sections
MORE

സമ്പൂർണ നക്ഷത്രഫലം 2019 – മകം : കാണിപ്പയ്യൂർ

makam-varshaphalam
SHARE

മകം നക്ഷത്രത്തിൽ ജനിച്ചവർക്ക് 2019ൽ കഴിഞ്ഞ വർഷത്തെ അനിഷ്ടമായിട്ടുള്ള ചിന്തകളും പ്രവർത്തനങ്ങളും അതിജീവിക്കത്തക്ക വിധത്തിലുള്ള സാഹചര്യങ്ങളുണ്ടാവാം . ഈ വർഷം ക്രമാനുഗതമായിട്ടുള്ള പുരോഗതി പ്രതീക്ഷിക്കാം. അല്പം പുരോഗതി ഉണ്ടായാൽ പോലും അഹംഭാവം ഉപേക്ഷിക്കണം. സാമ്പത്തികമായിട്ടുള്ള വരുമാന മാർഗം ഉണ്ടായിരുന്നാലും അമിത ചെലവിനെ നിയന്ത്രിക്കണം. എല്ലാത്തിലും ആത്മസംയമനത്തോടു കൂടിയതായിട്ടുള്ള സമീപനം സ്വീകരിക്കുന്ന പക്ഷം കുടുംബത്തിൽ സമാധാനാന്തരീക്ഷം സംജാതമാകും.

ചെലവിനങ്ങൾ നിയന്ത്രിച്ചു കൊണ്ട് വ്യാപാര വിപണന വിതരണ മേഖലകളിൽ നിർണായകമായ വിദഗ്ധ നിർദേശം സ്വീകരിക്കുന്നത് വഴി  അതിന്റെ പൂർണ ഫലപ്രാപ്തി 2020ൽ ലഭിക്കാം. കുടുംബാംഗങ്ങളുടെ കാര്യങ്ങളൊക്കെ വേണ്ടവിധത്തിൽ നിവർത്തിക്കാൻ സാധിക്കും. ഉൽപന്നങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാൻ സാധിക്കും. ഏറ്റെടുക്കുന്ന തൊഴിൽപരമായ മേഖലകളിലെ ജോലിക്കാരുടെ കാര്യങ്ങള്‍ വേണ്ടവിധത്തിൽ നിവർത്തിക്കാന്‍ സാധിക്കും. ഒരു പ്രത്യേക നിബന്ധന പ്രകാരം ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കുകയും തന്മൂലം വിദേശത്ത് ജോലിയിൽ തുടരുവാനുള്ള സാഹചര്യം ഉണ്ടാവുന്നത്  ഗുണകരമായിത്തീരും. 

രേഖാപരമായിട്ടുള്ള കാര്യങ്ങൾ കൃത്യമായി അവലംബിക്കുന്നതു വഴി നിയമകാര്യങ്ങളിൽ അനുകൂല സാഹചര്യങ്ങളുണ്ടാവുകയും  സാങ്കേതിക തടസ്സങ്ങൾ നീങ്ങി ശമ്പളം കിട്ടുക, ശമ്പളവർധനവ് എന്നിവ പ്രതീക്ഷിക്കാം. ഗൃഹനിർമാണ പ്രവർത്തനങ്ങൾ  തുടങ്ങിവയ്ക്കുവാനുള്ള സാഹചര്യം ഉണ്ടാവുമെങ്കിലും  മാതാപിതാക്കളിൽ നിന്നും പണം വാങ്ങേണ്ടതായ സാഹചര്യം ഉണ്ടാവാം . മറ്റു ചിലർക്ക് മാതാപിതാക്കളുടെ ആവശ്യങ്ങൾ വേണ്ടവിധത്തില്‍ നിവർത്തിക്കാനുള്ള സാധ്യത കാണുന്നുണ്ട്. മനസ്സിന് പല വിധത്തിലുള്ള ആധി, കാര്യങ്ങളെല്ലാം വേണ്ടവിധത്തില്‍ നിവർത്തിക്കുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാകുമോ എന്നുള്ളൊരു തോന്നൽ എന്നിവ ഉണ്ടാവാം. വിദ്യാർഥികൾക്കാണെങ്കിൽ പഠിച്ച വിഷയങ്ങളെല്ലാം ക്ഷമയോടുകൂടി അവതരിപ്പിക്കുവാനുള്ള സാഹചര്യങ്ങൾ  കുറയുന്നതിനാൽ  വളരെയധികം ശ്രദ്ധിക്കണം. എനിക്കെല്ലാം അറിയും എന്നുള്ള അമിതമായ ആത്മവിശ്വാസം ഒഴിവാക്കി പഠിച്ച കാര്യങ്ങൾ പിന്നെയും പഠിക്കേണ്ടതായിട്ടുള്ള സാഹചര്യങ്ങളാണ് ഈയൊരു വർഷം ഉണ്ടാവുക. അതിനാൽ  വിദ്യാർഥികൾ സാരസ്വതം നെയ്യ് കാലത്ത് കുളിച്ച് ഒരു തുള്ളി സേവിക്കുന്നത് നന്നായിരിക്കും. എടുത്തുചാട്ടത്തോടെയും വിദഗ്ധമായ  നിർദേശവും ഉപദേശവും സ്വീകരിക്കാതെയും പ്രവർത്തിക്കുന്ന കാര്യങ്ങളിലെല്ലാം പരാജയം ഉണ്ടാകുവാന്‍ സാധ്യതയുണ്ട്.തൊഴിൽ മേഖലകളിലും ജീവിതത്തിലെ നിർണായക കാര്യങ്ങളിലും അനുഭവ ജ്ഞാനമുള്ളവരുടെ നിർദേശവും ഉപദേശവും സ്വീകരിക്കുന്നത് നന്നായിരിക്കും. ഈയൊരു ഘട്ടത്തിൽ മാതാപിതാക്കളുടെ ഉപദേശവും അവർ പറയുന്ന ഈശ്വരപ്രാർഥനകളൊക്കെ അനുസരിക്കുന്നത് അബദ്ധങ്ങളെ അതിജീവിക്കാൻ ഉപകരിക്കും. 

ഉദര നീർദോഷ രോഗപീഡകളെക്കൊണ്ട് അസ്വസ്ഥ്യം അനുഭവപ്പെടുവാനുള്ള സാധ്യതയുണ്ട്. പകർച്ചവ്യാധി പിടിപെടുന്നതു വഴി ഒന്നോ രണ്ടോ ആഴ്ച ജന്മനാട്ടിൽ വന്നു താമസിക്കേണ്ട സാഹചര്യം ഉണ്ടാവാം. ആറേഴുവർഷമായിട്ട് വിദേശത്ത് താമസിക്കുന്നവർക്ക് ആരാധനാലയങ്ങളിലെ ഉത്സവാഘോഷങ്ങളിൽ  പങ്കെടുക്കുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാവാം. കാർഷികമായിട്ടുള്ള മേഖലകളിൽ ഭൂമി പാട്ടത്തിനെടുത്ത് വിപുലീകരിക്കാനും അതില്‍ പണം മുതൽ മുടക്കിയതിന്റെ  പരിണതഫലം  2019 ഒടുവിലോ 2020 ലോ ഫലപ്രാപ്തി നേടത്തക്കവിധത്തിലുള്ള  സാഹചര്യങ്ങൾ  മകം നക്ഷത്രക്കാർക്ക് വന്നുചേരുവാനുള്ള യോഗമുണ്ട്.  

നിലവിലുള്ളതിനേക്കാൾ കാൽഭാഗം ശമ്പളവർധനവോടു കൂടിയ മറ്റൊരു ഉദ്യോഗത്തിന് അവസരം വന്നുചേരും. തന്മൂലം കുടുംബാംഗങ്ങളെ ഒരുമിച്ചു താമസിപ്പിക്കാൻ സാധിക്കും. മറ്റു ചിലർക്ക്  ജീവിതനിലവാരം വർധിക്കുന്നതു വഴി 2019ൽ ഒരു ഭൂമി വാങ്ങുവാനും 2020ൽ ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശനകർമം  നിർവഹിക്കുവാനും സാധിക്കും. പൊതുവെ  മകം നക്ഷത്രക്കാർക്ക് 2019 –ാമാണ്ടിൽ അനുകൂലമായിട്ടുള്ള ഫലങ്ങൾ വന്നുചേരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA