നൃത്തം ചെയ്യാനെത്തി, ‘നിയോഗം’ സ്കിറ്റിൽ പകരക്കാരിയാക്കി : ഉണ്ണിമായ പറയുന്നു
‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’ എന്ന, നാടോടിക്കാറ്റിലെ പ്രശസ്തമായ ഡയലോഗിനെ കൂട്ടുപിടിച്ചുകൊണ്ടാണ് അഭിനേത്രിയും ഹാസ്യതാരവും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഉണ്ണിമായ കരിയറിനെക്കു റിച്ചും സ്വപ്നങ്ങളെക്കുറിച്ചും പറഞ്ഞു തുടങ്ങിയത്. അതിതീവ്രമായി എന്തെങ്കിലും ആഗ്രഹിച്ചാൽ അതു സ്വന്തമാക്കാനുള്ള വഴി വിധി
‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’ എന്ന, നാടോടിക്കാറ്റിലെ പ്രശസ്തമായ ഡയലോഗിനെ കൂട്ടുപിടിച്ചുകൊണ്ടാണ് അഭിനേത്രിയും ഹാസ്യതാരവും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഉണ്ണിമായ കരിയറിനെക്കു റിച്ചും സ്വപ്നങ്ങളെക്കുറിച്ചും പറഞ്ഞു തുടങ്ങിയത്. അതിതീവ്രമായി എന്തെങ്കിലും ആഗ്രഹിച്ചാൽ അതു സ്വന്തമാക്കാനുള്ള വഴി വിധി
‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’ എന്ന, നാടോടിക്കാറ്റിലെ പ്രശസ്തമായ ഡയലോഗിനെ കൂട്ടുപിടിച്ചുകൊണ്ടാണ് അഭിനേത്രിയും ഹാസ്യതാരവും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഉണ്ണിമായ കരിയറിനെക്കു റിച്ചും സ്വപ്നങ്ങളെക്കുറിച്ചും പറഞ്ഞു തുടങ്ങിയത്. അതിതീവ്രമായി എന്തെങ്കിലും ആഗ്രഹിച്ചാൽ അതു സ്വന്തമാക്കാനുള്ള വഴി വിധി
‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’ എന്ന, നാടോടിക്കാറ്റിലെ പ്രശസ്തമായ ഡയലോഗിനെ കൂട്ടുപിടിച്ചുകൊണ്ടാണ് അഭിനേത്രിയും ഹാസ്യതാരവും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഉണ്ണിമായ കരിയറിനെക്കു റിച്ചും സ്വപ്നങ്ങളെക്കുറിച്ചും പറഞ്ഞു തുടങ്ങിയത്. അതിതീവ്രമായി എന്തെങ്കിലും ആഗ്രഹിച്ചാൽ അതു സ്വന്തമാക്കാനുള്ള വഴി വിധി തന്നെയൊരുക്കിത്തരുമെന്ന് തന്റെ അനുഭവത്തിലൂടെ തെളിയിച്ച താരം കരിയറിനെക്കുറിച്ചും ജീവിതത്തിൽ ചേർത്തുപിടിച്ച വിശ്വാസങ്ങളെക്കുറിച്ചും മനോരമ ഓൺലൈൻ വായനക്കാരുമായി സംസാരിക്കുന്നു.
ചിരിക്കാൻ വളരെയെളുപ്പമാണ്, ചിരിപ്പിക്കാൻ വളരെ പ്രയാസവും. എങ്ങനെയാണ് ഹാസ്യപ്രോഗ്രാമിലേക്കെത്തുന്നത്?
ഹാസ്യതാരമായിട്ടായിരുന്നില്ല എന്റെ അരങ്ങേറ്റം. ഞാനൊരു ക്ലാസിക്കൽ ഡാൻസറാണ്. മഴവിൽ മനോരമയിലെ ‘കോമഡി ഫെസ്റ്റിവൽ’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഞാൻ ഹാസ്യരംഗത്തെത്തുന്നത്. ഡാൻസ് ചെയ്യാനാണ് ഞാൻ വന്നത്. അന്ന് സ്കിറ്റ് ചെയ്യേണ്ട ഒരു കുട്ടിക്ക് വരാൻ പറ്റിയില്ല. ആ കുട്ടിക്ക് പകരക്കാരിയായാണ് ആ ഷോയിൽ സ്കിറ്റ് അവതരിപ്പിക്കാൻ ഞാൻ കയറിയത്. നടി ഉർവശി ചേച്ചിയോടും സംവിധായകൻ സിദ്ദീഖ് സാറിനോടും ഒരുപാടു കടപ്പാടെനിക്കുണ്ട്. സ്കിറ്റ് കണ്ട ഉർവശി ചേച്ചി ആ പ്രോഗ്രാമിന്റെ പിന്നണി പ്രവർത്തകരോട് എന്നെക്കുറിച്ച് അന്വേഷിച്ചു. ‘‘ഏതാണ് ആ കുട്ടി’’ എന്നു ചേച്ചി ചോദിച്ചു. ഡാൻസ് ചെയ്യാൻ വന്നതാണ്, സ്കിറ്റിൽ പകരക്കാരിയായാ കയറിയതാണ് എന്നു ഗ്രൂമേഴ്സ് പറഞ്ഞപ്പോൾ ‘അവൾ തരക്കേടില്ലാതെ ചെയ്യുന്നുണ്ടല്ലോ. അങ്ങനെയാണെങ്കിൽ സ്കിറ്റിൽ ചെറിയ ചെറിയ വേഷങ്ങൾക്കായി അവളെ വിളിക്ക്, അവൾ ചെയ്യട്ടെ’ എന്നു ചേച്ചി പറഞ്ഞു. കൃത്യമായി പറഞ്ഞാൽ 9 വർഷം മുൻപ് സംഭവിച്ച ആ നല്ല വാക്കിലൂടെയാണ് എന്റെ കരിയറിന്റെ തുടക്കം.
അവസരങ്ങൾ ലഭിക്കാൻ കഴിവ് മാത്രം പോരാ ഭാഗ്യവും വേണമെന്ന് പൊതുവേ ആർട്ടിസ്റ്റുകൾ പറയാറുണ്ട്. ഭാഗ്യത്തിൽ വിശ്വസിക്കുന്നുണ്ടോ?
ഭാഗ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരാളുടെ സമയത്തെക്കുറിച്ചാണെങ്കിൽ തീർച്ചയായും അതിൽ വിശ്വസിക്കുന്നുണ്ട്. സിനിമ പോലെയുള്ള മാധ്യമങ്ങളിൽ വന്ന് ഒരുപാട് വർഷങ്ങളായിട്ടും തിരിച്ചറിയപ്പെടാതെ പോയവരുണ്ട്. ചിലപ്പോൾ ഒരു സീൻ മാത്രം ചെയ്തു പ്രശസ്തരാകുന്നവരുമുണ്ട്. അതൊക്കെ ഓരോരുത്തരുടെയും സമയത്തെ അടിസ്ഥാനമാക്കിയാണ് സംഭവിക്കുന്നത് എന്നാണെന്റെ വിശ്വാസം. പിന്നെ മറ്റൊരു കാര്യം നമ്മുടെ ആഗ്രഹങ്ങളാണ്. നമ്മുടെ മനസ്സിൽ എന്തെങ്കിലും തീവ്രമായ ആഗ്രഹമുണ്ടെങ്കിൽ എന്നെങ്കിലും അത് സ്വന്തമാക്കാൻ സാധിക്കും. എന്റെ കാര്യത്തിൽ അതു നൂറു ശതമാനം സത്യമാണ്.
ജീവിതത്തിൽ നല്ല സമയം, ചീത്തസമയം എന്നതിലൊക്കെ വിശ്വാസമുണ്ടോ?
വ്യക്തിപരമായി ഞാൻ എല്ലാത്തിനെയും പോസിറ്റീവായി കാണുന്ന ഒരാളാണ്. കാരണം ചെറുപ്പത്തിൽ കുറച്ചു ബുദ്ധിമുട്ടുകളൊക്കെയുണ്ടായിട്ടുണ്ട്. ഇപ്പോൾ ജീവിതം വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നു. ഒരു കയറ്റത്തിന് ഒരു ഇറക്കമുണ്ടെന്ന് മുതിർന്നവർ പറയാറില്ലേ. ദൈവം എപ്പോഴും ഒരേപോലെ നമ്മളെ നിർത്തില്ലല്ലോ. സമയം അങ്ങനെ മാറിക്കൊണ്ടിരിക്കുമല്ലോ. ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള സങ്കടം വന്നാൽ അതിലിരട്ടിയൊരു സന്തോഷം നമ്മളെ കാത്തിരിപ്പുണ്ടെന്ന് ഞാൻ കരുതും. പ്രശ്നങ്ങളെ അത്ര ഗൗരവത്തോടെ സമീപിക്കാറില്ല. എല്ലാത്തിനെയും പോസിറ്റീവായി മാത്രമേ നേരിടാറുള്ളൂ.
ദൈവ വിശ്വാസിയാണോ? ആരാണ് പ്രിയപ്പെട്ട ദൈവം? ഏറ്റവും പ്രിയപ്പെട്ട ആരാധനാലയം ഏതാണ്?
അമ്പലങ്ങളിലും പള്ളിയിലും ഒരുപോലെ പോകാനിഷ്ടമാണ്. കലൂർ അന്തോണീസ് പുണ്യാളന്റെ പള്ളിയിൽ പോകാറുണ്ട്. ഭഗവാന്മാരിൽ ശിവഭഗവാനോടാണ് ഏറെ ആരാധന.
അടൂർ ഭവാനി, സുകുമാരി, മീന, കെ.പി.എ.സി. ലളിത, കൽപന, ഉർവശി തുടങ്ങി മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരെല്ലാം ഹാസ്യം ഗംഭീരമായി ചെയ്യുന്നവരാണ്. അവർ പ്രചോദിപ്പിച്ചിട്ടുണ്ടോ?
ഏറെ ആരാധിക്കുന്ന ഇവർ ചെയ്ത കഥാപാത്രങ്ങളെല്ലാം ഏറെയിഷ്ടമാണെങ്കിലും അനുകരിക്കാൻ ശ്രമിച്ചിട്ടില്ല. കാരണം വലിയ പ്രതിഭകളെ അനുകരിക്കാൻ ശ്രമിച്ചാൽ നമുക്ക് അവരുടേതു പോലെ മികച്ച പ്രകടനം കഴ്ചവയ്ക്കാൻ കഴിയില്ല. ഹാസ്യത്തിൽ അനുകരണമല്ല, സ്വന്തം ശൈലി കൊണ്ടുവരികയാണ് വേണ്ടതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. രേവതി ചേച്ചിയൊക്കെ ചെയ്ത കഥാപാത്രങ്ങളിഷ്ടമാണ്. ഉർവശി ചേച്ചി എന്ന വ്യക്തിയെയും അവരുടെ അഭിനയത്തെയും ഒരുപാടിഷ്ടമാണ്. ഹാസ്യമായാലും സെന്റിമെന്റ്സ് ആയാലും കാക്കത്തൊള്ളായിരത്തിലേതു പോലെ കുറുമ്പുള്ള കഥാപാത്രമായാലും വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന രീതിയെനിക്കേറെയിഷ്ടമാണ്. അത്തരം വേഷങ്ങൾ ഉർവശി ചേച്ചിക്ക് മാത്രം ചെയ്യാൻ കഴിയുന്നവയാണെന്ന് തോന്നിയിട്ടുണ്ട്. ഏറെ സ്വപ്നം കണ്ട അഭിനയജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ വ്യക്തി എന്ന നിലയിൽ ഉർവശി ചേച്ചിയോട് വ്യക്തിപരമായി ഇഷ്ടക്കൂടുതലുണ്ട്.
മറ്റെല്ലാ മേഖലയിലും ഉള്ളതുപോലെ ഹാസ്യരംഗത്തേക്കും കൂടുതൽ സ്ത്രീകൾ കടന്നു വരുന്നുണ്ട്. ഹാസ്യ പ്രോഗ്രാമുകളിലെത്തുന്ന പുരുഷന്മാർക്ക് സ്ത്രീകളെ അപേക്ഷിച്ച് സിനിമ, മറ്റ് പ്രോഗ്രാമുകൾ, സീരിയൽ എന്നിവയിൽ കൂടുതൽ അവസരങ്ങൾ കിട്ടുന്നുണ്ട്. അതേക്കുറിച്ച്?
കഴിവുണ്ടെങ്കിൽ തീർച്ചയായും അഭിനയത്തിന്റെ ഏതുമേഖലയിലും എത്തിപ്പെടാനുള്ള സാഹചര്യം ഇന്നുണ്ട് എന്നു തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. സൗന്ദര്യം, അഭിനയ പാരമ്പര്യം, ആൺ–പെൺ വ്യത്യാസം ഇതൊന്നും അവസരങ്ങൾ ലഭിക്കുന്നതിനുള്ള മാനദണ്ഡമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. കഴിവും ഭാഗ്യവുമുണ്ടെങ്കിൽ തീർച്ചയായും അവസരങ്ങളുമുണ്ടാകും. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന രശ്മി അനിൽ എന്ന ആർട്ടിസ്റ്റ് ഇപ്പോൾ സിനിമയിൽ സജീവമാണ്. സംസ്ഥാന അവാർഡ് വരെ ലഭിച്ചു. അതുകൊണ്ടുതന്നെ സ്ത്രീ എന്ന നിലയിൽ ഈ മേഖലയിൽ ഉയർന്നു വരാൻ പരിമിതികളുണ്ടെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല. പുരുഷന്മാരുടെ കാര്യം പറയുകയാണെങ്കിൽ സിനിമയിൽ അവസരങ്ങൾ കിട്ടിയാൽ അവർക്ക് തടസ്സങ്ങളൊന്നുമില്ലാതെ അഭിനയിക്കാൻ സാധിക്കും എന്നൊരു മെച്ചമുണ്ട്. സ്ത്രീകളുടെ കാര്യത്തിൽ കുടുംബത്തിൽ നിന്നുള്ള എതിർപ്പ്, വിവാഹം കഴിഞ്ഞവരാണെങ്കിൽ ഭാര്യ അഭിനയിക്കുന്നതിനോട് ഭർത്താവിന് യോജിപ്പില്ലാതെ വരുന്ന അവസ്ഥ പോലെയുള്ള സാഹചര്യങ്ങളുണ്ടാകാറുണ്ട്. അങ്ങനെ അവസരങ്ങൾ ലഭിച്ചിട്ടും അഭിനയിക്കാൻ സാധിക്കാത്തവരായി ചുരുക്കം ചിലരെങ്കിലുമുണ്ട്.
കുടുംബത്തിന്റെ പിന്തുണ?
അഭിനയരംഗത്തേക്ക് കടന്നു വരുന്നതിനു വീട്ടുകാരുടെയും കൂട്ടുകാരുടെയും പൂർണ പിന്തുണയുണ്ടായിരുന്നു. ഞാൻ എങ്ങനെ അഭിനയ രംഗത്തേക്ക് കടന്നു വരും എന്നൊരു ആശങ്ക മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ. കാരണം കുടുംബത്തിലാർക്കും ഈ ഫീൽഡുമായി ഒരു ബന്ധവുമില്ല. അഭിനയരംഗത്ത് പാരമ്പര്യമുള്ള കുടുംബവുമല്ല. പക്ഷേ എനിക്ക് ചെറുപ്പം മുതൽ തന്നെ അഭിനയിക്കാൻ വല്ലാതെയിഷ്ടമായിരുന്നു. പക്ഷേ എങ്ങനെ എന്നൊന്നും അറിയില്ല. കുട്ടിക്കാലത്ത് കൂട്ടുകാരോടൊക്കെ അഭിനയമോഹത്തെക്കുറിച്ച് പറയുമ്പോൾ അവർ പറയും അതിന് ഒരുപാടു സൗന്ദര്യമൊക്കെ വേണമെന്ന്. പക്ഷേ അതിനൊന്നും എന്നെ പിന്തിരിപ്പിക്കാനായില്ല. അതിന് മേക്കപ്പിട്ടാൽപ്പോരേ എന്ന് ഞാൻ അവരോട് ചോദിക്കുമായിരുന്നു. അമ്മയ്ക്കും ഞാൻ അഭിനയത്തിലേക്ക് വരുന്നത് ഒരുപാടിഷ്ടമായിരുന്നു. അമ്മയാണ് ഡാൻസ് പഠിപ്പിക്കാനൊക്കെ എന്നെ കൊണ്ടുപോയിരുന്നതും എന്നെ നന്നായി സപ്പോർട്ട് ചെയ്തതും. സ്കൂൾ ഫ്രണ്ട്സ് ഒക്കെ വാട്സാപ് ഗ്രൂപ്പിലുണ്ട്. അവർക്കൊക്കെ അദ്ഭുതമാണ്. നീ എങ്ങനെ ആഗ്രഹം പോലെ തന്നെ അഭിനയരംഗത്തെത്തി എന്നൊക്കെ അവർ ഇപ്പോഴും ചോദിക്കാറുണ്ട്. കുടുംബ സുഹൃത്തുക്കളായ രമ്യയും ഭർത്താവ് ഷിജുവും നൽകുന്ന പിന്തുണ വളരെ വലുതാണ്.അഭിനയ മേഖലയിലെ കാര്യം പറയുകയാണെങ്കിൽ ഷംന കാസിം അടുത്ത സുഹൃത്താണ്. ഷംനയുടെ സ്നേഹവും പിന്തുണയും വിലമതിക്കാനാകാത്തതാണ്.
വിദ്യാഭ്യാസത്തെപ്പറ്റി?
തൃശ്ശൂർ വടക്കാഞ്ചേരി ഗേൾസ് ഹൈസ്കൂളിലാണ് പഠിച്ചത്. അവിടെ എന്റെ സീനിയറായിരുന്നു സിനിമാതാരം രചന നാരായണൻ കുട്ടി. കോളജ് വിദ്യാഭ്യാസം നേടിയത് വിദ്യാഭവൻ വിമൻസ് കോളജിൽ നിന്നാണ്.
നാടോർമകൾ?
തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയാണ് എന്റെ സ്വദേശം. അത് പക്കാഗ്രാമമാണ്. മഞ്ജു ചേച്ചിയും ദിലീപേട്ടനുമൊക്കെ അഭിനയിച്ച ‘കുടമാറ്റ’ത്തിന്റെ ഷൂട്ടിങ്ങൊക്കെ നടന്നത് ഉത്രാളിക്കാവ് അമ്പലത്തിന്റെ സമീപപ്രദേശത്താണ്. അന്നൊക്കെ ഷൂട്ടിങ് കാണാൻ പോലും അനുവാദമുണ്ടായിരുന്നില്ല. പെൺകുട്ടികൾ ഷൂട്ടിങ് ഒന്നും കാണാൻ പോകാൻ പാടില്ല. അവിടെ നിറച്ചും ആണുങ്ങളാണ് എന്നൊക്കെ പറഞ്ഞ് നാട്ടുമ്പുറത്തുള്ള മുതിർന്നവർ നമ്മളെ വിലക്കും. ഞാൻ അഭിനയരംഗത്തേക്ക് എത്തുമെന്നൊന്നും അന്ന് അവിടെയുള്ളവർ കരുതിയിരുന്നില്ല. വലിയ സൗന്ദര്യവും പിടിപാടുമുള്ളവർക്കൊക്കെ പറഞ്ഞിരിക്കുന്ന ജോലിയാണ് സിനിമാ അഭിനയം എന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്.
അഭിനയ ജീവിതത്തിൽ ലഭിച്ച മറക്കാനാകാത്ത അഭിനന്ദനം, അംഗീകാരം?
അത് ആദ്യമായി സ്റ്റേജിൽ കയറിയപ്പോഴുണ്ടായ അനുഭവമാണ്. ഡാൻസ് ചെയ്യും എന്നല്ലാതെ സ്കിറ്റ് എന്താണെന്നു പോലും അന്നെനിക്കറിയില്ലായിരുന്നു. ആദ്യത്തെ സ്കിറ്റ് കണ്ട് ഉർവശി ചേച്ചിയും സംവിധായകൻ സിദ്ദീഖ് സാറുമൊക്കെ നല്ല അഭിപ്രായം പറഞ്ഞതു തന്നെയാണ് ഏറ്റവും വലിയ അഭിനന്ദനം. അവിടെ നിന്നാണ് അഭിനയമെന്ന കരിയറിന് തുടക്കമാകുന്നത്. അംഗീകാരങ്ങളുടെ കാര്യം പറയുകയാണെങ്കിൽ മലയാള പുരസ്കാരം, ജെ.സി. ഡാനിയേൽ പുരസ്കാരം, ഇപ്പോൾ പ്രോഗ്രാം അവതരിപ്പിക്കുന്ന ചാനലിൽ നിന്നു കിട്ടിയ പുരസ്കരം ഒക്കെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. സിദ്ദീഖ് സാറിന്റെ രണ്ടു ചിത്രങ്ങളിൽ അഭിനയിക്കാൻ പറ്റി. ചെറിയ വേഷങ്ങളായിരുന്നുവെങ്കിലും ഇതുവരെ അഭിനയ ജീവിതത്തിൽ സംഭവിച്ചതെല്ലാം സന്തോഷങ്ങളുള്ള കാര്യങ്ങളാണ്.
എത്ര വർഷമായി ഹാസ്യരംഗത്തുണ്ട്?. എന്തൊക്കെയാണ് ഭാവി പദ്ധതികൾ?
കൃത്യമായി പറഞ്ഞാൽ മഴവിൽ മനോരമയുടെ പ്രായമാണ് എന്റെ അഭിനയ ജീവിതത്തിന്. ഒൻപത് വർഷമായി അഭിനയ രംഗത്ത് വന്നിട്ട്. രണ്ടു പ്രൊജക്ടിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. മൂന്നുവർഷമായി ഒരു സ്വകാര്യ ചാനലിന്റെ ഹാസ്യപരിപാടിയിൽ അഭിനയിക്കുന്നുണ്ട്. ഇടയ്ക്ക് സീരിയലുകളിൽ അവസരം കിട്ടുമ്പോൾ അതും ചെയ്യാറുണ്ട്.
അഭിനയത്തിരക്കിൽ നൃത്തപരിശീലനത്തിന് സമയം കിട്ടാറുണ്ടോ?
അഭിനയത്തോടൊപ്പം നൃത്തവും മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. കോവിഡ് ആയതുകൊണ്ട് മുൻപത്തേക്കാ
ൾ സ്റ്റേജ് ഷോകൾ ഒക്കെ കുറവാണ്. നൃത്തപഠനം ഇപ്പോഴും തുടരുന്നുണ്ട്. രചനചേച്ചിയുടെ (രചന നാരായണൻ കുട്ടി) അടുത്തു നിന്നാണ് പഠിക്കുന്നത്. കോവിഡിനു ശേഷം നേരിട്ടുള്ള ക്ലാസുകൾ സാധ്യമല്ലാത്തതുകൊണ്ട് ഓൺലൈൻ ക്ലാസുകളിലൂടെയാണ് നൃത്തപഠനം. നൃത്തം കൂടാതെയുള്ള ഇഷ്ടം പാട്ടു കേൾക്കുന്നതാണ്. പിന്നെ ഗാർഡനിങ് ഇഷ്ടമാണെങ്കിലും ഇപ്പോൾ താമസിക്കുന്നിടത്ത് അതിനുള്ള സൗകര്യമില്ല. ഇപ്പോൾ ഞങ്ങൾ താമസിക്കുന്നത് എറണാകുളത്താണ്. യാത്രപോകാൻ ഏറെയിഷ്ടമാണ്. സ്റ്റേജ്ഷോയുടെ ഭാഗമായി കേരളത്തിലുടനീളം യാത്രചെയ്തിട്ടുണ്ട്. പിന്നെ കെ.എസ്. പ്രസാദ്– ദേവിചന്ദന ടീമിന്റെ കൂടെ ദുബായ്, ഷാർജ ഇവിടങ്ങളിലും സ്റ്റേജ് ഷോയുടെ ഭാഗമായി പോയിട്ടുണ്ട്. മുംബൈയിലും ഡൽഹിയിലും പ്രോഗ്രാമിന്റെ ഭാഗമായി യാത്ര പോയിട്ടുണ്ട്.
കോവിഡ് കാല അനുഭവങ്ങൾ?
എല്ലാ മേഖലയിലുള്ള ആളുകളും വല്ലാതെ ബുദ്ധിമുട്ടി. കലാരംഗത്തു പ്രവർത്തിക്കുന്നവർക്കും അത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ടിനി ടോം ചേട്ടനൊക്കെ ഒരുപാട് ആളുകളെ സഹായിച്ചിട്ടുണ്ട്. യേശുദാസ് സാർ, മഞ്ജു ചേച്ചി ഒക്കെയുള്ള ഒരു ഗ്രൂപ്പുണ്ട്. അതിൽ ഒരുപാട് കലാകാരന്മാരൊക്കെയുണ്ട്. അതിലൂടെ ഒരുപാടുപേർക്ക് സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. എസ്.പി. ബാലസുബ്രഹ്മണ്യം സാറാണ് ആദ്യമായി എല്ലാവർക്കും കുറച്ചു തുക കൈമാറുന്നത്. ഉള്ളവർ ഇല്ലാത്തവരെ സഹായിച്ചാണ് ഈ കോവിഡ് കാലത്തെ കലാകാരന്മാർ അതിജീവിച്ചത്. എല്ലാവർക്കും സഹായം ലഭിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു.
ഡബ്ബിങ് ആർട്ടിസ്റ്റുമാണല്ലോ?
സിനിമയ്ക്കു ഡബ് ചെയ്തിട്ടുണ്ട്. വിജയ് സേതുപതിയുടെ ഒരു തമിഴ്സിനിമ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത ഒരു ചിത്രത്തിൽ ഡബ് ചെയ്തിട്ടുണ്ട്. കൂടാതെ ഷോർട്ട്ഫിലിംസ്, പരസ്യചിത്രങ്ങൾ ഇവയ്ക്കു വേണ്ടിയും ഡബ് ചെയ്യാറുണ്ട്. സ്കിറ്റിനുവേണ്ടി മാത്രമേ ഡബ് ചെയ്യൂ എന്നൊന്നുമില്ല. പിന്നെ ലാലേട്ടൻ ഷോയ്ക്കൊക്കെ വേണ്ടി ഡബ് ചെയ്തിട്ടുണ്ട്. ഡബ്ബിങ്ങിൽ ഏറ്റവും പ്രാധാന്യം ടൈമിങ്ങിനാണ്. അവരുടെ ചുണ്ടിന്റെ ചലനം നമ്മൾ ശ്രദ്ധിച്ചിരിക്കണം. അവർ അഭിനയിക്കുന്നതിനേക്കാൾ കൂടുതൽ ഡബ് ചെയ്യുന്നവർ നന്നായി അഭിനയിച്ചാലേ പ്രകടനം നന്നായി വരൂ. കരയുന്ന സീനൊക്കെയാണെങ്കിൽ ഡബ്ബിങ്ങിലാണ് പകുതി കാര്യം. അഭിനയരംഗത്തെ തുടക്കക്കാർക്കുവേണ്ടിയൊക്കെ ഡബ് ചെയ്യുമ്പോൾ പ്രത്യേക നിർദേശങ്ങൾ ലഭിക്കാറുണ്ട്. അഭിനയവും ഡബ്ബിങ്ങും ഒരുപോലെ മികച്ചതായാലേ നല്ല റിസൽറ്റ് ലഭിക്കൂ.
അഭിനയ ജീവിതത്തിനു പലരോടും കടപ്പാടുണ്ടെന്നു പറയാറുണ്ടല്ലോ?
എന്നെ ഈ ഫീൽഡിൽ കൊണ്ടു വന്നത് അനൂപ്, രതീഷ്, സുബീഷേട്ടൻ, എബ്രഹാം എന്നിവരാണ്. മഴവിൽ മനോരമയിലും മറ്റു ചാനലുകളിലുമാണ് അവർ ഇപ്പോൾ വർക്ക് ചെയ്യുന്നത്. അവരോട് ഒരുപാട് കടപ്പാടുണ്ട്.
അന്ന് അവരായിരുന്നു ഗ്രൂമിങ് ചെയ്തത്. ഡാൻസ് ചെയ്യാനെത്തിയ എനിക്ക് സ്കിറ്റ് ചെയ്യാൻ അന്ന് അവസരം നൽകിയത് ഇവരൊക്കെയാണ്. ഇപ്പോൾ അഭിനയിക്കുന്ന ഹാസ്യപ്രോഗ്രാമിൽ അവസരം തന്നത് ഭാസ്കർ എന്നയാളാണ്. പ്രമോദ് വൈക്കം, ബിജി ജലാൽ, ബൈജുസാർ, മീര ഇവരോടെല്ലാം കടപ്പാടുണ്ട്.
പ്രേക്ഷകരോട് പറയാനുള്ളത്?
പ്രേക്ഷകർ കാരണമാണ് നിലനിന്നു പോകുന്നത്. അവരുടെ സ്നേഹവും പിന്തുണയും എന്നും ഒപ്പമുണ്ടാവണമെന്നാണ് ഒരു പ്രാർഥന. അഭിനയത്തെക്കുറിച്ചുള്ള ഫീഡ്ബാക്ക്, അത് നെഗറ്റീവായാലും പോസിറ്റീവായാലും തുറന്നു പറയണമെന്നു കൂടി ഒരഭ്യർഥനയുണ്ട്. അഭിനയിക്കുമ്പോൾ എന്തൊക്കെ പോരായ്മകളുണ്ടെന്ന് അഭിനയിക്കുന്ന സമയത്ത് നമുക്ക് വിലയിരുത്താനാവില്ലല്ലോ. പുറത്തു നിന്നുള്ളവർക്കല്ലേ അതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയൂ. ഇനിയും പ്രേക്ഷകരുടെ പിന്തുണയുo സ്നേഹവും ഉണ്ടാവും എന്നു വിശ്വസിക്കുന്നു. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
English Summary : Interview with Comedy Actress Unnimaya