രാമായണകഥയുമായി അഭ്യേദ ബന്ധമുള്ള ഒരു ക്ഷേത്രമാണ് ലേപാക്ഷി വീരഭദ്ര ക്ഷേത്രം.
ശിവൻ, വിഷ്ണു , വീരഭദ്രൻ എന്നീ മൂന്നു മൂർത്തികളുടെയും പ്രത്യേക പ്രതിഷ്ഠകളാണിവിടുള്ളത്.
ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ലയിൽ ഹിന്ദ്പൂർ നഗരത്തിൽ നിന്നു 15 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബംഗളൂരുവിൽ നിന്ന് ഏകദേശം 120 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു ഈ ക്ഷേത്രസമുച്ചയത്തിലേക്ക്.
ശിവഭക്തരായ വീരണ്ണ, വിരുപണ്ണ സഹോദരന്മാർ നിർമിച്ചുവെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം പുരാതന ഭാരതീയ വാസ്തുവിദ്യയുടെ പ്രകടമായ ഉദാഹരണമാണ് . വടക്കോട്ട് ദർശനമായുള്ള ക്ഷേത്രം എന്ന പ്രത്യേകതയുമുണ്ട്.
വായുവിൽ തൂങ്ങിക്കിടക്കുന്ന തൂണാണ് ഈ ക്ഷേത്രത്തിലെ പ്രധാന വിസ്മയം. നിലത്ത് സ്പർശിക്കാത്ത രീതിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.
ഭഗവാൻ ശിവശങ്കരന്റെ കോപം നിമിത്തമാണ് തൂണ്‍ ഇത്തരത്തിലായതെന്നു വിശ്വസിക്കപ്പെടുന്നു .
സ്വന്തം വസ്ത്രം നിലത്തിനും തൂണിനും ഇടയിലുള്ള വിടവിലൂടെ കടത്തിയാൽ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും നീങ്ങുകയും ദുഃഖങ്ങൾക്ക് ശാന്തി ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.
ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ നന്ദിപ്രതിഷ്ഠയും ഏഴ് പത്തിയോടുകൂടിയ ഒറ്റക്കൽ നാഗലിംഗപ്രതിഷ്ഠയും ക്ഷേത്രവിസ്മയങ്ങളിൽ പെടുന്നു.
ക്ഷേത്രത്തിന് ലേപാക്ഷി എന്ന പേര് വന്നതിനു പിന്നിൽ ഒരു ഐതീഹ്യമുണ്ട് .
രാവണന്‍ സീതയെ തട്ടിക്കൊണ്ടു പോകുന്ന വഴി, തടയാന്‍ ചെന്ന ജഡായു വെട്ടേറ്റു വീണത് ഈ ക്ഷേത്രസ്ഥലത്താണത്രേ.
സീതാ ദേവിയെ തിരഞ്ഞെത്തിയ ശ്രീരാമചന്ദ്രൻ വീണുകിടക്കുന്ന ജഡായുവിനെ കാണുകയും നടന്ന കാര്യങ്ങളെല്ലാം രാമനെ ധരിപ്പിക്കുകയും ചെയ്തു .
പിന്നീട് രാമൻ സ്‌നേഹത്തോടെ "എഴുന്നേല്‍ക്കൂ പക്ഷീ "എന്ന അര്‍ഥത്തില്‍ ലേ പക്ഷി എന്നു വിളിച്ചു. അങ്ങനെയാണ് ഈ സ്ഥലം ലേപാക്ഷിയെന്ന് അറിയപ്പെടാന്‍ തുടങ്ങിയതത്രേ.
തൂക്കുസ്തംഭം, പാറകൊണ്ടുള്ള ചങ്ങല, ദേവീപാദം തുടങ്ങി മറ്റനേകം നിർമ്മിതികൾ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.
ഭക്തന് കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമയും ശാന്തിയും പകരുന്ന ഒരു അദ്ഭുതക്ഷേത്രമാണ് ലേപാക്ഷി വീരഭദ്ര ക്ഷേത്രം.