നാളെ കർക്കടക വാവുബലി. മുൻഗാമികളുടെ മോക്ഷത്തിനായി പിൻതലമുറയുടെ പ്രാർഥന നിറയുന്ന അമാവാസി നാൾ.
‘‘...യാതൊരന്നം താൻ ഭുജിക്കുന്നതുമതു
സാദരം നൽക പിതൃക്കൾക്കുമെന്നല്ലോ
വേദസ്മൃതികൾ വിധിച്ചതെന്നോർത്തതി–
ഖേദേന പിണ്ഡദാനാനന്തരം തദാ
സ്നാനം കഴിച്ചു പുണ്യാഹവും ചെയ്തഥ
സ്നാനാദനന്തരം പ്രാപിച്ചിതാശ്രമം...’’
– (അധ്യാത്മ രാമായണം– അയോധ്യാകാണ്ഡം)
നാളെ. ഇന്നലെകൾക്കുമപ്പുറത്തേക്ക്, ഇന്നീ മണ്ണിലെത്തിച്ച കണ്ണികളിലേക്ക് അകക്കണ്ണു തുറക്കുന്ന ദിനം. കർക്കടക മാസത്തിലെ അമാവാസ്യ. പിതൃക്കളുടെ ദിനം. അന്നു ബലിയിട്ടാൽ പിതൃക്കൾക്കു മോക്ഷം കിട്ടുമെന്നു വിശ്വാസം.
ധർമശാസ്ത്രപ്രകാരം ഗൃഹസ്ഥർ അനുഷ്ഠിക്കേണ്ട പഞ്ചമഹായജ്ഞങ്ങളിലൊന്നാണ് പിതൃ യജ്ഞം.മുൻഗാമികളിൽ ഏഴു തലമുറയുടെ ചൈതന്യം ഒരാളിൽ സജീവമായി നിലനിൽക്കുന്നുവെന്നാണ് ഋഷിമാർ പറഞ്ഞിട്ടുള്ളത്; 24 തലമുറയുടെ ചൈതന്യം സൂക്ഷ്മരൂപത്തിലും അയാളിൽ വസിക്കുന്നു.
മനുഷ്യർ ജനിക്കുന്നത് മൂന്ന് ഋണങ്ങളോടെ (കടങ്ങൾ) ആണെന്നാണ് പുരാതന ഭാരതീയ വിശ്വാസം. ദേവന്മാരോടും ഋഷികളോടും പിതൃക്കളോടുമുള്ള ഈ കടങ്ങൾ യഥാക്രമം യജ്ഞം, വേദപഠനം ,ശ്രാദ്ധം എന്നിവയാൽ വീട്ടണമെന്നാണു വിധി. പിതൃപ്രധാനമായ ദക്ഷിണായനത്തിന്റെ ആദ്യത്തെ അമാവാസിയാണല്ലോ കർക്കടകത്തിലേത്. മരിച്ചുപോയവരെ ആരാധിക്കുന്ന പിതൃപൂജാ സമ്പ്രദായത്തിലെ പ്രധാന ചടങ്ങാണ് ശ്രാദ്ധം. പരേതാത്മാക്കളുടെ സദ്ഗതിക്കായി വിധിപ്രകാരം ശ്രദ്ധയോടെ ചെയ്യുന്നതിനാൽ ‘ശ്രാദ്ധം’. പിതൃക്കൾക്ക് മോക്ഷം ലഭിക്കുവാനും അവരുടെ അനുഗ്രഹം വന്നുചേരാനുമാണ് ശ്രാദ്ധച്ചടങ്ങുകൾ.
നദീതീരങ്ങളിലോ സമുദ്ര തീരങ്ങളിലോ പ്രധാന ബലിസ്ഥാനങ്ങളിലാണ് പിതൃക്കൾക്ക് അന്നം കൊണ്ടോ ജലം കൊണ്ടോ തർപ്പണം നടത്തി പിതൃയജ്ഞം അനുഷ്ഠിക്കുന്നത്. അരി, തുളസി, ചെറൂള, എള്ള്, കറുക, ചന്ദനം മുതലായവയാണ് ബലി തർപ്പണത്തിനു പ്രധാനമായി ഉപയോഗിക്കുന്നത്. കർക്കടക വാവിന് പിതൃക്കൾ വീട് സന്ദർശിക്കുമെന്നും വിശ്വാസമുണ്ട്. തേങ്ങയും ശർക്കരയും ചേർത്ത് വാഴയിലയിൽ വാവട ഉണ്ടാക്കി അവർക്കായി കാത്തിരിക്കുന്ന ആചാരവും കേരളത്തിൽ പലേടത്തുമുണ്ട്.
കേരളത്തിൽ ആലുവ ശിവരാത്രി മണപ്പുറം, വർക്കല പാപനാശം, തിരുനാവായ മണപ്പുറം, തിരുനെല്ലി, തിരുവല്ലം, ശംഖുമുഖം കടപ്പുറം തുടങ്ങി ഒട്ടേറെ സുപ്രധാന ബലിസ്ഥാനങ്ങളുണ്ട്. പത്തനംതിട്ട ജില്ലയിൽ ആറന്മുള ഉൾപ്പെടെ ഒട്ടേറെ ക്ഷേത്രക്കടവുകളിലും കർക്കടക വാവുബലിക്ക് വൻ തിരക്ക് അനുഭവപ്പെടുന്നു. അവിടങ്ങളിലെത്തുന്നവർ അവനവനിൽനിന്ന് അനേക തലമുറകൾ പിൻനടന്ന്, അഖിലപിതൃക്കളുടെയും മോക്ഷത്തിനായി പ്രാർഥിച്ച് , അവർക്കായി തിലോദകം സമർപ്പിച്ച്...