കീബോർഡും മൗസും പിടിച്ച കൈകളിൽ ഒന്നരവർഷമായി പൂക്കളും വിളക്കുകളും; ദേവി ഉപാസകനായ ശന്തനു
Mail This Article
ഐടി മേഖലയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് യുവ എന്‍ജിനീയര്‍ ആറ്റുകാല്‍ ക്ഷേത്രത്തില്‍ ശാന്തിക്കാരനായെന്നു കേട്ട പലരും ആദ്യമൊന്ന് അമ്പരന്നു. ഒന്നര വർഷം മുമ്പായിരുന്നു സംഭവം. ബി. ടെക് ബിരുദധാരിയും ടെക്നോപാര്‍ക്കിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുമായ ശന്തനുവാണ് സ്വന്തം ഇഷ്ടം പിന്തുടര്‍ന്ന് ഈശ്വരോപാസനയുടെ വഴി തിരഞ്ഞെടുത്തത്. ആറ്റുകാല്‍ ക്ഷേത്രം മുന്‍സഹമേല്‍ശാന്തി എം.എന്‍.നാരായണന്‍ നമ്പൂതിരിയുടെ മകനാണ് ശന്തനു. ഐടി കമ്പനിയിൽ കിട്ടുന്ന ശമ്പളത്തിന്റെ പകുതി പോലും ക്ഷേത്രത്തിൽ നിന്നും വരുമാനം കിട്ടില്ലല്ലോയെന്നു പറഞ്ഞിട്ടും ശന്തനു കുലുങ്ങിയില്ല. ഒന്നരവർഷത്തിനിപ്പുറം തീരുമാനം തെറ്റിയില്ലെന്നു അടിവരയിട്ടു പറയുകയാണ് ശന്തനു.
കീബോർഡും മൗസും പിടിച്ച കൈകളിൽ പൂക്കളും വിളക്കുകളും പിടിക്കാൻ ശന്തനുവിന് ഒരു മടിയുമില്ല. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബിരുദമെടുത്തശേഷം 2011ലാണ് ടെക്നോപാര്‍ക്കില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായത്. തുടര്‍ന്ന് ഒരുവര്‍ഷം കുവൈത്തില്‍ ജോലി നോക്കി. മടങ്ങിയെത്തിയശേഷം വീണ്ടും ടെക്നോപാര്‍ക്കില്‍. പിന്നീടാണ് ജോലി ഉപേക്ഷിച്ച് ആറ്റുകാൽ ക്ഷേത്രത്തിൽ പൂജകളുമായി കഴിഞ്ഞുകൂടാനുള്ള നിർണായക തീരുമാനമെടുത്തത്. കോവിഡ് കഴിഞ്ഞതോടെയാണ് ജീവിതത്തിലെ നാഴികക്കല്ലായ തീരുമാനമെടുക്കുന്നത്. കോവിഡ് സമയത്ത് ഐടി കമ്പനിയിലെ ജോലിഭാരം കൂടി മാറിചിന്തിക്കാൻ കാരണമായി.
അച്ഛനോട് അനുവാദം ചോദിച്ച ശേഷം ഭാര്യയുടെ കൂടി സമ്മതം വാങ്ങിയാണ് ശന്തനു ജോലി രാജിവച്ചത്. ആറ്റുകാൽ ക്ഷേത്രത്തിനടുത്ത് ചെറിയൊരു കൈത്തറിഷോറൂം നടത്തുകയാണ് ഭാര്യ ദേവിക. ചിന്മയ വിദ്യാലയത്തിലെ യുകെജി വിദ്യാർഥി ദേവവ്രതനാണ് മകൻ. 1986 മുതൽ ആറ്റുകാൽ ക്ഷേത്രത്തിനടുത്താണ് ശന്തനുവിന്റെ കുടുംബം താമസിക്കുന്നത്.