Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തുഷ്ട കുടുംബജീവിതത്തിന് ഉമാമഹേശ്വര പൂജ

Shivaparvathy

കുടുംബജീവിതം ഭദ്രമാക്കുന്നതിന് ഏറ്റവും ആരാധിക്കാവുന്നതു മഹാദേവനെയും ഉമയെയുമാണ്. ഉമാമഹേശ്വര പൂജയെന്നറിയപ്പെടുന്ന ഈ പൂജാവിധി നടത്തേണ്ടത് ശിവനും പാർവതിയും പ്രതിഷ്ഠയായുള്ള അമ്പലത്തിലാണ്. അവിടെയാണ് ആരാധന നടത്തേണ്ടതും. 

ജാതകത്തിലെയുംപ്രശ്നത്തിലെയുംസർവദോഷങ്ങൾക്കുംപരിഹാരമാണിത്. വിവാഹം നടക്കുന്നതിനു തടസ്സം നേരിടുന്നവർക്കും വിവാഹം കഴിഞ്ഞവർക്കു ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കാനും ഉമാമഹേശ്വരപൂജയും ഉമാമഹേശ്വരക്ഷേത്രദർശനവും ഉത്തമമാണ്. 

തിരുവനന്തപുരത്ത് അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കുളക്കടവായ പത്മതീർത്ഥക്കരയിൽ ഉമാമഹേശ്വര ക്ഷേത്രം ഉണ്ട് . എട്ടുവീട്ടിൽ പിള്ളമാർ അനന്തപത്മനാഭനെ തൊഴാൻ വരുമ്പോൾ ആരാധിച്ചിരുന്ന തേവാരമൂർത്തി കൂടിയാണ് ഈ അമ്പലം. മാത്രവുമല്ല ഈ ദിവ്യസന്നിധിയിൽ ശിവകുടുംബം ഒന്നടങ്കം കുടികൊള്ളുന്നു എന്നാണു വിശ്വാസം. ഉമാ മഹേശ്വരന്മാർക്കൊപ്പം വിഘ്നേശ്വരനെയും സ്കന്ദനെയും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. 

ഇതുസംബന്ധിച്ച ഒരു ഐതിഹ്യം ഇങ്ങനെ: 

ഒരിക്കൽ അനന്തപത്മനാഭനെ ദർശിക്കാന്‍ ശ്രീ ഉമാദേവി ആഗ്രഹം പ്രകടിപ്പിച്ചുവത്രേ. സർവ്വശക്തനായ മഹാദേവൻ മക്കളായ വിഘ്നേശ്വരനെയും സ്കന്ദനെയും കൂട്ടി സന്തോഷത്തോടെ നാലു പേരും പോകാൻ തീരുമാനിച്ചു. അപ്പോൾ ദേവി പറഞ്ഞു- നാലു പേരും അവരവരുടെ വാഹനത്തിൽ സഞ്ചരിച്ചാൽ മതി. മറ്റു മൂന്നു പേർക്കും നിർദേശം സ്വീകാര്യമായെങ്കിലും യാത്രാസമയത്ത് വിഘ്നേശ്വരന്റെ വാഹനമായ മൂഷികനെ മാത്രം കണ്ടില്ലത്രേ. പെട്ടെന്ന് ഗണേശനു കോപം വരികയും വല്ലാതെ മുഷിയുകയും ചെയ്തു. മഹേശ്വരനും കുപിതനായി. ഉമ സമയോചിതമായി ഇടപെട്ട് വിഘ്നേശ്വരനെ സമാധാനിപ്പിച്ചു. മൂഷികനു പകരം വ്യാളിയുടെ മുകളിൽ കയറിവരാൻ അമ്മ മകനോടു പറ‌ഞ്ഞു. വിഘ്നേശ്വരൻ സമ്മതിക്കാതെ പിണങ്ങി തന്നെ നിന്നു. ഉമ തന്റെ വാഹനമായ സിംഹത്തെ മകനു നൽകി താൻ വ്യാളി മുകളിലേറി വരാമെന്നും പറഞ്ഞു. വിഘ്നേശ്വരന്‍ സമ്മതിച്ച് യാത്രയായി. മഹാദേവൻ ഋഷഭവാഹനത്തിലുംഉമ വ്യാളിയുടെ പുറത്തും ശ്രീമുരുകൻ മയിലിന്റെയും വിഘ്നേശ്വരൻ സിംഹത്തിന്റെയും മുകളിലും കയറി 4 പേരും യാത്ര തിരിച്ച് ശ്രീപത്മനാഭ ദർശനം നടത്തിയെന്നാണു കഥ. അങ്ങനെ അനന്തപത്മനാഭ ദർശനം കഴിഞ്ഞശേഷം ഇന്നു കാണുന്ന പത്മതീർത്ഥകരയില്‍ കുടിയിരുന്നതായാണ് ഐതിഹ്യം. മുകളിൽ പറ‍ഞ്ഞ രീതിയിലാണ് ഈ അമ്പലത്തിലെ പ്രതിഷ്ഠ. ഹനുമാനും ഗരുഡവാഹനനായ ശ്രീകൃഷ്ണനും നടരാജനും പ്രതിഷ്ഠകളായി ഈ സന്നിധിയിലുണ്ട്.

ദുരിതമോചനത്തിനായും വിവാഹം, കാര്യസാധ്യം, ഐകമത്യംഎന്നിവയ്ക്കായും ഉമാമഹേശ്വര പ്രതിഷ്ഠയുള്ള സ്ഥലങ്ങളിൽ ഉമാമഹേശ്വര പൂജ നടത്തുന്നത് നല്ലതാണ്.