ADVERTISEMENT

തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള പട്ടണമാണ് രാമേശ്വരം. ഇന്ത്യയുടെ മുഖ്യഭൂമിയിൽ നിന്നും പാമ്പൻ കനാലിനാൽ വേർതിരിക്കപ്പെട്ടിരിക്കുന്ന പാമ്പൻ ദ്വീപിലാണ് രാമേശ്വരം പട്ടണം സ്ഥിതിചെയ്യുന്നത്. ശ്രീലങ്കയിലെ മന്നാർ ദ്വീപിൽനിന്നും ഏകദേശം അൻപത് കിലോമീറ്റർ അകലെയാണ് പാമ്പൻ ദ്വീപ്. രാമേശ്വരം ദ്വീപ് എന്നും അറിയുന്ന പാമ്പൻ ദ്വീപ് ഇന്ത്യയുമായി പാമ്പൻ പാലത്തിനാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. രാമായണം എന്ന ഇതിഹാസ കാവ്യമനുസരിച്ച്, ലങ്കാപതിയായ രാവണൻ അപഹരിച്ച  സീതയെ മോചിപ്പിക്കാനായി ശ്രീരാമൻ ഭാരതത്തിൽ നിന്നും ലങ്കയിലേക്ക് പാലം നിർമിച്ച സ്ഥലമാണിത്

rameshwaram-temple-04
പാമ്പൻ പാലം

 

രാവണസംഹാരത്തിന് ശേഷം മടങ്ങിയെത്തിയ ശ്രീരാമനോട്, രാവണനെ കൊന്ന ബ്രഹ്മഹത്യാദോഷം പരിഹരിക്കാനായി സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം ശിവലിംഗ പ്രതിഷ്ഠ നടത്തി മഹേശ്വരപ്രീതി ലഭ്യമാക്കുവാൻ അഗസ്ത്യർ നിർദ്ദേശിച്ചുവത്രേ. പ്രതിഷ്ഠ നടത്തുവാൻ മുഹൂർത്തം കുറിച്ച്, കൈലാസത്തിൽ നിന്ന് ശിവലിംഗം കൊണ്ടുവരുവാൻ ഹനൂമാനെ അയച്ചതായും ശിവലിംഗം എത്തിക്കാൻ ഹനൂമാന് കാലതാമസം നേരിട്ടതിനാൽ, സീതാ ദേവി തന്റെ കരങ്ങളാൽ മണലിൽ സൃഷ്ടിച്ച ലിംഗം പ്രതിഷ്ഠിച്ച്  മുഹൂർത്തസമയത്തു തന്നെ പൂജാദിക്രിയകൾ അനുഷ്ഠിച്ചതായും പറയപ്പെടുന്നു. ശിവലിംഗവുമായി തിരിച്ചെത്തിയ ഹനുമാൻ പൂജ കഴിഞ്ഞതു കണ്ട് ദുഖിതനായെന്നും അദ്ദേഹത്തെ സാന്ത്വനിപ്പിക്കാനായി രാമൻ പ്രതിഷ്ഠിച്ച ശിവലിംഗത്തിനു അടുത്ത് തന്നെ ഹനൂമാൻ കൊണ്ടുവന്ന ശിവലിംഗം പ്രതിഷ്ഠിച്ചു. ആ ശിവലിംഗത്തിന് ആദ്യം പൂജചെയ്യണമെന്ന് ശ്രീരാമൻ കല്പിക്കുകയും ചെയ്തു. അങ്ങനെ തന്നെ ആണ് ഇപ്പോഴും പൂജകൾ നടക്കുന്നത്. 

 

rameshwaram-temple-03
ധനുഷ്കോടി, രാമേശ്വരം ക്ഷേത്രം

ഇന്ത്യയിലെ നാല് മഹാക്ഷേത്രങ്ങളിൽ ഒന്നാണ് രാമനാഥസ്വാമിക്ഷേത്രം. വടക്ക് ബദരീനാഥ്, കിഴക്ക് പുരി ജഗന്നാഥ ക്ഷേത്രം, പടിഞ്ഞാറ് ദ്വാരക, തെക്ക് രാമേശ്വരം എന്നിവയാണത്. ഇതിൽ രാമേശ്വരം മാത്രമാണ് ശിവക്ഷേത്രം. ഭാരതത്തിലുള്ള പന്ത്രണ്ട് ജ്യോതിർലിംഗക്ഷേത്രങ്ങളിൽ ഒന്നാണ് രാമേശ്വരം. 

 ഭാരത ഉപദ്വീപത്തിൽനിന്ന് ലങ്കയിലെത്തിച്ചേരുന്നതിനായി ഇവിടെ നിന്ന് ശ്രീരാമൻ വാനരസേനയുടെ സഹായത്തോടെ ലങ്കയിലേക്ക് പാലം പണിതു എന്നാണ് വിശ്വാസം. രാമായണത്തിൽ ഈ കഥ സേതുബന്ധനം എന്ന് പരാമർശിക്കുന്നു. രാമായണത്തിൽ പരാമർശിക്കപ്പെടുന്ന പാലം എന്ന് വിശ്വസിക്കപ്പെടുന്ന ഭൂഭാഗം രാമസേതു എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. പാലത്തിന്റെ നിർമ്മാണം ആരംഭിക്കേണ്ട സ്ഥലം ശ്രീരാമൻ തന്റെ ധനുസിന്റെ അഗ്രംകൊണ്ട് അടയാളപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ധനുഷ്കോടി. രാവണനെ പരാജയപ്പെടുത്തിയ ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ രാമൻ വിഭീഷണന്റെ അഭിപ്രായം മാനിച്ച് തന്റെ വില്ലിന്റെ മുനകൊണ്ട് സേതുവിനെ ഉടയ്ക്കയാൽ ധനുഷ്കോടി എന്ന സ്ഥലനാമം ഉണ്ടായി എന്നും പറയപ്പെടുന്നു.

 

ക്ഷേത്രത്തിനുള്ളിലെ നീണ്ട പ്രദക്ഷിണവഴികൾ സുപ്രസിദ്ധമാണ്. ഇവയിൽ ഏറ്റവും പുറമേയുള്ള ഇടവഴി അതിന്റെ ദൈർഘ്യത്താൽ കീർത്തി കേട്ടതാണ്. ക്ഷേത്രത്തിനുള്ളിലുള്ള ഇരുപത്തിരണ്ട് പവിത്രകുണ്ഡങ്ങളിലെ ജലത്തിലുള്ള സ്നാനം മോക്ഷദായകമായി വിശ്വാസികൾ കരുതിപ്പോരുന്നു. 

rameshwaram-temple-02
ഗന്ധമാദന പർവ്വതം

ഇവിടെ എത്തുന്ന തീർഥാടകർ ആദ്യം ലക്ഷ്മണതീർഥത്തിൽ സ്നാനം ചെയ്യണം. മഹോതതിയും രത്നാകരവും സന്ധിക്കുന്ന ധനുഷ്കോടിയിൽ മുങ്ങിക്കുളിച്ചാലേ കാശി യാത്രയുടെ ഫലം സമ്പൂർണമായി ലഭിക്കൂ എന്നാണ് വിശ്വാസം. കാശിയിൽ നിന്നും ഗംഗാജലം ഇവിടെ കൊണ്ട് വന്നു രാമേശ്വരം ശിവ ലിംഗത്തിൽ അഭിഷേകം ചെയ്യുന്നതും വിശേഷമാണ്. ഇവിടെ നിന്നു തിരിച്ചുവരുമ്പോള്‍ സീതാ തീർഥമെന്ന കുണ്ഡം ആണ്. അത് കഴിഞ്ഞു രാമ തീർഥമെന്ന പൊയ്ക. ഇതിലെ ജലം ഉപ്പുള്ളതാണ്. രാമേശ്വരം ക്ഷേത്രത്തിൽ 22 തീർഥ കിണറുകളുണ്ട്. ക്ഷേത്ര ജീവനക്കാർ ഓരോ തീർഥത്തില്‍ നിന്നും ജലം ബക്കറ്റിൽ കോരി ശിരസ്സിലൊഴിച്ച് സ്നാനം ചെയ്യിക്കും. 

 

രാമേശ്വരത്തെ തീർഥങ്ങളിലെ പുണ്യജലത്തിൽ കുളിക്കുന്നതിലൂടെ ഭക്തരുടെ മുൻകാല പാപങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് വിശ്വാസം.

മഹാലക്ഷ്മി ,സാവിത്രി, ഗായത്രി, സരസ്വതി, സേതുമാധവ, ഗന്ധമാധന, കവത്ച, ഗവയ, നള ,നീല, ശംഖ്, ശക്കര, ബ്രഹ്മഹത്യ വിമോചന ,സൂര്യ, ചന്ദ്ര, ഗംഗ, യമുന, ഗയ, ശിവ, സതയമിർത, സർവ, കോടി എന്നിങ്ങനെയാണ് തീർഥങ്ങളുടെ പേരുകൾ. ഈ പേരുകൾ സൂചിപ്പിക്കുന്നത് പോലെ അവയുമായി ബന്ധപ്പെട്ട ഗുണങ്ങൾ ആണ് ഉണ്ടാവുക മഹാലക്ഷ്മിയുടെയും സരസ്വതിയുടെയും ശിവന്റെയും ഒക്കെ അനുഗ്രഹങ്ങൾ ലഭിക്കുന്നത് പോലെ സൂര്യന്റെയും ചന്ദ്രനെയും ദോഷങ്ങൾ പരിഹരിക്കുകയും ബ്രഹ്മഹത്യ ദോഷം മാറുകയും ഗംഗയിലും യമുനയിലും എല്ലാം കുളിച്ച് പുണ്യം ലഭിക്കുകയും സർവ്വ ദോഷങ്ങളും മാറി കോടി പുണ്യം ലഭിക്കുമെന്നാണ് ഇതിന്റെ ഫലം. ധനുഷ്കോടിയിൽ കുളിച്ചാൽ ദോഷങ്ങൾ മാറുന്ന കൂടാതെ സന്താനഭാഗ്യം ലഭിക്കും എന്നാണ് വിശ്വാസം.

 

രാമേശ്വരം ക്ഷേത്രത്തിൽനിന്ന് വടക്കായി രണ്ടുകിലോമീറ്റർ ദൂരത്തിൽ ഗന്ധമാദന പർവ്വതം സ്ഥിതിചെയ്യുന്നു. ഇവിടെ മൺതിട്ടയുടെ മുകളിൽ തളത്തോടുകൂടിയ മണ്ഡപം നിർമിച്ചിരിക്കുന്നു. ഇവിടെനിന്ന് വീക്ഷിച്ചാൽ രാമേശ്വരം നഗരത്തിന്റെ നയനാനന്ദകരമായ ദൃശ്യവും ദ്വീപിന്റെ പലഭാഗങ്ങളും കാണാം. കോദണ്ഡരാമക്ഷേത്രം എന്ന ശ്രീരാമക്ഷേത്രം രാമേശ്വരം പട്ടണത്തിൽ നിന്ന് ഏകദേശം ഏഴു കിലോമീറ്റർ തെക്കായി ധനുഷ്കോടിയിലേക്കുള്ള മാർഗ്ഗമധ്യേ സ്ഥിതിചെയ്യുന്നു. ഈ സ്ഥലത്തുവച്ചാണ് വിഭീഷണൻ ശ്രീരാമനെ ആശ്രയം പാപിച്ചതെന്നും ലക്ഷ്മണൻ വിഭീഷണനെ ലങ്കാധിപതിയായി കിരീടധാരണം നടത്തിയതെന്നും വിശ്വസിക്കപ്പെടുന്നു. വിഭീഷണപട്ടാഭിഷേകം ഇവിടെ ഉത്സവമായി ആഘോഷിക്കുന്നു. കോദണ്ഡരാമക്ഷേത്രത്തിലെ ഉത്സവത്തിന്റെ തൊട്ടടുത്ത ദിവസം രാമനാഥസ്വാമി ക്ഷേത്രത്തിൽ രാമലിംഗപ്രതിഷ്ഠോത്സവം നടക്കുന്നു. 

 

വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കല്ലുകൾ പ്രദർശിപ്പിച്ചിട്ടുള്ള ആഞ്ജനേയക്ഷേത്രവും തീർഥാടകരെ ആകർഷിക്കുന്നു. രാമസേതു നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത് ഇത്തരം കല്ലുകളാണെന്നാണ് വിശ്വാസം. രാമനാഥ ക്ഷേത്രത്തിന് കിഴക്കുള്ള സമുദ്ര ഭാഗം അഗ്നിതീർഥം എന്നറിയപ്പെടുന്നു. തീർഥാടകർ പിതൃക്കൾക്ക് ബലിതർപ്പണവും മറ്റ് പൂജകളും നടത്തുന്നത് ഇവിടെയാണ്. 

 

രാവിലെ 5 മുതൽ 1 മണി വരെയും വൈകിട്ട് 3 മുതൽ 9 മണി വരെയുമാണ് ദർശന സമയം. കുംഭമാസത്തിലെ മഹാശിവരാത്രി ഇവിടെ 10 ദിവസം നീണ്ട ഉത്സവമാണ്. നവരാത്രി ആഘോഷങ്ങളും വിശേഷമായി കൊണ്ടാടുന്നു. ജൂലൈ–ഓഗസ്റ്റ് മാസങ്ങളിലായി നടക്കുന്ന തിരുകല്യാണ ഉത്സവവും പ്രസിദ്ധമാണ്.


ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337

Content Summary : Significance of Rameshwaram Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com