വീടിനു ദോഷമെങ്കിൽ മരം മുറിക്കാം

എന്റെ വസ്തുവിന്റെ വടക്കുപടിഞ്ഞാറെ മൂലയിൽ അടുത്ത വസ്തുവിലായി ഒരു സർപ്പഗന്ധി മരം നിൽപുണ്ട്. എന്റെ മതിലും പൊട്ടിച്ച് ഇതു വളർന്നുകൊണ്ടിരിക്കുന്നു. കൂടാതെ, വർഷത്തിൽ രണ്ടു പ്രാവശ്യമുള്ള ഇലപൊഴിച്ചിലും കായ്പൊഴിച്ചിലും എൺപതു ശതമാനവും എന്റെ പറമ്പിലാണ്. ഇതുമൂലം വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു. യാതൊരു പ്രയോജനവുമില്ലാത്ത, മറ്റുള്ളവർക്കു ശല്യമായ ഈ മരം മുറിച്ചുമാറ്റാൻ ഉടമയോടു പറഞ്ഞപ്പോൾ അവർ ഏതോ ജ്യോതിഷിയോട് അഭിപ്രായം തേടി. ചെലവേറിയ പൂജാകർമങ്ങൾ പരിഹാരമായി ചെയ്തശേഷം മരം മുറിക്കാനാണ് ജ്യോതിഷി നിർദേശിച്ചത്. എന്നാൽ അത്രയും ഭാരിച്ച ചെലവുവഹിക്കാൻ അവർക്കു ബുദ്ധിമുട്ടാണെന്നു പറഞ്ഞു മരം മുറിക്കാൻ കൂട്ടാക്കുന്നില്ല. ഈ മരം വെട്ടിമാറ്റുന്നതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ? ചെലവു കുറഞ്ഞ മറ്റെന്തെങ്കിലും പരിഹാരം ചെയ്ത് ഇത് വെട്ടാൻ പറ്റുമെന്നുണ്ടെങ്കിൽ ആഴ്ചപ്പതിപ്പിൽ കൂടി അറിയിച്ചാൽ എനിക്ക് അവരേയും ബോധ്യപ്പെടുത്താമല്ലോ.

ഇത് അങ്ങയുടെ മാത്രം പ്രശ്നമല്ല. നമ്മുടെ പൂർവികർ നല്ല കാര്യങ്ങൾക്കായി രേഖപ്പെടുത്തിയിട്ടുള്ള ചില നിർദേശങ്ങൾ തെറ്റായാണ് ഇന്ന് ഉപയോഗിക്കുന്നത്.

പ്രകൃതിസംരക്ഷണത്തിനും വൃക്ഷപരിപാലനത്തിനുമായി സംരക്ഷിക്കപ്പെടണം എന്ന ചിന്തയിൽ ചില വൃക്ഷങ്ങൾ മുറിക്കുന്നതിനു നിബന്ധനകൾ വച്ചിട്ടുണ്ട്. അതിനിടയിൽ പൂജയും ഹോമവും കുത്തിത്തിരുകി ചിലർ പണമുണ്ടാക്കാൻ ശ്രമിക്കുകയാണ്. സർപ്പഗന്ധി നല്ല ഔഷധഗുണമുള്ള വൃക്ഷമാണ്. ഇതിന്റെ വേരിനു സർപ്പത്തിന്റെ ഗന്ധമുണ്ടെന്നതിന്റെ തോന്നലിലാണ് ഇതിന് സർപ്പഗന്ധി എന്ന പേരു ലഭിച്ചത്. രക്തസമ്മർദം കുറയ്ക്കുന്നതിനും അപസ്മാരം, കുടൽരോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്കും ആയുർവേദത്തിൽ ഉപയോഗിക്കുന്നു.

താമസിക്കുന്ന ഭവനത്തിനു ഭീഷണിയായാൽ സ്വർണം കായ്ക്കുന്ന മരമായാലും മുറിക്കാം. ധൈര്യമായി അതു മുറിക്കാമെന്ന് അയൽവാസിയോടു പറയുക. പകരം വ്യത്യസ്തമായ അഞ്ചു വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കാൻ നിർദേശിക്കുക.