മള്ളിയൂർ ശ്രീ മഹാഗണപതിക്ഷേത്രം സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിലെ കുറുപ്പന്തറ ദേശത്താണ്. ബീജഗണപതിയുടെ വലംപിരി രൂപത്തിലുള്ള പ്രതിഷ്ഠയാണ് മള്ളിയൂരിലുള്ളത്. അത്യപൂർവമായ വൈഷ്ണവ ഗണപതി സങ്കൽപം. ഗണപതിയുടെ മടിയിൽ കഥ കേട്ടിരിക്കുന്ന ഉണ്ണിക്കണ്ണൻ. ഉന്നതവും ഉദാത്തവുമായ മനീഷിയിൽനിന്ന് ഉരുത്തിരിയുന്ന പ്രായോഗിക ജീവിതമാർഗത്തിന്റെ അരുൾമൊഴികൾ ഏറ്റുവാങ്ങുന്ന ഒരു തലമുറയുടെ പ്രതീകമാണത്. ഭാഗവതകഥ കേൾക്കുന്നതിലൂടെ നമുക്കു നേടാൻ കഴിയുന്ന ഊർജസ്വലതയും കർമകുശലതയുമാണ് ഈ അപൂർവ സംഗമം ദ്യോതിപ്പിക്കുന്നത്. ചിന്തയും പ്രവൃത്തിയും ബുദ്ധിയും സിദ്ധിയും തമ്മിലുള്ള, ഉണ്ടാകേണ്ട ഐക്യഭാവവും ഇവിടെ പ്രത്യക്ഷമാകുന്നു.
മള്ളിയൂരിലെ മഹാഗണപതി ക്ഷിപ്രപ്രസാദിയാണ്. വലംപിരിയായ തുമ്പിക്കയ്യിൽ മാതളനാരങ്ങയും കൈകളിൽ മഴു, കയർ, കൊമ്പ്, ലഡു എന്നിവയുമുണ്ട് . അമ്പാടിക്കണ്ണനെ മടിയിലിരുത്തി താലോലിക്കുന്ന ഗണേശരൂപമാണു ജ്യോതിഷ ചിന്തയിൽ തെളിഞ്ഞത്. ഇത്തരത്തിലുള്ള ചിത്രാലേഖനമാണ് ഏറെ പ്രചാരം നേടിയത്.
വൈഷ്ണവ ഗണപതി സങ്കല്പം മള്ളിയൂരിൽ എങ്ങനെയുണ്ടായി? അതേപ്പറ്റി മള്ളിയൂർ തന്നെ ഒരിക്കൽ ഇങ്ങനെ പറഞ്ഞു
‘തന്ത്രശാസ്ത്രത്തിൽ രണ്ടു പ്രധാന സംഗതികളുണ്ട്. ഒന്ന് ഒരു ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയുടെ മൂലമന്ത്രമേ ശ്രീകോവിലിനുള്ളിൽ ചൊല്ലാവൂ. മറ്റൊന്നും പാടില്ല. ഓരോ ദേവനും അർച്ചിക്കാവുന്നതും നിഷിദ്ധവുമായ പൂക്കളുണ്ട്. ഇതിന് അനുസരിച്ച് ഉത്തമ പുഷ്പങ്ങൾ മാത്രമേ ചാർത്താവൂ. നിഷിദ്ധമായവ അരുത്. ഇങ്ങനെ നോക്കുമ്പോൾ ആദ്യം പറഞ്ഞ ശാസ്ത്രം ഞാനങ്ങു തെറ്റിച്ചു. രണ്ടാമത്തേതിൽ കൈവെച്ചില്ല. ഗണപതിക്ക് അർച്ചിക്കാവുന്നതും അലങ്കരിക്കാവുന്നതുമായ പൂക്കളേ ശ്രീകോവിലിലേക്കെടുക്കൂ. ഗണപതിയുടെ മുന്നിൽ ധ്യാനശ്ലോകത്തിനു പകരം ഭാഗവതമാണ് ഞാൻ വായിച്ചത്. ഗണപതിക്കരികിൽത്തന്നെ സാളഗ്രാമം വെച്ച് പൂജയും നടത്തി. ഇതിലൊക്കെ എത്രമാത്രം ശരിയുണ്ടെന്നോ ശാസ്ത്രമുണ്ടെന്നോ ഞാൻ നോക്കിയില്ല. താന്ത്രികവിധിയേക്കാളും ശാസ്ത്രത്തെക്കാളുമൊക്കെ എന്റെ മനസ്സിൽ നിറഞ്ഞൊഴുകിയത് ഭഗവത് സമർപ്പണമായിരുന്നു. ഞാനതു നിരന്തരമായി ചെയ്തു. വിഘ്നേശ്വരനെ ഭാഗവതം വായിച്ചുകേൾപ്പിച്ചും പുഷ്പാഞ്ജലികൾ കഴിച്ചും വൈഷ്ണവോപാസന നടത്തിയും ഞാനെന്റെ ഭഗവത് സേവ മുടങ്ങാതെ നിർവഹിച്ചു. ഇതൊന്നും ശാസ്ത്ര വിധിപ്രകാരമല്ല. എനിക്കിങ്ങനെയൊക്കെ തോന്നി. ഞാനതു ചെയ്തു. എന്തോ ഇങ്ങനെയൊക്കെ ചെയ്തതുകൊണ്ടാവണം വിഘ്നേശ്വര വിഗ്രഹത്തിൽ കൃഷ്ണൻ തെളിഞ്ഞുവന്നത്."
ദേവപ്രശ്നത്തിലും തെളിഞ്ഞത് അതാണ്. മള്ളിയൂർ ശങ്കരൻ നമ്പൂതിരി നാലു പതിറ്റാണ്ടിലേറെ ക്ഷേത്രശ്രീകോവിലിനു മുമ്പിൽ സാളഗ്രാമംവച്ച് ഭാഗവതം വായിച്ചു. മള്ളിയൂരിന്റെ ആത്മതർപ്പണത്തിന്റെ ഫലമായി വിഘ്നേശ്വരനിൽ വൈഷ്ണവ ചൈതന്യം കുടികൊള്ളുന്നുവെന്നാണ് ജ്യോതിഷപ്രശ്നത്തിൽ വെളിവായത്.
പ്രധാന വഴിപാടുകൾ
മഹാഗണപതിഹോമം
മറ്റു ഗണപതി ക്ഷേത്രങ്ങളിലെപ്പോലെ മള്ളിയൂരിലും പ്രധാന വഴിപാട് ഗണപതിഹോമം തന്നെയാണ്. ചിങ്ങമാസത്തിലെ ശുക്ലപക്ഷചതുർഥി ദിവസത്തിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ശ്രേഷ്ഠമായ ഫലസിദ്ധിയുള്ള വഴിപാടായി.
പൂജയും ഹോമവുമൊക്കെ നടത്തുമ്പോൾ സാധകന്റെ പാണ്ഡിത്യമല്ല ദേവന്റെ സാന്നിധ്യമാണ് അനുഭവവേദ്യമാകേണ്ടത്. പൂജയിൽ പങ്കുകൊള്ളുന്ന ഓരോ വ്യക്തിക്കും താനാണ് ഭഗവൽചരണത്തിൽ ലയിച്ചതെന്നു തോന്നണം. അഹംബോധം ഹോമിക്കപ്പെട്ടതായും ആത്മതേജസ്സ് തിളങ്ങുന്നതായും തോന്നണം. സർവൈശ്വര്യത്തിനും ശ്രേയസ്സിനും മാനസിക സ്വസ്ഥതയ്ക്കും വേണ്ടിയാണ് ഭക്തജനങ്ങൾ മള്ളിയൂരിൽ മഹാഗണപതിഹോമം നടത്തുന്നത്.
മുക്കുറ്റി പുഷ്പാഞ്ജലി
ഒരു പതിറ്റാണ്ടിലേറെയായി മുക്കുറ്റി പുഷ്പാഞ്ജലി മള്ളിയൂർ ക്ഷേത്രത്തിലെ വിശേഷ വഴിപാടായി ഭക്തജനങ്ങൾ കരുതിപ്പോരുന്നു. വേരോടെ പറിച്ചെടുത്ത 108 ചുവട് മുക്കുറ്റി പ്രത്യേകം തയാറാക്കുന്ന തൃമധുരത്തിൽ മുക്കി അർപ്പിക്കുന്നതാണു വഴിപാട്. തീവ്രസാധനയോടെ ചെയ്യുന്ന ചടങ്ങായതിനാൽ ഒരു ദിവസം അഞ്ചു പുഷ്പാഞ്ജലികളേ സ്വീകരിക്കാറുള്ളൂ. അഭീഷ്ടസിദ്ധിക്കായി നടത്തുന്ന വിശേഷാൽ വഴിപാടാണ് മുക്കുറ്റി പുഷ്പാഞ്ജലി.
ഉദയാസ്തമന പൂജ
താന്ത്രികവിധി പ്രകാരം വിഗ്രഹാദി ഉപാധികളിലേക്ക് ആവാഹിച്ച് ജല, ഗന്ധ, പുഷ്പ, ധൂപ, ദീപ നിവേദ്യങ്ങൾ സമർപ്പിച്ചാണു ക്ഷേത്രത്തിൽ പൂജ നടത്തുന്നത്. പൂജകളിൽ പരമപ്രധാനം ഉദയാസ്തമന പൂജയാണ്. സർവ വിധത്തിലുമുള്ള ഐശ്വര്യത്തിനായിട്ടാണ് ഉദയാസ്തമന പൂജ നടത്തുന്നത്. വ്യത്യസ്തങ്ങളായ 18 പൂജകളാണ് ഉദയാസ്തമന പൂജയിൽ ഉൾപ്പെടുന്നത്. മള്ളിയൂർ ഗണപതിക്കും സാളഗ്രാമത്തിനും ദുർഗ, അന്തിമഹാകാളൻ, യക്ഷി, ശാസ്താവ്, സർപ്പം തുടങ്ങിയ ഉപദേവതകൾക്കും പ്രത്യേകപൂജകളും നിവേദ്യങ്ങളും അർപ്പിക്കുന്ന ഒരു ദിവസത്തെ പൂജയും ഇവിടെ പ്രധാനമാണ്.
സഹസ്രകലശം
ആയിരംകുടം ജലം അഭിഷേകം നടത്തുന്ന ഭക്തി നിർഭരമായ ചടങ്ങാണ് സഹസ്രകലശം. പ്രതിബന്ധങ്ങൾക്കു പരിഹാരമായും ദുരിതങ്ങളിൽനിന്നുള്ള മോചനത്തിനായും ആയിരംകുടം ജലാഭിഷേകം നടത്താറുണ്ട്.
പഴമാല
വിവാഹസംബന്ധമായ തടസ്സങ്ങൾ നീങ്ങാനും കുടുംബശ്രേയസ്സിനും വേണ്ടി നടത്തുന്ന വിശേഷാൽ വഴിപാടാണ് പഴമാല. 28 കദളിപ്പഴം കൊണ്ടുള്ള നക്ഷത്രമാലയാണ് വിഘ്നേശ്വരനു സമർപ്പിക്കുന്നത്.
തടിനിവേദ്യം
പലവിധ രോഗങ്ങളിൽപെട്ട് ഉഴലുന്നവർ ഭഗവാനായി സമർപ്പിക്കുന്ന വിശേഷാൽ നിവേദ്യത്തിനെയാണ് തടി വഴിപാട് എന്നു പറയുന്നത്. അരിപ്പൊടി, ശർക്കര, നാളികേരം ഇവ കലർത്തി ആവിയിൽ വേവിക്കുന്ന നിവേദ്യമാണ് ഇത്.
ചതുർത്ഥിയൂട്ട്
പിതൃദോഷ പരിഹാരം സങ്കൽപിച്ചാണ് വെളുത്ത പക്ഷത്തിലെ ചതുർത്ഥിനാളിൽ ചതുർത്ഥിയൂട്ട് നടത്തുന്നത്. പിതൃസദ്ഗതിക്കു വിശേഷമാണ് ഈ വഴിപാട്.
പാൽപായസം
സന്താനലബ്ധിക്കും സൽസന്താന ലാഭത്തിനുമായിട്ടാണ് ഭക്തർ മള്ളിയൂരിൽ പാൽപായസം വഴിപാടു നടത്തുന്നത്.
മുഴുക്കാപ്പ്
ചന്ദനാദിലേപം കൊണ്ട് ഗണേശവിഗ്രഹം അലങ്കരിച്ച്, പ്രത്യേക പൂജകളും ദീപാരാധനയും നടത്തുന്നു.
തുലാഭാരം, പുഷ്പാഞ്ജലി
സർവവിധമായ അനുഗ്രഹലബ്ധിക്കായുള്ള തുലാഭാരം വഴിപാട്, ദുഃഖശമനത്തിനും സങ്കടമോചനത്തിനുമായി നെയ് വിളക്കു തെളിക്കൽ, പൂർണ പുഷ്പാഞ്ജലി, നിറമാല തുടങ്ങിയ വഴിപാടുകളും മള്ളിയൂർ ക്ഷേത്രത്തിൽ ധാരാളമായി നടന്നുവരുന്നു.