ADVERTISEMENT

രാമന്റെ അയനമാണ് രാമായണം. ജീവിതത്തിന്റെ കൊടുംകാന്താരങ്ങളിലലഞ്ഞ്, തിന്മയുടെ ഇരുൾരൂപങ്ങളെ നേരിട്ട്, പ്രിയമുള്ള പലതും കൈവിട്ട്, കരഞ്ഞുവലഞ്ഞ്, ഓരോ മനുഷ്യനും നടത്തുന്ന യാത്ര. ഓരോരുത്തരിലും ഒരു പാതി രാമനാണ്. സത്യത്തോടു ചേർന്നു നിൽക്കാൻ കൊതിക്കുന്ന, അതിനു വേണ്ടി പ്രിയതമമായതിനെപ്പോലും വെടിയാൻ മടികാട്ടാത്ത ഒരാൾ. അതേസമയം, മറുപാതിയായി ഒരസുരനുമുണ്ട്. ഏതു നല്ലതും നേട്ടവും  തനിക്കുതന്നെയെന്നു ദുശ്ശാഠ്യമുള്ള, അതിനാരെയും ചതിക്കാൻ മടിയില്ലാത്ത, കുബുദ്ധിയുടെ പത്തു തലകളും അഹങ്കാരത്തിന്റെ ഇരുപതു കൈകളുമുള്ള അതികാമിയായ രാവണരാക്ഷസൻ. ഈ രാമ രാവണ യുദ്ധമാണ് ഓരോ മനുഷ്യന്റെയും ജീവിതം. നന്മയും തിന്മയും, കരുണയും ക്രൗര്യവും, സ്നേഹവും ലോഭവും തമ്മിലുള്ള ആ പോര് ഓരോരുത്തരുടെയും ഉള്ളിലാണ്. അതിലെ രാക്ഷസജയങ്ങളാണ് ദിനവും നമ്മൾ ചുറ്റും കാണുന്ന കൊലയും ചതിയും പീഡനങ്ങളും യുദ്ധങ്ങളുമെല്ലാം.

 

കർക്കടകം ഭൂമിയെ നനയ്ക്കുന്ന കാലമാണ്. വിളവെടുപ്പുൽസവമായ ഓണത്തിനു മുമ്പുള്ള പെരുംപെയ്ത്ത്. സമൃദ്ധിക്കു മുമ്പുള്ള വറുതിയുടെ കാലം കൂടിയാണത്. തിരിമുറിയാതെ പെയ്യുന്ന മഴ ഭൂമിയെ തണുപ്പിക്കുമ്പോൾ, ഉൾത്താപം കുറയ്ക്കാനും മനസ്സിനെ സദ്ചിന്തകളിലേക്കു നയിക്കാനുമാണ് രാമായണ വായന. രാമന്റെ ധർമസങ്കടങ്ങളിലൂടെ, സീതയുടെ കഠിനദുഃഖങ്ങളിലൂടെ വായിക്കുന്നയാളും നടക്കുന്നു, മാതാപിതാക്കളും മക്കളും സഹോദരങ്ങളും ഭാര്യയും ഭർത്താവും സുഹൃത്തും രാജാവും പ്രജയുമൊക്കെ എങ്ങനെയാവണമെന്നും എങ്ങനെയാവരുതെന്നും പഠിക്കുന്നു. ഈശ്വരൻ എന്നത് നമ്മിൽനിന്നു വിട്ടുമാറിയുള്ള മറ്റൊരു അസ്തിത്വമല്ലെന്നറിയുന്നു. അതു നമ്മിൽത്തന്നെയാണ്. 

 

ഓരോരോ ജലാശയേ കേവലം മഹാകാശം

നേരേ നീ കാണ്മീലയോ, കണ്ടാലുമതുപോലെ

സാക്ഷാലുളെളാരു പരബ്രഹ്‌മമ‍ാം പരമാത്മാ

സാക്ഷിയായുളള ബിംബം നിശ്ചലമതു സഖേ!

 

ഓരോ സൃഷ്ടിയിലും, ജലാശയത്തിൽ ആകാശമെന്ന പോലെ പ്രതിബിംബിക്കുന്നത് പരമാത്മാവു തന്നെയാണ്. നമ്മുടെയുള്ളിലുണ്ട് അത്, ശിലയായുറഞ്ഞ അഹല്യയെപ്പോലെ. രാമന്റെ പാദസ്പർശത്താൽ അഹല്യയുണർന്നതുപോലെ, രാമായണ വായന നമ്മിലെ പരമാത്മബോധത്തെയുണർത്തണം. അങ്ങനെ മനസ്സ് സദ്‌വൃത്തിയിലേക്കുണരുമ്പോഴാണ് മോക്ഷം. 

 

‘സദ്‌വൃത്തനെന്നായീടിൽ പറയേണമോ മോക്ഷം

സദ്യസ്സംഭവിച്ചീടും സന്ദേഹമില്ലയേതും’ 

 

ദുഃഖഗാഥയാണ് രാമായണം. ആ ദുഃഖത്തിന്റെ കാരണവും പരിഹാരവും രാമായണം പറഞ്ഞുതരുന്നു. പുത്രദുഃഖം, കീർത്തിദുഃഖം, വിരഹദുഃഖം, ആസക്തി മൂലമുള്ള ദുഃഖം എന്നിങ്ങനെ മനുഷ്യൻ അഭിമുഖീകരിക്കുന്ന ജീവിതാവസ്ഥകളെല്ലാം അതിലുണ്ട്. അതിരു കടന്ന കാമമാണ് ദശരഥനെ ദുഃഖിയാക്കുന്നത്. രാവണനെ വരിഞ്ഞുനിൽക്കുന്നതും വീഴ്ചയ്ക്കു കാരണമാകുന്നതും അതേ കാമം– – ദുരാഗ്രഹം– തന്നെ. സംശയം ബാലിയെ കോപാന്ധനാക്കുന്നു, അതാണ് അയാളുടെ നാശത്തിനു മൂലഹേതു. കരുത്തു തെളിയിക്കാനുള്ള അത്യാഗ്രഹമാണ് ജ‍ഡായുവിന്റെ വീഴ്ചയ്ക്കു കാരണം. 

 

അച്ഛന്റെ പിഴവിനു ജീവിതം കൊണ്ടു പരിഹാരം കാണുകയാണ് രാമൻ. പിതാവിന്റെ വാക്കു തെറ്റാതിരിക്കാൻ കാനനവാസം. ലോകത്തെ ഭയപ്പെടുത്തുന്ന രാവണനെന്ന തിന്മയെ ഇല്ലാതാക്കുകയെന്ന അവതാരലക്ഷ്യത്തിനിടെ രാമൻ കടന്നുപോകുന്ന ദുഃഖാനുഭവങ്ങൾ ഏറെയാണ്. രാജ്യവും കുടുംബവും നഷ്ടപ്പെട്ട രാജകുമാരൻ, ഭാര്യയെ പിരിയേണ്ടിവന്ന ഭർത്താവ്. ദുഃഖമാണ് ഭക്തിയുടെ ഉരകല്ലെന്നു പറയാറുണ്ട്. കളങ്കം തീയിലുരുക്കിക്കളഞ്ഞ് കനകത്തെ ശുദ്ധമാക്കുന്നതു പോലെ മനസ്സിലെ മാലിന്യങ്ങളെ കഴുകിക്കളഞ്ഞ് ദുഃഖാനുഭവം ഭക്തനെ ശുദ്ധനാക്കുന്നു. രാമായണം വായിക്കുന്നയാൾ കടന്നുപോകുന്നത് അങ്ങനെയൊരു കഥാർസിസിലൂടെയാണ്.

 

താൻപോരിമയുടെ കാർമേഘപടലത്താൽ ആത്മബോധം മറയുമ്പോഴാണ് മനുഷ്യൻ അഹങ്കാരിയും ദുർബലനും ചഞ്ചലചിത്തനുമൊക്കെയാകുന്നത്. അതു പെയ്തൊഴിയുമ്പോൾ മഞ്ഞുമാറി മലമുടി തെളിയുംപോലെ ബോധം തെളിഞ്ഞുദിക്കുന്നു. ദശരഥൻ മുതൽ രാവണൻ വരെയുള്ളവരെ ഉദാഹരിച്ചാണ് രാമായണകാരൻ – ഉമയ്ക്കു കഥ പറഞ്ഞുകൊടുക്കുന്ന മഹേശ്വരനും കിളിയെക്കൊണ്ട് അക്കഥ പാടിക്കുന്ന എഴുത്തച്ഛനും – അഹംഭാവത്തെപ്പറ്റി പറയുന്നത്. അയോദ്ധ്യാകാണ്ഡത്തിലെ ലക്ഷ്മണോപദേശത്തിൽ ദേഹം നിമിത്തം മഹാമോഹം എന്ന് രാമനത് ലക്ഷ്മണനു വ്യക്തമാക്കിക്കൊടുക്കുന്നു.

 

ദേഹം നിമിത്തമഹംബുദ്ധി കൈക്കൊണ്ടു

മോഹം കലര്‍ന്നു ജന്തുക്കള്‍ നിരൂപിക്കും

ബ്രാഹ്മണോഹം നരേന്ദ്രോഹമാഢ്യോഹമെ-

ന്നാമ്രേഡിതം കലര്‍ന്നീടും ദശാന്തരേ

 

എന്നിങ്ങനെ, അഹംബുദ്ധി മനുഷ്യനിൽ ആളിക്കത്തിക്കുന്ന ഞാനെന്ന ബോധം പൊള്ളയാണെന്നു രാമൻ അനുജനോടു പറയുന്നു. പിന്നാലെ വരുന്നുണ്ട് ആ അഹംബുദ്ധിക്കു പിന്നിലൊളിഞ്ഞിരിക്കുന്ന നിസ്സാരതയുടെ യഥാർഥ ചിത്രം.

 

ചക്ഷുഃശ്രവണഗളസ്ഥമ‍ാം ദര്‍ദുരം

ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ

കാലാഹിനാ പരിഗ്രസ്തമ‍ാം ലോകവു-

മാലോല ചേതസാ ഭോഗങ്ങള്‍ തേടുന്നു

 

കാലസർപ്പത്തിന്റെ വായിലിരുന്ന് ആസക്തികളിലേക്കു നാവു നീട്ടുന്ന മനുഷ്യൻ എന്നത് ജീവിതത്തിന്റെ ഏറ്റവും ഗാഢമായ തത്വചിന്തയാകുന്നു.

 

വാനരത്തെപ്പോലെയാണു മനുഷ്യമനസ്സ്; ഹനൂമാനെപ്പോലെ അഷ്ടൈശ്വര്യ സിദ്ധിയുള്ളതും. എത്രയും ചെറുതാകാം, പ്രപഞ്ചത്തെക്കാളും വലുതാകാം, നൊടിയിടയിൽ പ്രകാശവർഷങ്ങൾതന്നെ ക‍ടക്കാം... അതിനെന്താണു സാധ്യമാകാത്തത്. പക്ഷേ അത് ഹനൂമാനെപ്പോലെ സ്വന്തം കരുത്തും മഹത്വവും മറന്നാലോ? അതിന്റെയുണർച്ച പൂർണമായാൽ സംസാരസാഗരം ഒരൊറ്റക്കുതിപ്പിൽ കടക്കാം, നമ്മുടെയുള്ളിലെ രാക്ഷസക്കോട്ടകളെ, മൂഢത്വത്തിന്റെ ലങ്കാനഗരികളെ ഭസ്മമാക്കാം, സായൂജ്യത്തിന്റെ സീതാദർശനം സാധ്യമാക്കാം. അതിനു വേണ്ടത് രാമനാമജപമാണെന്ന് രാമായണം പറയുന്നു; കള്ളനും പിടിച്ചുപറിക്കാരനുമായ ഒരുവനെ കരുണാവാനായ മഹാമുനിയും മഹാകവിയുമാക്കിയ രാമമന്ത്രം.

 

രാവു മായണമെന്നും രാമായണത്തെ വായിച്ചെടുക്കാം. സങ്കടങ്ങൾ തോരാതെ പെയ്യുന്ന കർമബന്ധനങ്ങളുടെ കാരിരുൾരാവിൽ രാമായണം ഇരുട്ടിനെ എരിച്ചുകളയുന്ന നെയ്പ്പന്തമാകുന്നു. തേജസ്വീനാവധീതമസ്തു എന്നാണല്ലോ പ്രാർഥന. വായിക്കുന്നയാളും കേൾക്കുന്നവരും, സകലരും സമസ്തപ്രപഞ്ചവും ആ വെളിച്ചത്തിൽ തേജസ്വികളാകട്ടെ.. രാമ രാമ....

 

English Summary : Significance of Lord Rama Pooja In Karkadakam 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com