വീട്ടിൽ ബാത്റൂമിന്റെ എണ്ണം കൂടിയാൽ ദോഷമോ?

ബാത്റൂം ഇന്ന് ആഡംബരത്തിന്റെ ഭാഗമാണ്. വാസ്തുശാസ്ത്രത്തിൽ ഗൃഹത്തിനുള്ളിലെ ബാത്റൂമിനെകുറിച്ചു പ്രതിപാദിക്കുന്നില്ല എങ്കിലും ആധുനിക ജീവിതത്തിൽ ഇതൊരു ഭാഗമാണ്. ഇക്കാലത്തു ഡ്രൈ ഏരിയ, വെറ്റ് ഏരിയ എന്നിങ്ങനെ തരം തിരിച്ചു ഭവനത്തിലെ ഏറ്റവും ആർഭാടം നിറഞ്ഞ ഭാഗമായി ബാത്റൂം മാറിയിട്ടുണ്ട്.

ബാത്റൂം നിർമ്മിക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, ഭവനത്തിന്റെ നാല് മൂലകളിലും വരാൻ പാടില്ല എന്നുള്ളതാണ്. സ്ഥലപരിമിതിയാൽ മൂലകളിൽ ബാത്റൂം സ്ഥാപിക്കണമെന്നുണ്ടെങ്കിൽ കോൺ ഭാഗത്തുനിന്ന് അല്പം സ്ഥലം വിട്ടോ  ഡ്രസിങ് ഏരിയ തിരിച്ചോ പണിയാം. വടക്കോട്ടോ തെക്കോട്ടോ തിരിഞ്ഞിരിക്കാവുന്ന രീതിയിലാവണം ക്ലോസെറ്റിന്റെ സ്ഥാനം. ബാത്റൂമിലെ കണ്ണാടി ഒരിക്കലും വടക്കോട്ടു തിരിഞ്ഞാവരുത്.ബാത്റൂമിന്റെ നാലുചുവരുകളിൽ ഒരെണ്ണം വീടിന്റെ പുറംഭിത്തി ആയിരിക്കണം. ആവശ്യത്തിനു വായുസഞ്ചാരവും വെളിച്ചവുമുണ്ടായിരിക്കണം. കഴിവതും ബാത്റൂമിന്റെ വാതിൽ എപ്പോഴും അടച്ചിടാൻ ശ്രദ്ധിക്കണം.ഭവനത്തിൽ ഏറ്റവും അധികം  നെഗറ്റീവ് ഊർജം ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലമാണ് ബാത്റൂം അതിനാൽ തേച്ചുകഴുകി അണുനാശിനി തളിച്ച്  വൃത്തിയായി  സൂക്ഷിക്കണം.ബാത്‌റൂമിൽ  പോസിറ്റീവ് ഊർജം നിലനിർത്താൻ ഒരു ബൗളിൽ കുറച്ച് ഉപ്പുകല്ല് നനവുതട്ടാത്ത രീതിയിൽ വയ്ക്കണം . ഉപ്പ് അലുത്തുകഴിഞ്ഞാൽ മാറ്റി നിറയ്ക്കാനും മറക്കരുത്.

വീടിന്റെ ദർശനം ഏതു ഭാഗത്തേക്കാണോ അതിന്റെ എതിർവശത്ത് വീടിന്റെ മധ്യഭാഗത്തായി ബാത്റൂം വരരുത്. അതായത് വടക്കോട്ടു ദർശനമുള്ള വീടിന്റെ തെക്കുഭാഗത്ത് മധ്യത്തിലായി ബാത്റൂം പണിയരുത്. ഭവനത്തിലെ ധനാഗമത്തെ ബാധിക്കുന്നതിനാൽ കഴിവതും ബാത്റൂമിലെ എണ്ണം മൂന്നിൽ കൂടരുത്.

ബാത്റൂമിനോട് അനുബന്ധിച്ചുള്ള സെപ്റ്റിക് ടാങ്കുകളുടെ സ്ഥാനവും വളരെയധികം ശ്രദ്ധിക്കണം. ഭവനത്തിന്റെ നാല് മൂലകളും മധ്യഭാഗങ്ങളും തെക്കുവശവും ഒഴിച്ച് മറ്റുഭാഗങ്ങളിൽ സ്ഥാനം നൽകാം. വീടിനോടു ചേർന്നുള്ള കാർപോർച്ചിനടിയിലും മറ്റും സെപ്റ്റിക് ടാങ്ക് നൽകാതിരിക്കുക. വടക്കു പടിഞ്ഞാറേ മൂലയിൽ നിന്ന് പടിഞ്ഞാറോട്ടു മാറി സെപ്റ്റിക് ടാങ്ക് നല്കുന്നതാണ് ഏറ്റവും ഉത്തമം.