ജീവരേഖ പറയും നിങ്ങളെക്കുറിച്ചെല്ലാം

ജീവിതത്തിന്റെ ദൈർഘ്യമല്ല ജീവരേഖ സൂചിപ്പിക്കുന്നത്. ജീവിതത്തിന്റെ മേന്മയും, ശൈലിയും, രീതിയുമൊക്കെയാണ്. നമ്മുടെ ഉന്മേഷം, ഊർജസ്വലത, ക്രയോൻമുഖത, ചൊടി, ചുണ, മനഃശ്ശക്തി, ആത്മവിശ്വാസം, യുക്തിഭദ്രത, ന്യായാന്യായ വിവേചനം ഇവയൊക്കെ ജീവരേഖ നിർണയിക്കും. 

1. തടിച്ച് ആഴത്തിലുള്ള ജീവരേഖ

നല്ല ആരോഗ്യമുണ്ട് എന്നുള്ളതിന് തെളിവാണിത്. ധാരാളം കാര്യങ്ങൾ പ്രത്യേകിച്ചും ഭാരിച്ച ചുമതലകൾ നിങ്ങൾക്ക് നിർവഹിക്കാനുണ്ട്. നിങ്ങൾക്ക് ആന്തരികമായ കരുത്തും സഹനക്ഷമതയും വളരെയേറെ ഉണ്ടെന്നുള്ളതാണ് ഇത്തരത്തിലൊരു ജീവരേഖ സൂചിപ്പിക്കുന്നത്. മാനസികപ്രശ്നങ്ങളൊക്കെ പുല്ലുപോലെ നിങ്ങൾ തള്ളിക്കളയുകയും അവഗണിക്കുകയും ചെയ്യുന്നതുകണ്ട് മറ്റുള്ളവർ അസൂയപ്പെടും. നിങ്ങളുടെ സാന്നിധ്യം തന്നെ ആത്മവിശ്വാസം മറ്റുള്ളവരിൽ പകർന്നു നൽകാൻ പര്യാപ്തമാണ്. കഠിനമായ അധ്വാനത്തിന് പാകമായ ശരീരഘടനയാണെങ്കിലും കഫസംബന്ധമായ (Phlegmatic) അസുഖങ്ങൾ, പ്രത്യേകിച്ചും തൊണ്ട, ശ്വാസകോശങ്ങൾ, സ്വനതന്തുക്കൾ (vocal chords) എന്നിവയ്ക്കുള്ള നീർവീഴ്ച ഇൻഫക്ഷനുകൾ എന്നിവയ്ക്ക് സാധ്യത. 

2. നേർത്ത ജീവരേഖ

ജീവരേഖ നേർത്ത് മെലിഞ്ഞതാണെങ്കിൽ നിങ്ങൾ ഒരന്തർമുഖനാണെന്ന് (Introvert – Inwardly withdrawn) നിശ്ചയമായും കരുതാം. ഉൾവലിഞ്ഞ് നിൽക്കുന്ന നിങ്ങൾ ബാഹ്യലോകത്തു നിന്നകന്ന് ഒരു പടച്ചട്ടയ്ക്കുള്ളിലേക്ക് ഒതുങ്ങും. അമിത ഉത്കണ്ഠ, അമിതജോലി എന്നിവയിൽ നിന്ന് നിങ്ങളുടെ ഈ പുറംതോട് നിങ്ങളെ കാത്തുകൊള്ളും. എളുപ്പം ഉപയോഗിച്ചു തീരും എന്നു ഭയന്ന് നിങ്ങളുടെ ഊർജ്ജസ്വലത നിങ്ങള്‍ സ്വയം നിയന്ത്രിക്കും. അങ്ങനെ ജീവിതം കുറച്ചുകൂടി ആരോഗ്യകരവും സമ്പുഷ്ടവും സൃഷ്ടിപരവുമാകും എന്ന് നിങ്ങൾ വിശ്വസിക്കും. പക്ഷെ പലപ്പോഴും അതു തെറ്റാണെന്ന് കാലം തെളിയിക്കും. വേണ്ടിടത്ത് മികവും മിഴിവും തെളിയിക്കാൻ നിങ്ങൾ പണിപ്പെടാത്തതു കാരണം വിജയവും അംഗീകാരവും നിങ്ങളെ കൈവെടിഞ്ഞേക്കും. 

3. കഷ്ടിച്ചു മാത്രം കാണാന്‍ പറ്റുന്ന ജീവരേഖ

ചിത്രം 3 കാണുക. ഇങ്ങനെയാണ് നിങ്ങളുടെ ജീവരേഖ എങ്കിൽ ജീവിതത്തിൽ മിക്ക കാര്യങ്ങളിലും സജീവമായി ഇടപെടാതെ നിങ്ങൾ ഒഴിഞ്ഞു നിൽക്കും. പല കാര്യങ്ങളും പാപമാണെന്നോ ഒക്കെ ചിന്തിച്ച് കുറ്റബോധത്താൽ പല പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കും. ജീവിതം ആസ്വദിക്കാതെ ഒരു ഭാരമായി കരുതി ഇഴഞ്ഞിഴ‍ഞ്ഞ് അത് തള്ളിവിടുന്ന ഒരാളുടെ കൈയ്യാണിത്. ജീവിതത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കുകയും ബോധപൂർവം ജീവിക്കുകയും എല്ലാ വെല്ലുവിളികളും ഏറ്റെടുക്കുകയും ചെയ്തു നോക്കുക. അപ്പോൾ മെലിഞ്ഞ് ശരിക്ക് കാണാൻ പറ്റാത്ത നിങ്ങളുടെ ജീവരേഖ പുഷ്ടിപ്രാപിക്കുന്നതും, നല്ല വളർച്ച അതിനുണ്ടായി വരുന്നതും നിങ്ങൾക്കുതന്നെ അനുഭവവേദ്യമാകും.

4. ചെറിയതും തോടുപോലെ ആഴത്തില്‍ കോറിയിട്ടിട്ടുള്ളതുമായ ജീവരേഖ

ചിത്രം 4 കാണുക. ചെറിയ തോടുപോലെ കോറിയിട്ടിട്ടുള്ള ജീവരേഖ, മനോവികാരങ്ങളെ കർശന നിയന്ത്രണത്തിൽ നിർത്തുന്ന ഒരാളുടെ കൈയ്യിൽക്കാണുന്ന ഒന്നാണ്. സ്വന്തം പ്രവർത്തനങ്ങളിൽ തൃപ്തിയും അംഗീകാരലബ്ധിയുമൊക്കെ കിട്ടും. താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പുണ്ടെന്ന് സമർഥിക്കുന്ന ഇവർക്ക് തന്റെ വാക്കാണ് എല്ലാത്തിന്റേയും അവസാനവാക്ക് എന്ന നിലപാടും ഉണ്ടാകും. അത് തെറ്റാണെന്ന് തെളിയുമ്പോൾ വഴക്കും വക്കാണവും ഉണ്ടാക്കും. ഇത് തന്നെയാണ് നിങ്ങളുടെ ഉയർച്ചയ്ക്കുള്ള തടസ്സവും. കുറച്ചുകൂടി നയപരമായി പെരുമാറിയാൽ നന്ന്.

5. വണ്ണവ്യത്യാസമുള്ള ജീവരേഖ (Unequal in thickness and depth)

ഇടയ്ക്കിടെ തടിച്ചും ഇടയ്ക്ക് മെലിഞ്ഞതും ആഴം കുറഞ്ഞതുമായ ജീവരേഖ അടക്കിനിർത്തിയിരിക്കുന്ന വികാരങ്ങളെ കാണിക്കുന്നു. സ്നേഹമോ വെറുപ്പോ കോപമോ എന്തോ ആയിക്കൊള്ളട്ടെ, ധൈര്യപൂർവം അത് പ്രകടിപ്പിക്കുക. തന്നെ അലോസരപ്പെടുത്തുന്നവരോട് ‘പറ്റില്ല’ എന്നു പറയാൻ മടി കാണിക്കേണ്ട. വികാരവിചാരങ്ങൾക്കുമേൽ കർശനനിയന്ത്രണം പാലിക്കുമ്പോൾ നിങ്ങൾ ചില സന്ദർഭങ്ങളിൽ പൊട്ടിത്തെറിക്കും. അതുകൊണ്ട് മനസ്സിനെ സ്വതന്ത്രമായി വിടുക. വെറുപ്പും വിദ്വേഷവും വിപ്രതിപത്തിയുമൊക്കെ മനസ്സിൽ കെട്ടിക്കിടക്കാതെ ഒലിച്ചു പോകട്ടെ. 

6. നീളമുള്ള ജീവരേഖ

വെട്ടും കുത്തും അശേഷമില്ലാത്ത ഒത്ത നീളമുള്ള ജീവരേഖ ആരോഗ്യമുള്ള ജീവിതത്തിന്റെ ലക്ഷണമാണ്. പക്ഷെ നിങ്ങളുടെ ഊർജ്ജവും നിങ്ങളുടെ അഭിരുചിയുമൊക്കെ യഥാവിധി വിനിയോഗിക്കണമെന്നുമാത്രം. അനശ്വരതയിലേക്കും സുഖസമൃദ്ധിയിലേക്കുമൊക്കെയുള്ള ഒരു സൗജന്യ ടിക്കറ്റൊന്നുമല്ല ഈ രേഖ എന്ന് ചുരുക്കം. മനസ്സിനേയും ശരീരത്തേയും വ്യായാമത്താൽ സുദൃഢമാക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യണമെന്നുള്ളത് സ്പഷ്ടം. 

ലേഖകൻ

എം. നന്ദകുമാർ

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) നിന്ന് 2016 ൽ വിരമിച്ചു. പ്രഭാഷകൻ, ക്വിസ് മാസ്റ്റർ. സംഖ്യാജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, തന്ത്രശാസ്ത്രം, മന്ത്രശാസ്ത്രം എന്നിവയിൽ വിദഗ്ധൻ. എറണാകുളം സ്വദേശി. തിരുവനന്തപുരത്ത് താമസം. ഫോൺ- 9495551142, 9496447755

Email: nandakumartvm1956@gmail.com