sections
MORE

നിസ്സാരമല്ല നിലവിളക്ക് കാര്യം, എങ്ങനെ കൊളുത്തിയാലും 'ഓരോ' ഫലം!

oil-lamp
SHARE

ഐശ്വര്യത്തിന്റെ പ്രതീകമായ നിലവിളക്ക് നിത്യവും ഭവനങ്ങളിൽ തെളിക്കാറുണ്ട്. തിന്മയുടെ അന്ധകാരമകറ്റി നന്മയുടെ വെളിച്ചം നിലനിർത്തേണമെന്ന പ്രാർഥനയെന്നോണമാണ് നിലവിളക്കു കൊളുത്തുന്നത്. ഒരു ചടങ്ങിനെന്ന പോലെ രാവിലെയും വൈകിട്ടും വിളക്ക് കൊളുത്തുന്നതിൽ കാര്യമില്ല. വിളക്ക് തെളിക്കുന്നതിന്റെ പ്രാധാന്യവും മഹത്വവും ഉൾക്കൊണ്ടു നിഷ്ഠയോടെയാവണം ഭവനത്തിൽ ദീപം തെളിക്കേണ്ടത്. നിലവിളക്കു കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണെന്നു നോക്കാം.

നിലവിളക്കിന്‍റെ മഹത്വം

നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണു ഭഗവാനെയും മുകൾ ഭാഗം ശിവനെയും സൂചിപ്പിക്കുന്നു. നിലവിളക്കിന്റെ നാളം ലക്ഷ്മിദേവിയെയും പ്രകാശം സരസ്വതിദേവിയെയും നാളത്തിലെ ചൂട് പാര്‍വ്വതി ദേവിയെയും സൂചിപ്പിക്കുന്നു. ചുരുക്കത്തിൽ സകലദേവതാ സാന്നിധ്യം നിറഞ്ഞ ഒന്നാണ് നിലവിളക്ക്. അതിനാൽ വിളക്ക് തെളിക്കുമ്പോൾ മനഃശുദ്ധിയും ശരീരശുദ്ധിയും നിർബന്ധമാണ്‌.

Nilavilakku

വിളക്ക് കൊളുത്തുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ടവ 

തുളസിയിലകൊണ്ടു വെള്ളം തളിച്ച് സ്ഥലശുദ്ധി വരുത്തിയ ശേഷം വേണം വിളക്ക് വയ്ക്കാൻ. ഓട്, വെള്ളി, പിത്തള, സ്വര്‍ണ്ണം എന്നീ ലോഹങ്ങളിൽ നിർമ്മിച്ച നിലവിളക്കുകളാണ് ദിനവും കൊളുത്തേണ്ടത്. അധികം അലങ്കാരങ്ങളോ കൊത്തുപണികളോ ഇല്ലാത്ത ഓട്ടുവിളക്കാണ് ഉത്തമം. നിലവിളക്കിന്റെ ചൈതന്യശ്രോതസ്സിന്റെ ഭാരം ഭൂമീദേവിക്കു നേരിട്ടു താങ്ങാനാവാത്തതിനാൽ  വെറും നിലത്തു വിളക്ക് വയ്ക്കരുതെന്ന് പറയുന്നു. പീഠത്തിനു മുകളിലോ തളികയിലോ വച്ച് വേണം ദീപം തെളിക്കാൻ. നിലവിളക്കിനു മുന്നിലായി ഓട്ടു കിണ്ടിയിൽ ശുദ്ധജലം, പുഷ്പങ്ങൾ, ചന്ദനത്തിരി എന്നിവ വയ്ക്കുന്നതും ശ്രേഷ്ഠം. നിലവിളക്കിനുണ്ടാകുന്ന അശുദ്ധി കുടുംബത്തിന്റെ മുഴുവൻ ഐശ്വര്യത്തെ ബാധിക്കുമെന്നാണ് വിശ്വാസം. അതിനാൽ ദിനവും കഴുകി മിനുക്കിയ ശേഷം മാത്രമാവണം വിളക്കു കൊളുത്തേണ്ടത്. 

നിസ്സാരമല്ല തിരികളുടെ എണ്ണം

കിഴക്കു ദിക്കിലേക്കും പടിഞ്ഞാറു ദിക്കിലേക്കും ഈരണ്ടു തിരികൾ കൂപ്പുകൈയുടെ രീതിയിൽ ഇട്ടു വിളക്കു കൊളുത്തണമെന്നാണ് പ്രമാണം. പഞ്ഞി കൊണ്ട് ഉണ്ടാക്കിയ തിരിയാണ് ഏറ്റവും ശ്രേഷ്ഠം. വിവാഹ തടസ്സം നീങ്ങാൻ ചുവപ്പ് തിരിയില്‍ നിലവിളക്ക് കത്തിക്കാം. മനസിന്റെ ദു:ഖം മാറാൻ മഞ്ഞ തിരിയില്‍ നിലവിളക്ക് കത്തിക്കാം.

ഒറ്റതിരിയിട്ട ദീപം മഹാവ്യാധിയെ സൂചിപ്പിക്കുന്നു. രണ്ടു തിരിയിട്ട ദീപം ധനലാഭം സൂചിപ്പിക്കുന്നു. മൂന്നു തിരികളും നാലു തിരികളുമിടുന്നത് ദാരിദ്ര്യത്തിന് കാരണമാകുമെന്നാണ് വിശ്വാസം. അഞ്ച് തിരിയിട്ട ദീപം ദുരിതങ്ങളൊഴിഞ്ഞ് ഐശ്വര്യത്തെ സൂചിപ്പിക്കുന്നു. വിളക്കിലെ എണ്ണമുഴുവന്‍ വറ്റി കരിന്തിരി കത്തുന്നതും അശുഭമാണ്.

വിളക്കിലുപയോഗിക്കേണ്ട എണ്ണ

പാചകം ചെയ്ത എണ്ണയോ, വെള്ളം കലർന്ന എണ്ണയോ നിലവിളക്കിൽ ഒരുകാരണവശാലും ഉപയോഗിക്കരുത്. മൃഗക്കൊഴുപ്പിൽ നിന്നെടുത്ത എണ്ണ ഉപയോഗിക്കുന്നതും ദോഷകരമാണ്. എള്ളെണ്ണയാണ് ഏറ്റവും ഉത്തമം. 

nilavilakku

വിളക്ക് തെളിക്കുന്നത് ഏതു ദിക്കിന്  അഭിമുഖമായി നിന്ന് വേണം?

രാവിലെ കിഴക്ക് ദിക്കിന് അഭിമുഖമായി നിന്ന് വേണം തിരിതെളിയ്ക്കാൻ. ഇങ്ങനെ ചെയ്താൽ ദുഃഖങ്ങള്‍ ഇല്ലാതാകുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.

വൈകിട്ട് പടിഞ്ഞാറ് ദിക്ക് നോക്കി നിലവിളക്ക് തെളിയ്ക്കണം. ഇങ്ങനെ ചെയ്താൽ കടബാധ്യത തീരും. വടക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ സമ്പത്ത് വർധനയുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. തെക്ക് ദിക്ക് നോക്കി ഒരിക്കലും നിലവിളക്ക് തെളിക്കരുത്.

വിളക്ക് കൊളുത്തേണ്ടത് എപ്പോൾ?

സൂര്യോദയത്തിനും  അസ്തമയത്തിനും അഞ്ചു മിനിറ്റ് മുൻപേ നിലവിളക്ക് തെളിക്കണം. നിലവിളക്ക് തെളിക്കുന്നതിലൂടെ പ്രത്യക്ഷ ദൈവമായ സൂര്യ ഭഗവാനെ വാങ്ങുക എന്ന സങ്കല്പവും ഉണ്ട് . അതിനാൽ  രണ്ടു സമയങ്ങളിലും തിരി കൊളുത്തുന്നതിലും ശ്രദ്ധിക്കണം. പ്രഭാതത്തിൽ ഉദയ സൂര്യനെ നമിക്കുന്നതിനായി കിഴക്കു ഭാഗത്തെ തിരിയും സായാഹ്നത്തിൽ അസ്തമയ സൂര്യനെ വണങ്ങി പടിഞ്ഞാറ് ദിക്കിലേക്കുമുള്ള തിരിയുമാണ് ആദ്യം കൊളുത്തേണ്ടത്.

വിളക്ക് കൊളുത്തേണ്ടത് ആര്? എങ്ങനെ?

കുടുംബനാഥയാണ് നിലവിളക്ക് തെളിക്കേണ്ടത്. കൊടിവിളക്കിൽ തിരികത്തിച്ചു കൊണ്ട് " ദീപം ദീപം " എന്ന് ഉച്ചത്തിൽ പറഞ്ഞു കൊണ്ട് നിലവിളക്കിനടുത്തു എത്തി വണങ്ങിയ ശേഷം ദീപം തെളിക്കുക. ഈ സമയത്തു കുടുംബാംഗങ്ങൾ എല്ലാവരും നിലവിളക്കിനെ തൊഴുതു നമസ്ക്കരിക്കുന്നത് ഉത്തമമാണ്.

വിളക്ക് കൊളുത്തുമ്പോൾ ചൊല്ലേണ്ട മന്ത്രം

'ചിത് പിംഗല ഹനഹന

ദഹ ദഹ പച പച സർഞ്ജാ ജ്‍ഞാപയ സ്വാഹ'

വിളക്ക് കത്തിച്ച് തൊഴുത് പ്രാർഥിക്കുമ്പോൾ ചൊല്ലേണ്ട മന്ത്രം

'ശിവം ഭവതു കല്ല്യാണ–

മായുരാരോഗ്യവർദ്ധനം

മമ ബുദ്ധി പ്രകാശായ

ദീപതേ നമോനമ:'

നിലവിളക്കിന്റെ സ്ഥാനം 

പൂജാമുറിയിലോ വീടിന്റെ ഉമ്മറത്തോ ആണ് നിലവിളക്ക് വയ്ക്കേണ്ടത്. അല്ലാത്തപക്ഷം ഈശാനകോണായ വടക്കുകിഴക്കോ വീടിന്റെ മധ്യഭാഗത്തോ തെക്കു പടിഞ്ഞാറുഭാഗത്തോ വിളക്ക് വയ്ക്കാവുന്നതാണ്.

നിലവിളക്കു കൊളുത്തി എത്രസമയം വയ്ക്കണം?

വിളക്കിലെ എണ്ണ വറ്റുംവരെ കത്തിച്ചുവയ്ക്കാമെന്നാണു കണക്ക്. എങ്കിലും സന്ധ്യ കഴിയുമ്പോൾ വിളക്ക് അണയ്ക്കുന്നതിൽ തെറ്റില്ല. തിരികളണയ്ക്കുമ്പോൾ ഊതി കെടുത്തരുത്. പുഷ്പം ഉപയോഗിച്ച് കെടുത്തുന്നതാണ് ഉത്തമം. 

നിലവിളക്കു കൊളുത്തുന്നത് മുടങ്ങിയാൽ ദോഷമോ?

നിലവിളക്ക് കൊളുത്തുന്നത് മുടങ്ങുന്നതിലും ഭേദം കൊളുത്താതിരിക്കുന്നതാണെന്നു കരുതുന്നവരും സമൂഹത്തിലുണ്ട്. ഈശ്വരനെ ആരാധിക്കാനും അതുവഴി കുടുംബത്തിൽ ഐശ്വര്യം നിലനിർത്താനുമാണ് വിളക്ക് തെളിക്കുന്നത്. സാഹചര്യം നിമിത്തം ഒരു നേരം വിളക്ക് കൊളുത്തിയില്ലെങ്കിൽ ഈശ്വരകോപമോ ദോഷമോ വരില്ല. ഒരു ദിവസം ആ ഭവനത്തിൽ ലഭിക്കേണ്ട പോസറ്റീവ് ഊർജം അല്പം കുറഞ്ഞിരിക്കുമെന്നേയുള്ളു. ഭവനത്തിൽ വിളക്ക് തെളിക്കാതിരിക്കുന്നത് ഐശ്വര്യക്കേടാണ്. കുറച്ചു നേരം മാത്രമേ വിളക്ക് കത്തിച്ചു വയ്ക്കാൻ സാധിക്കുന്നുള്ളൂ എന്നത് വിളക്ക് തെളിയിക്കാതിരിക്കുന്നതിലും നല്ലതാണ്.

സാഹചര്യങ്ങൾ നിമിത്തം ചിലർക്ക് ഒരു നേരം മാത്രമേ വിളക്ക് കൊളുത്താൻ സാധിച്ചെന്നു വരൂ. അതിൽ ദോഷമെന്നുമില്ല. ഉത്തമ ഭക്തിയോടെ ചെയ്യുന്ന ഏതൊരു കാര്യവും ഫലപ്രാപ്തിയിലെത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട. വിളക്ക് തെളിക്കുന്നത് മുടങ്ങിയശേഷം പിന്നീട് തിരി തെളിക്കുമ്പോൾ ക്ഷമാപണമന്ത്രം ചെല്ലുന്നത് ഉത്തമമാണ്.

ക്ഷമാപണമന്ത്രം

‘ഓം കരചരണകൃതം വാ കായജം കർമജം വാ

ശ്രവണനയനജം വാ മാനസം വാപരാധം

വിഹിതമവിഹിതം വാ സർ‌വമേതത് ക്ഷമസ്വ

ശിവശിവ കരുണാബ്‌ധേ ശ്രീമഹാദേവ ശംഭോ’’ 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
FROM ONMANORAMA