പൂവും സുഗന്ധവും പോലെ, ചന്ദ്രനും ചന്ദ്രികയും പോലെ അനിവാര്യമായ ഒരു സംയോജനമാണ് വാസ്തുവിലെ രൂപവും ഭാവവും. ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെ ഇവ പരസ്പരപൂരകമാണ്. ഈ പരസ്പര പൂരകത്വമാണ് ഭവനത്തില്‍നിന്നു രൂപപ്പെടുന്ന അനുകൂല ഊർജത്തിനാധാരം.
ഈ ഭാവനിർണയം എങ്ങനെ? ഒരു വാസ്തു വിദഗ്ധൻ വീട് വയ്ക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് ആദ്യം കാലു കുത്തുന്നതു മുതലുള്ള നിമിത്തവും അതിന്റെ രൂപപരമായ ഗുണദോഷങ്ങളും വിലയിരുത്തിയ ശേഷം ഒടുവിൽ ഭാവതലത്തിലേക്ക് കടക്കുന്നു. ഈ ഭാവതല നിർണയത്തിലൂടെ, വീട് വയ്ക്കാനുദ്ദേശിക്കുന്ന ഭൂഭാഗത്തിന്റെ ഇതഃപര്യന്തമുള്ള സംസർഗ്ഗഗുണദോഷം, അതിൽ സംഭവിച്ച കർമത്താൽ സംഭവിച്ച കർമദോഷം, ഈ നിർമിതികേന്ദ്രത്തിന്റെ പശ്ചാത്തലം ഉണ്ടാക്കിയിട്ടുള്ളതും ഉണ്ടാക്കാവുന്നതുമായ അദൃശ്യ പ്രേരണകൾ, അപകടമരണ കാരണ ദോഷങ്ങൾ, മംഗളാവസ്ഥ, ഈ ഭൂഭാഗത്തിന്റെ സാത്വിക, രാജസ, താമസ ഭാവസ്ഥിതി, ഈ ഭൂമി കൈകാര്യം ചെയ്യുന്നവർക്ക് ഈ ഭൂഭാഗം നൽകിയേക്കാവുന്ന ഗുണദോഷങ്ങൾ, ഇപ്പോൾ നിർമിതി നടത്താൻ ഉദ്ദേശിക്കുന്നവരുടെ ജന്മജന്മാന്തര സുകൃത–ദുഷ്കൃതാവസ്ഥ, വംശദോഷം, ശത്രുദോഷം, ഗുണസ്ഥിതി, പുണ്യസ്ഥിതി, പാപസ്ഥിതി എല്ലാം പൂ വിരിയുന്ന പോലെ ഒന്നൊന്നായി ഇതൾ വിടർത്തി എടുക്കുന്നു.
കാര്യം അറിയാന്‍ ക്ഷണിച്ചവരോട് ‘ഇങ്ങോട്ട് ഒരു കാര്യവും സൂചിപ്പിക്കരുത്, പറയരുത് എന്ന് മുൻകൂർ പറയും’ തികച്ചും ശൂന്യതയിൽനിന്ന് നിർമിതി ഉദ്ദേശിക്കുന്ന സ്ഥലം, അതുമായി ബന്ധപ്പെട്ട ആൾക്കാർ, നിർമിതിയിൽ വരാവുന്ന തടസ്സം, ഗുണദോഷം എല്ലാം കണ്ടെത്തുന്നു. ഒടുവിൽ പരിഹാരം വേണ്ടിവരികയാണെങ്കിൽ അതിനുള്ള മാർഗ്ഗവും അവരവരുടെ മത–ഈശ്വര–യുക്തി വിശ്വാസത്തിനനുസരിച്ച് നിർദ്ദേശിക്കുന്നു. ഒടുവിൽ ഈ സത്യാന്വേഷകൻ എന്തെങ്കിലും ഇനിയും കാണാമറയത്ത് കിടപ്പുണ്ടോ എന്ന് വീണ്ടും പരിശോധിക്കുന്നു. അങ്ങനെയുണ്ടെങ്കിൽ അതും കണ്ടെത്തി പരിഹാരം നിർദ്ദേശിക്കും. ഈ സമാപനഘട്ടത്തിൽ, ക്ഷണിച്ചവരോട് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ തുറന്ന് ചോദിക്കാൻ അഭ്യർഥിക്കും. പലപ്പോഴും ഒന്നും ചോദിക്കാൻ കാണില്ല. അഥവാ എന്തെങ്കിലുമുണ്ടെങ്കിൽ അതിനും ഉത്തരം പറയുന്നു. അങ്ങനെ മണ്ണിന്റെയും മനുഷ്യരുടെയും വിപരീതങ്ങളാകെ മാറ്റിയെടുക്കാനുള്ള മാർഗ്ഗം കാണിച്ചു ഭാവചിന്ത അവസാനിപ്പിക്കുന്നു. ഒരു തരം ‘കാരസ്കരഘൃതം’ ഉണ്ടാക്കുന്ന രീതി. കാഞ്ഞിരം സ്വതവേ വിഷമാണ്. അതിനെ ശരിയാംവണ്ണം കൈകാര്യം ചെയ്തു പുനർസൃഷ്ടിക്കുന്ന മഹാഔഷധമാണ് കാരസ്കരം നെയ്യ്, ചെയ്ത് കഴിയുമ്പോൾ ഉള്ള വിഷം നെയ്യായി മാറുന്നു. ദോഷം മാറി ഗുണമുള്ള വസ്തുവായി അത് മാറുന്നു.
ഇതാണ് ഭാവാന്വേഷണം. വാസ്തുവിലെ ഈ രൂപ ഭാവാന്വേഷണത്തിനും നിർണയത്തിനും മാത്രം ഏകദേശം നാലുമണിക്കൂർ വേണ്ടിവരും. ഒരു കാര്യം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഉറപ്പിച്ചു പറയാം. മഞ്ഞളും ചുണ്ണാമ്പും ചേർന്നപോലെ പ്രത്യക്ഷമായ ഒരു മാറ്റം, ഗുണപരമായ അനുഭവം തുടർന്ന് ഈ നിർമ്മിതിക്കാർക്കും ഉണ്ടാകും എന്നത് സത്യമാണ്.
ലേഖകൻ
പ്രൊഫ. ദേശികം രഘുനാഥൻ
ദേശികം
ശാസ്താക്ഷേത്ര സമീപം,
പത്താംകല്ല്
നെടുമങ്ങാട് പി.ഒ.
തിരുവനന്തപുരം
Pin - 695541