ആനക്കൊട്ടിൽ ആനയ്ക്കുള്ളതാണ്. ആനയുടെ വലുപ്പം, ശ്രേഷ്ഠത, തലയെടുപ്പ്, ഗാംഭീര്യം, ബലം ഇതിന്റെ അടിസ്ഥാനത്തിലാണ് ആനക്കൊട്ടിലിന്റെ നിർമാണം. പക്ഷേ ഇതേ ആനക്കൊട്ടിലിൽ പതിവായി ആട് കിടന്നാൽ അത് ക്ഷീണിക്കും. ആനക്കൊട്ടിലും ആടും തമ്മിലുള്ള ചൊല്ല് ഒരു വാസ്തുസത്യമാണ്.
പുരാതന ഋഷി വാസ്തുവിദഗ്ധർ ഒരു മനുഷ്യന്റെ തൂക്കം, പൊക്കം, വ്യാസം, അവന്റെ ജന്മനക്ഷത്രം, ഭാവിയിൽ വരാൻ പോകുന്ന ദശകൾ, ജനനതീയതി ഇതിനെ വിലയിരുത്തി അതിനിണങ്ങുന്ന വിസ്തൃതിയിൽ മാത്രമേ വീട് വയ്ക്കാവൂ എന്ന് നിഷ്കർഷിച്ചിട്ടുണ്ട്. അതിനപ്പുറം സൗകര്യം വേണമെങ്കിൽ ഒറ്റക്കെട്ടിടമായി പണിയാതെ തെക്കിനി, വടക്കിനി, കിഴക്കിനി, പടിഞ്ഞാറ്റിനി ഇങ്ങനെ നാലുകെട്ടും, കൂടുതൽ വേണമെങ്കിൽ എട്ടുകെട്ടും, ചക്രവർത്തി പോലുള്ളവർക്ക് 64 കെട്ടും വെവ്വേറെ ഉണ്ടാക്കാമെന്നും എല്ലാംകൂടി അതിബൃഹത്തായ ഒന്നിൽ സ്ഥാപിക്കരുതെന്നും നിഷ്കർഷിച്ചിട്ടുണ്ട്. ഇതൊന്നും ശ്രദ്ധിക്കാതെ ഭവനം പണിയുന്ന ധാരാളം പേരുണ്ട്.
കയ്യിൽ കാശുണ്ട്. കോടീശ്വരൻ. കാശ് എന്ത് ചെയ്യണമെന്ന് അറിഞ്ഞുകൂടാ. തന്റെ പ്രൗഢിയും അപ്രമാദിത്തവും ലോകരെ ബോധ്യപ്പെടുത്താൻ വീടിനെ ആണ് അവർ ഉപയോഗപ്പെടുത്തുന്നത്. അതിനാൽ ഏക്കറു കണക്കിന് സ്ഥലത്തിനകത്ത് ഒറ്റവീട് പണിയാനും മടിയില്ലാത്ത അനേകം പേരുണ്ട്.
എത്ര പണമുണ്ടായാലും ഒറ്റക്കെട്ടിടം ഒരു പരിധിക്കപ്പുറം വലുപ്പത്തിൽ കെട്ടരുത്. ഈ കെട്ടിടം ഉയർന്ന് ഗൃഹപ്രവേശം നടത്തിയാൽ പരമാവധി ആറുവർഷം വരെ അങ്ങനെയിങ്ങനെ പോകും. പിന്നീട് ജീവിതം പിന്നോട്ടടിക്കും.
അതിനാൽ അതിബൃഹത്തായ വീട് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർ സ്ഥിരതാമസത്തിനാണെങ്കിൽ ഒറ്റവീടായി വയ്ക്കരുത്. അത് തുണ്ട് തുണ്ടായി കണ്ടം തിരിച്ച് വെവ്വേറെയാക്കി കണ്ടാൽ ഒന്നെന്ന് തോന്നുന്ന രീതിയിലായാലും കുഴപ്പമില്ല. ആദ്യാവസാനം ഒന്നായി നിൽക്കാത്ത രീതിയിൽ പണിയണം.
അതിവലുപ്പമുള്ള വീടുണ്ടാക്കി നമ്മെ നാം തന്നെ അധഃപതിപ്പിക്കരുത്. മിതം ച സാരം. ജീവിതത്തിൽ ഏതിലും ഒരു മിതത്വം സ്വീകരിക്കുന്നതായിരിക്കും ആരോഗ്യകരം. അമിതം വീടുൾപ്പെടെ ആപത്താണ് എന്നറിയുക.