കർക്കടകമാസം ഗൃഹാരംഭത്തിന് ശുഭമോ?

മനോഹരമായ ഒരു വീട് എല്ലാവരുടേയും സ്വപ്നമാണ്. വീടിന് രൂപഭംഗി മാത്രമല്ല കാര്യം അവിടെ താമസിച്ചാൽ ശാന്തിയും സമാധാനവും ഐശ്വര്യവും ഉണ്ടാകണം. നിരവധി പ്രതിബന്ധങ്ങളെ താണ്ടിയാകും ചിലപ്പോൾ ഒരു വ്യക്തി വീടു പണിയുന്നത്. ചിലപ്പോൾ വർഷങ്ങൾ എടുത്തു എന്നു തന്നെയും വരാം. ഗൃഹനിർമ്മാണം ആരംഭിക്കുന്നതിന് മുൻപുതന്നെ പണിയാൻ ഉദ്ദേശിക്കുന്ന പറമ്പ് അഥവാ വസ്തു ഗൃഹനിർമ്മാണാദികൾക്ക് അനുകൂലമായതാണോ എന്ന് ജ്യോതിഷിയെ കണ്ട് പ്രശ്നവിചാരം നടത്തണം. അദ്ദേഹം ദ്വാദശഭാവങ്ങളേയും പ്രത്യേകിച്ച് 4, 10 ഭാവങ്ങളെ വിലയിരുത്തി വരുന്ന പൃച്ഛകന് വസ്തുവിന്റെ ശുഭാശുഭത്വങ്ങളെ കുറിച്ച് നിർദ്ദേശങ്ങൾ നൽകുന്നു. ശ്മശാനദോഷം, സർപ്പദോഷം, വാസ്തുദോഷം എന്നിവ ഇല്ലെങ്കിൽ ആ ഭൂമി ഗൃഹനിർമ്മാണത്തിന് തിരഞ്ഞെടുക്കാവുന്നതാണ്. ജ്യോതിഷവും തച്ചുശാസ്ത്രവും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. അതിനാൽ തിരക്കിട്ട് ഗൃഹനിർമ്മാണം നടത്തി അബദ്ധമാകുന്നതിനേക്കാൾ വാസ്തുവിന്റെ ശുഭാശുഭത്വങ്ങൾ അറിഞ്ഞ് വീടുപണിയുന്നതായിരിക്കും ഉത്തമം. ശുഭമുഹൂർത്തത്തിലായിരിക്കണം ഗൃഹനിർമ്മാണാദികൾ ആരംഭിക്കേണ്ടത്. ഗൃഹാരംഭത്തിന് പറ‍ഞ്ഞിട്ടുള്ള ശാസ്ത്രവചനങ്ങൾ ഭൂരിപക്ഷവും അനുയോജ്യമായി വരുന്ന തീയതി തന്നെ തിരഞ്ഞെടുക്കേണ്ടതാണ്.

ഓരോ മാസത്തിലും ഗൃഹനിർമ്മാണം തുടങ്ങിയാലുണ്ടാകുന്ന ഗുണദോഷ അനുഭവങ്ങളെ ശാസ്ത്രീയമായി ഒന്ന് അന്വേഷിച്ച് നോക്കാം. മേടം, ഇടവം എന്നീ മാസങ്ങളിൽ ഗൃഹാരംഭം കുറിച്ചാല്‍ ധനാഭിവൃദ്ധി, ഐശ്വര്യം മുതലായ ശോഭനഫലങ്ങളും ഉള്ളതിനാൽ ഉത്തമമാകുന്നു. മിഥുനമാസത്തിൽ മരണമാണ് ഫലം. കർക്കടകമാസത്തിലായാൽ എല്ലാതരത്തിലും നന്മയും അഭിവൃദ്ധിയും ഉണ്ടാകും. ചിങ്ങമാസത്തിൽ ഭൃത്യഗുണവും, കന്നിയിൽ രോഗദുരിതങ്ങളും ദുഃഖവും, തുലാമാസത്തിൽ സൗഖ്യവും, വൃശ്ചികത്തിൽ ധനധാന്യസമൃദ്ധിയും ഉണ്ടാകുന്നു. ധനുമാസത്തിൽ ഗൃഹാരംഭം ചെയ്താല്‍ ഗൃഹനാഥന് പലവിധ ആപത്തുകളും വന്നുചേരും. മകരത്തിലായാൽ രത്നം, ധാന്യം, ധനം  എന്നിവ വന്നുചേരും. കുംഭത്തിൽ രത്നലാഭം, മീനത്തിൽ സ്വപ്നഭയവും ഫലമാകുന്നു. മിഥുനം, കന്നി, ധനു, മീനം എന്നീ മാസങ്ങൾ ക്ഷേത്രം പണികൾക്ക് ഉത്തമമാണെന്ന് വാസ്തു ആചാര്യന്മാർ പറഞ്ഞിരിക്കുന്നു.

സ്ഥിരരാശികളായ ഇടവം, ചിങ്ങം, വൃശ്ചികം എന്നീ മാസങ്ങൾ ഗൃഹാരംഭത്തിന് അതീവ ശോഭമാകുന്നു.

അശ്വതി, രോഹിണി, ഉത്രം, ഉത്രാടം, ഉത്രട്ടാതി, മകയിരം, അത്തം, ചോതി, പുണർതം എന്നീ നക്ഷത്രങ്ങൾ ഗൃഹാരംഭത്തിന് ഉത്തമമാകുന്നു. ഗണ്ഡാന്തദോഷം വരുന്നില്ലെങ്കിൽ മകം, മൂലം എന്നീ നക്ഷത്രങ്ങളും സ്വീകരിക്കാവുന്നതാണ്. അശ്വതി, മകം, മൂലം എന്നീ നക്ഷത്രങ്ങളുടെ ആദ്യപാദം ഗണ്ഡാന്തമാകുന്നു.

സ്ഥിര രാശികളായ ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം എന്നിവ മുഹൂർത്തരാശികളായി വരുന്നത് ഉത്തമവും മിഥുനം, കന്നി, ധനു, മീനം എന്നിവ മദ്ധ്യമങ്ങളും ശേഷം ചരരാശികൾ അധമങ്ങളുമാണ്. ഗൃഹാരംഭത്തിന് ഞായർ, ചൊവ്വ എന്നീ ദിവസങ്ങൾ വർജ്ജിക്കേണ്ടതാണ്. ശേഷവാരങ്ങൾ ഉത്തമങ്ങളാകുന്നു.

വീടുവയ്ക്കാനുദ്ദേശിക്കുന്ന പറമ്പില്‍നിന്ന് അഹിതവും മനസ്സിന് തൃപ്തിയില്ലാത്തതുമായ വസ്തുവകകൾ നീക്കം ചെയ്യേണ്ടതും നയനാനന്ദകരങ്ങളായ പുഷ്പങ്ങളും വൃക്ഷങ്ങളും വച്ചുപിടിപ്പിക്കുന്നതും ഗൃഹാന്തരീക്ഷം ഭംഗിയായി നിലനിർത്താൻ സഹായിക്കുന്നു. ഗൃഹനാഥന്റെയും കുടുംബാംഗങ്ങളുടേയും ജന്മവൃക്ഷങ്ങൾ ഗൃഹത്തിൽ നട്ടുപിടിപ്പിക്കുന്നതും, പക്ഷിമൃഗാദികൾക്ക് ഭക്ഷണവും വെള്ളവും എപ്പോഴും ലഭ്യമാകുന്ന വിധത്തിലുള്ള സംവിധാനങ്ങളും സജ്ജീകരിക്കുന്നതും വീട്ടിലുള്ളവർക്ക് ശാന്തിയും സമാധാനവും നൽകുന്നതും ശ്രേയസ്സ് നൽകുന്നതുമാണെന്നുള്ളതിൽ സംശയിക്കേണ്ടതില്ല!

ലേഖകൻ 

ഒ.കെ. പ്രമോദ് പണിക്കർ പെരിങ്ങോട്

കൂറ്റനാട് വഴി, പാലക്കാട് ജില്ല

Ph: 9846309646

Whatsapp: 8547019646

Email: astronetpgd100@gmail.com