പൊങ്കാല ഇടേണ്ടത് ഇങ്ങനെ? പൊങ്കാലയ്ക്ക് പുതുവസ്ത്രം വേണോ?
Mail This Article
ആറ്റുകാൽ ഭഗവതി കൗമാരിക്കാരിയാണ്. യുവതിയായ കണ്ണകിയായാണ് വാഴുന്നത്. എന്നാൽ മാതൃ സങ്കൽപത്തോടെ അമ്മയെ ആരാധിക്കുന്നവരും ഒട്ടേറെ. അമ്മയുടെ മുന്നിൽ മനമുരുകിയുള്ള പ്രാർഥന ഫലം കാണുമെന്നാണ് വിശ്വാസം. ഐശ്വര്യത്തിനും വിദ്യാവിജയത്തിനും തൊഴിൽ നേട്ടത്തിനും ഇഷ്ടകാര്യ സിദ്ധിക്കും അമ്മയുടെ മുന്നിൽ പ്രാർഥനയുമായി എത്തുന്നത് ആയിരങ്ങൾ.
പൊങ്കാല വ്രതം എങ്ങനെ?
സദാ പ്രാർഥനാ നിരതരായവർക്ക് വിശപ്പുവരില്ലെന്നാണ് വിശ്വാസം. ഒരു നേരം അരിയാഹാരം കഴിക്കാം. മറ്റു സമയം ഫലവർഗങ്ങൾ കഴിച്ച് വ്രതമെടുക്കാം.
പൊങ്കാലയ്ക്ക് പുതുവസ്ത്രം വേണോ?
കോടിവസ്ത്രം ഉത്തമമെന്നു കരുതുന്നു. നന്നായി അലക്കി വൃത്തിയാക്കിയ കോട്ടൺ വസ്ത്രങ്ങളും ആകാം. ശരീരശുദ്ധി, മനഃശുദ്ധി എന്നിവയാണ് പ്രധാനം. നല്ല വാക്ക്, ചിന്ത, പ്രാർഥന എന്നിവയോടെയാകണം പൊങ്കാലയിടുന്നത്.
പൊങ്കാല തിളയ്ക്കും വരെ ആഹാരം ആകാമോ?
പൊങ്കാല തിളച്ചുവരുന്നതുവരെ ഒന്നും കഴിക്കാൻ പാടില്ല എന്നാണ് വിശ്വാസം. എന്നാൽ ഭക്തന്റെ ആരോഗ്യസ്ഥിതി പ്രധാനമാണ്. നിവേദ്യം തയാറായിക്കഴിഞ്ഞാൽ പാൽ, പഴം എന്നിവ കഴിച്ച് ഉപവാസം അവസാനിപ്പിക്കാം.
ഏതു മതക്കാർക്കും പൊങ്കാല ഇടാമോ?
ദേവിക്ക് ജാതിമത ലിംഗഭേദമില്ല. ഭക്തിയോടെ ആർക്കും പൊങ്കാലയർപ്പിക്കാം.
പൊങ്കാല പാത്രങ്ങൾ പിന്നീട് ഉപയോഗിക്കാമോ?
വീട്ടിൽ കൊണ്ടുപോയി വൃത്തിയാക്കി അരി ഇടാൻ ഉപയോഗിക്കാം. ദിവസവും ഇതിൽ ഒരുപിടി അരി ഇടണം. അന്നത്തിന് ഒരിക്കലും ബുദ്ധിമുട്ട് വരരുതേ എന്ന പ്രാർഥനയോടെ വേണം ഇതെന്ന് പഴമക്കാർ നിർദേശിക്കുന്നു.
വീട്ടിൽ പൊങ്കാല ഇടാമോ?
അതിനും ഫലമുണ്ട്. വീട്, സ്ഥാപനം എന്നിവയ്ക്കു മുന്നിൽ പൊങ്കാല ഇടാം.
അശ്രദ്ധ അരുത്, ശ്രദ്ധിക്കേണ്ടത് ഇവ
ആറ്റുകാൽ അമ്മയ്ക്കു മുൻപിൽ പൊങ്കാലയർപ്പിക്കാനായി ലക്ഷക്കണക്കിനു പേർ ഒരു സ്ഥലത്ത് ഒത്തുചേരുമ്പോൾ അപകടം ഉണ്ടാകാനുള്ള സാധ്യത കൂടും. എന്നാൽ അൽപം ശ്രദ്ധിച്ചാൽ ചെറിയ അപകടങ്ങൾ പോലും ഒഴിവാക്കാം
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
∙ അന്തരീക്ഷ താപനില വളരെ കൂടുതലായതിനാൽ നിർജലീകരണം ഉണ്ടാകാതിരിക്കാൻ ഇടയ്ക്കിടെ വെള്ളം കുടിക്കണം.
∙ സ്വർണാഭരണങ്ങൾ ധരിച്ച് പൊങ്കാലയ്ക്കെത്തുന്നത് കഴിവതും ഒഴിവാക്കണം.
∙ കട്ടി കുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം.
∙ ഭക്ഷണവും കുടിവെള്ളവും പ്ലാസ്റ്റിക് വസ്തുക്കളിൽ വിതരണം ചെയ്യുന്നതിനു നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ പൊങ്കാലയ്ക്ക് എത്തുന്നവർ സ്റ്റീൽ പ്ലേറ്റും കപ്പും കയ്യിൽ കരുതണം.
∙ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ തൊപ്പി, തുണി ഇവ കൊണ്ട് തല മറയ്ക്കണം.
·∙ ശുദ്ധ ജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കുക. · തണ്ണിമത്തൻ പോലെ ജലാംശം കൂടുതലുള്ള പഴവർഗങ്ങൾ കഴിക്കുന്നത് ഉത്തമം.
∙ പൊള്ളലേറ്റാൽ ആ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കണം.
·∙ പൊങ്കാലയ്ക്കു ശേഷം വെള്ളം ഉപയോഗിച്ച് അടുപ്പിലെ തീ കെടുത്തണം.
·∙ മാലിന്യങ്ങൾ നിർദിഷ്ട സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കുക.
∙ സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ കഴിക്കണം. കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങൾ കയ്യിൽ കരുതണം.
∙ കുട്ടികളെ പൊങ്കാലയിൽ പങ്കെടുപ്പിക്കുന്നത് പരമാവധി ഒഴിവാക്കണം. അത്യാവശ്യ സന്ദർഭങ്ങളിൽ കുട്ടികളെ കൊണ്ടു വരുന്നവർ അടുപ്പിനു സമീപത്ത് അവർ എത്തുന്നില്ലെന്ന് ഉറപ്പാക്കണം.
∙ നിവേദ്യം കഴിയാതെ പൊങ്കാല അടുപ്പിൽ നിന്ന് നീക്കരുത്.
∙ എല്ലാ ഭാഗത്തേക്കും സർവീസ് ഏർപ്പെടുത്തിയിട്ടുള്ളതിനാൽ നിവേദ്യം കഴിഞ്ഞ ശേഷം റയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റോപ്പുകളിലും തിക്കിത്തിരക്കരുത്.
∙ വൈദ്യുതി പോസ്റ്റിനു താഴെയിരുന്ന് പൊങ്കാല ഇടുന്നതു കർശനമായി ഒഴിവാക്കണം.