ജൂലായ് 27നുള്ള ചന്ദ്രഗ്രഹണം കുറെയേറെ നക്ഷത്രക്കാർക്ക് വലിയ തോതിൽ ദോഷമാണെന്നൊക്കെയുള്ള പ്രചരണങ്ങൾ ശ്രദ്ധയിൽ പെട്ടു. ഒരു വിശ്വാസിയുടെ മനസ്സിൽ വിഷാദം ജനിപ്പിക്കാൻ പര്യാപ്തമാണ് ഇത്തരമുള്ള ഭയപ്പെടുത്തലുകൾ. പൂർണ്ണമായ ഒരു ജ്യോതിഷ വിശ്വാസി ഇത്തരം ഭയപ്പെടുത്തലുകള്‍ വിശ്വസിക്കും. തുടർന്ന് അത് ചിന്തിച്ച് ആശങ്കപ്പെട്ട് അസ്വസ്ഥതയിലേക്ക് നീങ്ങുകയാണ് ചെയ്യുന്നത്.
ചന്ദ്രഗ്രഹണം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് പല പണ്ഡിതരും പ്രവചിക്കുന്നത് നോക്കിയാൽ തന്നെ ഇതിന്റെ സത്യസന്ധത നമുക്ക് ബോധ്യപ്പെടും. വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഓരോരുത്തരും പങ്കുവയ്ക്കുന്നത്. ചന്ദ്രഗ്രഹണത്താൽ പൊതുവിൽ പ്രകൃതിയിൽ ചില മാറ്റങ്ങള്‍ രൂപപ്പെടും. അതിനെ ഓരോ നക്ഷത്ര ജാതരുടേയും ദോഷങ്ങളാക്കിമാറ്റി ഭയപ്പെടുത്തലുകളിലൂടെയാണ് ഇപ്പോൾ അവതരിപ്പിക്കപ്പെടുന്നത്.
ഒരു മനുഷ്യന്റെ ജീവിതം ജാതകവും, ജ്യോതിഷവുമായി ബന്ധപ്പെടുത്തി പരിശോധിക്കുമ്പോൾ പരസ്പര ബന്ധിതങ്ങളല്ലാത്ത ഒരുപാട് ഫലങ്ങളെ കുറിച്ച് പറയാറുണ്ട്. ജനിക്കുമ്പോൾ നക്ഷത്രത്തിന് ഒരു ഫലവും പിന്നീട് ജാതകത്തിന് മറ്റൊരു ഫലവും, ദശാകാലഘട്ടത്തിന് വേറൊരു ഫലവും, അപഹാരം, ഛിദ്രം എന്നിവയ്ക്കുള്ള ഫലങ്ങളും, കൂടാതെ വിഷുഫലവും, പുതുവർഷഫലവും, മാസഫലവും, ആഴ്ചഫലവും, ദിവസഫലവും വ്യത്യസ്തങ്ങളായാണ് പറയപ്പെടുന്നത്. അതിനിടയിലേക്ക് മറ്റൊരു ഭയപ്പെടുത്തലായി ഇപ്പോൾ ഗ്രഹണഫലവും സ്ഥാനം പിടിച്ചു. ശരിക്കും പരിഹാര മാഫിയയാണ് ഈ ഫലപ്രവചനത്തിനു പിന്നിൽ. ചില നക്ഷത്രക്കാർക്ക് ഗ്രഹണം മൂലം വലിയ ദോഷം സംഭവിക്കും എന്ന് ആദ്യമേ പ്രചരിപ്പിക്കും.
പിന്നീട് തന്ത്രപൂര്‍വ്വം അതിനൊരു പരിഹാരവും അവതരിപ്പിക്കും. പല പരിഹാരവും ആയിരക്കണക്കിന് രൂപ മുടക്കിയുള്ളവയും ആയിരിക്കും. ഇത്തരം തട്ടിപ്പുകളിൽ പോയി വീഴാതിരിക്കാൻ വിശ്വാസികൾ ശ്രദ്ധിക്കണം.
ഗ്രഹണം പ്രകൃതിയെ ബാധിക്കാം. ഓരോ മനുഷ്യനിലും വ്യത്യസ്തമായി ഫലങ്ങള്‍ ചെയ്യാൻ ആകില്ല അതറിഞ്ഞാൽ തട്ടിപ്പുകളിൽ നിന്നും രക്ഷ നേടാം.