എല്ലാ മനുഷ്യരുടെയും മനോഹര സ്വപ്നമാണല്ലോ ചെറുതായാലും വലുതായാലും മനോഹരമായ വീടും അവിടെ സന്തോഷത്തോടും സമാധാനത്തോടും കൂടെ ജീവിക്കുകയെന്നത്. ആ സ്വപ്നങ്ങൾ പൂവണിയുന്നതിനായി വാസ്തുശാസ്ത്രമനുസരിച്ച് വീടുകൾ നിർമ്മിക്കാം. അങ്ങനെ നിർമ്മിച്ച വീടുകളിൽ വസിക്കുന്നവർക്ക് അഷ്ടൈശ്വര്യങ്ങളും ഉണ്ടാകുന്നതാണ്.
ഭൂമി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ
വാസ്തുശാസ്ത്രത്തിൽ ഗൃഹത്തിന്റെ വടക്ക് ഭാഗവും കിഴക്ക് ഭാഗവും മറ്റുള്ള വശങ്ങളെ അപേക്ഷിച്ച് ഉയർന്നിരിക്കരുത്. കിഴക്കും വടക്കും താഴ്ന്നതും തെക്കും പടിഞ്ഞാറും ഉയർന്ന തുമായ ഭൂമിയാണ് ഗൃഹ നിർമ്മിതിക്കു നല്ലത്. ഇങ്ങനെയുള്ള ഭൂമിയിൽ ഗൃഹം നിർമ്മിച്ചാൽ അവിടെ വസിക്കുന്നവർക്ക് സന്തോഷവും സമൃദ്ധിയും ലഭിക്കുമെന്ന് വാസ്തു ശാസ്ത്ര ത്തിൽ പറയുന്നു. ഓരോ ദിക്കിനും ഓരോ അധിപന്മാരുണ്ട്. ദിക്കുകൾക്ക് ക്രമഭംഗം വരുത്താതെ വാസ്തുശാസ്ത്രപരമായി ഗൃഹം നിർമ്മിച്ചാൽ അവിടെ വസിക്കുന്നവർക്ക് ആ ദിക്കുക ളുടെ അധിപന്മാർ എല്ലാവിധ അനുഗ്രഹങ്ങളും നൽകുന്നതാണ്.
അറിവിന്റെയും ആരോഗ്യത്തിന്റെയും കിഴക്ക്
ഉദയസൂര്യന്റെ കിരണങ്ങൾ ആദ്യം പതിയുന്നത് കിഴക്ക് ഭാഗത്താണ്. കിഴക്കിന്റെ അധിപൻ ഇന്ദ്രനാണ്. മഴയുടെ ദേവനായിട്ടാണ് ഇന്ദ്രനെ പുരാണങ്ങളിൽ പറയുന്നത്. സർവ്വജീവജാലങ്ങൾക്കും ജലം അത്യാവശ്യമാണല്ലോ. ഇന്ദ്രൻ അറിവും ആരോഗ്യവും പ്രശസ്തിയും നൽകുന്നു. വിദ്യാഭ്യാസത്തിൽ ഉയർച്ച നേടുന്നതിന് കിഴക്ക് ഭാഗം നല്ലതാണ്. കിഴക്കോട്ട് നോക്കി പഠിക്കുന്നത് വളരെ നല്ലതാണ്. വിജയത്തിന്റെ ദിക്കാണ് കിഴക്ക്. കിഴക്ക് ഭാഗത്തേക്ക് ചെരിവുള്ള , കിഴക്കിന് ക്രമഭംഗം വരാതെയുള്ള ഗൃഹത്തിൽ വസിക്കുന്നവർക്ക് കിഴക്കിന്റെ അധിപനായ ഇന്ദ്രൻ അറിവും ആരോഗ്യവും പ്രശസ്തിയും നൽകുന്നു.
സമ്പത്തിന്റെ വടക്ക്
വടക്കിന്റെ അധിപൻ കുബേരനാണ്. സമ്പത്തിന്റെ ദേവനാണ് കുബേരൻ. വടക്ക് ദിക്ക് താഴ്ന്നിരിക്കുന്നതും വടക്കിന് ക്രമഭംഗം വരാതെയുള്ള ഗൃഹത്തിൽ താമസിക്കുന്നവർക്ക് കുബേരൻ സമ്പത്തും സൗഭാഗ്യവും നൽകി അനുഗ്രഹിക്കുന്നു.
ദൈവികം വടക്ക്–കിഴക്ക്
വടക്ക് കിഴക്കിന്റെ അധിപൻ ശിവനാണ്. വടക്ക് കിഴക്ക് ഭാഗവും താഴ്ന്നിരിക്കേണ്ടതാണ്. ഈശാന കോൺ എന്നാണ് വടക്ക് കിഴക്കിനെ പറയുന്നത്. ഈശ്വരന്റെ ദിക്കാണിത്. ശിവഭഗവാനെ ശംഭോ എന്നും വിളിക്കാറുണ്ട്. ശംഭോ എന്നാൽ സുഖത്തെ പ്രദാനം ചെയ്യുന്നവൻ എന്നാണ് അർഥം. വടക്ക്–കിഴക്ക് ഭാഗത്തേക്ക് ചെരിവുള്ളതും വടക്ക് കിഴക്കിന് ക്രമഭംഗം വരുത്താതെയും നിർമ്മിച്ചിട്ടുള്ള ഗൃഹത്തിൽ വസിക്കുന്നവർക്ക് ശിവഭഗവാൻ എല്ലാ സുഖങ്ങളും നൽകുന്നു. വടക്ക്–കിഴക്ക് കിണർ, ഭൂമിക്കടിയിലുള്ള ജലസംഭരണികൾ ഇവ നിർമ്മിക്കുന്നത് നല്ലതാണ്. വടക്ക്–കിഴക്ക് ചെറിയ കുളം നിർമ്മിച്ച് അതിൽ താമര വളർത്തുന്നത് വാസ്തു ശാസ്ത്രപരമായി നല്ലതാണ്.
Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions