ശരീരത്തിനും മനസ്സിനും പൂർണമായ സൗഖ്യം പ്രദാനം ചെയ്യുന്ന രീതിയിലുളള വാസസ്ഥലം സൃഷ്ടിക്കാനുളള തത്വങ്ങളും പ്രമാണങ്ങളുമാണ് വാസ്തുശാസ്ത്രം.
സൂര്യനാണ് ഈ ഭൂമിയുടെ നിലനില്പിന് ആധാരം. ഭൂമിയും സൂര്യനുമായുളള ബന്ധത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഇവിടെക്കാണുന്ന പ്രകൃതിയത്രയും. ഈ പ്രകൃതിയുടെ ഭാഗമാണ് നമ്മൾ മനുഷ്യര്‍. നമ്മുടെ സൗഖ്യാവസ്ഥ എന്നത് അയനങ്ങള്‍, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ എന്നിവയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ സൗരോർജം, സൂര്യന്റെയും ഭൂമിയുടെയും ഗതിവിഗതികൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് വാസ്തുശാസ്ത്രത്തിന്റെ തത്വങ്ങളും പ്രമാണങ്ങളും രൂപപ്പെട്ടിരിക്കുന്നത്.
ഇവിടെ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. അയനങ്ങൾ ആണ് കാലാവസ്ഥയെ സൃഷ്ടിക്കുന്നത്. കാലാവസ്ഥയാണ് ഒാരോ പ്രദേശത്തെയും സസ്യജന്തു വൈവിധ്യങ്ങൾക്ക് അടിസ്ഥാനം. ഭൂമിയുടെ ഒരോ കോണിലെയും ഭൂപ്രകൃതിയും സസ്യജന്തുജാലങ്ങളും മനുഷ്യരും വേറിട്ടതാകാനുളള കാരണവുമിതാണ്. ഒാരോ ഭൂവിഭാഗത്തിന്റെയും പ്രത്യേകതകൾ, ചരിവുകള്‍, നിമ്നോന്നതങ്ങൾ, ഊർജവ്യതിയാനങ്ങൾ എന്നിവയൊക്കെ മനുഷ്യന്റെ പ്രകൃതത്തെ സ്വാധീനിക്കും. ഇത് പൂർണമായും ഉൾക്കൊണ്ട് സൂര്യന്റെ വിവിധ ഭാവങ്ങളെ അടിസ്ഥാനമാക്കിയാണ് വാസ്തുമണ്ഡലത്തിലെ ദേവതാവിന്യാസം രൂപപ്പെടുത്തിയിരിക്കുന്നത്. (വാസ്തുവിധിപ്രകാരമുളള ഗൃഹകല്‍പനയുടെ അടിസ്ഥാനമാണ് വാസ്തുമണ്ഡലം).
സൂര്യന്റെ പ്രകാശം സ്വീകരിച്ച് സസ്യങ്ങളുണ്ടാവുകയും ആ സസ്യങ്ങളെ ആഹരിച്ച് ജീവജാലങ്ങളുണ്ടാവുകയും അവയെ ആശ്രയിച്ച് മനുഷ്യൻ നിലകൊളളുകയും ചെയ്യുന്ന സംവിധാനമാണ് ഈ ഭൂമിയിലുളളത്. സ്വാഭാവികമായും മനുഷ്യൻ താമസിക്കുന്ന വാസസ്ഥലം ഒരുക്കുന്നതും സൂര്യനെയും അതിന്റെ ഊർജത്തെയും ഫലപ്രദമായി സ്വീകരിക്കാൻ പ്രാപ്തിയുളള രീതിയിലായിരിക്കണം. അപ്പോഴാണ് സൗഖ്യം ലഭിക്കുക. വാസ്തുശാസ്ത്ര കാഴ്ചപ്പാടിൽ സൗഖ്യമെന്നത് കേവലം ശാരീരികമായ ആരോഗ്യം മാത്രമല്ല, മാനസികമായ സൗഖ്യാവസ്ഥയും ഏറെ പ്രധാനമാണ്. പ്രകൃതിയുമായുളള സമരസപ്പെടലിലൂടെയാണ് ഇത് സാധ്യമാകുന്നത്. പ്രകൃതിയിൽ നിന്ന് മാറ്റിനിർത്തിയല്ല, പ്രകൃതിയുടെ ഭാഗമായിത്തന്നെ ആവാസവ്യവവസ്ഥ ഒരുക്കുന്ന സമീപനമാണ് വാസ്തുവിദ്യ വിഭാവനം ചെയ്യുന്നത്.
ലക്ഷ്യം പരമമായ ആനന്ദം
ഭാരതീയ ചിന്താധാരപ്രകാരം നമ്മുടെ പ്രവർത്തികൾക്ക് ആധാരം കർമ്മേന്ദ്രിയങ്ങളാണ്. കർമ്മേന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതാകട്ടെ ജ്‍ഞാനേന്ദ്രിയങ്ങളും. ജ്ഞാനേന്ദ്രിയങ്ങൾക്ക് കരുത്ത് പകരുന്നത് പ്രാണനാണ്. പ്രാണന്റെ തുടർച്ചയാണ് മനസ്സ്, ചിന്തകൾ മനസ്സിൽനിന്ന് പുറപ്പെടുന്നതാണ് ഭാരതീയ സങ്കൽപം. ബുദ്ധിയുപയോഗിച്ചാണ് മനസ്സിനെ യഥാവിഥി ചലിപ്പിക്കേണ്ടത്. അതിന് മനസ്സിനു മുകളിലെ ചിത്തം ശുദ്ധമാകണം. അതിലെ വിരോധങ്ങൾ ഇല്ലാതാകുമ്പോഴാണ് യോഗം സാധ്യമാകുക. പ്രകൃതിയുമായി ലീനമായ അവസ്ഥയാണ് യോഗം. ഏറ്റവും ശാന്തമായ അവസ്ഥ. ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും അത്യാവശ്യം ശാന്തിയാണ്. ശാന്തിയിലേക്ക് മനസ്സിനെ എത്തിക്കുന്ന പരമപ്രധാനമായ ഉപാധിയാണ് അവന്റെ വാസസ്ഥലം. വാസ്തു അടക്കം എല്ലാ ഭാരതീയശാസ്ത്രശാഖകളും വാഴികാട്ടുന്നത് ഈ പരമമായ ശാന്തിയിലേക്കാണ്. ശാന്തിയിലൂടെ ആനന്ദം അറിയുക. ആനന്ദം അനുഭൂതി തലത്തിൽ അനുഭവിക്കുക. പൂർണത ആസ്വദിക്കുക. ഇതൊക്കെയാണ് വാസ്തുവിന്റെ പരമമായ ലക്ഷ്യം. സന്തോഷം എന്ന വാക്കല്ല ഇവിടെ ഉപയോഗിച്ചിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. താൻ മാത്രമല്ല, തനിക്കു ചുറ്റുമുളള എല്ലാവരും സംതൃപ്തരായിരിക്കണം. അപ്പോഴേ ശാന്തി അനുഭവവേദ്യമാകൂ. അത്ര ഉത്കൃഷ്ടമായ കാഴ്ചപ്പാടാണ് വാസ്തു വിഭാവനം ചെയ്യുന്നത്. അടിസ്ഥാനപരമായി ഇതാണ് വാസ്തുവിന്റെ നന്മയും.
ഇതിനു വിപരീതമായി മനുഷ്യന്റെ രോഗാവസ്ഥയ്ക്ക് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഉളളത്. ഭക്ഷണം , വാസസ്ഥലം, പൂർവികാര്‍ജിത പ്രാരാബ്ധം എന്നിങ്ങനെ, ഇതിൽ വാസസ്ഥലത്തിന്റെ പരാധീനതകൊണ്ടുളള രോഗാവസ്ഥ ഒഴിവാക്കാന്‍ ഗൃഹനിർമിതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് വാസ്തുശാസ്ത്രം നിര്‍ദേശിക്കുന്നത്.
കാവ് പ്രാണന്റെ ഉറവിടം
സർവചരാചാരങ്ങളെയും ഒരേപോലെ ശാന്തിയിലേക്ക് നയിക്കുന്ന വാസ്തുവിന്റെ ജീവഭാവത്തിന് ഉത്തമ ഉദാഹരണമാണ് വീടിനോട് ചേർന്നുളള കാവ്. നാഗാരാധനയ്ക്കുളള ഇടം എന്നതിനപ്പുറം ജൈവവൈവിധ്യത്താൽ സമ്പന്നമായ പ്രാണന്റെ ഉറവിടമാണത്. വീടിന്റെ വടക്കുകിഴക്കോ തെക്കുപടിഞ്ഞാറോ ഭാഗത്താണ് സാധാരണരീതിയിൽ കാവ് പ്രതിഷ്ഠിക്കുന്നത്. പുഷ്ടി വർധനവും പ്രാണവർധനവുമാണ് കാവിനെ ആചരിക്കുന്നതിന്റെ ലക്ഷ്യം.
സാധാരണ കൂട്ടുകുടുംബങ്ങളിൽ ഒാരോരുത്തരുടെയും നക്ഷത്രമനുസരിച്ചുളള മരങ്ങൾ നടുന്നതോടെതന്നെ അവിടം ജൈവവൈവിധ്യത്താൽ സമ്പന്നമാകും. ഇത്രയധികം മരങ്ങൾ വരുന്നതോടെ അന്തരീക്ഷത്തിൽ പ്രാണവായു നിറയും. തണലും തണുപ്പുമൊക്കെയായി പ്രാണപ്രവാഹം നൽകുന്നവയാണ് കാവുകള്‍.
ഈ സൂചിപ്പിച്ച പ്രാണോർജവുമായി ബന്ധപ്പെട്ടാണ് വാസ്തുവിദ്യയിലെ കണക്കുകളും തത്വങ്ങളും രൂപപ്പെട്ടിരിക്കുന്നത്. ഫലഭൂയിഷ്ഠമായ മണ്ണില്‍ വേണം വീട് പണിയേണ്ടത് എന്ന് പറയുന്നതിന്റെ അടിസ്ഥാന കാരണമതാണ്. ഭൂമിയുടെ ഊർവരതയാണ് ഗൃഹത്തിന് ആധാരം. അശുഭകരമായ ഊർജം നിറഞ്ഞ ഭൂമിയാണെങ്കില്‍ അതിനെ ശുദ്ധീകരിച്ചു വേണം ഗൃഹനിർമാണം ആരംഭിക്കാൻ. വിത്തു വിതച്ചും പശുവിനെക്കൊണ്ട് ആഹാരിപ്പിച്ചുമൊക്കെ ഭൂമിയെ ശുദ്ധീകരിക്കാം.
അളവുകൾ പ്രധാനം
ഗൃഹത്തിന്റെ സ്ഥാനം, ആകൃതി, ദർശനം എന്നിവ കൂടാതെ അതിനുളളിലെ മുറികളുടെ വിന്യാസം, അളവുകൾ എന്നിവയെപ്പറ്റിയെല്ലാം കൃത്യമായ നിയമങ്ങള്‍ വാസ്തു ശാസ്ത്രത്തിലുണ്ട്. പ്രകൃതിയുടെയും കാലാവസ്ഥയുടെയും മാത്രമല്ല. പ്രസ്തുത ഗൃഹത്തിൽ വസിക്കുന്നവരുടെയും സവിശേഷതകൾ സൂക്ഷ്മാംശത്തിൽ ഉൾക്കൊണ്ട് രൂപീകൃതമായതാണ് ഈ നിയമങ്ങളെല്ലാം.
ഗൃഹത്തിന്റെ ആവശ്യമായ അളവുകൾ കണ്ടെത്തുന്ന രീതിതന്നെ ഇത് വ്യക്തമാക്കും. വാസ്തുപ്രകാരം രണ്ട് രീതിയിൽ വീടിന്റെ അളവുകൾ കണ്ടെത്താം. ഗൃഹനാഥന്റെ ശരീരത്തിലെ അവയവങ്ങളുടെ അളവുകളെ അടിസ്ഥാനമായി പരിഗണിക്കുകയാണ് ഒന്ന്. ഗൃഹം പണിയേണ്ട ഭൂമിയിൽ ഞവര നെല്ലെറിഞ്ഞ് മുളപ്പിച്ച് അതിലെ നെന്മണികളുടെ വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ അളവുകള സ്വീകരിക്കുകയാണ് രണ്ടാമത്തേത്. മണ്ണിന്റെ ഊർവരത, വായു, സൂര്യപ്രകാശം എന്നിവയെല്ലാമാണ് ധാന്യത്തിന്റെ വലുപ്പത്തെ സ്വാധീനിക്കുക. ഈ ഘടകങ്ങളെല്ലാം തന്നെ പ്രത്യക്ഷമായും പരോക്ഷമായും മനുഷ്യനെയും സ്വാധീനിക്കുമെന്നോർക്കണം. ഒരോരുത്തരുടെയും തനിമയെ സൂക്ഷ്മമായ തലത്തിൽപോലും ഉൾക്കൊള്ളുന്ന നിർമാണ ശാസ്ത്രമാണ് വാസ്തു.
സ്ഥാനം സൂക്ഷ്മതയോടെ
ഭൗമോപരിതലത്തിലെ ഊർജപ്രവാഹങ്ങളും കാലാവസ്ഥാ ഘടകങ്ങളും അടിസ്ഥാനമാക്കിയാണ് മുറികളുടെ സ്ഥാനം രൂപപ്പെട്ടിരിക്കുന്നത്. തെക്കുപടിഞ്ഞാറുനിന്നും വടക്കുകിഴക്കേക്ക് ഒഴുകുന്ന അദൃശ്യമായ ബലത്തിനെയാണ് വാസ്തുശാസ്ത്രത്തിലെ വാസ്തുപുരുഷ സങ്കൽപം വ്യക്തമാക്കുന്നത്. ഈ ശക്തിയുടെ ആദ്യവും അന്ത്യവും വളരെ പവിത്രമാകയാൽ ഇവിടെ പൂജാമുറി പോലെയുളള സങ്കേതങ്ങൾ നിർദേശിക്കപ്പെടുന്നു. ഇവിടെ വിളക്കു കത്തിക്കുകയോ പ്രാർഥന, ധ്യാനം മുതലായവ നിർവഹിക്കുകയോ ചെയ്താൽ ഇത് മനസ്സിന് അധികഗുണം പ്രദാനം ചെയ്യും. സഹസ്രാര സ്ഥാനമായ വടക്കികിഴക്ക് അടുക്കള നൽകുന്നതും മൂലാധാര സ്ഥാനമായ തെക്കുപടിഞ്ഞാറ് അടുക്കള നൽകാത്തതും ഇതുകൊണ്ടാണ്.
വാസ്തുശാസ്ത്രപ്രകാരം വീടിന്റെ തെക്കുഭാഗത്തും പടിഞ്ഞാറുഭാഗത്തുമാണ് പൊതുവെ കിടപ്പുമുറികൾ നൽകുന്നത്. ഇതിന്റെ കാരണം അറിയുമ്പോഴാണ് വാസ്തുപ്രമാണങ്ങളുടെ ശാസ്ത്രീയ അടിത്തറ എത്രമാത്രം വിപുലമാണെന്ന് ബോധ്യമാവുക. പ്രത്യേകരീതിയിലുളള ഊർജവിന്യാസമാണ് തെക്കും പടിഞ്ഞാറും അനുഭവപ്പെടുക. നിദ്രയ്ക്കാണ് ഈ ഊർജക്രമം അനുയോജ്യം.
വാസ്തുപ്രകാരം മുറികള്‍ക്ക് ചില അളവുകള്‍ ഹിതകരമല്ല. അതിനെയാണ് ‘മരണച്ചുറ്റ്’ എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരത്തിലുളള അളവില്‍ നിർമിച്ച മുറിയിൽ കഴിഞ്ഞാൽ മരണം സംഭവിക്കുമെന്നല്ല ഇതിനർഥം. എന്നാൽ, ശ്രഷ്ഠമായ അളവുകൾ നൽകുന്ന ഉന്മേഷവും ഊർജവും ഇതിനു പ്രദാനം ചെയ്യാനാവില്ല.
തെറ്റായ രീതിയിൽ സംവിധാനം ചെയ്ത ഗൃഹത്തിലുളള താമസം ആദ്യം മനസ്സിനെയും പ്രാണനെയും ബാധിക്കുകയും കാലക്രമേണ അതിന്റെ പ്രതിഫലനങ്ങൾ ശരീരത്തിൽ ദൃശ്യമാവുകയും ചെയ്യും വാസസ്ഥലം കർമവാസനയെ സ്വാധീനിക്കുമെന്ന കാര്യത്തിലും തർക്കമില്ല. കർമങ്ങളാണ് ഒരുവന്റെ ഭാവിയെ നിശ്ചയിക്കുന്നത് എന്ന കാര്യവും ഒാർക്കാം. പ്രകൃതിയെയും അതിന്റെ ഊർജഭാവങ്ങളെയുമറിഞ്ഞ് അതിന്റെ ഭാഗമായിത്തന്നെ ജീവിക്കാനുളള ആഹ്വാനമല്ലാതെ മറ്റൊന്നുമല്ല വാസ്തു.
ലേഖകൻ
വാസ്തുശാസ്ത്ര ഗവേഷകൻ
വാസ്തുവിദ്യ, ക്ഷേത്രവിധാനം, മയമതം (പരിഭാഷ) തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവ്. വാസ്തുവിദ്യയുടെ പ്രചരണത്തിനായുളള കല്പതരു ഫൗണ്ടേഷന്റെ ഡയറക്ടർ.
Read More on Vasthu, Dream Home