കാർത്തിക നക്ഷത്രക്കാരുടെ പൊതുഫലം
Mail This Article
കാർത്തിക നക്ഷത്രത്തിൽ ദേവത അഗ്നി ആകയാൽ അഗ്നിയുടെ പര്യായങ്ങൾ കാർത്തികയ്ക്കു യോജിക്കും. കാർത്തികയുടെ ഒന്നാം പാദത്തിൽ ജനിച്ചവർ ഇച്ഛാശക്തി, പ്രവർത്തന നിരത, ശരീരസുഖം എന്നിവയോടു കൂടിയവരായിരിക്കും. കാർത്തികയിൽ ജനിച്ചവർ തേജസ്വികളുടെ പ്രഭുതുല്യരും മൂർഖസ്വഭാവവും വിദ്യയോടും ധനത്തോടും കൂടിയവരും ആയിരിക്കും. എതിർപ്പുകളെ അതിജീവിച്ചും എന്തു ത്യാഗം സഹിച്ചും ഇവർ ലക്ഷ്യത്തിലെത്തിച്ചേരും.
ഇടവം രാശിക്കാർ സഹനശക്തി കുറഞ്ഞവരും കഷ്ടപ്പാടുകൾ സഹിക്കാൻ അത്രയും തയ്യാറല്ലാത്തവരുമാണ്. സുഖാനുഭവങ്ങളിൽ താല്പര്യമുളളവരായിരിക്കും. വേഷവിധാനത്തിലും അലങ്കാരത്തിലും താല്പര്യം കാണിക്കും. ഇന്റീരിയർ ഡെക്കറേഷൻ, ബ്യൂട്ടിപാർലർ ഇവയിൽ ശോഭിക്കും. ഇവരുടെ രാശ്യാധിപൻ ശുക്രൻ ആയതിനാൽ വളരെയധികം സൗന്ദര്യബോധം ഉളളവരായിരിക്കും. മറ്റുളളവരോട് നല്ല രീതിയിൽ പെരുമാറാനും തന്നെപ്പറ്റി മറ്റുളളവരിൽ നല്ല അഭിപ്രായം വളർത്തുന്നതിനും ഇവർക്ക് സാധിക്കും. എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കുകയും ചെയ്യുന്ന കാര്യങ്ങൾ ഭംഗിയായി ക്രമീകരിക്കുകയും സൂക്ഷിക്കുകയും ചെയ്യും. സംഗീതത്തിലും നൃത്തത്തിലും താല്പര്യം കാണും. കുറഞ്ഞത് ആസ്വാദകരെങ്കിലും ആയിരിക്കും. സ്വന്തമായി ഒരു കാര്യം തുടങ്ങാനുളള പ്രതിഭ ഇവർക്ക് കുറവായിരിക്കും. പക്ഷേ മറ്റൊരാൾ തുടങ്ങി വച്ചത് വളരെ വിശ്വാസയോഗ്യമായി ചെയ്തു തീർക്കും. വിട്ടു വീഴ്ചാ മനോഭാവം ഇവരിൽ കാണാം. മറ്റുളളവരെ വേദനിപ്പിക്കാനോ ക്ലേശിപ്പിക്കാനോ ഇവർ ശ്രമിക്കാറില്ല.
ഗൃഹോപകരണങ്ങളിലും പട്ടു വസ്ത്രങ്ങളിലും ആഭരണങ്ങളിലും ഭ്രമം ഉണ്ടാകും. സ്വതന്ത്രസ്വാഭാവികളാണെങ്കിലും മനസ് ചഞ്ചലമായിരിക്കും. അഭിമാനബോധം കൂടുതലാകയാൽ തന്നെ ആരെങ്കിലും ബഹുമാനിക്കുന്നില്ല എന്ന തോന്നൽ ഉണ്ടായാൽ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ല. കടുത്ത ദുരഭിമാനികൾ ആയിരിക്കും. സ്വന്തം പ്രവൃത്തികൊണ്ടു മാത്രമേ കാർത്തികക്കാർക്ക് ഉയർച്ച ഉണ്ടാവുകയുളളൂ. ചന്ദ്രന്റെ ഉച്ചരാശിയാകയാൽ പിതാവിനേക്കാൾ മാതാവിനോടാ യിരിക്കും സ്നേഹം. പിതാവിന്റെ ആനുകൂല്യവും സ്നേഹവും കുറവായിരിക്കും. കാരണം സൂര്യന്റെ ഉച്ചരാശിയായ മേടം ഇവരുടെ ജന്മരാശിയുടെ 12–ാം ഭാവമായി വരുന്നതിനാലാണ്. ദാമ്പത്യ ജീവിതം പൊതുവേ സന്തോഷകരമായിരിക്കും. താരതമ്യേന കുറഞ്ഞ പ്രായത്തിൽ വിവാഹം നടക്കും. ജീവിത പങ്കാളിയുമായി ഇടക്കിടെ കലഹിക്കും. പക്ഷേ പരസ്പരസ്നേഹവും വിശ്വാസവും നിലനിൽക്കും. പങ്കാളിയുടെ അനാരോഗ്യം ക്ലേശത്തിനിടയാക്കും.
ആരോഗ്യം പൊതുവേ മെച്ചമാണെങ്കിലും എന്തെങ്കിലും രോഗങ്ങൾ അലട്ടിക്കൊണ്ടിരിക്കും. ബാല്യം ക്ലേശകരമായിരിക്കും. പന്ത്രണ്ട് മുതൽ പത്തൊൻപത് വരെയുള്ള കാലം ഗുണദോഷസമ്മിശ്രമായിരിക്കും. ഇരുപത്‌വയസിനും മുപ്പത്തിയെട്ട് വയസിനും ഇടയ്ക്കുളള കാലത്ത് നല്ല അഭിവൃദ്ധിയുണ്ടാകും. മുപ്പത്തിയെട്ട് മുതൽ അൻപത്തിയെഴ്‌വരെ ശാന്തവും സന്തോഷകരവുമായ ജീവിതം നയിക്കും . എന്നാൽ സാമ്പത്തിക നേട്ടങ്ങൾ കുറയും. അൻപത്തിയെഴ് വയസിനു ശേഷം ആരോഗ്യ പ്രശ്നങ്ങൾ അലട്ടുമെങ്കിലും നല്ല സാമ്പത്തിക ഉയർച്ച ഉണ്ടാകും. ആത്മീയ പ്രവർത്തനം, കലാ സാംസ്കാരിക രംഗം, പ്രഭാഷകൻ, അഭിഭാഷകൻ, ബിസിനസ് ഇവയിൽ ശോഭിക്കാം.