ശുഭസമയേ ഗൃഹാരംഭം
ഗൃഹാരംഭത്തിനും എന്തുകൊണ്ടും അനുയോജ്യമാണ് പൊന്നിൻചിങ്ങം. തറക്കല്ലിടലും പാലുകാച്ചലുമൊക്കെ ചിങ്ങത്തിൽ നടത്തുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. ഈ ചടങ്ങുകളുടെ വാസ്തുശാസ്ത്രപരമായ പ്രത്യേകതകളും ചിട്ടവട്ടങ്ങളും അറിയാം.
കല്ലിട്ട് നിർമാണം തുടങ്ങാം
കോൺ രാശികളായ മീനം, കന്നി, ധനു, മിഥുനം എന്നിവയും കർക്കടകവും കല്ലിടലിന് തിരഞ്ഞെടുക്കാറില്ല. ഗൃഹനാഥന്റെ ജന്മനാൾ അടിസ്ഥാനമാക്കി ജ്യോതിഷശാസ്ത്രപരമാണ് കല്ലിടലിനുളള മുഹൂർത്തം കാണേണ്ടത്. ജന്മമാസം കല്ലിടലിന് അനുയോജ്യമല്ല. ഗൃഹനാഥ ഗർഭിണിയായിരിക്കുന്ന അവസ്ഥയിലും കല്ലിടൽ നടത്താറില്ല.
തലേദിവസം വാസ്തുബലി പൂർത്തിയാക്കി സൂര്യോദയത്തിനു മുമ്പ് ഗണപതിഹോമം നടത്തിയശേഷം ശിലാന്യാസം നടത്തുന്നതാണ് ഉത്തമം. സമചതുരാകൃതിയിലോ ദീർഘചതുരാകൃതിയിലോ ചെത്തിയെടുത്ത കല്ലാണ് അടിസ്ഥാനശിലയായി ഉപയോഗിക്കുക. കല്ല് മുമ്പ് ഉപയോഗിച്ചതാകരുത്. അടിസ്ഥാനശിലയുടെ മധ്യത്തിൽ രണ്ട് അംഗുലം താഴ്ചയിൽ കുഴിയെടുത്ത് അതിൽ രത്നമോ സ്വർണശകലങ്ങളോ പഞ്ചലോഹങ്ങളിൽ ഏതെങ്കിലുമോ നിക്ഷേപിക്കുന്ന പതിവുണ്ട്.
വീടിന്റെ തെക്കുപടിഞ്ഞാറ് കന്നിമൂല അഥവാ നിര്യതികോണിലോ ഉദയരാശിയുടെ പത്താംരാശിയിലോ കല്ലിടാം. വീടുമായി അടുത്ത് ബന്ധപ്പെട്ട 16 വയസിനും 60 വയസിനും ഇടയിൽ പ്രായമുളള പുരുഷൻ കല്ലിടുന്നതാണ് അഭിലഷണീയം. ഉച്ചയ്ക്ക് മുമ്പാണെങ്കില്‍ കിഴക്ക് അഭിമുഖമായും നിന്ന് വേണം കല്ലിടാൻ. നിലവിളക്ക് തെളിയിച്ചശേഷം കല്ലിടുന്നതാണ് ഐശ്വര്യപ്രദം.
ദക്ഷിണ നൽകി പ്രവേശനം
സ്ഥപതിയിൽ നിന്ന് വീട് ഏറ്റുവാങ്ങുന്ന ചടങ്ങോടെയാണ് ഗൃഹപ്രവേശത്തിന് തുടക്കം. പാലുകാച്ചലിന്റെ തലേദിവസം താക്കോൽ ഏറ്റുവാങ്ങുന്നതാണ് സാധാരണ പിന്തുടരുന്ന രീതി. ആർക്കിടെക്ട്, എൻജിനീയർ, തച്ചൻ, മേസ്തിരി, പണിക്കാർ തുടങ്ങി സ്ഥപത്യാദി ചതുഷ്ടയത്തിന് ദക്ഷിണ സമർപ്പിച്ച ശേഷം വേണം താക്കോൽ ഏറ്റുവാങ്ങാന്‍. വസ്ത്രം, അന്നം, ധനം എന്നിവയൊക്കെ ദക്ഷിണയായി നൽകാം. കഴുകി വെടിപ്പാക്കിയ വീടാണ് സ്ഥപതി ഗൃഹനാഥനെ ഏൽപ്പിക്കേണ്ടത്.
വീട് ഏറ്റുവാങ്ങിയശേഷം വാസ്തുബലിപൂജ നടത്താം. 53 ദേവതകളെയും പ്രീതിപ്പെടുത്തുകയാണ് വാസ്തുബലിയുടെ ലക്ഷ്യം. വാസ്തുബലിക്കുശേഷം വീട് അടച്ചാൽ പിന്നെ ഗൃഹപ്രവേശ സമയത്തേ ഗൃഹനാഥനും കുടുംബവും വീടിനുളളിൽ പ്രവേശിക്കാറുളളൂ. വാസ്തുപൂജയ്ക്കുശേഷം സ്ഥപതിയുടെയോ കാർമികന്റെയോ നേതൃത്വത്തിൽ വീടിനുളളിൽ ധൂപം നിറയ്ക്കുന്നതും വെളുത്തപുഷ്പങ്ങളും കടുകും വിതറി വാതിലുകളിലും ജനലുകളിലും ചന്ദനം ചാർത്തുന്നതും പതിവാണ്. വീടിനുൾഭാഗം ശുദ്ധീകരിക്കുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
ശുഭമുഹുർത്തത്തിലായിരിക്കണം ഗൃഹപ്രവേശവും പാലുകാച്ചലും. പുലര്‍ച്ചെയുളള ഗണപതിപൂജ, വിഷ്ണുപൂജ എന്നിവയോടെയാണ് ചടങ്ങുകളുടെ തുടക്കം. പൂജാശേഷം വീടിന് ഒന്നോ മൂന്നോ വലംവച്ച് വലതുകാൽവച്ച് വീടിനുളളിലേക്ക് പ്രവേശിക്കാം. വീടിനുളളിലേക്ക് കയറുമ്പോള്‍ നിറപറയും തെങ്ങിൻപൂക്കുലയും കത്തിച്ച നിലവിളക്കും കണികാണുന്ന രീതിയിൽ ഒരുക്കിവയ്ക്കുന്ന പതിവുണ്ട്.
ജലം നിറച്ച മൺകുടം, കത്തിച്ച നിലവിളക്ക്, അഷ്ടമംഗല്യം, ഇഷ്ടദേവതാചിത്രം എന്നിവയോടൊപ്പം വേണം ഗൃഹനാഥനും പത്നിയും പുത്രകളത്രാദികളും വീടിനുളളിൽ പ്രവേശിക്കാൻ. ദേവതാവിഗ്രഹം പൂജാമുറിയിൽവച്ച് പ്രാർഥിച്ചശേഷം പാലുകാച്ചൽ ചടങ്ങ് ആരംഭിക്കാം. മൺകലമോ ഒാട്ടുപാത്രമോ ആണ് പാലുകാച്ചലിന് ഉപയോഗിക്കുക. രാവിലെ ഗണപതിപൂജ നടത്തിയ ഹോമകുണ്ഠത്തിൽ നിന്നുളള അഗ്നി കൊണ്ട് അടുപ്പ് കത്തിക്കുന്നതാണ് ഉത്തമം. ഗൃഹനാഥ കിഴക്ക് അഭിമുഖമായി നിന്ന് അടുപ്പ് കത്തിച്ച് പാൽ തിളപ്പിക്കാം. അതാത് ദേശത്തെ ആചാരം അനുസരിച്ച് പാൽ തിളച്ചുതൂകാൻ അനുവദിക്കുകയോ അതിനുമുമ്പ് വാങ്ങിവയ്ക്കുകയോ ചെയ്യാം.
അന്നം വിതരണം ചെയ്ത് ചടങ്ങ് പൂർത്തിയാക്കാം. പാലുകാച്ചലിന് ഉപയോഗിച്ച പാലും അതിഥികൾക്ക് നൽകാം.
Read More on Vasthu