sections
MORE

സുബ്രഹ്മണ്യന് ഏറെ പ്രിയങ്കരം തൈപ്പൂയം, ഇങ്ങനെ ആചരിച്ചോളൂ!

 Subrahmanyan
SHARE

മകരമാസത്തിലെ പൂയം നാളാണ് ദേവസേനാപതിയും ശിവപാർവതീപുത്രനുമായ സുബ്രഹ്മണ്യസ്വാമിയുടെ ജന്മദിനം. തമിഴ് പഞ്ചാംഗമനുസരിച്ച്  തൈമാസത്തിലെ പൂയം നക്ഷത്രമായതിനാൽ  ഈ ദിനം തൈപ്പൂയം എന്ന പേരിലറിയപ്പെടുന്നു. സുബ്രഹ്മണ്യസ്വാമിക്ക് ഷഷ്ഠി പോലെ വളരെ പ്രധാനപ്പെട്ട ദിനമാണ് തൈപ്പൂയവും. ഈ വർഷം ജനുവരി 21 തിങ്കളാഴ്ചയാണ് തൈപ്പൂയ ദിനം വരുന്നത്.  

സ്കന്ദൻ, ഗുഹൻ, ഷണ്മുഖൻ, വേലൻ, വേലായുധൻ, കാർത്തികേയൻ, ആറുമുഖൻ, കുമരൻ, മയൂരവാഹനൻ, മുരുകൻ, ശരവണൻ, വടിവേലൻ, വള്ളിമണാളൻ എന്നീ പേരുകളിലും സുബ്രഹ്മണ്യസ്വാമി അറിയപ്പെടുന്നു . ഒരിക്കൽ  താരകാസുരന്‍ ദേവലോകത്തെ ജീവിതം അനുദിനം ദുസ്സഹമാക്കിയിരുന്നു. താരകാസുരനെ വധിക്കാന്‍ ശിവനില്‍ ജനിക്കുന്ന പുത്രന്  മാത്രമേ കഴിയുവെന്ന് മനസ്സിലാക്കിയ മഹര്‍ഷിമാരും ദേവന്മാരും ശിവപാര്‍വതിമാരെ അഭയം പ്രാപിച്ചു.  ശിവപാർവതീപുത്രനായ സുബ്രമണ്യനെയാണ് താരകാസുര നിഗ്രഹത്തിനായി നിയോഗിക്കപ്പെട്ടത് .  യുദ്ധത്തിൽ  താരകാസുരനെ നിഗ്രഹിച്ചു സുബ്രഹ്മണ്യന്‍ വിജയം കൈവരിച്ച ദിനമാണ്  മകരമാസത്തിലെ പൂയം നാൾ എന്നും വിശ്വാസമുണ്ട്. 

അന്നേദിവസം  സുബ്രഹ്മണ്യസ്വാമീ  ക്ഷേത്രങ്ങളിൽ  വ്രതം അനുഷ്ഠിച്ച്  കാവടിയേന്തി ഭഗവാനെ വണങ്ങാൻ   ലക്ഷക്കണക്കിന് ഭക്തജങ്ങളാണ് എത്തുന്നത്. അഭീഷ്ടസിദ്ധിക്കായാണ്  കാവടി വഴിപാടു നേരുന്നത് . പീലിക്കാവടി, പൂക്കാവടി, ഭസ്മക്കാവടി, പാൽക്കാവടി,  അന്നക്കാവടി, കളഭക്കാവടി,  തൈലക്കാവടി, കർപ്പൂരക്കാവടി, അഗ്നിക്കാവടി  എന്നിങ്ങനെ  പല  തരത്തിലുള്ള  കാവടി വഴിപാട് ഭക്തർ ക്ഷേത്രത്തിൽ സമർപ്പിക്കുന്നു. 

ഓം ശരവണ ഭവഃ എന്ന മന്ത്രം സുബ്രഹ്മണ്യരായം എന്നറിയപ്പെടുന്നു . അജ്ഞാനമാകുന്ന അന്ധകാരത്തിന്റെ മറനീക്കി  ജ്ഞാനമാകുന്ന പ്രകാശത്തെ നിറയ്ക്കുന്ന  മന്ത്രമാണിത്. കുറഞ്ഞത് 21 തവണ   ജപിക്കുന്നത്  സുബ്രഹ്മണ്യ പ്രീതികരമാണ്. പൊതുവെ സുബ്രഹ്മണ്യ മന്ത്രങ്ങളെല്ലാം 21 തവണ ജപിക്കുന്നതാണ് ശ്രേഷ്ഠം . "ഓം വചത്ഭുവേ നമഃ " എന്ന മൂലമന്ത്രജപത്തോടെയുള്ള ക്ഷേത്ര ദർശനവും ക്ഷേത്രത്തിൽ പഞ്ചാമൃതം, പാൽ എന്നിവ നേദിക്കുന്നതും നാരങ്ങാമാല സമർപ്പിക്കുന്നതും ഉത്തമം . കൂടാതെ സുബ്രഹ്മണ്യ സ്തോത്രങ്ങളും ഗായത്രിയും ജപിക്കുന്നത് നന്ന് 

സുബ്രമണ്യസ്‌തോത്രങ്ങൾ

ഷഡാനനം ചന്ദന ലേപിതാംഗം 

മഹാദ്ഭുതം ദിവ്യ മയൂര വാഹനം 

രുദ്രസ്യ സൂനും സുരസൈന്യനാഥം 

ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ


ആശ്ചര്യവീരം സുകുമാരരൂപം  

തേജസ്വിനം ദേവഗണാഭിവന്ദ്യം

ഏണാങ്കഗൗരീ തനയം കുമാരം 

സ്കന്ദം വിശാഖം സതതം നമാമി


സ്കന്ദായ  കാർത്തികേയായ 

പാർവതി നന്ദനായ ച 

മഹാദേവ കുമാരായ 

സുബ്രമണ്യയായ തേ നമ 

സുബ്രഹ്മണ്യ ഗായത്രി 

സുബ്രഹ്മണ്യ ഗായത്രി ഭക്തിയോടെ ജപിച്ചാൽ ചൊവ്വയുടെ ദോഷഫലങ്ങൾ നീങ്ങും എന്നാണ് വിശ്വാസം.പ്രഭാതത്തിൽ ശരീരശുദ്ധിയോടെ മാത്രമേ ജപം പാടുള്ളു . 

"സനല്‍ക്കുമാരായ വിദ്മഹേ 

ഷഡാനനായ ധീമഹീ

തന്വോ സ്കന്ദ: പ്രചോദയാത്"

കുടുംബ ഐക്യത്തിനായുള്ള  മുരുകമന്ത്രം:

ഓം വല്ലീദേവയാനീ സമേത

ദേവസേനാപതീം കുമരഗുരുവരായ സ്വാഹാ

സിദ്ധവൈദ്യന്മാരുടെ ആരാധനാമൂർത്തി മുരുകനാണെന്ന് കരുതപ്പെടുന്നു. രോഗശമനത്തിനായുള്ള  മുരുകമന്ത്രം ഇതാണ്.


ഓം അഗ്നികുമാര സംഭവായ 

അമൃത മയൂര വാഹനാരൂഡായ

ശരവണ സംഭവ വല്ലീശ 

സുബ്രഹ്മണ്യായ നമ:

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
FROM ONMANORAMA