ഹസ്തരേഖാശാസ്ത്രം അനുസരിച്ച് കൈത്തലത്തിലുള്ള രേഖകളെ പലതരത്തിലായി തിരിക്കും. ചില രേഖകൾ പ്രധാന രേഖകളാണ്. മറ്റു ചിലവ അൽപപ്രധാനങ്ങൾ. മുഖ്യരേഖകൾ കൂടാതെ കൈത്തലത്തിലുള്ള അൽപ പ്രധാനങ്ങളായ (Minor) ചില രേഖകൾ ഇവയാണ് :
1. കല്യാണ/ വിവാഹരേഖ (Marriage Line)
2. സ്വാധീന രേഖ (Line of Influence)
3. ശുക്രകടിവലയം അഥവാ ഒഡ്യാനരേഖ (Girdle of Venus)
4. വ്യാഴവളയം /വ്യാഴമോതിരം (Ring of Solomon)
5. കങ്കണരേഖകൾ അഥവാ മണിബന്ധ രേഖകൾ (Bracelets)
എന്നിവയാണ് അവയിൽ ചിലത്. വേറെയും പത്തിൽ കൂടുതൽ ഇത്തരത്തിൽപ്പെടുന്ന രേഖകളുണ്ട്.
ചെറുരേഖകളുടെ പ്രസക്തി
വിവാഹം നടക്കുന്ന പ്രായം, വരന്റെ അഥവാ വധുവിന്റെ പ്രത്യേകതകൾ (ശാരീരികവും മാനസികവും വൈകാരികവുമായവ) പരസ്പര ചേർച്ച, വിവാഹജീവിതത്തിലെ പൊരുത്തക്കേടുകൾ, താഴപ്പിഴകൾ, മേന്മകൾ, വിവാഹബാഹ്യ–വിവാഹേതര ബന്ധങ്ങൾ എന്നിവയൊക്കെ വിവാഹരേഖയിൽ നിന്ന് കണ്ടുപിടിക്കാം. ബുധമണ്ഡലത്തിൽ തിരശ്ചീനമായി ചെറുവിരലിനു താഴെ വിവാഹരേഖ കാണാം.
മുഖ്യരേഖകളുടെ സ്വാധീനം കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്ന സ്വാധീന രേഖകള്‍ ചില സന്ദർഭങ്ങളിൽ പ്രത്യക്ഷപ്പെട്ട് കുറേക്കാലത്തിനു ശേഷം നിശ്ശേഷം മാഞ്ഞുപോകും. ഒരു പ്രത്യേകഘട്ടത്തിൽ ആവിർഭവിച്ച് മുഖ്യരേഖകളുമായി ബന്ധപ്പെട്ടോ ചില മണ്ഡലങ്ങളുമായി ബന്ധപ്പെട്ടോ ചില പ്രത്യേക സ്വഭാവങ്ങളേയോ, പ്രവണതകളേയോ, സംഭവങ്ങളേയോ സ്വാധീനിക്കുന്ന രേഖകളാണിവ. പരിചയസമ്പന്നനായ ഹസ്തരേഖാശാസ്ത്രജ്ഞനു മാത്രമേ ഇത്തരം രേഖകളുടെ പെരുമാറ്റ – സ്വാധീന രഹസ്യങ്ങൾ വെളിവാക്കാനാകുകയുള്ളൂ. ‘തുറന്ന രേഖകൾ’ എന്നും ഇവയെ വിളിക്കാറുണ്ട്.
ശുക്രകടിവലയം (Girdle of Venus), വ്യാഴ–സൂര്യ വിരലുകൾക്ക് താഴെ തുടങ്ങി ഒടുങ്ങുന്ന അർദ്ധചന്ദ്രാകൃതിയിലുള്ള ഒരു വലയമാണ്. പേര് സൂചിപ്പിക്കുന്നപോലെ തന്നെ ഭാവം, വികാരം, മനോധർമം, ലൈംഗികത, ശീലം, പ്രകൃതി, സ്വഭാവം ഇവയൊക്കെ സൂചിപ്പിക്കുന്ന രേഖയാണ് ‘ശുക്രകടിവലയം’ അഥവാ ‘ഗർഡിൽ ഓഫ് വീനസ്’.
ലേഖകൻ
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) നിന്ന് 2016 ൽ വിരമിച്ചു. പ്രഭാഷകൻ, ക്വിസ് മാസ്റ്റർ. സംഖ്യാജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, തന്ത്രശാസ്ത്രം, മന്ത്രശാസ്ത്രം എന്നിവയിൽ വിദഗ്ധൻ. എറണാകുളം സ്വദേശി. തിരുവനന്തപുരത്ത് താമസം. ഫോൺ- 9495551142, 9496447755
Email: nandakumartvm1956@gmail.com