പണം അനാവശ്യമായി ചെലവഴിക്കുന്നില്ലെങ്കിലും വരവിൽ കൂടുതൽ ചെലവ് പലർക്കും അനുഭവപ്പെടാറുണ്ട്. മിക്കപ്പോഴും മാസാവസാനം കടം വാങ്ങേണ്ടിവരുമ്പോൾ അതിന്റെ കാരണമെന്താണെന്ന് പലപ്പോഴും ആലോചിക്കാറില്ല. പണത്തിന്റെ വരവുചെലവുകൾക്കു വാസ്തുവുമായി വളരെയധികം ബന്ധമുണ്ട്. വീട് പൊളിച്ചു പണിയാതെ ചിലകാര്യങ്ങൾ ശ്രദ്ധിച്ചാൽ പണത്തിന്റെ വരവുചെലവുകൾ ക്രമപ്പെടുത്താൻ സാധിക്കും.
കുബേരന്റെ ദിക്കാണ് വടക്കുഭാഗം . ഈ ഭാഗം കഴിവതും തുറസ്സായി സൂക്ഷിക്കുന്നതാണ് ഉത്തമം. ഭാരമുള്ള വസ്തുക്കൾ ഈ ഭാഗത്ത് സൂക്ഷിക്കരുത്. കൂടാതെ വടക്കോട്ടു ദർശനമായി കണ്ണാടി വയ്ക്കുന്നത് ധനാഗമനത്തെ തടസ്സപ്പെടുത്തും.
വടക്കുകിഴക്കേ മൂലയിൽ തലഭാഗവും തെക്കുപടിഞ്ഞാറേ മൂലയിൽ കാൽഭാഗവും വരുന്ന രീതിയിലാണ് വാസ്തു പുരുഷന്റെ ശയനം . അതായത് ഭാവനത്തിലേക്കുള്ള അനുകൂല ഊർജം വടക്കുകിഴക്കേ ഭാഗത്തു നിന്ന് തുടങ്ങി തെക്കു പടിഞ്ഞാറേ ഭാഗത്തേക്കാണ് നീങ്ങുന്നത്. തെക്ക് പടിഞ്ഞാറ് മൂലയിൽ കട്ടിയുള്ള അലമാരപോലുള്ള വസ്തുക്കൾ സൂക്ഷിക്കുന്നത് ധനനഷ്ടം തടയാൻ സഹായിക്കും. വീടിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ വടക്കോട്ട് ദർശനമായി വേണം അലമാര സ്ഥാപിക്കാൻ. വടക്കോട്ടു ദർശനമായി കണ്ണാടിയോടുകൂടിയ അലമാരയാണ് വയ്‌ക്കേണ്ടതെങ്കിൽ ഉപയോഗശേഷം കണ്ണാടി ഒരു വൃത്തിയുള്ള തുണികൊണ്ടു മൂടിയാൽ മതി. പണപ്പെട്ടിക്ക് അരികിലായി മയിൽപ്പീലി സൂക്ഷിക്കുന്നത് ധനാഗമനത്തെ പ്രോത്സാഹിപ്പിക്കും.
വീടിന്റെ തെക്കു ഭാഗവും പടിഞ്ഞാറ് ഭാഗവും കിഴക്കിനെയും വടക്കിനെയും അപേക്ഷിച്ച് താണ് കിടക്കരുത്. വടക്കുപടിഞ്ഞാറേ മൂലയിലെ മതിൽ വളച്ചു കെട്ടാതിരിക്കാനും ശ്രദ്ധിക്കുക. ഭവനത്തിന്റെ മധ്യഭാഗം അതായത് ബ്രഹ്മസ്ഥാനത്ത് ഭാരമുള്ള വസ്തുക്കൾ സ്ഥാപിക്കരുത്. ചോർച്ചയുള്ള പൈപ്പുകൾ എത്രയും പെട്ടെന്ന് നന്നാക്കണം.വെള്ളം നഷ്ടപ്പെടുന്നതുപോലെ നമ്മുടെ കൈയിലെ പണവും നഷ്ടമാകുമെന്നാണ് പഴമക്കാർ പറയുന്നത്. നിത്യവും രാത്രിയിൽ ഒരു ചെറിയ ലൈറ്റ് ഭാവനത്തിൽ പ്രകാശിപ്പിക്കുന്നത് ധനവരവിന് കാരണമാകുമെന്നാണ് വിശ്വാസം.