Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാല് സെന്റ് സ്ഥലം മതി നാലുകെട്ടിന്!

nalukettu

സഹസ്രാബ്ദങ്ങളായി പരിണാമപ്പെട്ടുവന്ന ഉദാത്തമായ ഒരു വാസവിജ്ഞാനസരണിയാണ് വാസ്തുവിദ്യ. ഒരു വ്യാകരണമുണ്ട് എന്നതാണ് വാസ്തുവിദ്യയുടെ ഒരു പ്രത്യേകത. സ്ഥലം, കാലം എന്നിവയ്ക്കനുസരിച്ച് സ്വീകരിക്കാമെന്നതാണ് വാസ്തുവിന്റെ മറ്റൊരു ഗുണം. ഇന്നു നിലവിലുളള ശില്പനിർമിതിയേക്കാൾ പ്രയോജനക്ഷമതയും രൂപവൈവിധ്യവും സൗന്ദര്യവും ഉണ്ട് എന്നത് വാസ്തു ഇന്നും നിലനിൽക്കുന്നതിന്റെ രഹസ്യമാണ്. പ്രകൃതിവിഭവങ്ങളെ അനാവശ്യമായി ചൂഷണം ചെയ്യാതെ, ആവശ്യത്തിനു മാത്രം വിനിയോഗിക്കണമെന്നത് വാസ്തുശാസ്ത്ര ഗ്രന്ഥങ്ങളിൽ പലതിലും പറയുന്നുണ്ട്.

വാസ്തുവിദ്യയുടെ സമഗ്രത

വാസ്തുവിദ്യയുടെ ഏറ്റവും പ്രധാനമായ ഘടകം അതിന്റെ സമഗ്രതയാണ്. പ്രകൃതിയിൽ ആരംഭിച്ച് സൂക്ഷ്മമായ അലങ്കാരത്തിൽ വരെ ഇത് എത്തുന്നു. പരീക്ഷണനിരീക്ഷണങ്ങളിലൂടെ വീട് വയ്ക്കാനുളള ഭൂമി കണ്ടെത്തി ദിക് നിർണയിച്ച് വാസ്തുമണ്ഡലം എന്ന ഇടം (space) നിർവചിക്കുന്നു.

ഈ വാസ്തുമണ്ഡലത്തിൽ ഭൂമി, ജലം, വായു, അഗ്നി എന്നിവയ്ക്ക് പ്രാധാന്യമുളള ഖണ്ഡങ്ങൾ വേർതിരിച്ച്, യോജിച്ച ഖണ്ഡത്തിൽ ശാലാമേഖലകൾ അടയാളപ്പെടുത്തി, ശാലകളുടെ മുന്‍ഗണനാക്രമം അനുസരിച്ച് ശാലാ വിസ്തൃതി നിശ്ചയിച്ച്, മുറികൾ തിരിച്ച്, രചനാഭാഗങ്ങൾ ഒാരോന്നിനും യുക്തമായ ദ്രവ്യങ്ങളും സാങ്കേതിക രീതികളും സ്വീകരിച്ച് അലങ്കാരങ്ങൾ ചെയ്ത് നിർമാണം പൂർത്തിയാക്കുകയെന്നതാണ് രീതി.

വാസ്തുവിധാനവും നിർമിതിയും തുടങ്ങുന്നത് ഭൂപരീക്ഷയിലാണ്. ഭൂമിയാണ് എല്ലാറ്റിന്റെയും ആധാരം. വസുധ (എല്ലാ വാസങ്ങളെയും താങ്ങുന്നത്) എന്ന പേർ ലഭിക്കാൻ ഇതാണു കാരണം. വാസ്തുവിന്റെ നിർവചനവും ഇതിൽനിന്നാരംഭിക്കുന്നു. പക്ഷിമൃഗാദികളും വൃക്ഷലതാദികളും ഭൂമിയിൽ തുല്യരാണ്. അതുകൊണ്ട് വാസ്തുമണ്ഡലത്തിൽ നാലിൽ ഒരു ഭാഗത്തെ മാത്രമേ മനുഷ്യൻ ഗൃഹമണ്ഡലമാക്കി മാറ്റാവൂ എന്നുണ്ട്. അതിൽത്തന്നെ 50 ശതമാനം വിസ്തൃതിയേ ഗൃഹവേദിക (Ground Coverage) യാക്കാവൂ എന്നാണു നിയമം. മറ്റു ഭാഗങ്ങൾ മറ്റു ജീവികള്‍ക്കും മരങ്ങൾക്കുമുളളതാണ്. ഒറ്റനില വീടുകൾക്കാണീനിയമം.മനുഷ്യവാസത്തിനുളള ഭൂപരീക്ഷയുടെ മൂലഘടകങ്ങൾ വിശാലമായ അർഥത്തിൽ ഫലഭൂയിഷ്ഠിത, ജലലഭ്യത, സമശീതോഷ്ണം, ഋതുവ്യതിയാനത്തിൽനിന്നു സുരക്ഷിതത്വം, പ്രയോജനപ്രദങ്ങളായ വൃക്ഷലതാദികൾ, സൗമ്യപ്രകൃതമുളള പക്ഷിമൃഗാദികള്‍, യാത്രാസൗകര്യം എന്നിവയാണ്.

അമ്മയേക്കാൾ ശ്രേഷ്ഠഭൂമി

വാസ്തുഗ്രന്ഥങ്ങളിൽ വാസ്തുനിർമിതികളെ നാലായി വിഭജിച്ചിരിക്കുന്നു. ഭൂമി, ഹർമ്യം, യാനം, ശയനം എന്നിങ്ങനെ. വാസ്തുഗ്രന്ഥങ്ങളിൽ പ്രധാന വസ്തു എന്നു പറയുന്നത് ഭൂമിയെയാണ്. ഭൂപരീക്ഷ ചെയ്തു തിരഞ്ഞെടുത്ത സ്ഥലത്ത് ജനപദങ്ങൾ സംവിധാനം ചെയ്ത് അതിലാണ് എല്ലാ നിർമിതികളും നടക്കുന്നത്. ഭൂപ്രകൃതി, ജലസാന്നിധ്യം, വൃക്ഷലതാദികൾ എന്നിവയിലെ വൈവിധ്യങ്ങൾ സൂക്ഷ്മമായി പഠിച്ച് വിശകലനം ചെയ്ത് ഭൂമിയെ 32 തരമാക്കിയിരിക്കുന്നു. ഇത്തരം പ്രദേശങ്ങൾ മലമുകളിലോ ചരിവിലോ താഴ്‍വരയിലോ ആകാം. ഉത്തമഭൂമിയായ ഇവയ്ക്ക് സുപത്മ, പൂർണ്ണ, ഭദ്ര എന്നിങ്ങനെയാണ് പേരുകള്‍. ഭൂപ്രകൃതിയെപ്പറ്റിയും നീരൊഴുക്കിനെപ്പറ്റിയും ജൈവവൈവിധ്യങ്ങളെപ്പറ്റിയും വാസ്തുഗ്രന്ഥങ്ങളിൽ വിവരിക്കുന്നുണ്ട്.

ഭൂവിധാനത്തിലെ ദക്ഷത

പ്രകൃതിയുടെ സമ്പത്താണ് ദ്രവ്യങ്ങൾ. ജലം, വായു, ഊർജം, ഇടം എന്നിവ. ഇവ എത്രയും സമർഥമായി ഉപയോഗിക്കാമോ മനുഷ്യന്റെ നിലനിൽപിന് അത്രയും നല്ലതാണ്. ഇതെല്ലാം പാഴാക്കി വലിയ കെട്ടിടങ്ങൾ നിര്‍മിക്കരുതെന്ന് വാസ്തു അനുശാസിക്കുന്നുണ്ട്. ഏറ്റവും ചെറിയ പുരയിടം 16 ഹസ്തം(12 മീ) വിസ്താരവും 20 ഹസ്തം (15 മീ) നീളമുളളതാകണം. ഏറ്റവും വലുതാകട്ടെ, 32 ഹസ്തം (24മീ) വിസ്താരവും 40 ഹസ്തം (30 മീ) ദൈര്‍ഘ്യമുളളതും എന്നാണ് വരാഹമിഹിരന്റെ വാസ്തുവിദ്യയിൽ കാണുന്നത്. നാല് സെന്റ് സ്ഥലം മതി വാസയോഗ്യമായ ഒരു നാലുകെട്ടിന്.

ദ്രവ്യ സ്വീകരണത്തിന്റെ യുക്തി

പ്രകൃതിയിൽ ലഭ്യമായ ദ്രവ്യങ്ങളാണ് വാസ്തുവിദ്യയിൽ നിര്‍മാണത്തിന് സ്വീകരിക്കുന്നത്. മണ്ണ്, കല്ല്, മരം എന്നിവയാണ് ഇതില്‍ മുഖ്യം. മണ്ണും കല്ലും ധാതുക്കളും മരം ജൈവവസ്തുവുമാണ്. ഇവയുടെ ഉപയോഗം കെട്ടിടനിർമിതിക്കുളള ഊർജ ഉപഭോഗം ഏറെകുറയ്ക്കും. ഇവയ്ക്കു പകരം കോൺക്രീറ്റും സ്റ്റീലും ഉപയോഗിക്കുന്നത് അമിതമായ ഊർജഉപഭോഗത്തിനു കാരണമാകും. താപപ്രസരണം കൂടും. കാലാവസ്ഥാനിയന്ത്രണത്തിന് വീണ്ടും ഊർജം ചെലവഴിക്കണം. ഇതുകൊണ്ടുളള പ്രത്യക്ഷവും പരോക്ഷമായ ഫലങ്ങൾ ആധുനിക കാലത്ത് കണ്ടുതുടങ്ങിയിട്ടുണ്ട്. ഗ്രീൻ ബിൽഡിങ് എന്ന സങ്കൽപത്തിന് ഉതകുന്നതാണ് വാസ്തുവിദ്യാതത്വത്തിൽ അധിഷ്ഠിതമായ നിർമിതികൾ.

ബഹുനില കെട്ടിടങ്ങൾക്ക് ആധുനിക നിർമാണവസ്തുക്കൾതന്നെ വേണ്ടേ എന്ന ചോദ്യം ഉയരാം. തീർച്ചയായും വേണം. എട്ട് നിലകളിൽ കൂടുതലുളള കെട്ടിടങ്ങളെയാണ് എൻജിനീയർമാർ ഉയരം കൂടിയ കെട്ടിടങ്ങൾ എന്നു വിളിക്കുന്നത്. 30 മീറ്റർ ഉയരമുളള എട്ട് കെട്ടിടം നിർമിക്കാൻ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ 60 മീറ്റർ ഉയരമുളള ബൃഹദീശ്വരക്ഷേത്രം നിർമിക്കാൻ പൗരാണിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതു മറക്കരുത്. കല്ലും കുമ്മായവും മാത്രമാണ് ബൃഹദീശ്വരക്ഷേത്രത്തിന്റെ നിർമാണവസ്തുക്കൾ.

ആധുനിക നിർമിതി മൂലം ഇല്ലാതാക്കുന്ന രണ്ട് പ്രകൃതിവിഭവങ്ങളുണ്ട് – കല്ലും മണ്ണും. സിമന്റുണ്ടാക്കാൻ കളിമണ്ണും ചുണ്ണാമ്പുകല്ലും വേണം. കല്ലാണ് ഇന്ന് എല്ലാ വീടുകൾക്കും അടിത്തറയ്ക്കുപയോഗിക്കുന്നത്. മേൽക്കൂര പണിയാനുളള കോൺക്രീറ്റിന് മണലും മെറ്റലും. മണൽഖനനം മൂലം ഉണങ്ങിയ പുഴകളും കുറയുന്ന ജലവിതാനവുമെല്ലാം ഇന്നത്തെ പ്രശ്നങ്ങളാണ്. ഭൂമിയുടെ ഈ ശോഷണത്തിന് പ്രധാന കാരണം ആധുനിക നിർമാണരീതിയാണ്. കരിങ്കല്ലുകൾ കൊണ്ടുളള അടിത്തറകൾ ആർഭാടവും അനാവശ്യവുമാണെന്ന് 15–ാം നൂറ്റാണ്ടിലെഴുതിയ വാസ്തുവിദ്യ എന്ന പുസ്തകത്തില്‍ കാണാം.

ദിക്കുകളുടെ പ്രാധാന്യം

ദിക്കുകൾക്ക് വാസ്തുവിദ്യയിൽ വളരെയധികം പ്രാധാന്യം നൽകിയിരിക്കുന്നു. ഏതു ദിശയിലേക്കാണ് എഴുന്നേൽക്കുന്നത് എന്നറിയുന്നതിനാണ് ഇത് പ്രധാനമായും ചെയ്തിരുന്നത്. ഉദാഹരണത്തിന് വൃത്താകൃതിയാണ് മുറിക്ക് എങ്കിൽ ഉയർന്നെഴുന്നേൽക്കുന്നത് ഏതു ദിശയിലേക്കാണെന്ന് തിരിച്ചറിയാനാകില്ല. ഈ പ്രശ്നം പരിഹരിക്കാനാണ് ഏതെങ്കിലും ഒരു ദിക്കിനെ വീട് അഭിമുഖീകരിക്കണം എന്നു പറയുന്നത്. ദിക്കിനെ ഏറ്റവും എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുക സൂര്യനെ നോക്കിയാണ്. ഊർജത്തിന്റെ അധിപനാണ് സൂര്യൻ. അതുകൊണ്ട് വീട് കിഴക്കോട്ട് തിരിഞ്ഞിരിക്കണം എന്ന് വാസ്തുവിദ്യ വാദിക്കുന്നു. കിഴക്കോട്ട് നോക്കിയിരിക്കണമെങ്കില്‍ വീട് പടിഞ്ഞാറ് ആയിരിക്കണം. അങ്ങനെയാണ് പടിഞ്ഞാറ്റിനിക്ക് കേരളത്തിൽ പ്രാധാന്യം കൂടുന്നത്. എന്നാൽ ആവശ്യങ്ങൾ അനുസരിച്ച് ഇതിൽ മാറ്റം വരാം. പണ്ടുകാലത്ത് നെല്ല് ഉണക്കാനെല്ലാമുളള സൗകര്യങ്ങൾ കണക്കിലെടുത്ത് തെക്കോട്ട് നോക്കിയുളള വീടുകൾ പണിതിരുന്നു. കാരണം നമ്മുടെ കാലാവസ്ഥയിൽ ഏറ്റവുമധികം വെയിലുകിട്ടുന്നത് തെക്കുനിന്നാണ്. അങ്ങനെ തെക്കുവശത്ത് മുറ്റം വരുന്ന വിധത്തിലുളള വീടുകളും ഉണ്ടായി. ഇങ്ങനെ വാസ്തുവിദ്യയനുസരിച്ച് പ്രകൃതിശക്തികളാണ് വീടിന്റെ ദിശ തീരുമാനിച്ചിരുന്നത്.

ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങൾ. ഭൂമി എന്നു പറയുന്നത് എല്ലാ തരം ദ്രാവകങ്ങളും വായു എന്നതുകൊണ്ട് എല്ലാ വാതകങ്ങളും അഗ്നി എന്നാൽ എല്ലാ തരത്തിലും ഊർജവും അര്‍ഥമാക്കുന്നു. ആകാശം എന്നതുകൊണ്ട് സ്പേസ് അല്ലെങ്കിൽ താമസിക്കാനുളള ഇടം എന്നാണ് ഉദ്ദേശിക്കുന്നത്.

നല്ല വെള്ളം വടക്കോട്ട് ഒഴുകണം എന്നാണ് പറയുന്നത്. വടക്കോ കിഴക്കോ ആയിരിക്കണം നല്ലവെള്ളം. അപ്പോൾ അഴുക്കുവെള്ളം ഇതിന്റെ എതിർദിശയിലേക്കായിരിക്കണം ഒഴുകേണ്ടത്. ഇതിന് ജ്യോതിശാസ്ത്രത്തെ കൂട്ടുപിടിച്ചു. പടിഞ്ഞാറിന്റെ അധിദേവത ശനിയാണ്. ശനി മാലിന്യവാഹകനാണ്.

കേരളത്തിന്റെ പ്രകൃതിനോക്കൂ. ചരിവ് പടിഞ്ഞാറോട്ടാണ്. അപ്പോൾ പടിഞ്ഞാറോട്ട് അഴുക്കുജലം ഒഴുക്കിവിട്ടാൽ അത് തിരിച്ചുവരും. ഇത്തരം കാര്യങ്ങൾ പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മാത്രമേ തിരിച്ചറിയാനും സാമാന്യചിന്ത അനുസരിച്ച് പ്രവര്‍ത്തിക്കാനും സാധിക്കൂ. ഭൂമിയിൽ വെള്ളമുണ്ടോ എന്നറിയാൻ വാസ്തുവിൽ ചില പ്രത്യേക അറിവുകളുണ്ട്. മുള, കറുകപ്പുല്ല് എന്നിവയെല്ലാം ഗ്രൗണ്ട് വാട്ടർ ഉളള സ്ഥലത്തു കാണാം എന്ന് വാസ്തു പറയുന്നു. 

കാറ്റിന്റെ ഗതിയും ഇപ്രകാരത്തിൽ വീടുകളുടെയും മുറികളുടെയും ക്രമീകരണത്തെ സ്വാധീനിച്ചിട്ടുണ്ട്. കേരളത്തിൽ തെക്കുപടിഞ്ഞാറുനിന്നാണ് കാറ്റ് വരുന്നത്. അതാണ് വടക്കുകിഴക്ക് ഭാഗത്ത് അടുക്കള വരണമെന്നു പറയുന്നത്. അടുക്കളയിലെ ഗന്ധങ്ങള്‍ ഒന്നും അകത്തെ മുറികളിലേക്കു വരില്ല.

വാസ്തുവും മരങ്ങളും 

മയമതത്തിന്റെ ആദ്യ ശ്ലോകംതന്നെ പറയുന്നത് വാസ്തു മർത്ത്യർക്കും ഉളളതാണ് എന്നാണ്. മർത്ത്യർ എന്നാൽ മരണം ഉളളവർ, മനുഷ്യൻ മാത്രമല്ല, പക്ഷിമൃഗാദികളും മരങ്ങളുമെല്ലാം മർത്ത്യരിൽ പെടും. അതുകൊണ്ടാണ് കന്നുകാലികൾക്ക് തൊഴുത്തുണ്ടാക്കുമ്പോഴും ആലിന് തറയുണ്ടാക്കുമ്പോഴുമെല്ലാം വാസ്തു പാലിക്കപ്പെടണം എന്ന് നിഷ്കർഷിക്കുന്നത്. 

ഗൃഹമണ്ഡലത്തിന്റെ അകത്ത് മരങ്ങൾ പാടില്ല എന്നതിനാൽ വീടിന്റെ സുരക്ഷ വലിയ പ്രശ്നമല്ല. അതിന്റെ പുറത്താണ് തൊടി. ഇവിടെ ഉപകാരമുളള മരങ്ങൾ വേണമെന്നതാണ് വാസ്തു അനുശാസിക്കുന്നത്. പൂക്കുന്ന മരങ്ങള്‍, ഫലവൃക്ഷങ്ങൾ, ഒൗഷധവൃക്ഷങ്ങൾ എന്നിവയാണിത്. ഇതുകൂടാതെതന്നെ ഉപകാരമുളള മരങ്ങൾ വേറെയുമുണ്ട്. നാൽപാമരങ്ങൾ ഗ്രാമത്തിന്റെ അതിര്‍ത്തിയിൽ നടണമെന്നാണ് പറയുന്നത്. ഇത്തരം മരങ്ങളെല്ലാം വീട്ടിൽ നിന്ന് വളരെ അകലെയാകണം. നക്ഷത്രങ്ങൾക്കനുസരിച്ച് മരം നടണമെന്ന വ്യവസ്ഥവന്നത് ഇത്തരം ഉപകാരമുളള മരങ്ങളെ സംരക്ഷിക്കാൻ കൂടിയാണ്.

ലേഖകൻ

വാസ്തുവിദഗ്ധൻ

കോഴിക്കോടുളള വാസ്തുവിദ്യാപ്രതിഷ്ഠാനത്തിന്റെ ഡയറക്ടറാണ് എൻജിനീയർ കൂടിയായ ഡോ.ബാലഗോപാല്‍ പ്രഭു.

Read More on Malayalam Astrology Vasthu News