വാസ്തു ശാസ്ത്രപ്രകാരം പഞ്ചഭൂതങ്ങളെ പ്രീതിപ്പെടുത്തുന്ന രീതിയിലാവണം ഭവനത്തിന്റെ നിർമാണം. ഇപ്രകാരം നിർമ്മിക്കുന്ന വീടുകളിൽ വെളിച്ചം, വായുസഞ്ചാരം എന്നിവ വേണ്ട രീതിയിൽ ലഭ്യമായിരിക്കും. വാർക്കവീടുകൾ നിർമ്മിക്കുന്ന ഈ കാലഘട്ടത്തിൽ സ്റ്റെയര്‍കേസ് വീടിന്റെ ഒരു ഭാഗമാണ്. സ്റ്റെയര്‍കേസ് പണിയുമ്പോള്‍ വാസ്തുശാസ്ത്രപ്രകാരം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.
തെക്ക്, പടിഞ്ഞാറ് ദിക്കുകളാണ് സ്റ്റെയര്‍കേസിന് ഉത്തമം. വടക്ക് ഭഗത്ത് സ്റ്റെയർകേസ് വരാൻ പാടില്ല. ഇത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മക്കു കാരണമാവും. ഗൃഹത്തിന്റെ വടക്കുകിഴക്കേ മൂലയായ ഈശാനകോണിൽ സ്റ്റെയര്‍കേസ് നല്‍കരുത്. കുടുംബത്തിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാനിടയുണ്ട്. പടികളുടെ എണ്ണം എപ്പോഴും ഇരട്ടസംഖ്യയിലായിരിക്കണം. വലത് കാല്‍ വച്ച് പടികൾ കയറുന്ന ഒരാൾക്ക് മുകൾനിലയിലെത്തുമ്പോൾ വലതുകാല്‍ വച്ച് തന്നെ പ്രവേശിക്കാന്‍ സാധിക്കുന്ന വിധത്തിലാവണം ക്രമീകരണം.
പ്രധാനവാതിലിനു നേരെ സ്റ്റെയർകേസ് പാടില്ല. അല്പം ഇടത്തേക്കോ വലത്തോട്ടോ മാറ്റി പണിയാവുന്നതാണ്. പ്രധാന വാതിലിൽനിന്നു നോക്കുമ്പോൾ സ്റ്റെയർകേസ് കാണരുതെന്ന് ചിലർ പറയുന്നുണ്ടെങ്കിലും ഇതിനു ശാസ്ത്രീയ അടിത്തറയില്ല. സ്റ്റെയര്‍കേസ് ഗൃഹത്തിന്റെ മധ്യഭാഗത്ത് നല്‍കാതിരിക്കുകയാണ് നല്ലത്. ഘടികാരദിശക്കനുസൃതമായി വലതുവശത്തേക്ക് തിരിഞ്ഞുകയറുന്ന രീതിയിൽ വേണം സ്റ്റെയര്‍കേസ് നൽകാൻ. തെക്കോട്ട് കയറരുത് എന്ന് പറയുന്നുണ്ടെങ്കിലും ഇതിന് ശാസ്ത്രീയ പിന്തുണയില്ല.
സ്റ്റെയർകേസിനടിഭാഗം പൂജാമുറിയായി ഉപയോഗിക്കാൻ പാടില്ല. സ്റ്റെയറിനു അടിഭാഗം സ്റ്റോറേജ് ഏരിയ ആയി ഉപയോഗിക്കുന്നതിൽ തെറ്റില്ല പക്ഷെ ചെരുപ്പുകൾ പോലെ നെഗറ്റീവ് ഊർജത്തിന് കാരണമാകുന്നവ പാടില്ല. പൊതുവെ ചെരുപ്പുകൾ വീടിനുള്ളിൽ സൂക്ഷിക്കുന്നത് നന്നല്ല. വീടിന് പുറത്തു ഷെൽഫു നൽകി സൂക്ഷിക്കുന്നതാണ് ഉത്തമം. ചിലർ സ്റ്റെയര്‍കേസിന്റെ അടിഭാഗത്തായി ടോയ്‌ലറ്റ് നല്‍കാറുണ്ട്. എന്നാല്‍ ഇത് സ്റ്റെയറിന്റെ സ്ഥാനത്തെ അടിത്തനമാക്കിവേണം എന്ന് മാത്രം. വളരെ ഇടുങ്ങിയ രീതിയിലും സ്റ്റെയർ നിർമ്മാണം പാടില്ല.