വിഴിഞ്ഞം തുറമുഖം 2060 വരെ അദാനിക്ക്;രണ്ടാംഘട്ടം പൂർത്തിയായാൽ സർക്കാരിന് 35,000 കോടി വരുമാനമെന്ന് മന്ത്രി
Mail This Article
തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ അടുത്തഘട്ടം 2028 ഡിസംബറിൽ പൂർത്തിയായാൽ സർക്കാരിന് ആകെ 35000 കോടി രൂപയുടെ വരുമാന വിഹിതം ലഭിക്കുമെന്നു മന്ത്രി വി.എൻ.വാസവൻ. സാധ്യതാ പഠന റിപ്പോർട്ട് അനുസരിച്ച് 40 വർഷ കരാർ കാലയളവിൽ തുറമുഖത്തിന് ഏകദേശം 54750 കോടി രൂപ ആകെ വരുമാനവും 6300 കോടി രൂപ സംസ്ഥാന സർക്കാരിനു ലഭിക്കുന്ന വിഹിതവുമായിരുന്നു.
എന്നാൽ അടുത്ത ഘട്ടം നാലു വർഷത്തിനകം പൂർത്തീകരിക്കുന്നതോടെ മൊത്തവരുമാനം 215000 കോടി രൂപയാകും. ജിഎസ്ടി കൂടി കണക്കിലെടുത്താൽ 48000 കോടി രൂപ സർക്കാരിനു ലഭിക്കും. തുക, കരാറനുസരിച്ച് 2034 മുതൽ ലഭിച്ചുതുടങ്ങുമെന്നും അദാനി പോർട്ട് ലിമിറ്റഡും സംസ്ഥാന സർക്കാരുമായി സപ്ലിമെന്ററി കൺസഷൻ കരാർ ഒപ്പുവച്ചശേഷം മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.എൻ.വാസവൻ, വിസിൽ എംഡി ഡോ.ദിവ്യ എസ്.അയ്യർ എന്നിവരുടെ സാന്നിധ്യത്തിൽ തുറമുഖ സെക്രട്ടറി കെ.ശ്രീനിവാസും അദാനി വിഴിഞ്ഞം പോർട്ട് സിഇഒ പ്രദീപ് ജയരാമനുമാണു കരാർ ഒപ്പിട്ടത്. ഡിസംബറിൽ തുറമുഖം കമ്മിഷൻ ചെയ്യുന്നതിനു സപ്ലിമെന്ററി കരാർ നിർബന്ധമായിരുന്നു. 90 ദിവസത്തിനകം വയ്ക്കേണ്ട കരാർ 280 ദിവസമെടുത്താണ് ഒപ്പുവച്ചത്.
കമ്മിഷനിങ് പ്രവർത്തനം 3ന് തുടങ്ങും
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കമ്മിഷനിങ് ചടങ്ങ് വൈകുമെങ്കിലും വാണിജ്യ പ്രവർത്തനം ഡിസംബർ 3നു തന്നെ തുടങ്ങും. സപ്ലിമെന്ററി കരാർ പ്രകാരം പൂർത്തീകരണ കാലാവധി 2024 ഡിസംബർ 3 ആണ്. കമ്മിഷനിങ് തീയതി മുഖ്യമന്ത്രി കൂടി പങ്കെടുത്തുള്ള വിസിൽ ഭരണസമിതി യോഗം തീരുമാനിക്കും. തുറമുഖത്തെ ചരക്കുനീക്കത്തിനുള്ള തുരങ്ക റെയിൽ പാതയുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചു. കൊങ്കൺ റെയിൽവേ സമർപ്പിച്ച ഡിപിആർ അടുത്ത മന്ത്രിസഭാ യോഗം അംഗീകരിച്ചേക്കും.
സപ്ലിമെന്ററി കരാറിലെ വ്യവസ്ഥകൾ
∙ 2060 വരെ തുറമുഖം അദാനിയുടെ കയ്യിൽ
∙ 2028ൽ അടുത്ത ഘട്ടം പൂർത്തിയാക്കും
∙ സർക്കാരിന് 2034 മുതൽ വരുമാന വിഹിതം നൽകിത്തുടങ്ങും
∙ നിർമാണം വൈകിയതിനു ‘കമ്മിറ്റ്മെന്റ് ഫീ’ ആയി 2019 കോടി രൂപ സർക്കാർ പിടിച്ചുവയ്ക്കും
∙ അടുത്തഘട്ടം 2028ൽ പൂർത്തിയായാൽ ഇതിൽ 175.2 കോടി തിരിച്ചുകൊടുക്കും
∙ നിർമാണഘട്ടത്തിൽ സർക്കാർ നൽകേണ്ട വിജിഎഫ് വിഹിതമായ 408.90 കോടി രൂപയിൽ ഒരു വിഹിതം രണ്ടാംഘട്ട നിർമാണം പൂർത്തീകരിക്കുമ്പോൾ നൽകിയാൽ മതി.