നവദമ്പതികൾ തീർച്ചയായും സന്ദർശിക്കണം ഈ ക്ഷേത്രം, ഫലങ്ങൾ ഏറെ

കുടുംബജീവിതം ഭദ്രമാക്കുന്നതിന് ഏറ്റവും ആരാധിക്കേണ്ടത് മഹാദേവനെയും ഉമയെയുമാണെന്ന് പറയപ്പെടുന്നു.

ചിത്രങ്ങൾ - അർജുൻ ആർ. കെ.

ഉമയ്ക്കും മഹേശ്വരനും ഏറ്റവും പ്രധാനമായതും കർണാടകയിലെ ചിക്കബലബുർ ജില്ലയിലെ നന്ദിഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന അതിപുരാതനമായ ക്ഷേത്രവുമാണ് ഭോഗനന്ദീശ്വര ക്ഷേത്രം.

പ്രധാനമായും മൂന്ന് ക്ഷേത്രശ്രീകോവിലുകളുടെ സംയോജനമാണ് ഈ ക്ഷേത്രമെന്ന് പറയാം.

അരുണാചലേശ്വരന്റെയും  ഉമാമഹേശ്വരന്റെയും ഭോഗനന്ദീശ്വരന്റെയുമാണ് ഈ മൂന്നു ക്ഷേത്രശ്രീകോവിലുകൾ.

ശിവരാത്രിനാളിൽ ഈ ക്ഷേത്രദർശനം നടത്തുന്നത് അതിവിശിഷ്ടമാണ്. 

അരുണാചലേശ്വര ക്ഷേത്രം

ഭഗവാൻ ശിവശങ്കരനെ ബാലരൂപത്തിൽ ആരാധിക്കുന്ന ക്ഷേത്രമാണിത്.

ഇതിനടുത്തായി ഒരു ഉഗ്രഗണപതി പ്രതിഷ്ഠയുണ്ട് . മുൻ ഭാഗത്തായി ഗ്രാനൈറ്റിൽ തീർത്ത നന്ദികേശ പ്രതിമയുമുണ്ട്. 

ഉമാമഹേശ്വര ക്ഷേത്രം

പേര് പോലെ തന്നെ ശിവഭഗവാനും പാർവതീ ദേവിക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ക്ഷേത്രമാണിത്.

ശിവ പാർവതീ പരിണയരൂപമാണ് പ്രധാന സങ്കൽപ്പം. വിവാഹശേഷം നവദമ്പതികൾ ഇവിടെ വന്നു തൊഴുതു പ്രാർഥിച്ച് വഴിപാടുകൾ സമർപ്പിക്കുന്നത് ദീർഘദാമ്പത്യത്തിനും കുടുംബഭദ്രതയ്ക്കും ഉത്തമമാണത്രേ.

മുന്നിലായി ശില്പകലാചാതുര്യം നിറഞ്ഞ കല്യാണമണ്ഡപം നിലകൊള്ളുന്നു.

കൃഷ്ണശിലകളാൽ നിർമ്മിതമായിരിക്കുന്ന മണ്ഡപത്തിന്റെ നാല് അലങ്കാര തൂണുകളിലോരോന്നിലായി ശിവപാർവതി, വിഷ്ണു ലക്ഷ്മി, ബ്രഹ്മാ സരസ്വതി, അഗ്നി സ്വാഹാ എന്നീ ദേവീദേവന്മാരുടെ രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്.

  

ഭോഗനന്ദീശ്വര ക്ഷേത്രം

യൗവനഭാവത്തിൽ ഭഗവാൻ ശ്രീപരമേശ്വരനെ ആരാധിക്കുന്ന ക്ഷേത്രമാണിത്. ശിവലിംഗ പ്രതിഷ്ഠയാണിവിടെ. ശ്രീകോവിലിനു മുന്നിലായി നന്ദിപ്രതിമയും ഉണ്ട് .

എപ്പോഴും ഉത്സാഹിയും ആനന്ദരൂപത്തിലും ഇരിക്കുന്ന ഭഗവാന്റെ സന്നിധിയിൽ വർഷം മുഴുവൻ ഉത്സവങ്ങൾ നടക്കുന്നുവെന്ന പ്രത്യേകതയുണ്ട്.

കുളവും ഐതിഹ്യവും

ശൃംഗേരി എന്നറിയപ്പെടുന്ന ക്ഷേത്രക്കുളം ക്ഷേത്രത്തിനുള്ളിലായാണ് സ്ഥിതിചെയ്യുന്നത്. ഈ മനോഹര ക്ഷേത്രക്കുളത്തിന്റെ ഉദ്ഭവത്തിനു പിന്നിൽ ഒരു ഐതീഹ്യമുണ്ട്.

ഭഗവാന്റെ വാഹനമായ നന്ദികേശൻ കൊമ്പുകൊണ്ട് ഭൂമിയിൽ കുത്തുകയും ജലപ്രവാഹം ഉണ്ടായി കുളമായി തീരുകയും ചെയ്തു.

കൊമ്പിനാൽ കുത്തി ഉത്ഭവിച്ച ജലം ഗംഗാനദിയിലേതാണെന്നാണ് വിശ്വാസം.

കുളത്തിനു നാലുപാടും മനോഹരമായ കൽപ്പടവുകൾ ഉണ്ട്. ദീപാവലി ദിനത്തിൽ ഈ കൽപ്പടവുകളിൽ ദീപം തെളിയുന്നതോടെ ശൃംഗേരിയുടെ ഭംഗി ഇരട്ടിയാകും.

അരുണാചലേശ്വരനും (തെക്ക്) ഭോഗനന്ദീശ്വരനും (വടക്ക്) ഇടയിലായാണ് ഉമാമഹേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ഈ മൂന്നു ക്ഷേത്രങ്ങളെ കൂടാതെ നന്ദിദുര്‍ഗ്ഗയില്‍ (നന്ദിഹില്‍സ്) യോഗനന്ദീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

ശിവന്റെ സന്യാസ ജീവിതത്തിന്റെ സങ്കല്പമായതിനാൽ ഈ ക്ഷേത്രത്തിൽ ഉത്സവങ്ങള്‍ നടത്താറില്ല. 

ബാംഗ്ലൂരിൽ നിന്ന്  ഭോഗാനന്ദീശ്വര ക്ഷേത്രത്തിലേക്ക് ഏകദേശം 54 കിലോമീറ്ററും ഇവിടെ നിന്ന് നന്ദിഹിൽസിലേക്കു  15 കിലോമീറ്ററും ദൂരമാണുള്ളത്. 

ഒമ്പതാം നുറ്റാണ്ടില്‍ നിർമ്മിക്കപ്പെട്ടു എന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം  കർണാടകയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ്.