ഒരു തിരി കത്തിച്ചാൽ മഹാവ്യാധി, സമ്പത്തിന് രണ്ട് തിരി; നിലവിളക്കിലെ തിരികളുടെ എണ്ണവും ഫലവും
Mail This Article
വീടുകളിൽ സന്ധ്യാസമയങ്ങളിൽ നിലവിളക്ക് കത്തിക്കാറുണ്ട്. വിശ്വാസത്തിന്റെ ഭാഗമായി പുലർച്ചയ്ക്കും സന്ധ്യയ്ക്കും വിളക്കുകൾ കത്തിക്കുന്നവരുണ്ട്. എന്നാൽ വിളക്ക് കത്തിക്കുകയെന്നത് പോലെ തന്നെ പ്രധാനമാണ് വിളക്കിലെ തിരികളുടെ എണ്ണവും തിരികൾ വയ്ക്കുന്ന ദിശയും. വിളക്കിലെ തിരികളുടെ എണ്ണത്തിന് ജീവിതത്തിൽ പോസിറ്റിവും നെഗറ്റിവുമായ സ്വാധീനം ചെലുത്താൻ കഴിയും.
" ഏകവര്‍ത്തിര്‍മ്മഹാവ്യാധിര്‍-
ദ്വിവര്‍ത്തിസ്തു മഹദ്ധനം;
ത്രിവര്‍ത്തിര്‍മ്മോഹമാലസ്യം,
ചതുര്‍വര്‍ത്തിര്‍ദ്ദരിദ്രതാ;
പഞ്ചവര്‍ത്തിസ്തു ഭദ്രം സ്യാ-
ദ്വിവര്‍ത്തിസ്തു സുശോഭനം "
എന്നതാണ് വിളക്കിൽ എത്ര തിരികൾവേണമെന്നും അതിന്റെ ഫലമെന്തെന്നും വ്യാഖ്യാനിക്കുന്ന ശ്ലോകം. ഇതിൽ വര്‍ത്തിയെന്നാല്‍ തിരി, ദീപനാളമെന്നൊക്കെ അര്‍ത്ഥം വരുന്നു. തിരികളുടെ എണ്ണം അനുസരിച്ചു രോഗങ്ങൾ മുതൽ ധനലാഭം വരെ ഫലമായി വരുന്നു.
ഒറ്റത്തിരി എന്നാൽ മഹാവ്യാധി
ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മൂലം മഹാവ്യാധിയും ദുഖവുമാണ് ഫലമായി വരുന്നത്. ഇപ്രകാരം വിളക്ക് വയ്ക്കുന്നയിടത്ത് ആരോഗ്യപരമായ പ്രശ്നങ്ങൾ കാലാകാലം നിലനിൽക്കുന്നു എന്നാണ് പറയപ്പെടുന്നത്. രോഗാവസ്ഥ ഉണ്ടായാൽ തന്നെ അത് ഉന്നതിയെ ബാധിക്കുന്നു. അതിനാൽ ഒറ്റതിരിയിട്ട് വീടുകളിൽ വിളക്ക് വയ്ക്കുന്നത് അഭികാമ്യമായി കരുതുന്നില്ല.
ധനവൃദ്ധിക്കായി രണ്ടു തിരി
സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണെങ്കിൽ സാമ്പത്തിക പ്രശ്നങ്ങൾ മാറുന്നതിനും ധനലാഭം ഉണ്ടാകുന്നതിനുമായി രണ്ട് തിരികളിട്ടു വിളക്ക് വയ്ക്കുന്നത് അഭികാമ്യമായി കരുതുന്നു. ഇത്തരത്തിൽ വിളക്ക് വയ്ക്കുമ്പോൾ കിഴക്ക്, പടിഞ്ഞാറ് ദിശകളിലായി തിരികൾ ഇടാൻ പ്രത്യേകം ശ്രദ്ധിക്കണം. കടബാധ്യതകൾ ഇല്ലാതെയാകാനും സാമ്പത്തികമായി ഉയർച്ചയുണ്ടാകാനും ഇത്തരത്തിൽ രണ്ടു തിരിയിട്ട വിളക്ക് കത്തിക്കുന്നത് കൊണ്ട് കഴിയും
ദാരിദ്ര്യം നൽകുന്ന മൂന്നുതിരി
മൂന്നു തിരിയിട്ട നിലവിളക്കുകൾ സാധാരണയായി ആരും കത്തിക്കാറില്ല. എന്നാൽ അഞ്ചുതിരികളിൽ നിന്നും രണ്ടെണ്ണം അണഞ്ഞു പോയി മൂന്നു തിരികൾ മാത്രമായി കത്തിത്തീരാറുണ്ട്. ഇത് തീർത്തും അശുഭകരമായ കണക്കാക്കപ്പെടുന്നു. മൂന്നു തിരിയിട്ട നിലവിളക്കുകൾ ജീവിതത്തിൽ ദാരിദ്യം കൊണ്ടുവരും എന്നാണ് പറയപ്പെടുന്നത്. സാമ്പത്തികമായി പിന്നാക്കം പോകുക, വസ്ത്രം, ഭക്ഷണം എന്നിവയ്ക്ക് പോലും കുറവ് സംഭവിക്കുക എന്നിവയെല്ലാം മൂന്നു തിരി നിലവിളക്കിന്റെ ഫലങ്ങളായി കണക്കാക്കപെടുന്നു.
നാലുതിരി ആലസ്യം നൽകുന്നു
ഉദാസീനമായ മനോഭാവം പരാജയത്തിന് കാരണമാകുന്നു. ഒന്നിനോടും താല്പര്യമില്ലാത്ത അവസ്ഥ ജനിപ്പിക്കുന്ന ഒന്നാണ് നാല് തിരിയിട്ട നിലവിളക്കുകൾ എന്നാണ് പറയുന്നത്. അതിനാൽ നാല് തിരിയിട്ട വിളക്ക് അശുഭമായി കണക്കാക്കപ്പെടുന്നു.
സർവ ഐശ്വര്യത്തിന് അഞ്ചുതിരി
ഏറ്റവും ഉത്തമമായി കാണാക്കപ്പെടുന്നത് അഞ്ചു തിരിയിട്ട് കത്തിച്ച നിലവിളക്കാണ്. ജീവിതത്തിലും കുടുംബത്തിലും സർവ ഐശ്വര്യങ്ങളും പ്രദാനം ചെയ്യാൻ ഇതിനു സാധിക്കും എന്ന് കരുതപ്പെടുന്നു. അഞ്ചുതിരിയിട്ടാല്‍ അവ നാലുദിക്കുകളിലേക്കും അഞ്ചാമത്തേത് വടക്കുകിഴക്ക് ദിക്കിലേക്കും ആവാം. ഏഴു തിരിയിടുമ്പോള്‍ നാലു ദിക്കുകളിലേക്കും വടക്കുകിഴക്ക്, തെക്കു കിഴക്ക്, വടക്കുപടിഞ്ഞാറ് ദിക്കുകളിലേക്കും തിരിയിടാം. തെക്കു ദിക്കിലേക്ക് തിരി കൊളുത്താന്‍ പാടില്ല. വിളക്കില്‍ എണ്ണ വറ്റി കരിംതിരി കത്താനിടവരരുത്, ഇത് ദോഷമായാണ് കാണുന്നത്.
English Summary: Significance Lighting 5-wick traditional oil lamps at home