രൂപയെ കൂടുതൽ നോവിച്ചത് ഒബാമ; ട്രംപ് 2.0യിൽ രൂപയെ കാത്തിരിക്കുന്നതെന്ത്?
രൂപ തളരുന്നത് പ്രവാസികൾക്ക് നേട്ടമാണ്. ഡോളർ കുതിക്കുമ്പോൾ യുഎഇ ദിർഹവും സൗദി റിയാലും ഉൾപ്പെടെ ഗൾഫ് കറൻസികളുടെ മൂല്യവും ആനുപാതികമായി കൂടും. രൂപയ്ക്കെതിരെ യുഎഇ ദിർഹം ചരിത്രത്തിലാദ്യമായി കഴിഞ്ഞയാഴ്ച 23ലേക്ക് എത്തിയിരുന്നു.
രൂപ തളരുന്നത് പ്രവാസികൾക്ക് നേട്ടമാണ്. ഡോളർ കുതിക്കുമ്പോൾ യുഎഇ ദിർഹവും സൗദി റിയാലും ഉൾപ്പെടെ ഗൾഫ് കറൻസികളുടെ മൂല്യവും ആനുപാതികമായി കൂടും. രൂപയ്ക്കെതിരെ യുഎഇ ദിർഹം ചരിത്രത്തിലാദ്യമായി കഴിഞ്ഞയാഴ്ച 23ലേക്ക് എത്തിയിരുന്നു.
രൂപ തളരുന്നത് പ്രവാസികൾക്ക് നേട്ടമാണ്. ഡോളർ കുതിക്കുമ്പോൾ യുഎഇ ദിർഹവും സൗദി റിയാലും ഉൾപ്പെടെ ഗൾഫ് കറൻസികളുടെ മൂല്യവും ആനുപാതികമായി കൂടും. രൂപയ്ക്കെതിരെ യുഎഇ ദിർഹം ചരിത്രത്തിലാദ്യമായി കഴിഞ്ഞയാഴ്ച 23ലേക്ക് എത്തിയിരുന്നു.
ഡോളറിനെതിരെ ഏതാനും ദിവസങ്ങളായി തളർച്ചയുടെ ട്രാക്കിലാണ് 'ഇന്ത്യൻ റുപ്പി'. കഴിഞ്ഞയാഴ്ച മൂല്യം എക്കാലത്തെയും താഴ്ചയായ 84.40ലേക്കും കൂപ്പുകുത്തിയിരുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയായിരുന്നു, ആഗോളതലത്തിൽ മറ്റ് കറൻസികളെ നിഷ്പ്രഭമാക്കിയുള്ള ഡോളറിന്റെ കുതിപ്പും രൂപയുടെ തളർച്ചയും. ട്രംപിന്റെ സാമ്പത്തികനയങ്ങൾ പൊതുവേ ഡോളറിന് കരുത്തേകുമെന്നാണ് പൊതുവിലയിരുത്തൽ. വരുംനാളുകളിലും ഡോളർ കൂടുതൽ മുന്നേറിയേക്കാം.
എന്നാൽ, ഡോളറിനെതിരെ രൂപ ഏറ്റവുമധികം തളർന്നത് ഒന്നാം ട്രംപ് സർക്കാരിന്റെയോ നിലവിലെ ജോ ബൈഡൻ ഭരണകൂടത്തിന്റെയോ കാലയളവിലല്ല. ബറാക് ഒബാമ അമേരിക്കയെ നയിച്ചപ്പോഴായിരുന്നു ഡോളറിനെതിരെ രൂപയുടെ വൻ വീഴ്ചയെന്ന് എസ്ബിഐ റിസർച്ചിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒബാമ പ്രസിഡന്റ് ആയിരുന്ന 2012-2016ൽ (ഒബാമ 2.0) രൂപ 28.7% ഇടിവാണ് നേരിട്ടത്. അക്കാലയളവിൽ ഡോളറിനെതിരെ ശരാശരി മൂല്യം 62.2 ആയിരുന്നു.
തുടർന്ന് ട്രംപ് ഭരിച്ച (ട്രംപ് 1.0) 2016-2020ൽ രൂപയുടെ വീഴ്ച 11.3 ശതമാനം മാത്രമായിരുന്നു; 69.2 ആയിരുന്നു ശരാശരി മൂല്യം. ജോ ബൈഡന്റെ കാലയളവിൽ (2020-2024) രൂപ 14.5% നഷ്ടം നേരിട്ടു. മൂല്യം ശരാശരി 79.3ലും എത്തി. കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം രൂപയുടെ നഷ്ടം 0.3 ശതമാനമാണ്. മൂല്യം 84ലേക്കും വീണു. ട്രംപ് 2.0യിലും രൂപയെ കാത്തിരിക്കുന്നത് വെല്ലുവിളികളാണ്. എങ്കിലും, മൂല്യം 8-10% ഇടിയാനാണ് സാധ്യതയെന്ന് എസ്ബിഐയുടെ റിപ്പോർട്ട് വിലയിരുത്തുന്നു. ട്രംപ് 2.0യിൽ രൂപയുടെ മൂല്യം ഡോളറിനെതിരെ 87-92 നിലവാരത്തിലായിരിക്കുമെന്നും റിപ്പോർട്ടിലുണ്ട്.
തമ്മിൽ ഭേദം രൂപ
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് വിജയസാധ്യത ഏറിത്തുടങ്ങിയപ്പോൾ തന്നെ ഡോളർ കുതിപ്പാരംഭിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബർ മുതൽ നവംബർ 7 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ഡോളറിനെതിരെ ഏറ്റവും കുറവ് മൂല്യനഷ്ടം നേരിട്ടത് ഇന്ത്യൻ രൂപയാണ് (-0.7%). അതേസമയം, ജാപ്പനീസ് യെൻ ഇടിഞ്ഞത് 7.2 ശതമാനം. മലേഷ്യൻ റിങ്കിറ്റ് 6.9%, ദക്ഷിണ കൊറിയയുടെ വോൺ 6.9%, തായ്ലൻഡിന്റെ ബാത്ത് 5.8%, റഷ്യൻ റൂബിൾ 5.5%, ഫിലിപ്പൈൻസിന്റെ പെസോ 4.8%, ബ്രസീലിന്റെ റിയാൽ 4.2%, ചൈനീസ് യുവാൻ 2%, ദക്ഷിണാഫ്രിക്കയുടെ റാൻഡ് 1.2% എന്നിങ്ങനെയും ഇടിഞ്ഞു.
പ്രവാസികൾക്ക് നേട്ടം, ഇറക്കുമതിക്ക് കോട്ടം
രൂപയുടെ വീഴ്ച ഇന്ത്യക്ക് ഒരേസമയം നേട്ടവും കോട്ടവുമാണ്. രൂപ ദുർബലമാകുന്നതോടെ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് കൂടുതൽ പണം കണ്ടെത്തേണ്ടി വരും. ക്രൂഡ് ഓയിൽ, സ്വർണം, ഇലക്ട്രോണിക്സ് തുടങ്ങിയവയുടെ ഇറക്കുമതിച്ചെലവേറും. ഇത് ഇവയുടെ ആഭ്യന്തര വില വർധിക്കാനിടയാക്കും. പണപ്പെരുപ്പം കൂടും. ഇറക്കുമതിച്ചെലവ് ഉയരുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മി (ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലെ അന്തരം), കറന്റ് അക്കൗണ്ട് കമ്മി (വിദേശനാണയ വരുമാനവും ചെലവും തമ്മിലെ അന്തരം) എന്നിവയും കൂടാനിടയാക്കും. ഇത് സർക്കാരിനും റിസർവ് ബാങ്കിനും സമ്മർദ്ദമാകും. സർക്കാർ ഇറക്കുമതി നിയന്ത്രണങ്ങളിലേക്ക് കടന്നേക്കാം.
മറ്റൊന്ന് വിദേശയാത്ര, വിദേശപഠനം എന്നിവയ്ക്ക് കൂടുതൽ പണം കണ്ടെത്തേണ്ടി വരുമെന്നതാണ്. ഇത് വിദേശത്ത് പഠിക്കുന്നവർക്കും വിദേശയാത്ര തീരുമാനിച്ചവർക്കും തിരിച്ചടിയാണ്. അതേസമയം, കയറ്റുമതി രംഗത്തുള്ളവർക്ക് രൂപയുടെ വീഴ്ച നേട്ടമാകും. കയറ്റുമതിയിലൂടെ കൂടുതൽ വരുമാനം നേടാനാകും.
രൂപ തളരുന്നത് പ്രവാസികൾക്ക് നേട്ടമാണ്. ഡോളർ കുതിക്കുമ്പോൾ യുഎഇ ദിർഹവും സൗദി റിയാലും ഉൾപ്പെടെ ഗൾഫ് കറൻസികളുടെ മൂല്യവും ആനുപാതികമായി കൂടും. രൂപയ്ക്കെതിരെ യുഎഇ ദിർഹം ചരിത്രത്തിലാദ്യമായി കഴിഞ്ഞയാഴ്ച 23ലേക്ക് എത്തിയിരുന്നു. അതായത്, ഏതാനും മാസംമുമ്പ് ഒരു ദിർഹം നാട്ടിലേക്ക് അയച്ചപ്പോൾ കിട്ടിയിരുന്നത് 22 രൂപയ്ക്ക് താഴെയായിരുന്നെങ്കിൽ ഇപ്പോൾ 23 രൂപ കിട്ടും. ട്രംപ് 2.0യിൽ ഇത് 25 കടന്നേക്കാം.