താമരക്കുളത്തിൽ പറവൂർ മൂകാംബികാ ക്ഷേത്രം

Mail This Article
എറണാകുളം ജില്ലയിൽ നോർത്ത് പറവൂരിൽ ആണ് ദക്ഷിണ മൂകാംബികാ ക്ഷേത്രം. പ്രധാന പ്രതിഷ്ഠ മൂകാംബികയാണ്. കിഴക്കോട്ട് ദർശനമായി സരസ്വതീ ഭാവത്തിൽ ആണ് ദേവി. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ശ്രീകോവിൽ സ്ഥിതിചെയ്യുന്നത് ഒരു താമരക്കുളത്തിന് നടുവിലാണ്.

സൗപർണ്ണികയെ താമരക്കുളം പ്രതിനിധീകരിയ്ക്കുന്നു. കുളത്തിന് മുകളിലൂടെ പ്രദക്ഷിണം വയ്ക്കുന്നു. സാരസ്വത പുഷ്പാഞ്ജലി, തൃമധുരം, കുങ്കുമാർച്ചന, കഷായനിവേദ്യം തുടങ്ങിയവയാണ് ദേവിയ്ക്ക് പ്രധാന വഴിപാടുകൾ. നിത്യവും ഇവിടെ വിദ്യാരംഭം കുറിയ്ക്കുന്നു. തുലാമാസത്തിലെ നവരാത്രി മഹോത്സവവും വിദ്യാരംഭവും ഇവിടെ പ്രധാനമാണ്. ഈ ക്ഷേത്രത്തിലെ തൃമധുരവും കഷായവും ഒക്കെ കഴിച്ചാൽ അറിവ് വർധിക്കും എന്നാണ് വിശ്വാസം. അതിനാൽ വിദ്യാർഥികൾ ഇവിടെ ദർശിക്കുന്നത് ഉത്തമമാണ്.
ക്ഷേത്രത്തിലെ പ്രധാന കവാടം കിഴക്കു ഭാഗത്താണ്. കിഴക്കേ നടയിൽ വിശാലമായ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. ഇത് പുണ്യ തീർഥമാണ്. കുളത്തിന് മുന്നിൽ നവരാത്രി മണ്ഡപവും ആനപ്പന്തലുമാണ്. ബലിക്കൽപ്പുരയുടെ മച്ചിൽ അഷ്ടദിക്പാലകരുടെയും ബ്രഹ്മാവിന്റെയും രൂപങ്ങൾ കാണാം.

മൂലക്ഷേത്രമായ കൊല്ലൂർ മൂകാംബികയിലെ ഉപദേവതകളുടെ സ്ഥാനത്തോട് സാമ്യം വരുന്ന രീതിയിലാണ് ഇവിടെയും ഉപദേവതകളുടെ സ്ഥാനം. തെക്കുകിഴക്ക് സുബ്രഹ്മണ്യൻ. തെക്കുപടിഞ്ഞാറ് മഹാവിഷ്ണു. തൊട്ടടുത്ത് യക്ഷി. വടക്കുപടിഞ്ഞാറ് ഹനൂമാൻ. വടക്കു കിഴക്കു ഭാഗത്ത് പടിഞ്ഞാറ് വീരഭദ്രൻ. നാലമ്പലത്തിൽ കന്നി മൂലയിൽ ഗണപതി.
ചതുരാകൃതിയിൽ ഒറ്റനിലയിലാണ് ശ്രീകോവിൽ. കൊല്ലൂരിലേതുപോലെ പഞ്ചലോഹ നിർമ്മിതമായ വിഗ്രഹം. രൂപത്തിൽ ചില വ്യത്യാസങ്ങൾ ഉണ്ട്. ഒന്നരയടി ഉയരം, ചതുർ ബാഹു വിഗ്രഹം, പുറകിലെ വലതു കയ്യിൽ അക്ഷരമാലയും ഇടതു കയ്യിൽ വെള്ളത്താമരയും മുന്നിലെ ഇടതു കയ്യിൽ ഗ്രന്ഥവും ധരിച്ച ദേവിയുടെ വലതുകൈ വ്യാഖ്യാനമുദ്രയിൽ. കിഴക്കോട്ട് ദർശനമായാണ് ദേവി ഇവിടെയും കുടികൊള്ളുന്നത്.
നിത്യവും അഞ്ചുപൂജകളും മൂന്നു ശീവേലികളുമുള്ള മഹാക്ഷേത്രമാണ് വടക്കൻ പറവൂർ ശ്രീ ദക്ഷിണമൂകാംബികാക്ഷേത്രം. കൊല്ലൂരിൽ നടതുറക്കുന്ന പുലർച്ചെ അഞ്ചു മണിയ്ക്കു തന്നെയാണ് ഇവിടെയും നടതുറക്കുന്നത്. സൂര്യോദയസമയത്ത് ഏതിരേറ്റുപൂജയും ഗണപതിഹോമവും നടത്തുന്നു. ഇതുകഴിഞ്ഞ ഉടനെ ഉഷഃശീവേലിയാണ്. ശീവേലി കഴിഞ്ഞ് എട്ടു മണിയോടെ പന്തീരടിപൂജ. തുടർന്ന് പത്തുമണിയ്ക്ക് ഉച്ചപൂജയും പത്തരയ്ക്ക് ഉച്ചശീവേലിയും നടത്തി പതിനൊന്നിന് നട അടയ്ക്കും.
വൈകീട്ട് അഞ്ചിന് നട തുറക്കും. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. ദീപാരാധന കഴിഞ്ഞ് ഏഴേകാലോടെ അത്താഴപ്പൂജയും ഏഴേമുക്കാലോടെ ശീവേലിയും നടത്തി എട്ടിന് നട അടയ്ക്കുന്നു.
ക്ഷേത്രത്തിലെ താന്ത്രികാവകാശം തൃപ്പൂണിത്തുറ പുലിയന്നൂർ മനയ്ക്കാണ്. പറവൂർ തമ്പുരാൻ മൂകാംബിക ഭക്തനായിരുന്നു. എല്ലാമാസവും മുടങ്ങാതെ കൊല്ലൂർ മൂകാംബികയിൽ ദർശനം നടത്തിയിരുന്നു. പ്രായാധിക്യം വന്ന അദ്ദേഹം അവസാന ദർശനം കഴിഞ്ഞ് നാട്ടിലെത്തിയ ഒരു ദിവസം രാത്രിയിൽ ദേവിയുടെ സ്വപ്നദർശനമുണ്ടായി.
സ്വപ്നത്തിൽ ദേവി അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു."നീ ഇനി എന്നെത്തേടി കൊല്ലൂരിൽ വരേണ്ട. ഇവിടെ ഞാൻ കുടി കൊള്ളാം. ഉത്തമമായ ഒരു സ്ഥലത്ത് നീ എനിക്ക് ക്ഷേത്രം പണിയൂ."തമ്പുരാൻ അടുത്ത ദിവസം തന്നെ ക്ഷേത്ര നിർമ്മാണം തുടങ്ങി. അധികം താമസിയാതെ പ്രതിഷ്ഠാകർമ്മവും നിർവ്വഹിച്ചു. കൊല്ലൂർ മൂകാംബികയുടെ തെക്കായതിനാൽ ഇത് 'ദക്ഷിണ മൂകാംബിക' എന്നറിയപ്പെടുന്നു.
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337