അനന്തപുരിയിലേക്ക് എഴുന്നള്ളുന്ന ദിവ്യമായ സരസ്വതീവിഗ്രഹം; സ്വാതി സ്മരണകളിൽ നവരാത്രിക്കാലം
മൈസൂരുവിനു ദസറയെന്ന പോലെയാണ് തിരുവനന്തപുരത്തിന് നവരാത്രി ആഘോഷം. തിരുവിതാംകൂറിലെ മഹാരാജാവായിരുന്ന സ്വാതി തിരുനാൾ ഏർപ്പെടുത്തിയ ചിട്ടവട്ടങ്ങളാണ് ഇക്കാര്യത്തിൽ ഇപ്പോഴും തുടരുന്നത്. ഐക്യകേരളം രൂപം കൊണ്ടതിനു ശേഷം ഈ ആഘോഷത്തിന് പുതിയൊരു മാനം കൈവന്നു. കേരള സംസ്ഥാനം രൂപീകരിച്ചപ്പോൾ, പഴയ തിരുവിതാംകൂറിന്റെ
മൈസൂരുവിനു ദസറയെന്ന പോലെയാണ് തിരുവനന്തപുരത്തിന് നവരാത്രി ആഘോഷം. തിരുവിതാംകൂറിലെ മഹാരാജാവായിരുന്ന സ്വാതി തിരുനാൾ ഏർപ്പെടുത്തിയ ചിട്ടവട്ടങ്ങളാണ് ഇക്കാര്യത്തിൽ ഇപ്പോഴും തുടരുന്നത്. ഐക്യകേരളം രൂപം കൊണ്ടതിനു ശേഷം ഈ ആഘോഷത്തിന് പുതിയൊരു മാനം കൈവന്നു. കേരള സംസ്ഥാനം രൂപീകരിച്ചപ്പോൾ, പഴയ തിരുവിതാംകൂറിന്റെ
മൈസൂരുവിനു ദസറയെന്ന പോലെയാണ് തിരുവനന്തപുരത്തിന് നവരാത്രി ആഘോഷം. തിരുവിതാംകൂറിലെ മഹാരാജാവായിരുന്ന സ്വാതി തിരുനാൾ ഏർപ്പെടുത്തിയ ചിട്ടവട്ടങ്ങളാണ് ഇക്കാര്യത്തിൽ ഇപ്പോഴും തുടരുന്നത്. ഐക്യകേരളം രൂപം കൊണ്ടതിനു ശേഷം ഈ ആഘോഷത്തിന് പുതിയൊരു മാനം കൈവന്നു. കേരള സംസ്ഥാനം രൂപീകരിച്ചപ്പോൾ, പഴയ തിരുവിതാംകൂറിന്റെ
മൈസൂരുവിനു ദസറയെന്ന പോലെയാണ് തിരുവനന്തപുരത്തിന് നവരാത്രി ആഘോഷം. തിരുവിതാംകൂറിലെ മഹാരാജാവായിരുന്ന സ്വാതി തിരുനാൾ ഏർപ്പെടുത്തിയ ചിട്ടവട്ടങ്ങളാണ് ഇക്കാര്യത്തിൽ ഇപ്പോഴും തുടരുന്നത്. ഐക്യകേരളം രൂപം കൊണ്ടതിനു ശേഷം ഈ ആഘോഷത്തിന് പുതിയൊരു മാനം കൈവന്നു. കേരള സംസ്ഥാനം രൂപീകരിച്ചപ്പോൾ, പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന നാഞ്ചിനാട് എന്നറിയപ്പെട്ടിരുന്ന കന്യാകുമാരി ജില്ല തമിഴ്നാടിന്റെ ഭാഗമായി. അവിടുത്തെ മലയാളികൾക്ക് ഇന്നും അതൊരു തീരാവേദനയാണ്. പക്ഷേ, നവരാത്രി ഉത്സവക്കാലത്ത് കന്യാകുമാരിയിൽനിന്ന് തിരുവനന്തപുരത്തേക്കു നടത്തുന്ന വിഗ്രഹഘോഷയാത്ര ഇന്ന് ആ പ്രദേശത്തെ വലിയൊരു സാംസ്കാരിക ഉത്സവമായി വളർന്നു കഴിഞ്ഞിരിക്കുന്നു. പത്മനാഭപുരം കൊട്ടാരത്തിലെ തേവാരക്കെട്ടിൽ നിന്ന് സരസ്വതി അമ്മനേയും വെളിമല കുമാര കോവിലിൽനിന്ന് വേലായുധ സ്വാമിയെയും ശുചീന്ദ്രത്തുനിന്ന് മുന്നൂറ്റിനങ്കയെയുമാണ് എഴുന്നളളിക്കുന്നത്. ഈ ഘോഷയാത്രയെയും ഒപ്പം അനുഗമിക്കുന്ന നാഞ്ചി നാട്ടുകാരെയും ആഹ്ലാദാരവങ്ങളോടെയാണ് അനന്തപുരി വരവേൽക്കുന്നത്. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾ രൂപീകരിച്ചപ്പോൾ സാങ്കേതികമായി വിഭജിക്കപ്പെട്ട ജനത, ഹൃദയം കൊണ്ട് ഐക്യപ്പെടുകയാണ് ഈ ഘോഷയാത്രയിലൂടെ. ഈ കാഴ്ചകളിലൂടെ ഒരു യാത്ര പോയാലോ? സ്വാതി തിരുനാളിന്റെ ഭരണകാലത്ത് ആരംഭിച്ച, തിരുവനന്തപുരത്തേക്കുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയുടെ ചരിത്രത്തിലൂടെ വിശദമായ ഒരു സഞ്ചാരം. ഒപ്പം, നവരാത്രി വിഗ്രഹഘോഷയാത്ര പോലെ അനന്തപുരിക്കു പ്രധാനപ്പെട്ട പൂജപ്പുര എഴുന്നള്ളത്തിന്റെയും ചരിത്രമറിയാം. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങളുടെ ഐക്യത്തിന്റെയും ഐശ്വര്യത്തിന്റെയും കഥ കൂടിയാണിത്.
∙ തേവാരക്കെട്ടിലെ സരസ്വതീ വിഗ്രഹം
എഡി 1555 മുതൽ പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ വേണാടിന്റെ തലസ്ഥാനമായിരുന്നു പത്മനാഭപുരം. തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയ്ക്ക് ഏതാണ്ട് മധ്യഭാഗത്താണിത്. ഇപ്പോഴത്തെ കൽക്കുളം താലൂക്കിലാണിത്. ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമയാണ് ഇവിടെ ഉണ്ടായിരുന്ന കൽക്കുളം വലിയ കൊട്ടാരം പുതുക്കിപ്പണിതത്. അതാണ് പിന്നീട് പത്മനാഭപുരം കൊട്ടാരമായി മാറിയതും. ഇവിടുത്തെ തേവാരക്കെട്ടിൽ സൂക്ഷിച്ചിരിക്കുന്ന ദിവ്യമായ സരസ്വതി വിഗ്രഹത്തെയാണ് നവരാത്രിക്കാലത്ത് തിരുവനന്തപുരത്തേക്ക് എഴുന്നള്ളിക്കുന്നത്.
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ നവരാത്രി മണ്ഡപത്തിൽ ഈ വിഗ്രഹവും ഉടവാളും പൂജയ്ക്കു വയ്ക്കുന്നു. തമിഴിലെ മഹാകവി കമ്പർ പൂജിച്ചിരുന്ന വിഗ്രഹമാണിതെന്ന് ചരിത്രകാരൻ ഡോ.എം.ജി.ശശിഭൂഷൺ പറയുന്നു. മൂലദുർഗയുടെ അവതാരമായ വാഗീശ്വരിയാണ് നവരാത്രി പൂജയ്ക്ക് തിരുവനന്തപുരത്ത് എത്തുന്ന സരസ്വതി. കൊല്ലൂരിലെ മൂകാംബികാ ക്ഷേത്രത്തിലെ സരസ്വതിയും ഇതേ സങ്കൽപത്തിലാണ്. ജീവിത സായാഹ്നം എത്തിയപ്പോൾ കമ്പർ ഇത് അന്നത്തെ ചേരരാജാവിനു കൈമാറി. പതിമൂന്നാം നൂറ്റാണ്ടിൽ വേണാട് ഭരിച്ചിരുന്ന പത്മനാഭവർമ എന്നു കൂടി പേരുള്ള കോതമാർത്താണ്ഡവർമയ്ക്കു കമ്പരുടെ പിൻഗാമികളിൽനിന്നു ലഭിച്ച ഈ വിഗ്രഹം ആദ്യകാലത്തു തക്കലയ്ക്കടുത്തുള്ള കേരളപുരത്തായിരുന്നു സൂക്ഷിച്ചിരുന്നത്. വിഗ്രഹം പിൽക്കാലത്തു പത്മനാഭപുരത്തേക്കു കൊണ്ടു വന്നു. അതിനെ പിൽക്കാലത്ത് വേണാട്ടുരാജാക്കന്മാരും തിരുവിതാംകൂർ രാജവംശവും ഭക്തിയോടെ ഉപാസിച്ചു.
നവരാത്രിക്കാലത്ത് കൽക്കുളത്ത് വലിയ ആഘോഷങ്ങളാണു നടന്നിരുന്നത്. അനിഴം തിരുനാൾ മാർത്താണ്ഡവർമയുടെ കാലത്ത് തേവാരക്കെട്ടിൽ നിന്നു സരസ്വതി അമ്മനെ പദ്മനാഭപുരം കൊട്ടാരത്തിലേക്ക് ആഘോഷത്തോടെ എഴുന്നള്ളിച്ചു പൂജവയ്ക്കുമായിരുന്നു. അദ്ദേഹത്തിനു ശേഷം, ധർമരാജ എന്നറിയപ്പെട്ടിരുന്ന കാർത്തിക തിരുനാൾ രാമവർമയുടെ കാലമായപ്പോൾ തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തേക്കു മാറ്റി. അപ്പോഴും നവരാത്രി എഴുന്നള്ളിപ്പിനു മാറ്റമുണ്ടായില്ല. മൈസൂർ ആക്രമണങ്ങളുടെ മുന്നൊരുക്കങ്ങൾക്കായി കാർത്തിക തിരുനാൾ രാമവർമ മഹാരാജാവ് (1758–1798) മാവേലിക്കരയിൽ താൽക്കാലികമായി താമസിക്കുമ്പോൾ അവിടെ വച്ചും നവരാത്രി പൂജ നടന്നിരുന്നതായി രേഖകളുണ്ട്.'
∙ സ്വാതിതിരുനാളും നവരാത്രി ഘോഷയാത്രയും
സഹൃദയനും സംഗീതജ്ഞനുമായിരുന്ന സ്വാതി തിരുനാളിന്റെ ഭരണകാലത്താണ് തിരുവനന്തപുരത്തേക്കുള്ള നവരാത്രി വിഗ്രഹ ഘോഷയാത്ര ആരംഭിച്ചത്. മൈസൂരുവിൽ നടന്നിരുന്ന ദസറ ആഘോഷങ്ങൾ അദ്ദേഹത്തിനു പ്രചോദനമായിരുന്നിരിക്കണം. സ്വാതി തിരുനാളിന് ശൃംഗേരി മഠത്തിലെ ശങ്കരാചാര്യരുമായി നല്ല ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിൽ നിന്നായിരിക്കണം ദസറ ആഘോഷത്തെക്കുറിച്ചുള്ള അറിവുകൾ ലഭിച്ചത്. ‘‘പത്മനാഭപുരത്തുനിന്നു തലസ്ഥാനം മാറ്റിയതിൽ നാഞ്ചിനാട്ടിൽ ഉൾപ്പെട്ടിരുന്ന ജനങ്ങൾക്ക് വലിയ വിഷമമുണ്ടാക്കി. ഒരിക്കൽ സ്വാതിതിരുനാൾ മഹാരാജാവ് പത്മനാഭപുരത്തേക്ക് എത്തിയപ്പോൾ നാട്ടുപ്രമാണിമാർ അക്കാര്യത്തോട് ഈ പരാതി ഉന്നയിച്ചു. അതിനു പരിഹാരമായിട്ടാണ് അദ്ദേഹം നവരാത്രി വിഗ്രഹഘോഷയാത്രയ്ക്കു തുടക്കമിട്ടത്’’–ഡോ. എം.ജി. ശശിഭൂഷൺ പറയുന്നു.
1838ലാണ് അവസാനമായി പത്മനാഭപുരത്ത് നവരാത്രി ആഘോഷം നടന്നത്. അതിനുശേഷം അവിടുത്തെ നാട്ടുകാരുടെ അനുമതിയോടെയാണ് തിരുവനന്തപുരത്തേക്കുള്ള വിഗ്രഹഘോഷയാത്രയ്ക്കു തുടക്കമിട്ടത്. ജനകീയ പിന്തുണ വേണമെന്ന കാര്യത്തിൽ അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. തേവാരക്കെട്ടിലുള്ള സരസ്വതി അമ്മനെ ആഘോഷത്തോടെ തിരുവനന്തപുരത്തേക്ക് ആനയിച്ച് പൂജ വയ്ക്കാനായിരുന്നു തീരുമാനം. സരസ്വതി അമ്മനോടൊപ്പം ശുചീന്ദ്രത്തുനിന്നു മുന്നൂറ്റി നങ്കയെയും വേളിമലയിലെ കുമാരകോവിലിൽനിന്നു കുമാരസ്വാമിയെയും എഴുന്നള്ളിക്കുന്ന പതിവിനും തുടക്കമിട്ടു.
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തുന്ന വിഗ്രഹങ്ങളെ തിരുവിതാംകൂർ രാജാക്കന്മാർ നേരിട്ടു സ്വീകരിക്കണമായിരുന്നു. തിരുവിതാംകൂറിന്റെ അവസാനത്തെ നാടുവഴിയായിരുന്ന ചിത്തിര തിരുനാൾ ബാലരാമവർമയും ഈ ആചാരം പിന്തുടർന്നു. നവരാത്രി വിഗ്രഹങ്ങൾക്കു തിരുവിതാംകൂർ പട്ടാളത്തിന്റെ ആചാരപൂർവമായ ഗാർഡ് ഓഫ് ഓണർ പതിവായിരുന്നു. പട്ടാളത്തിനു പകരം ആംഡ് പൊലീസാണ് ഇപ്പോൾ റൈഫിൾ ഉപയോഗിച്ചുള്ള ഗാർഡ് ഓഫ് ഓണർ നൽകുന്നത്. കിഴക്കേ നടയിലെ പുത്തൻമാളികയോടു ചേർന്ന പകിടശേരി മണ്ഡപത്തിൽ ഉപവിഷ്ഠയായ സരസ്വതിയമ്മനു ത്രികാലപൂജകൾ നൽകുന്നത് പത്മനാഭസ്വാമി ക്ഷേത്രത്തിലെ തന്ത്രിയായ തരണനല്ലൂർ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ്. എന്നാൽ ഇവിടെ എത്തിയ ശേഷമുള്ള ആദ്യ ദീപാരാധന നൽകുന്നത് പത്മനാഭപുരം ക്ഷേത്രത്തിലെ പൂജാരിയായിരിക്കും.
നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കു മാത്രമല്ല സംഗീതോത്സവത്തിനും സ്വാതിതിരുനാൾ തുടക്കമിട്ടു. അതിൽ ആലപിക്കാനായി 9 കീർത്തനങ്ങൾ അദ്ദേഹം രചിച്ചു. ദേവി ജഗജനനി (ശങ്കരാഭരണം), പാഹിമാംശ്രീ (കല്യാണി), ദേവിപാവനയേ (സാവേരി), ഭാരതിമാമവ (തോടി), ജനനിമാമവ (ഭൈരവി), സരോരുഹാസന (പന്തുവരാളി), ജനനിപാഹിസദാ (ശുദ്ധസാവേരി), പാഹി ജനനി സന്തതം (നാട്ടക്കുറിഞ്ഞി), പാഹിപർവതനന്ദിനി (ആരഭി) എന്നീ സ്വാതി കൃതികളാണ് ഒൻപതു ദിവസങ്ങളിലായി നവരാത്രി ഉൽസവത്തിന് ഒൻപത് ആസ്ഥാന ഗായകർ ആലപിക്കുന്നത്.
പൂജവയ്പുകാലത്ത് നവരാത്രി മണ്ഡപത്തിലെ ഓരോ കൽത്തൂണും പൂമാലകൾ കൊണ്ട് അലങ്കരിക്കും. പഴുത്ത പാക്കും നാരങ്ങയും കോർത്ത അലങ്കാര മാലകളും ഇതിനു പുറമെ ഉണ്ടാകും. പ്രവേശനഭാഗത്തു കുലവാഴകൾ നാട്ടും. തോവാളയിൽനിന്നു കൊണ്ടുവരുന്ന കൊഴുത്തുപ്പൂക്കളുടെ രൂക്ഷഗന്ധമായിരിക്കും അന്തരീക്ഷമാകെ. ദേവിയാകട്ടെ സർവാലങ്കാര ഭൂഷിതയും. ആദ്യകാലങ്ങളിൽ മുല്ലമൂട് ഭാഗവതന്മാർ മാത്രമായിരുന്നു സംഗീതോത്സവത്തിൽ കീർത്തനാലപനം നടത്തിയിരുന്നത്. ചിത്തിര തിരുനാളിന്റെ കാലമായപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഗീതജ്‍ഞർക്കുകൂടി പങ്കാളിത്തം ലഭിച്ചു തുടങ്ങി. ഇത് ആകാശവാണി നേരിട്ടു പ്രക്ഷേപണം ചെയ്യുന്ന പതിവും ഉണ്ടായിരുന്നു.
∙ മാർത്താണ്ഡവർമയുടെ ഉടവാൾ
നവരാത്രി വിഗ്രഹങ്ങൾക്കൊപ്പം ഒരു ഉടവാളും എഴുന്നള്ളിക്കാറുണ്ട്. തിരുവിതാംകൂർ രാജ്യം ശ്രീപത്മനാഭ സ്വാമിക്ക് അനിഴം തിരുനാൾ മാർത്താണ്ഡവർമ തൃപ്പടിദാനമായി സമർപ്പിച്ചപ്പോഴുള്ള ഉടവാളാണിത്. അതു സൂക്ഷിക്കുന്നത് പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കൽ മാളികയുടെ ഏറ്റവും മുകളിലുള്ള ചിത്ര ഗോപുരത്തിലാണ്.ഇവിടെ ശ്രീപത്മനാഭ സ്വാമിയുടെ ചിത്രത്തിനു സമീപമാണ് ഈ വാൾ ഉള്ളത്. നവരാത്രി ഘോഷയാത്രയ്ക്ക് തുടക്കമിട്ട് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനാണ് ഇത്തവണ അതു തമിഴ്നാട് ദേവസ്വം മന്ത്രിക്കു കൈമാറിയത്. പിന്നീട് തമിഴ്നാട് ദേവസ്വത്തിന്റെ പ്രതിനിധി അത് ആചാരപരമായി തിരുവനന്തപുരത്തേക്ക് ഘോഷയാത്രയായി എഴുന്നള്ളിക്കുന്നതാണു പതിവ്. ഈ ഉടവാൾ സരസ്വതി അമ്മൻ വിഗ്രഹത്തിനു സമീപം പൂജയ്ക്കു വച്ചിട്ടുണ്ട്.
∙ വെള്ളിക്കുതിരയിൽ എഴുന്നള്ളുന്ന കുമാരസ്വാമി
നവരാത്രി വിഗ്രഹഘോഷയാത്രയിൽ സരസ്വതി അമ്മനെ അനുഗമിക്കുന്ന വിഗ്രഹങ്ങളിലൊന്ന് കുമാരസ്വാമിയാണ്. ദക്ഷിണ കേരളത്തിലെ പ്രാചീനമായ ക്ഷേത്രങ്ങളിലൊന്നായ കുമാരകോവിലിൽ നിന്നാണ് ഈ വിഗ്രഹം എഴുന്നള്ളിക്കുന്നത്. സഹ്യപർവതത്തിന്റെ ഭാഗമായ വേളിമലയുടെ ഹരിതഭംഗി നിറഞ്ഞ താഴ്‍വാരത്താണ് കുമാര കോവിൽ. യൗവനയുക്തനായ സുബ്രഹ്മണ്യനാണ് ഇവിടെ പ്രതിഷ്ഠ. സുബ്രഹ്മണ്യനും വള്ളിയുമായുള്ള പ്രണയത്തിനും വിവാഹത്തിനും പശ്ചാത്തലമായത് വേളിമലയും പരിസരവുമാണെന്നാണ് ഐതിഹ്യം. ഇവിടത്തെ മൂല വിഗ്രഹത്തിന് ആറടിയോളം പൊക്കമുണ്ട്. ക്ഷേത്രത്തിലേക്ക് 42 പടവുകളുണ്ട്.
വേലുത്തമ്പിദളവയുടെ അമ്മ കുമാരകോവിലിലെ വേലായുധ സ്വാമിയുടെ വലിയ ഭക്തയായിരുന്നു. മകന് വേലായുധൻ എന്നു പേരിട്ടതും അതുകാരണമാണ്. മകന്റെ സൗഭാഗ്യങ്ങൾക്കായി അവർ വെള്ളിയിൽ തീർത്ത ഒരു കൂറ്റൻ കുതിര നടയ്ക്കുവച്ചു. ചിത്രപ്പണികളും മണികളും നിറഞ്ഞ ആ കുതിരപ്പുറത്താണ് വേലായുധ സ്വാമിയെ എഴുന്നള്ളിക്കുന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനട വരെ സരസ്വതി അമ്മനെ അനുഗമിച്ച ശേഷം ആര്യശാലയിലേക്ക് ഈ വിഗ്രഹത്തെ വെള്ളിക്കുതിരയിൽത്തന്നെ എഴുന്നള്ളിച്ച് അവിടെ പൂജവയ്ക്കുന്നു. ആര്യശാല ഭഗവതി ക്ഷേത്രത്തിലെത്തുന്നവർക്ക് നവരാത്രികാലത്തെ കൗതുക കാഴ്ചയാണ് വെള്ളയിൽ തീർത്ത ഈ കുതിര.
∙ ശുചീന്ദ്രത്തുനിന്നെത്തുന്ന മുന്നൂറ്റി നങ്ക
തെക്കേഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണ് ശുചീന്ദ്രം. അഹല്യയെ പ്രാപിക്കാൻ ശ്രമിച്ചതിന്, ഗൗതമ മഹർഷിയുടെ ശാപം ലഭിച്ച ദേവേന്ദ്രന് ശാപമോക്ഷം കിട്ടിയ സ്ഥലമെന്ന ആർഥത്തിലാണ് ഈ സ്ഥലം അറിയപ്പെടുന്നതെന്ന് ഒരു ഐതിഹ്യമുണ്ട്. ബ്രഹ്മാ–വിഷ്ണു–മഹേശ്വര സാന്നിധ്യമുള്ള ഈ ക്ഷേത്രത്തിൽ സ്ഥാണുമാലയപ്പെരുമാളാണ് പ്രതിഷ്ഠ. രാജഭരണ കാലത്ത് ഈ ക്ഷേത്രത്തിനു പ്രത്യേക പരിഗണന ലഭിച്ചിരുന്നു. ഇവിടുത്തെ രഥോത്സവകാലത്ത് പുറപ്പെടുന്ന തേര് തിരികെ എത്തുന്നതു വരെ തിരുവിതാംകൂർ രാജാക്കന്മാർ ഉപവാസ വ്രതം അനുഷ്ഠിക്കുമായിരുന്നു. ഈ ക്ഷേത്രത്തിനു പുറത്തുള്ള ദർഭക്കുളത്തിനു സമീപത്തായിട്ടാണ് മുന്നൂറ്റി നങ്കയുടെ പ്രതിഷ്ഠയുള്ളത്.
മുൻ ഉദിത്ത നങ്ക എന്നാണ് തമിഴിലെ പൂർണമായ പ്രയോഗമെന്ന് ചരിത്രകാരൻ തിരുവട്ടാർ സുകുമാരൻ നായർ പറയുന്നു. ആദി പരാശക്തിയെന്നതിന്റെ പരിഭാഷയാണ്. ശക്തിയുടെ പ്രതികമായിട്ടാണു മുന്നൂറ്റി നങ്കയെ കണക്കാക്കുന്നത്. ശുചീന്ദ്രത്തിന്റെ പ്രാധാന്യവും തിരുവിതാംകൂറിലും നാഞ്ചിനാട്ടിലും നിലനിൽക്കുന്ന ശക്തിപൂജയുടെ സവിശേഷതയും കണക്കിലെടുത്താണ് മുന്നൂറ്റി നങ്കയുടെ വിഗ്രഹവും നവരാത്രികാലത്ത് എഴുന്നള്ളിക്കുന്നത്. സരസ്വതി അമ്മനെ അനുഗമിക്കുന്ന ഈ വിഗ്രഹം തിരുവനന്തപുരത്തെ പ്രാചീനമായ ദേലീക്ഷേത്രമായ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലാണു പൂജവയ്ക്കുന്നത്.
∙ പൂജപ്പുര എഴുന്നള്ളത്തും ഇരയിമ്മൻതമ്പിയുടെ നവരാത്രിപ്രബന്ധവും
നവരാത്രി വിഗ്രഹഘോഷയാത്ര പോലെ പ്രധാനമായിരുന്നു തിരുവനന്തപുരത്തിന് പൂജപ്പുര എഴുന്നള്ളത്തും. വിജയദശമി ദിവസം ഈ വിഗ്രഹങ്ങളെ ആറു കിലോമീറ്റർ അകലെയുള്ള പൂജപ്പുരമണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. അവിടെ വച്ച് രാജകുടുംബാംഗങ്ങളും, പടയാളികളും വേലായുധ സ്വാമിയെ സാക്ഷിനിർത്തി ആയുധാഭ്യാസം നടത്തുമായിരുന്നു. സ്വർണ രഥത്തിലാണ് രാജാവ് ഈ ഘോഷയാത്രയെ അനുഗമിച്ചിരുന്നത്. തിരുവിതാംകൂറിന്റെ ആസ്ഥാന കവിയും ആട്ടക്കഥാകൃത്തുമായിരുന്ന ഇരയിമ്മൻ തമ്പി രചിച്ച നവരാത്രി പ്രബന്ധത്തിൽ ഇതുസംബന്ധിച്ച വർണനയുണ്ട്. അതിനെപ്പറ്റി ചരിത്രകാരനും ഇരയിമ്മൻ തമ്പിയുടെ പിൻതലമുറക്കാരനുമായ പ്രതാപൻ കിഴക്കേമഠം പറയുന്നതിങ്ങനെ:
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉത്സവങ്ങളെ ഇതിവൃത്തമാക്കി സ്വാതി തിരുനാൾ രചിച്ചതാണ് സംസ്കൃത വൃത്തത്തിലുള്ള ‘ഉത്സവ പ്രബന്ധം’. അതിനു സമാനമായി ഇരയിമ്മൻ തമ്പി രചിച്ചതാണ് നവരാത്രി പ്രബന്ധം .അതിൽ സംസ്കൃത വൃത്തങ്ങളുടെ സ്ഥാനത്ത് തമിഴ് വൃത്തങ്ങളാണ് സ്വീകരിച്ചിട്ടുള്ളത് . അതിലെ ഭാഗങ്ങൾക്ക് ‘വിരുത്തങ്ങൾ’ എന്ന പേരാണ് നൽകിയിരിക്കുന്നത്. നാലു ഭാഗങ്ങളായി രചിച്ചിട്ടുള്ള ഈ കൃതിയിൽ ഓരോ ഭാഗത്തിലും ഓരോ വിരുത്തവും, അതിനെ തുടർന്ന് പല്ലവി, അനുപല്ലവി മുതലായ വിഭാഗങ്ങളില്ലാത്ത ദീർഘമായ ഒരു ഗാനവും കാണുന്നു.
ആദ്യത്തെ ഭാഗം ‘പന്തുവരാളി’ രാഗത്തിലാണ് രചിച്ചിട്ടുള്ളത്. അതിൽ കൊട്ടാരത്തിലെ നവരാത്രിയെപ്പറ്റി പൊതുവായൊരു വിവരണം കൊടുത്തിരിക്കുന്നു. ‘യദുകുലകാംബോജി ’ രാഗത്തിൽ രചിച്ചിട്ടുള്ള രണ്ടാമത്തെ ഭാഗത്തിലാണ് വിജയദശമി ദിവസം പൂജപ്പുര എഴുന്നള്ളത്തിനുള്ള ഒരുക്കങ്ങളെയും മറ്റും വർണ്ണിച്ചിട്ടുള്ളത്. ‘നാഥനാമ ക്രിയ’യിലാണ് മൂന്നാമത്തെ ഭാഗം ഒരുക്കിയത്. അതിൽ പുതുതായി നിർമിച്ച സ്വർണരഥത്തെയും അതിൽ ആരൂഢനായ സ്വാതി തിരുനാൾ മഹാരാജാവിനെയും, കിഴക്കേക്കോട്ട മുതൽ പൂജപ്പുര മണ്ഡപം വരെയുള്ള ഘോഷയാത്രയെയും വർണിച്ചിരിക്കുന്നു. ഒടുവിലത്തെ ഭാഗത്തിൽ മണ്ഡപത്തിലെ ചടങ്ങുകളും തിരിച്ചെഴുന്നള്ളത്തുമാണ് പ്രമേയം. വിരുത്തവും ഗാനവുമായുള്ള തമ്പിയുടെ ഈ പദ്ധതി മലയാളസംഗീതത്തെ സംബന്ധിച്ചിടത്തോളം നൂതനമായ ഒരാവിഷ്ക്കാരമായിരുന്നുവെന്നും പ്രതാപൻ കിഴക്കേ മഠം പറയുന്നു..
‘വഞ്ചീ മഹീശ രഥാരോഹണം’ എന്ന ശീർഷകത്തിൽ 1925 ലെ മലയാള പാഠപുസ്തകത്തിൽ തമ്പിയുടെ നവരാത്രി പ്രബന്ധത്തിലെ ഒരു ഗാനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കിഴക്കേകോട്ട മുതൽ പൂജപ്പുര വരെയുള്ള ഘോഷയാത്രയുടെ ചിത്രവും ആ പാഠഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു പുതുതലമുറയ്ക്ക് ആ ഗാനം അജ്ഞാതണ്. അതിലെ ചില വരികൾ പരിചയപ്പെടുത്താം:
‘കല്യാണി ശ്രീ തന്റെ നിത്യകേളീസൗധം-
ഇന്നു ചൊല്ലാർന്നീടും വഞ്ചികുലശേഖരേന്ദ്രൻ.
നരപതികുലബഹുമാനിത വിരുതുകളോടുംകൂടി മോദാൽ
പരിചിലെഴുന്നള്ളുന്ന വിശേഷമിതെളുതോ ചൊൽവാൻ?.
∙ നല്ലിരിപ്പും തിരിച്ചെഴുന്നള്ളത്തും
രാജഭരണം അവസാനിച്ചിട്ടും പൂജപ്പുരയിലേക്കുള്ള എഴുന്നള്ളിപ്പ് ഔപചാരികമായി തുടരുന്നു. വിജയദശമിയുടെ അടുത്ത ദിവസം മൂർത്തികൾക്കും ഒപ്പം അനുഗമിക്കുന്നവർക്കും വിശ്രമമാണ്. നല്ലിരിപ്പ് എന്നാണത് അറിയപ്പെടുന്നത്. പിന്നീടു മടക്കയാത്രയാണ്. അനന്തപുരി യാത്രയാക്കുന്നത് നവരാത്രി വിഗ്രഹങ്ങളെ മാത്രമല്ല. ഒപ്പം അനുഗമിച്ച നാഞ്ചി നാട്ടുകാരെക്കൂടിയാണ്. ‘‘സാംസ്കാരികമായ ഐക്യപ്പെടലുകളുടെ, പൂർവകാല സ്മരണകളുടെയൊക്കെ സംഗമമാണ് ഓരോ നവരാത്രികാലവും. വിഭജനം നാഞ്ചി നാട്ടിലെ മലയാളികൾക്കു നഷ്ടമാക്കിയത് ഭാഷയും സംസ്കാരവുമാണെന്ന തിരിച്ചറിവ് ഇപ്പോൾ ശക്തമാണ്. അതുകൊണ്ടുതന്നെ നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളിപ്പിന്റെ ആവേശം വർധിച്ചിട്ടുണ്ട്. വലിയ തോതിലുള്ള ജനപങ്കാളിത്തമാണ് ഉണ്ടാകുന്നത്. എടുത്തു പറയേണ്ടത് പുതിയ തലമുറയിലെ മലയാളികൾ കാണിക്കുന്ന ആവേശത്തെപ്പറ്റിയാണ്’’ - ‘തെക്കൻ പെരുമ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് കൂടിയായ തിരുവട്ടാർ സുകുമാരൻ നായർ പറയുന്നു.
English Summary: History of Procession of Navarathri Idols from Nanchinadu in Tamil Nadu to Thiruvananthapuram