വീട് പണിയുക എന്നത് ഒരു നിയോഗമാണ്.അതിൽ ഏറ്റവും പ്രധാനമാണ് ഉത്തമമായ വസ്തു തിരഞ്ഞെടുക്കുക എന്നത്.എന്നാൽ ഈ കാലഘട്ടത്തിൽ പരിമിതമായ സ്ഥലത്ത് വീടുവയ്‌ക്കേണ്ട സാഹചര്യമാണുള്ളത്.തെക്കും പടിഞ്ഞാറും ഭാഗങ്ങൾ ഉയർന്നിരിക്കുന്ന ഭൂമിയാണ് ഗൃഹനിർമ്മാണത്തിന് ഏറ്റവും അനുയോജ്യം. ഇങ്ങനെയല്ലാത്ത ഭൂമി മണ്ണിട്ട് ഉയർത്തി അനുകൂലമായരീതിയിൽ മാറ്റിയെടുക്കാവുന്നതാണ്.
നാലിലധികം കോണോടുകൂടിയ ഭൂമി ,വൃത്താകൃതിയിലോ അർദ്ധവൃത്താകൃതിയിലോ ഉള്ള ഭൂമി ഗൃഹനിർമ്മാണത്തിന് അനുയോജ്യമല്ല.എങ്കിലും ഇത്തരം വസ്തുവിൽ ഒരു സമചതുരമോ ദീർഘചതുരമോ വരത്തക്കരീതിയിൽ അതിര് തിരിച്ച് അതിൽ ഗൃഹനിർമ്മാണം നടത്താം.ഓരോ വരി ഇഷ്ടിക പാകിയും അതിര് തിരിക്കാം . മിച്ചം വരുന്നസ്ഥലങ്ങളിൽ പൂന്തോട്ടമോ പച്ചക്കറികൃഷിയോ ചെയ്യുന്നതിൽ തെറ്റില്ല.
സമചതുരമോ ദീഘചതുരമോ ആയ ഭൂമിയാണ് ഗൃഹ നിർമ്മാണത്തിന് ഏറ്റവും അനുയോജ്യം .കിഴക്കോട്ടോ വടക്കോട്ടോ ദർശനമായി ഗൃഹം നിർമ്മിക്കുന്നതാണ് ഉത്തമം.സ്ഥലത്തിന്റെ കിടപ്പനുസരിച്ചും വഴിസൗകര്യമനുസരിച്ചും പടിഞ്ഞാറോട്ടോ തെക്കോട്ടോ ദർശനമായി ഗൃഹം നിർമ്മിക്കുന്നതിൽ തെറ്റില്ല .പ്രധാന വാതിലിന്റെ ദർശനവും വീട്ടിൽ നിന്ന് പടിയിറങ്ങുന്നതും തെക്കോട്ടാവാൻ പാടില്ല എന്നുമാത്രം.
ഗൃഹത്തിന്റെ ദർശനം കിഴക്കോട്ടോ വടക്കോട്ടോ ആണെങ്കിൽ സ്ഥലത്തിന്റെ തെക്കുപടിഞ്ഞാറെ ഭാഗത്തേക്ക് മാറിയും ഗൃഹത്തിന്റെ ദർശനം പടിഞ്ഞാറോട്ടോ തെക്കോട്ടോ ആണെങ്കിൽ സ്ഥലത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്തേക്ക് നീക്കിയും സ്ഥാനനിർണ്ണയം നടത്തണം.വീടിന്റെ പുറത്തേക്കുള്ള പടികൾ കിഴക്കോട്ടോ വടക്കോട്ടോ ആവണം .ഒരിക്കലും തെക്കോട്ട് പടിയിറങ്ങരുത്.