സ്ഥലത്തിന്റെ വില അടിക്കടി കൂടിവരുന്ന ഈ കാലഘട്ടത്തിൽ ചെറിയ പ്ലോട്ടിൽ വീടുവയ്ക്കുവാനാണ് മിക്കവരും ആഗ്രഹിക്കുന്നത്. സ്ഥലപരിമിതിക്കുള്ളിൽ സ്വപ്നഭവനം കെട്ടിപ്പടുക്കാൻ ഇരുനില വീടുകളാണ് മിക്കവരും തിരഞ്ഞെടുക്കുന്നത്. വാസ്തുശാസ്ത്രപ്രകാരം ഇരുനിലവീട് നിർമ്മിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.
മുകളിലത്തെ നിലയിൽ താഴത്തെ നിലയെ അപേക്ഷിച്ച് വാതിലുകളുടെയും ജനലുകളുടെയും എണ്ണം കുറവായിരിക്കണം. ഒരിക്കലും തുല്യ എണ്ണമാവാനും പാടില്ല. താഴത്തെനിലയെക്കാൾ മുകളിലത്തെ നിലയിൽ വായുസഞ്ചാരം കൂടുതൽ ആയിരിക്കും . അതിനാലാണ് വാതിലുകളും ജനലുകളും എണ്ണത്തിൽ കുറവുമതി എന്ന് പറയുന്നത്. താഴത്തെ നിലയെക്കാൾ ഒരടിയെങ്കിലും വിസ്തീർണ്ണം കുറച്ചുവേണം മുകളിലത്തെ നില പണിയാൻ. കുട്ടികളുടെ പഠനമുറി, ശയനമുറി എന്നിവ മുകൾനിലയിൽ ക്രമീകരിക്കുന്നത് ഉത്തമമാണ്.
മുകൾനിലയിൽ നിർമ്മാണപ്രവർത്തനം ആരംഭിക്കുന്നത് തെക്ക് പടിഞ്ഞാറേ മൂലയിൽ നിന്നായിരിക്കണം. തെക്ക് പടിഞ്ഞാറേ മൂല ഒഴിച്ചിടുകയോ ബാൽക്കണിയാക്കുകയോ ചെയ്യരുത്. വീടിനുള്ളിലെ ഊർജ്ജപ്രവാഹം ശരിയായ രീതിയിൽ അവിടെ വസിക്കുന്നവർക്ക് അനുകൂലമാക്കുക എന്നാണ് വാസ്തുശാസ്ത്രംകൊണ്ട് ഉദ്ദേശിക്കുന്നത്.വടക്ക് കിഴക്കുനിന്നുള്ള ഊർജ്ജപ്രവാഹം അവസാനിക്കുന്നത് തെക്ക് കിഴക്കേകോണായ കന്നിമൂലയിലാണ്. ഈ ഊർജത്തെ വീട്ടിനുള്ളിൽ പിടിച്ചുനിർത്താൻ വേണ്ടിയാണ് കന്നിമൂല ഒഴിച്ചിടാതെ അടച്ചുകെട്ടിയെടുക്കണമെന്ന് വാസ്തുശാസ്ത്രത്തിൽ പറയുന്നത്.
വടക്കുകിഴക്കേമൂലയിൽ തുറസ്സായ സ്ഥലമോ ബാൽക്കണിയോ ആവാം. പൂജാമുറി മുകൾനിലയിൽ ക്രമീകരിക്കുന്നതിൽ തെറ്റില്ല. വടക്കുകിഴക്കേ മൂലയിൽ ആയിരിക്കണമെന്ന് മാത്രം .താഴത്തെനിലയിലെ ഭിത്തിയുടെ ഉയരത്തേക്കാൾ കുറവായിരിക്കണം മുകൾനിലയുടെ ഭിത്തി .ഭാരംകൂടിയ ഫർണിച്ചറുകൾ മുകൾ നിലയിൽ ഒഴിവാക്കുക. മുകൾ നിലയിൽ സ്റ്റോറേജ് പണിയാതിരിക്കുന്നതാണ് ഉത്തമം. മുകൾനിലയിലേക്കുള്ള ഗോവണി ഘടികാരക്രമത്തിലും പടികളുടെ എണ്ണം ഇരട്ടസംഖ്യയുമായിരിക്കണം.