ഒത്തു ചേരലിന്റെയും പങ്കുവയ്ക്കലിന്റെയും വേദിയാണ് ആഘോഷങ്ങൾ. ജീവിതത്തിൽ കൂടുതൽ പോസിറ്റീവ് ഊർജം പ്രധാനം ചെയ്യുന്ന വേളയാണിത് . അത് തിന്മയുടെമേൽ നന്മ വിജയം കൈവരിച്ചതിന്റെ ആഘോഷമാവുമ്പോൾ മധുരം കൂടും.
ലക്ഷ്മീ ദേവിയെ ഭവനത്തിൽ കുടിയിരുത്താനാണ് ദീപാവലി ആചരിക്കുന്നത്. വാസ്തുപരമായി ചില കാര്യങ്ങൾ ദീപാവലി ദിനത്തിൽ അനുഷ്ഠിക്കുന്നത് ഉത്തമമാണ് .അതിനായി ആദ്യം തന്നെ വീടും പരിസരവും വൃത്തിയാക്കുക. ദീപാവലിദിനത്തിൽ ഭവനത്തിനു ചുറ്റും ഉപ്പുവെള്ളമോ ചാണകവെള്ളമോ തുളസിവെള്ളമോ തളിക്കുന്നത് നെഗറ്റീവ് ഊർജത്തെ നീക്കം ചെയ്യും. പ്രധാന വാതിലിൽ മാവില തോരണം ചാർത്തുന്നത് ഭവനത്തിൽ ധാരാളം പോസിറ്റീവ് ഊർജം നിറയ്ക്കാൻ ഉത്തമമാണ്. മാവിലയുടെ കാമ്പിലുള്ള കറ കലര്‍ന്ന കാറ്റ് ശ്വസിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പ്രധാന വാതിൽ പാളിയിൽ സ്വസ്തിക് ,ഓം തുടങ്ങിയ ചിഹ്നങ്ങൾ ചന്ദനം കൊണ്ടോ അരിപ്പൊടികൊണ്ടോ ആലേഖനം ചെയ്യാവുന്നതാണ്. ദീപാവലി ദിനത്തിൽ വരുന്ന അതിഥികൾക്കെല്ലാം മധുരം വിതരണം ചെയ്യണമെന്നാണ് പ്രമാണം.
ദീപാവലിദിനത്തിൽ പ്രഭാതത്തിലും സന്ധ്യയ്ക്കും മണി മുഴക്കുന്നതും അഷ്ടഗന്ധം, കർപ്പൂരം ,കുന്തിരിക്കം എന്നിവ പുകയ്ക്കുന്നതും ഐശ്വര്യത്തിനു കാരണമാകും . സന്ധ്യയ്ക്കു ചിരാതുകൾ തെളിയിക്കണം. നിലവിളക്കു തെളിയിച്ചശേഷമേ ചിരാതുകൾ തെളിയിക്കാവൂ. ചിരാതുകളുടെ എണ്ണം ഇരട്ട സംഖ്യയിലായിരിക്കണം. നാലിന്റെ ഗുണിത സംഖ്യയായാൽ, അതായത് നാല്, എട്ട്, പന്ത്രണ്ട് ,പതിനാറ് എന്നീ ക്രമത്തിലായാൽ അത്യുത്തമം.