തലവര മായ്ക്കാൻ പറ്റില്ല എന്ന ഒരു ചൊല്ലുണ്ട്. കൈവരയും ഏറെക്കുറെ അങ്ങനെ തന്നെ. ഒരാൾ ജനിക്കുമ്പോള്‍ കൈപ്പത്തികളിലും അനുബന്ധ ഭാഗങ്ങളിലും രൂപം കൊണ്ട സുപ്രധാന രേഖകൾ ഒരിക്കലും ആർക്കും മാഞ്ഞു കണ്ടിട്ടില്ല. ചെറുരേഖകൾ മാഞ്ഞും മറഞ്ഞും മാറിയും വരാറുമുണ്ട്. അപ്പോൾ കൈരേഖ ഒരു ജീവിതരേഖയാണ്. ആ രേഖയ്ക്കകത്ത് ആ വ്യക്തിയുടെ ജീവിതം ഒളിഞ്ഞിരിപ്പുണ്ട്. അത് വ്യക്തമായി ഉൾക്കൊള്ളുന്ന ഒരു വ്യക്തിയ്ക്ക് തന്റെ ജീവിതത്തെക്കുറിച്ച് മുൻകൂർ വ്യക്തമായ ഒരു ധാരണ സാധ്യമാകും. ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാശാസ്ത്രം രൂപം കൊണ്ടത്.
കാർഡും തത്തയുമായി നടക്കുന്ന നാടോടികൾ മുതൽ ബ്രിട്ടണിലെ രാജാവ് കാമുകിക്കു വേണ്ടി സിംഹാസനം ഉപേക്ഷിക്കുമെന്ന് പ്രവചിച്ചു യാഥാർഥ്യമാക്കിയ ഒരു വിപുലമായ മനുഷ്യശൃംഖല, ജീവിതത്തിലെ ഗൂഢരഹസ്യങ്ങൾ മുൻകൂർ മനസ്സിലാക്കാൻ സ്വീകരിക്കുന്ന ശാസ്ത്രശാഖയാണ് രേഖാശാസ്ത്രം.
രേഖകൾ മാത്രമല്ല, കൈയുടെ ആകൃതി, രേഖകളുടെ ഓരോന്നിന്റേയും ആഴം, പരപ്പ്, നീളം, അവയുടെ പരസ്പര ബന്ധം, ഇടയ്ക്കുള്ള വേർപെടൽ, അംഗാചരസ്ഥിതി എല്ലാം പ്രവചനത്തിൽ പങ്കുവഹിക്കുന്നു. കയ്യിലെ പെരുവിരലിന് താഴെയുള്ളത് മുതൽ ഓരോ വിരലിന്റേയും താഴെയുള്ള മണ്ഡലങ്ങൾ, വിരലിന്റെ ആകൃതി, നീളം, കനം, വളവ്, ഖണ്ഡം തിരിയൽ, കൈപ്പത്തിയിലെ പുള്ളികൾ, നിറം, മൃദുത്വം, കഠിനത, പരുപരുപ്പ്, അഭംഗി എല്ലാം ഫലദായകമാണ്. ശംഖ്, ചക്രം, പൂവ് തുടങ്ങിയ അടയാളങ്ങളും ഫലപ്രവചനത്തിന് ആധാരമാണ്.
കൈരേഖകൾ സ്ഥിരം, അസ്ഥിരം, ഉഭയം എന്നീ മൂന്ന് രീതിയിലുണ്ട്. അഴിയാത്തവ, കുറച്ചുകാലം നിന്ന് മായുന്നതോ മാറുന്നതോ ആയ അസ്ഥിരം, സ്ഥിരാസ്ഥിര സ്വഭാവത്തോടു കൂടി ഉഭയം.
കയ്യുടെ മദ്ധ്യത്തിൽ യവത്തിന്റെ അടയാളം ഉണ്ടായിരുന്നാൽ കീർത്തിയും, ധനവും, വിനയവും, സമ്പത്തും ഉണ്ടാകും. സൂര്യരേഖ പ്രബലമായാൽ വിപരീതാവസ്ഥയെ തരണം ചെയ്യാൻ കഴിയും.
ആന, കുട, മത്സ്യം, തോട്ടി, ദർഭപുൽ, വീണ, വിമാനം തുടങ്ങിയ അടയാളങ്ങൾ ഒരുവന് അധികാരം എത്തിച്ചുനൽകും. കുടം, വൃക്ഷം, കുതിര, ഗദ, മൃദംഗം ഇവയുടെ അടയാളം കൈപ്പത്തിയിലോ, കാൽപ്പത്തിയിലോ കണ്ടാൽ അയാൾക്ക് അധികാരവും പാണ്ഡിത്യവും ലഭിക്കും. കൈപ്പത്തിയില്‍ കേടുപാടില്ലാത്ത ചതുരാകൃതി ഏത് അപായത്തിലും ആ വ്യക്തിയെ രക്ഷിക്കും.
ചുരുക്കത്തിൽ ജാതക പ്രവചനത്തിൽ തെറ്റ് സംഭവിച്ചാലും ശരി ഒരു വിദുഷി കൈനോക്കി പറഞ്ഞാല്‍ അത് ജീവിതസത്യമായിരിക്കും.