വീടിന്റെ തെക്കു കിഴക്കേമൂലയാണ് അഗ്നികോൺ എന്ന് അറിയപ്പെടുന്നത്. അഷ്ടദിക് പാലകരിൽ ഒരാളായ അഗ്‌നിദേവനാണ് ഈ ദിക്കിന്റെ ആധിപത്യം. അതിനാൽ അഗ്നിദേവനെ പ്രീതിപ്പെടുത്തിയാൽ സത്‌ഫലങ്ങൾ വന്നുചേരുമെന്നാണ് വിശ്വാസം. എല്ലാത്തിനെയും ശുദ്ധീകരിക്കാനുള്ള കഴിവ് അഗ്നിക്കുണ്ട്. അഗ്നിദേവൻ ക്ഷിപ്രകോപിയായതിനാൽ അഗ്നികോണിലുണ്ടാവുന്ന ഒരു ചെറിയ പിഴവുപോലും ദോഷത്തിന് കാരണമാവും. അഗ്നികോണിലുള്ള അപാകതകൾ കുടുംബജീവിതത്തെ ദുരിതപൂർണമാക്കും.
ഊർജ്ജദായകനായ സൂര്യദേവന്റെ കിരണങ്ങൾ നേരിട്ട് പതിക്കുന്ന രീതിയിലാവണം അടുക്കളനിർമ്മാണം എന്ന് വാസ്തു ശാസ്ത്രത്തിൽ പറയുന്നു. അപ്രകാരം അടുക്കളയ്ക്ക് വടക്കുകിഴക്കേമൂലയോ തെക്കുകിഴക്കേമൂലയോ അഭികാമ്യമാണ്. അഗ്നിയുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ അഗ്നികോണിൽ അടുക്കള നിർമ്മിക്കുന്നത് ഉത്തമമാണ്. അഗ്നികോണിലുള്ള അടുക്കളയിൽ സിങ്കിന്റെ സ്ഥാനം അടുക്കളയുടെ വടക്കുഭാഗത്തായിരിക്കണമെന്ന് മാത്രം. കാരണം അഗ്നികോണിൽ ജലസാമീപ്യം ഉണ്ടാവുന്നത് കുടുംബാംഗങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.അടുക്കളയിൽ കിഴക്കോട്ട് സൂര്യനഭിമുഖമായി നിന്ന് വേണം പാചകം ചെയ്യാൻ .
വീടിന്റെ കോണുകളിൽ കുളിമുറി പാടില്ല. അതിനാൽത്തന്നെ അഗ്നികോൺ ഭാഗത്തെ മുറിയിൽ കോൺ ഒഴിവാക്കി കുളിമുറി നിർമ്മിക്കാവുന്നതാണ്. ഈ ഭാഗത്തെ മുറി ദമ്പതികൾ ഒഴിവാക്കുന്നതാണ് നന്ന്. തെക്കു കിഴക്കേമൂല പൂജാമുറിക്ക് അനുയോജ്യമല്ല. സെപ്റ്റിക്ടാങ്ക് , മഴവെള്ളസംഭരണി, വാട്ടർടാങ്ക് ഇവയൊന്നും ഈ ഭാഗത്ത് പാടില്ല. അഗ്നികോണിനെ വേണ്ടരീതിയിൽ പരിപാലിച്ചാൽ പല വിധത്തിലുള്ള കഷ്ട നഷ്ടങ്ങൾ ഇല്ലാതാക്കാൻ കഴിയുമെന്നാണ് വിശ്വാസം.