കെടാമംഗലം ഞാറക്കാട്ട് ശ്രീഭഗവതി കാലഭൈരവ ക്ഷേത്രം
Mail This Article
800 വർഷത്തിലധികം പഴക്കമുള്ളതാണ് എറണാകുളം ജില്ലയിലുള്ള നോർത്ത് പറവൂർ കെടാമംഗലത്തെ ഞാറക്കാട്ട് ശ്രീ ഭഗവതി കാലഭൈരവ ക്ഷേത്രം. ഇവിടത്തെ പ്രത്യേകത ഒറ്റ ശ്രീ കോവിലിൽ കാളിയും കാലഭൈരവനും ഒന്നിച്ചിരിക്കുന്നു എന്നുള്ളതാണ്. കാലം എന്നാൽ സമയമെന്നും മരണമെന്നും അർത്ഥമുണ്ട്. കാലഭൈരവൻ എന്നാൽ സമയത്തെയും മരണത്തെയും നിയന്ത്രിക്കുന്നവനെന്ന് കരുതുന്നു.
നിത്യവും രാവിലെ 6മണി മുതൽ 9.30 വരെയും വൈകിട്ട് 5 .30മുതൽ 7 വരെയും ആണ് ദർശന സമയം .എല്ലാ ചൊവ്വാഴ്ചകളിലും വിശേഷാൽ കാലഭൈരവ പൂജയും വെള്ളിയാഴ്ചകളിൽ ഭഗവതിസേവയും നടക്കുന്നു. വൃശ്ചിക മാസം കൃഷ്ണാഷ്ടമി ദിവസം കാലഭൈരവജയന്തി ദിനത്തിൽ ഇവിടെ മഹാകാല ഭൈരവ മഹാകാളി പൂജ നടക്കുന്നു. ഭഗവാനെയും ഭഗവതിയേയും നാലമ്പലത്തിന് പുറത്ത് കളം വരച്ച് അതിൽ ആവാഹിച്ച് ഇരുത്തി നൃത്തത്തോടു കൂടി തോറ്റം പാട്ട്, കളമെഴുത്തു പാട്ട് എന്നിവ നടത്തി സന്തോഷിപ്പിച്ച് പ്രത്യക്ഷത്തിൽ കൊണ്ടുവരുന്ന പൂജയാണ് നടക്കുന്നത്. ആ സമയത്ത് ഭക്തരുടെ സങ്കടങ്ങൾക്ക് കാലഭൈരവന്റേയും ഭദ്രകാളിയുടെയും അരുളപ്പാടിലൂടെ പരിഹാരം നിർദ്ദേശിക്കപ്പെടുകയും ചെയ്യും. ഈ ചടങ്ങുകൾ ചിലപ്പോൾ വെളുപ്പിന് രണ്ടുമണി വരെയൊക്കെ നീണ്ടു പോവുകയും ചെയ്യും. അസാധാരണമായ ചൈതന്യമാണ് ഈ ക്ഷേത്രത്തിനുള്ളത്. പല അദ്ഭുതങ്ങളും ഇവിടെ നടക്കുന്നതായി ഭക്തർ സാക്ഷ്യപ്പെടുത്തുന്നു
ദേശത്തിന്റെ നാനാ ദിക്കുകളിൽ നിന്നും ഇതിൽ പങ്കെടുത്ത് പ്രാർത്ഥിച്ച് ഉദ്ദിഷ്ട കാര്യനിവർത്തി വരുത്തുന്നതായി അനുഭവസ്ഥർ പറയുന്നു. മിഥുനമാസം ഉത്രാടത്തിനാണ് ഉൽസവം. എല്ലാ മാസവും അഷ്ടമി വിളക്കും, ശനിയാഴ്ച രാഹുകാല സമയത്ത് ശനിദോഷ നിവാരാണാർത്ഥം ഭഗവാന് വെറ്റിലമാല ചാർത്തൽ നടക്കുന്നു. ഉപദേവതമാരായി ബ്രഹ്മരക്ഷസും യോഗീശ്വരനും ഉണ്ട്. നാലമ്പലത്തിന് പുറത്ത് നാഗദേവതകളെയും പ്രതിഷ്ടിച്ചിട്ടുണ്ട്. 27 നക്ഷത്ര വൃക്ഷങ്ങളും ഒരുമിച്ച് നിൽക്കുന്ന ഉദ്യാനവും ഇവിടെ കാണാം. കാലഭൈരവനെ പ്രാർത്ഥിക്കുന്നവരെ ശനിദോഷം എന്നല്ല ഒരു ഗ്രഹദോഷവും ബാധിക്കുന്നതല്ല. പൂർവ്വജന്മപാപങ്ങൾ വരെ ഇവിടെ പ്രാർത്ഥിച്ചാൽ തീരും എന്നാണ് വിശ്വാസം. ക്ഷേത്രം തന്ത്രി വേഴപ്പറമ്പ് മനയ്ക്കൽ ബ്രഹ്‌മശ്രീ ചിത്രഭാനുനമ്പൂതിരിയാണ്.
ക്ഷേത്രവുമായി ബന്ധപെടുവാൻ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ വിളിക്കാം.
Mobile - 9895692981, 7012527184