വി.മോഹനൻ പ്രസിഡന്റും ടി.കെ.ചന്ദ്രശേഖരൻ സെക്രട്ടറിയും പി.കരുണാകരൻ നായർ ചെയർമാനുമായുള്ള എളയാവൂർ ക്ഷേത്രകാര്യ നിർവഹണ കമ്മിറ്റിയാണ് ക്ഷേത്രഭരണത്തിനു നേതൃത്വം നൽകുന്നത്. തരണനെല്ലൂർ തെക്കിനിയേടത്തു പത്മനാഭനുണ്ണി നമ്പൂതിരിപ്പാടാണ് ക്ഷേത്രം തന്ത്രി.
പെരിഞ്ചേരിയിൽ ലക്ഷ്മണ സങ്കൽപത്തിൽ വിഷ്ണു
മട്ടന്നൂരിനടുത്തുള്ള ഉരുവച്ചാലിൽ നിന്ന് മണക്കായി റോഡിൽ രണ്ടുകിലോമീറ്റർ ദൂരത്തിലാണ് പെരിഞ്ചേരി വിഷ്ണുക്ഷേത്രം സ്ഥിതിചെയ്യുന്നത്. ലക്ഷ്മണ സങ്കൽപത്തിലുള്ള പ്രതിഷ്ഠയാണ് ഇവിടെ. ആയിരത്തിലേറെ വർഷം പഴക്കമുള്ള ക്ഷേത്രമാണ് ഇതെന്നാണു കണക്കാക്കുന്നത്.
ത്രേതായുഗത്തിൽ ശ്രീരാമലക്ഷ്മണന്മാരുടെ വനവാസകാലത്ത് ഇവിടെ എത്തിയതായാണ് വിശ്വാസം. മാരീചനെത്തേടിപ്പോയ ശ്രീരാമൻ നീർവേലിയിലും സീതയ്ക്കു കാവൽ നിൽക്കുന്ന രൗദ്രമൂർത്തിയായ ലക്ഷ്മണൻ പെരിഞ്ചേരിയിലുമാണെന്നാണു കരുതപ്പെടുന്നത്. സീതയുടെ സങ്കൽപമായി കുളത്തുംവാതുക്കൽ ശ്രീഭഗവതിക്കോട്ടവും അറിയപ്പെടുന്നു. സി.വി.വിജയൻ പ്രസിഡന്റും സി.പി.പത്മനാഭൻ നമ്പ്യാർ സെക്രട്ടറിയും എ.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ട്രസ്റ്റി ബോർഡ് ചെയർമാനുമായ സമിതിയാണ് ക്ഷേത്ര ഭരണത്തിനു നേതൃത്വം നൽകുന്നത്. ആറാട്ടുവള്ളി ജയദേവൻ നമ്പൂതിരിയാണ് മേൽശാന്തി.
ശത്രുഘ്ന സങ്കൽപത്തിൽ പായം വിഷ്ണു ക്ഷേത്രം
ഇരിട്ടി–പേരാവൂർ റോഡിൽ നിന്നു ജബ്ബാർക്കടവ് പാലം കടന്നു കരിയാൽ വഴിയാണ് കാടമുണ്ടയിലെ പായം മഹാവിഷ്ണു, ശത്രുഘ്ന ക്ഷേത്രത്തിലേക്കുള്ള റോഡ്. വൃത്താകാരത്തിലുള്ള ശ്രീകോവിലാണ് ക്ഷേത്രത്തെ വേറിട്ടു നിർത്തുന്നത്.നൂറ്റാണ്ടുകളായി തകർന്നടിഞ്ഞുപോയിട്ടും ദേവചൈതന്യം നിറഞ്ഞു നിൽക്കുന്നതായി പ്രശ്നചിന്തകളിൽ തെളിഞ്ഞതിനെത്തുടർന്ന് ഭക്തരുടെ നേതൃത്വത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ശ്രീകോവിൽ ചെമ്പു പതിച്ചു കഴിഞ്ഞു. നമസ്കാര മണ്ഡപം, മണിക്കിണർ, വനശാസ്താവ് എന്നിവയുടെ പണിയും പൂർത്തീകരിച്ചു.
ചുറ്റമ്പല നിർമാണത്തോടെയാവും പുനഃപ്രതിഷ്ഠ നടക്കുക. അതുവരെ നിത്യപൂജയില്ല. വിശേഷ ദിവസങ്ങളിലും എല്ലാ മലയാള മാസം ഒന്നാം തീയതികളിൽ നടതുറന്നു പൂജയുണ്ട്. എല്ലാ വ്യാഴാഴ്ചയും സമൂഹാരാധനയും പായസദാനവും നടക്കുന്നു. കർക്കടകത്തിൽ ദിവസവും വൈകിട്ട് രാമായണ പാരായണവുമുണ്ട്.ജി.ബാലൻ നമ്പ്യാർ പ്രസിഡന്റും എം.പ്രദീപ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.