സമത്വവിരുദ്ധമായ സാമൂഹിക വ്യവസ്ഥിതിയുടെ കാലത്തിലേക്ക് ഹൃദയത്തിൽ വിശുദ്ധിയുടെ സുവർണമുദ്രയുള്ളൊരാൾ പ്രവേശിക്കുന്നു. യുഗപ്രഭാവനായ ആ സന്യാസി സഞ്ചരിച്ച ദൂരങ്ങൾ ആധുനിക കേരളത്തിലേക്കുള്ള കല്ലും മുള്ളുമില്ലാത്ത വഴിയായി. ‌മനുഷ്യാന്തസ്സിനു മേൽ മാടമ്പിത്തമണിയിച്ച ചങ്ങലക്കെട്ടുകളെ തകർത്തെറിഞ്ഞ്, ജാതിശാസനകളെ

സമത്വവിരുദ്ധമായ സാമൂഹിക വ്യവസ്ഥിതിയുടെ കാലത്തിലേക്ക് ഹൃദയത്തിൽ വിശുദ്ധിയുടെ സുവർണമുദ്രയുള്ളൊരാൾ പ്രവേശിക്കുന്നു. യുഗപ്രഭാവനായ ആ സന്യാസി സഞ്ചരിച്ച ദൂരങ്ങൾ ആധുനിക കേരളത്തിലേക്കുള്ള കല്ലും മുള്ളുമില്ലാത്ത വഴിയായി. ‌മനുഷ്യാന്തസ്സിനു മേൽ മാടമ്പിത്തമണിയിച്ച ചങ്ങലക്കെട്ടുകളെ തകർത്തെറിഞ്ഞ്, ജാതിശാസനകളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമത്വവിരുദ്ധമായ സാമൂഹിക വ്യവസ്ഥിതിയുടെ കാലത്തിലേക്ക് ഹൃദയത്തിൽ വിശുദ്ധിയുടെ സുവർണമുദ്രയുള്ളൊരാൾ പ്രവേശിക്കുന്നു. യുഗപ്രഭാവനായ ആ സന്യാസി സഞ്ചരിച്ച ദൂരങ്ങൾ ആധുനിക കേരളത്തിലേക്കുള്ള കല്ലും മുള്ളുമില്ലാത്ത വഴിയായി. ‌മനുഷ്യാന്തസ്സിനു മേൽ മാടമ്പിത്തമണിയിച്ച ചങ്ങലക്കെട്ടുകളെ തകർത്തെറിഞ്ഞ്, ജാതിശാസനകളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമത്വവിരുദ്ധമായ സാമൂഹിക വ്യവസ്ഥിതിയുടെ കാലത്തിലേക്ക് ഹൃദയത്തിൽ വിശുദ്ധിയുടെ സുവർണമുദ്രയുള്ളൊരാൾ പ്രവേശിക്കുന്നു. യുഗപ്രഭാവനായ ആ സന്യാസി സഞ്ചരിച്ച ദൂരങ്ങൾ ആധുനിക കേരളത്തിലേക്കുള്ള കല്ലും മുള്ളുമില്ലാത്ത വഴിയായി. ‌മനുഷ്യാന്തസ്സിനു മേൽ മാടമ്പിത്തമണിയിച്ച ചങ്ങലക്കെട്ടുകളെ തകർത്തെറിഞ്ഞ്, ജാതിശാസനകളെ ചുട്ടെരിച്ച്, അവകാശങ്ങളും അറിവും നേടാനുറച്ച്, തങ്ങളുടെ വിശപ്പുപുരകളിൽനിന്ന് ലക്ഷക്കണക്കിനു മനുഷ്യർ സ്നേഹത്തിന്റെ ആ തണലിലേക്ക് ആനയിക്കപ്പെട്ടു. ഒരു ജനതയെ ആത്മാഭിമാനത്തിലേക്കു കൈപിടിച്ചുയർത്തിയ, പതിറ്റാണ്ടുകൾക്കിപ്പുറവും ആ ജനതയുടെ ചിന്തകളിൽ ഉണർന്നിരിക്കുന്ന, മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്നു പഠിപ്പിച്ച മഹാഗുരു.. സിദ്ധാർഥനിൽനിന്നു ബുദ്ധനിലേക്കെന്ന പോലെ നാണുവാശാനിൽനിന്നു ശ്രീനാരായണ ഗുരുവിലേക്കുള്ള പരിണാമം ചരിത്രത്തെ മാറ്റിമറിച്ച ഒരു മഹാ പ്രയാണമാണ്.

1925ലാണ് മഹാത്മാ ഗാന്ധി വർക്കല ആശ്രമത്തിലെത്തി നാരായണ ഗുരുവുമായി കൂടിക്കാഴ്ച നടത്തുന്നത്. ഹിന്ദു മതത്തിലെ വർണവ്യത്യാസം പ്രകൃതിക്കനുസരണമായി രൂപപ്പെട്ടതാണെന്നു കരുതിയ ഗാന്ധിജി, സമീപത്തെ ഒരു മരത്തെ ചൂണ്ടിക്കാണിച്ചു പറഞ്ഞു. ‘‘അതിലെ ഇലകളെല്ലാം ഒരേപോലെ അല്ലല്ലോ?.. വലുപ്പച്ചെറുപ്പം അവയ്ക്കിടയിൽ പ്രകൃത്യാ കാണപ്പെടുന്നില്ലേ. അവയിലെ വ്യത്യാസം പ്രകൃതിസഹജമല്ലേ? അതുപോലെ മനുഷ്യർ തമ്മിലും ഭിന്നതകളുണ്ടാകില്ലേ?’’

ADVERTISEMENT

ഗാന്ധിജിക്ക് ഗുരു നൽകിയ മറുപടി ഇങ്ങനെയായിരുന്നു: ‘‘എല്ലാ ഇലകളുടെയും ചാറിനും സത്തിനും ഒരേ ഗുണവും മണവുമാണെങ്കിലും അവയുടെ വലുപ്പച്ചെറുപ്പത്തെ നിയന്ത്രിക്കുന്നത് സൂര്യപ്രകാശവും മണ്ണിൽനിന്നു വേരുകൾ വലിച്ചെടുക്കുന്ന ജലത്തിന്റെയും ധാതുക്കളുടെയും ലഭ്യതയുമാണ്. അതുപോലെ മനുഷ്യരും വ്യത്യസ്തരാകാൻ കാരണം അവരുടെ സാമൂഹികവും സാമ്പത്തികവുമായ ചുറ്റുപാടുകളാണ്. പ്രത്യക്ഷത്തിൽ വ്യത്യസ്തരായി കാണുമെങ്കിലും ഗുണപരമായി എല്ലാം ഒന്നു തന്നെ. എല്ലാ പിറവിയും ഒരു സ്രോതസ്സിൽനിന്നാണ്.’’ ജാതി ബ്രാഹ്മണ്യത്തിന്റെ സൃഷ്ടിയാണെന്നും വലിയൊരു വിഭാഗം മനുഷ്യരനുഭവിക്കുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പിന്നാക്കാവസ്ഥകൾക്കു കാരണം ജാതിയാണെന്നും ലളിതമായി അവതരിപ്പിക്കുകയായിരുന്നു ഗുരു. കേരളചരിത്രത്തിലെ സുപ്രധാനമായ ആ കൂടിക്കാഴ്ചയ്ക്കു ശേഷം തിരുവനന്തപുരത്തു ചേർന്ന മഹാ യോഗത്തിൽ ഗാന്ധിജി പറഞ്ഞു: ‘‘പുണ്യാത്മാവായ നാരായണഗുരു സ്വാമിയെ കാണാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.’’

ഒരു ബിംബ പ്രതിഷ്ഠ നടത്തുന്നത് അത്ര വലിയ സംഭവമല്ല. പക്ഷേ അനേകം ബിംബ പ്രതിഷ്ഠകൾ നടന്നിട്ടുള്ള കേരളത്തിൽ അവയിലൊന്നുമാത്രം ഒരു ഉജ്വല ചരിത്രമുഹൂർ‌ത്തമാകണമെങ്കിൽ അതൊരു സാധാരണ സംഭവമായിരിക്കില്ല. അരുവിപ്പുറം ശിവപ്രതിഷ്ഠ ഒരു ചരിത്ര വിസ്ഫോടനമായിരുന്നു. നെയ്യാറ്റിലെ കയത്തിൽ മുങ്ങി ഗുരു പൊക്കിയെടുത്ത് അന്നു പ്രതിഷ്ഠിച്ചത് ആധുനിക കേരളത്തിന്റെ അടിസ്ഥാന ശിലകളിലൊന്നാണ്.

വര∙ ശ്രീകാന്ത് ടി. വി
ADVERTISEMENT

ഭാരത സർക്കാരിന്റെ സാംസ്കാരിക വകുപ്പ് പ്രസിദ്ധീകരിച്ച, മഹാത്മാ ജ്യോതിറാവു ഫുലെയുടെ ‘സ്ലേവറി’ എന്ന പുസ്തകം വായിച്ചാൽ ഈ ക്ഷേത്ര പ്രതിഷ്ഠയുടെ ഉദ്ദേശ്യത്തെക്കുറിച്ച് വ്യക്തത ലഭിക്കും. അസമത്വമോ അധീശത്വമോ ഇല്ലാതെ, ഒരു സമൂഹത്തിന് നിലനിൽക്കാനാവശ്യമായ 5 ബലങ്ങളെ കുറിച്ച് ഈ പുസ്തകത്തിൽ പറയുന്നുണ്ട്. മനോബലം, ബുദ്ധിബലം, ജനബലം, ധനബലം, രാഷ്ട്രീയബലം എന്നിവയാണത്. ഗുരു ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ പ്രത്യേകതകൾ കൂടി ഇതുമായി കൂട്ടിവായിക്കേണ്ടതുണ്ട്. സവർണന്റെ ഹോയ് വിളി കേട്ടാൽ കീഴ്ജാതിക്കാർ പേടിച്ചരണ്ടോടിയിരുന്ന കാലം, ക്ഷേത്ര പ്രവേശനത്തിനോ പൊതുവഴിയിലൂടെ നടക്കാനോ വിദ്യാഭ്യാസത്തിനോ സ്വത്ത് ആർജിക്കാനോ എന്തിന്, അവർണ ജാതിയിലുള്ള സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാനോ പോലുമുള്ള അവകാശം നിഷേധിക്കപ്പെട്ട കാലം. മുലകൾക്കു വരെ കരം നൽകേണ്ടിയിരുന്ന, മനുഷ്യത്വവിരുദ്ധമായ സ്മൃതികൾ ഭരിച്ചിരുന്ന കാലം.

ജാതി ശാസനകളിലൂടെ നശിച്ചുപോയ കീഴ്ജാതിക്കാരുടെ മനോബലം വീണ്ടെടുക്കുകയായിരുന്നു ഗുരുവിന്റെ ആദ്യ ലക്ഷ്യം. സവർണാധിപത്യത്തിനു കീഴ്പ്പെട്ടിരുന്ന ക്ഷേത്ര സംസ്കാരത്തെ ക്ഷേത്ര പ്രതിഷ്ഠകളിലൂടെത്തന്നെ വിപ്ലവാത്മകമായി പുനർരചിച്ച ഗുരു സവർണതയുടെ ഏറ്റവും വലിയ അധികാര കേന്ദ്രത്തെയാണ് ആദ്യം അടിച്ചു തകർത്തത്. സവർണാധിപത്യത്തിന്റെ അടിക്കല്ലുകൾ ഇളക്കുന്നതിന്റെ ഒച്ചയാണ് ആ കാലസന്ധിയിലത്രയും കേരളം കേട്ടത്. ജാതിഭേദവും മതദ്വേഷവുമില്ലാതെ സർവരും സോദരത്വേന വാഴുന്ന ഒരു മാതൃകാസ്ഥാനം ഗുരു സാക്ഷാത്കരിച്ചു.. അരുവിപ്പുറം ശിവപ്രതിഷ്ഠ ഇളക്കിവിട്ട പരിവർത്തനം, കൊടുങ്കാറ്റിന്റെ ശക്തിയാർജിച്ച് കേരളത്തെ ചലിപ്പിച്ചു.

വര∙ ശ്രീകാന്ത് ടി. വി
ADVERTISEMENT

ഗുരു പണി കഴിപ്പിച്ച ക്ഷേത്രങ്ങളുടെ നിർമിതി പരിശോധിച്ചാൽ അതിലെ രാഷ്ട്രീയം വ്യക്തമായി മനസ്സിലാക്കാനാകും. ആദ്യം വളരെ ചെറിയൊരു ക്ഷേത്രം പണിയും. ശേഷം അതിനുമുന്നിൽ വലിയൊരു വഞ്ചി സ്ഥാപിക്കും. വഞ്ചിയിൽനിന്നു ലഭിക്കുന്ന ധനമുപയോഗിച്ച് ഭൂമി വാങ്ങുകയും അവിടെ വിദ്യാലയങ്ങൾ സ്ഥാപിക്കുകയും ചെയ്യും.. അവിടെ താമസസൗകര്യങ്ങളടക്കമൊരുക്കി ഒരു ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം വളർത്തും.. മനോബലത്തിൽനിന്നു വിദ്യാഭ്യാസത്തിനുള്ള അവകാശത്തിലൂടെ ഗുരു ഉറപ്പാക്കിയത് ബുദ്ധിബലമാണ്. വിദ്യാഭാസ സ്ഥാപനങ്ങളിലൂടെ മെച്ചപ്പെട്ട തൊഴിലിടങ്ങൾ സൃഷ്ടിക്കപ്പെടുന്നു; തൊഴിൽ സൃഷ്ടിക്കപ്പെടുന്നതിലൂടെ ധനബലവും. വിദ്യാഭ്യാസവും തൊഴിലുമുള്ളൊരു ജനവിഭാഗം സംഘടിക്കുന്നതിലൂടെ രാഷ്ട്രീയ ബലവുമുണ്ടാകുന്നു.. ഇങ്ങനെ വളരെ കൃത്യമായി ഒരു സമൂഹത്തെ നെയ്തെടുത്തുള്ള നവോത്ഥാനമായിരുന്നു ഗുരു നടത്തിയത്. ഗുരുവിന്റെ അവസാന പ്രതിഷ്ഠകൾ ഇതിനുദാഹരണമാണ്. വിഗ്രഹത്തിനുപകരം കണ്ണാടികളും കെടാവിളക്കുമാണ് ഗുരു പ്രതിഷ്ഠിച്ചത്. പിന്നീട് പുറപ്പെടുവിച്ച സന്ദേശത്തിൽ, നമുക്കിനി വേണ്ടത് ദേവാലയങ്ങളല്ല വിദ്യാലയങ്ങളാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

മനുഷ്യന്റെ സാമൂഹികവും സാമ്പത്തികവുമായ എല്ലാ പരാധീനതകൾക്കും കാരണം ജാതിയാണെന്ന് ഗുരു തീർത്തു പറഞ്ഞു. ജാതിയിൽനിന്നു മുക്തി നേടാനുള്ള പ്രധാന മാർഗമായി ഗുരു കണ്ടത് വിദ്യാഭ്യാസത്തെയാണ്. തലമുറകളായി തുടർന്നുപോന്നിരുന്ന എല്ലാ അജ്ഞതയ്ക്കും കാരണം നിരക്ഷരതയാണെന്ന് ഗുരു മനസ്സിലാക്കിയിരുന്നു. ഇംഗ്ലിഷ് വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാമുഖ്യം നൽകാനും ഗുരു ഉപദേശിച്ചിരുന്നു. മെഴുവേലിയിൽ ക്ഷേത്രപ്രതിഷ്ഠ നടത്താൻ ക്ഷണിക്കപ്പെട്ടു ചെന്ന ഗുരു അവിടെ പള്ളിക്കൂടം പ്രതിഷ്ഠിക്കാനാണ് തയാറായത്. അവിടെയുണ്ടായിരുന്ന സർപ്പക്കാവ് വെട്ടിത്തെളിച്ച് ആ സ്ഥാനത്ത് ഒരു ഇംഗ്ലിഷ് സ്കൂൾ സ്ഥാപിക്കാൻ നിർദേശിച്ചാണ് അദ്ദേഹം മടങ്ങിയത്. ന്യായമായ മാർഗത്തിലൂടെ സാമ്പത്തിക ഭദ്രത കൈവരിക്കാൻ വ്യാവസായിക വളർച്ചയുടെ ആവശ്യകതയെക്കുറിച്ചും ഗുരു തന്റെ അനുയായികളെ ബോധ്യപ്പെടുത്തി. ജാതി വേണം, അതു കൂടിയേ തീരൂ എന്നു ശഠിച്ച ഒരു ജനതയോടു ഗുരു പറഞ്ഞത്.. ‘ജാതി പോണം, അതു നിരർഥകമാണ്, അനാവശ്യമാണ് ആത്മനിഷേധമാണ്’ എന്നാണ്. ജാതിയുമില്ല, മതവുമില്ല, ഒരൊറ്റ മനുഷ്യജാതിയേയുള്ളൂവെന്ന് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശയിൽത്തന്നെ പറയാൻ തിരുവതാംകൂറിൽ ഒരു ഹിന്ദുവും ധൈര്യപ്പെടില്ലായിരുന്നു. ജാതിശാസനകൾ തെറ്റിച്ച് മാറുമറച്ച ഒരു സ്ത്രീയുടെ മുല മുറിച്ച കാലത്താണ് ഗുരു ജാതിക്കെതിരെ പറ‍ഞ്ഞതും പ്രവർത്തിച്ചതുമെന്നോർക്കണം.

വര∙ ശ്രീകാന്ത് ടി. വി

നാരായണ ഗുരുവിന്റെ കർമ പദ്ധതിയിലെ മുഖ്യയിനം തന്റെ അളവറ്റ അറിവ് ശിഷ്യർക്കും ലോകത്തിനും പകർന്നു കൊടുക്കുകയായിരുന്നു. ഗുരുവിന്റെ ശിഷ്യപരമ്പര കേരളം കണ്ട മഹാരഥന്മാരാണ്. മലയാളകവിതയുടെ കാൽപനികവസന്തത്തിനു തുടക്കംകുറിച്ച മഹാകവി കുമാരനാശാൻ, ഡോക്ടറും ബാക്ടീരിയോളജി വിദഗ്ധനും നവകേരളശില്പികളിലൊരാളുമായ ഡോക്ടർ പൽപു, ശ്രീനാരായണ ഗുരുവിന്റെ മനുഷ്യദർശനത്തെ ശാസ്ത്രീയതയുടെയും യുക്തിചിന്തയുടെയും അടിസ്ഥാനത്തിൽ വിപുലീകരിച്ച് രാഷ്ട്രീയ പ്രയോഗമാക്കി മാറ്റിയ കേരള അംബേദ്കർ എന്ന് വിശേഷിക്കപ്പെടുന്ന സഹോദരൻ അയ്യപ്പൻ, കേരളത്തിന്റെ ആത്മീയ ജീവിതത്തെ സ്വാധീനിച്ച ദാർശനികൻ നടരാജഗുരു, കൃഷിയെയും വ്യവസായത്തെയും വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയാവിഷ്കരിക്കാൻ ഗുരുവിനൊപ്പം പ്രവർത്തിച്ച വിദേശിയായ ഏണസ്റ്റ് ക്ലാർക്ക്, പുരോഗമന മലയാളസാഹിത്യത്തിന്റെ വക്താവും പണ്ഡിതനും കേരള യുക്തിവാദ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനുമായ കുറ്റിപ്പുഴ കൃഷ്ണപിള്ള അങ്ങനെ നീളുന്നു ആ മഹാമനുഷ്യരുടെ നിര.

വര∙ ശ്രീകാന്ത് ടി. വി

ഗുരുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സാക്ഷാൽ രബീന്ദ്രനാഥ ടഗോർ കുറിച്ചത് ഇങ്ങനെയാണ്. ‘‘ഞാൻ ലോകത്തിന്റെ നാനാഭാഗങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. ഇതിനിടയിൽ പല മഹാന്മാരെയും മഹർഷിമാരെയും കണ്ടു. എന്നാൽ മലയാളത്തിലെ നാരായണ ഗുരുവിനേക്കാളും, എന്തിന്, അദ്ദേഹത്തോടു തുല്യനായ ഒരു മഹാപുരുഷനെയും എനിക്കെവിടെയും കാണാ‍ൻ കഴിഞ്ഞിട്ടില്ല. ഏതോ ബിന്ദുവിലേക്കുറപ്പിച്ച ആ യോഗനയനങ്ങളും ചൈതന്യം തുളുമ്പുന്ന ആ മുഖതേജസ്സും ഞാൻ ഒരുകാലത്തും മറക്കുകയില്ല.’’

അരുവിപ്പുറം ശിവപ്രതിഷ്ഠയ്ക്ക് ഏതാനും വർഷങ്ങൾക്കിപ്പുറം, വെള്ളക്കാളകൾ വലിക്കുന്ന ഒരു വില്ലുവണ്ടി തെളിച്ച്, തലപ്പാവണിഞ്ഞൊരാൾ വന്നു. ഉരുക്കുപോലുറച്ച ആ ഗംഭീരപുരുഷന്റെ കാളക്കുട്ടികൾ ജാതിശാസനകളെ ചവിട്ടിഞെരിച്ച് ചരിത്രത്തിലേക്കു നടന്നു. മഹാത്മാ അയ്യങ്കാളിയുടെ, അന്നുരുവം കൊണ്ട ആ സമര പ്രകമ്പനം, അന്നോളം രാജപാതകളിൽനിന്ന് അടിയളന്ന് അകറ്റി നിർത്തപ്പെട്ട മനുഷ്യരെ തങ്ങളാണ്ടുപോയ അന്ധകാരത്തിൽ നിന്നുണർത്തി. അയ്യന്റെ ആ യാത്ര തിരുവിതാംകൂർ രാജാവ് എല്ലാവർക്കും പൊതുനിരത്തിലൂടെ സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ച് ഉത്തരവിറക്കുംവരെ തുടർന്നു. ഊരുട്ടമ്പലത്തെ ഒരു വിദ്യാലയം ജാതിഭ്രാന്തന്മാർ ചുട്ടുകരിച്ചത്, പഞ്ചമിയെന്ന പുലയപ്പെൺകുട്ടിയെ അയ്യങ്കാളി അവിടെ പഠിപ്പിക്കാൻ കൊണ്ടിരുത്തി എന്ന കാരണത്താലാണ്. ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാനനുവദിക്കില്ലെങ്കിൽ നിങ്ങളുടെ പാടം കൊയ്യില്ലെന്ന അയ്യന്റെ സമരപ്രഖ്യാപനം കേരളം കണ്ട ആദ്യ പണിമുടക്കായി. ഒന്നര വർഷം തിരുവതാംകൂറിലെ പാടങ്ങൾ തരിശു കിടന്നു, ഒട്ടിയ വയറും ഉജ്വലസ്വപ്നങ്ങളുമായി ഒന്നരവർഷം. കാണായ പാടത്തെല്ലാം മുട്ടിപ്പുല്ല് കുരുത്തു. വിദ്യാഭ്യാസത്തിനവകാശമില്ലാതിരുന്ന തന്റെ ജനതയ്ക്കായി സ്വന്തമായി പള്ളിക്കൂടം തന്നെ അയ്യൻ സ്ഥാപിച്ചു.

വര∙ ശ്രീകാന്ത് ടി. വി

അരുവിപ്പുറം ശിവപ്രതിഷ്ഠയ്ക്കും വില്ലുവണ്ടി സമരത്തിനും പിന്നാലെയുണ്ടായ നവോത്ഥാന വിപ്ലവമാണ് പിൽക്കാലത്തു കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മാറ്റങ്ങൾക്കെല്ലാം കളമൊരുക്കിയത്. കേരളത്തെ ആധുനികവൽകരിക്കാൻ ഗുരു സ്വീകരിച്ച മാർഗങ്ങളെക്കുറിച്ച് ഇന്നും വളരെ കുറച്ചു പേർക്കേ കൃത്യമായി പഠിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ആരിലും ഒരു തത്വശാസ്ത്രവും അടിച്ചേൽപ്പിക്കാൻ ഗുരു ശ്രമിച്ചിട്ടില്ല. പക്ഷേ ഗുരുവിന്റെ മനോഗതി അദ്ദേഹത്തിന്റെ നിശബ്ദമായ പ്രവൃത്തികൾ കൊണ്ടും സൗമ്യമായ സംഭാഷണം കൊണ്ടും ജനങ്ങൾ മനസ്സിലാക്കിയിരുന്നു.. എത്ര രൂഢമൂലമായ ആചാരമോ വിശ്വാസമോ ആയിക്കൊള്ളട്ടെ, ഉപേക്ഷിച്ചേക്കൂ എന്നു ഗുരു പറഞ്ഞാൽ ഒരു ജനത അത് ഉപേക്ഷിച്ചിരുന്നു.. ലക്ഷക്കണക്കിനു ജനങ്ങളുടെ നിത്യജീവിതത്തിൽ ഇന്നുമിത്രയും സ്വാധീനം ചെലുത്താൻ കഴിയുന്ന മഹായോഗികൾ ചരിത്രത്തിൽത്തന്നെ അപൂർവമാണ്.

English Summary:

Sree Narayana Guru, the anti-caste social reformer