കവിളുകൾക്കും ആളുടെ സ്വഭാവത്തെക്കുറിച്ചു വ്യക്തമായ സന്ദേശം നല്കാൻ കഴിയും. അവ എന്തൊക്കെയന്നറിയേണ്ടേ?
ഉരുണ്ടതും മാംസളവുമായ കവിളുകളുള്ളവർ, കലാപരമായ കഴിവുകളുള്ളവരും അതിനൊപ്പം തന്നെ പെട്ടെന്ന് വികാരഭരിതരാകുന്നവരുമായിരിക്കും. ക്ഷീണിച്ചതും ഒട്ടിയതുമായ കവിളുകളുടെ ഉടമകൾ, രഹസ്യങ്ങൾ ഒളിപ്പിക്കാൻ ശ്രമിക്കുന്നവരായിരിക്കും. നല്ലതുപോലെ ഉരുണ്ട കവിളുള്ളവർ, ആത്മീയ കാര്യങ്ങളിൽ താല്പര്യമുള്ളവരായിരിക്കും. കവിളുകൾ കുഴിഞ്ഞാണിരിക്കുന്നതെങ്കിൽ, മുൻകോപക്കാരും വിഷാദ ചിത്തരും രോഗാതുരരുമാകാൻ സാധ്യതയേറെയാണ്.
ചുണ്ടുകളുടെ ആകൃതിയ്ക്കും ഒരു വ്യക്തിയുടെ സ്വഭാവത്തിനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. തടിച്ച ചുണ്ടുകൾ സന്തോഷത്തെയാണ് സൂചിപ്പിക്കുന്നത്. കീഴ്ച്ചുണ്ട് കനം കുറവായവർ, മറ്റുള്ളവരിൽ നിന്നുള്ള സ്വീകാര്യതയെ ഇഷ്ടപ്പെടുന്നവരും സ്നേഹിക്കാൻ പറ്റുന്ന സ്വഭാവത്തിനുടമകളുമായിരിക്കും. കവിളുകളെ വിഭജിക്കുന്ന തരത്തിലാണ് ചുണ്ടുകളെങ്കിൽ, അത്തരക്കാർ അലസരും സ്വാർത്ഥരുമായിരിക്കും. നല്ലതുപോലെ അടഞ്ഞിരിക്കുന്ന ചുണ്ടുകൾ ധൈര്യത്തേയും ദൃഢനിശ്ചയത്തെയുമാണ് സൂചിപ്പിക്കുന്നത്. ചെറിയ ചുണ്ടുകളുടെ ഉടമകൾ കഠിന ഹൃദയമുള്ളവരും ദയാദാക്ഷിണ്യമില്ലാതെ പെരുമാറുന്നവരുമാകാനിടയുണ്ട്.
ഒരു വ്യക്തിയുടെ മേൽചുണ്ട് കീഴ്ച്ചുണ്ടിനെ മറക്കുന്ന തരത്തിലുള്ളതാണെങ്കിൽ, മികച്ച സ്വഭാവത്തിനുടമകളായിരിക്കും അത്തരക്കാർ. നല്ല വ്യക്തിത്വത്തിനുടമകളും ആഹ്ലാദചിത്തരുമായിരിക്കും ഇത്തരക്കാർ. ചുണ്ടുകൾ നേർത്തവർ, ദാനശീലത്തിൽ അല്പം പുറകോട്ടുള്ളവരും സ്വാർത്ഥരുമായിരിക്കും. ആത്മവിശ്വാസമുള്ളവരും സ്വതന്ത്രമോഹികളുമായിരിക്കും ഹൃദയാകൃതിയിൽ ചുണ്ടുകളുള്ളവർ. ചില വ്യക്തികളുടെ കീഴ്ചുണ്ട് മേൽചുണ്ടിനു മുകളിലായി കണ്ടു വരാറുണ്ട്. ഇത്തരക്കാർ സർഗാത്മക കഴിവുകളുള്ളവരും ആക്ഷേപഹാസ്യത്തിൽ നിപുണതയുള്ളവരും മറ്റുള്ളവരുടെ ദോഷങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയുന്നവരുകാം.
ഒട്ടും മാംസളമല്ലാത്ത താടി ദൃഢതയെ സൂചിപ്പിക്കുന്നു. കൂടാതെ സമചതുരാകൃതിയാണെങ്കിൽ ധൈര്യത്തേയും ഒപ്പം തന്നെ ചെറിയ കോപത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. മുൻപോട്ടു തള്ളി നിൽക്കുന്ന താടിയുള്ളവർ ദുരാഗ്രഹികളാകാൻ സാധ്യതയുണ്ട്. കൂർത്തു നിൽക്കുന്ന താടിയുടെ ഉടമകൾ, സ്വാർത്ഥമതികളായിരിക്കും. കൂർത്തതും അതേസമയം തന്നെ ചെറുതുമാണ് താടിയെങ്കിൽ, അത്തരക്കാർ മറ്റുള്ളവരാൽ പ്രശംസിക്കപ്പെടാൻ ഏറെ താല്പര്യമുള്ളവരായിരിക്കും. ഉരുണ്ടതും മുൻപോട്ടു തള്ളി നിൽക്കുന്നതുമാണ് താടിയെങ്കിൽ ഇക്കൂട്ടർ കരുത്തരും ദൃഢനിശ്ചയമുള്ളവരും വിവേകമുള്ളവരും ദീർഘദൃഷ്ടിയുള്ളവരുമായിരിക്കും. ലളിതവും ആകർഷകവുമായ സ്വഭാവം ഇവരുടെ ആത്മവിശ്വാസത്തെ ഉയർത്തിക്കാട്ടും.
ബിസിനസ്സിനോടുള്ള താല്പര്യത്തെ ഉരുണ്ടതും കുഴിവുള്ളതുമായ താടി പ്രതിഫലിപ്പിക്കുന്നു. നീണ്ടതും ചതുരാകൃതിയിലുള്ളതുമായ താടിയുള്ളവർ ധനസംബന്ധിയായ കാര്യങ്ങളിൽ നൈപുണ്യം പുലർത്തുന്നവരായിരിക്കും. ഇത്തരക്കാർക്ക് ചെറുതും അടഞ്ഞതുമായ ചുണ്ടുകളുമാണെങ്കിൽ ഇവർ മറ്റുള്ളവരോട് യാതൊരു കരുണയും വെച്ചുപുലർത്താത്തവരായിരിക്കും. ചതുരാകൃതിയിൽ കുഴിവുള്ള താടിയുള്ളവർ, ധൈര്യശാലികളും അതേസമയം ശാഠ്യം, മുൻശുണ്ഠി എന്നിവ പ്രകടിപ്പിക്കുന്നവരുമായിരിക്കും. ഇരട്ട താടിയും വലിയ കവിളുകളും ആഹ്ളാദത്തെയും നല്ല ഭക്ഷണത്തോടുള്ള താല്പര്യത്തേയും സൂചിപ്പിക്കുന്നു.
പല്ലുകൾക്കും വ്യക്തികളുടെ സ്വഭാവവുമായി ചെറുതല്ലാത്ത ബന്ധമുണ്ട്. 32 പല്ലുകൾ ഉള്ളതു ഉത്തമവും 30 പല്ലുകൾ നല്ലതും 28 പല്ലുകൾ മോശവുമായി പരിഗണിക്കപ്പെടുന്നു. നേർരേഖയിൽ നിരന്ന പല്ലുകളുള്ളവർ സമ്പന്നരായിരിക്കും. നീളമുള്ള പല്ലുകളുടെ ഉടമകൾ പുറമെ നിന്നു നോക്കിയാൽ സമ്പന്നരായിരിക്കുമെങ്കിലും യഥാർത്ഥത്തിൽ അങ്ങനെയായിരിക്കില്ല. കറുത്ത നിറമോ, നിരപ്പല്ലാത്ത പല്ലുകളോ ഉള്ളവർ, ജീവിതത്തിൽ നിരവധി പ്രശ്‍നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരാനിടയുണ്ട്.
ഭാഗ്യശാലികളും ദയാലുക്കളുമായിരിക്കും 32 പല്ലുകളുമുള്ളവർ. പണത്തിന്റെ കുറവുകൊണ്ടു എപ്പോഴും സംഘർഷം അനുഭവിക്കുന്നവരായിരിക്കും 30 പല്ലുള്ളവർ. 30 പല്ലിൽ താഴെയുള്ളവർ സാമ്പത്തിക പരാധീനതയനുഭവിക്കുന്നവരായിരിക്കും. പല്ലുകൾ താനെ കൊഴിഞ്ഞുപോകുന്നവർ ദീർഘായുസ്സുള്ളവരാകാനിടയുണ്ട്. നേർരേഖയിൽ, കൂർത്ത പല്ലുള്ള സ്ത്രീകൾ ഭാഗ്യശാലികളായിരിക്കും. ഇവരുടെ പല്ലുകൾ തൂവെള്ള നിറത്തിൽ, ഒന്ന് മറ്റൊന്നിനോട് നല്ലതുപോലെ അടുത്തിരിക്കുന്നതു കൂടിയാണെങ്കിൽ അത്യുത്തമമാണ്. വളരെ ചെറിയ പല്ലുകളുടെ ഉടമകളായ സ്ത്രീകൾ അസന്തുഷ്ടരായിരിക്കും.