കോട്ടയത്ത് ലുലു 14 മുതൽ; വരുന്നത് ഹൈപ്പർമാർക്കറ്റ്, 1000 കാറുകൾ പാർക്ക് ചെയ്യാം
Mail This Article
മധ്യ കേരളത്തിനുള്ള ക്രിസ്മസ് സമ്മാനമായി ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ പുത്തൻ ഹൈപ്പർമാർക്കറ്റ് കോട്ടയം മണിപ്പുഴയിൽ ഡിസംബർ 14ന് തുറക്കും. 15 മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവയ്ക്ക് ശേഷം ലുലു ഗ്രൂപ്പിന്റെ അഞ്ചാമത്തെ ‘ഷോപ്പിങ് മാളാണിത്’. അതേസമയം പാലക്കാട്, കോഴിക്കോട് എന്നിവയ്ക്ക് സമാനമായി ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്റ്റ് എന്നിവയ്ക്ക് ഊന്നൽ നൽകുന്ന 'മിനി മാൾ' ആയാണ് കോട്ടയത്തും സജ്ജമാക്കിയിട്ടുള്ളത്.
കേരളത്തിൽ പ്രവർത്തനം ആരംഭിക്കുന്ന ലുലു ഗ്രൂപ്പിന്റെ ആറാമത്തെ ഹൈപ്പർമാർക്കറ്റാണിത്. നിലവിൽ കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ലുലുമാളുകളിൽ ലുലു ഹൈപ്പർമാർക്കറ്റുണ്ട്. പുറമേ കൊച്ചി കുണ്ടന്നൂരിലെ ഫോറം മാളിലും ലുലുവിന് ഹൈപ്പർമാർക്കറ്റുണ്ട്. തൃശൂർ തൃപ്രയാറിൽ ലുലുവിന്റെ വൈമാളും പ്രവർത്തിക്കുന്നു. ലോകോത്തര ബ്രാൻഡുകളുടെ സാന്നിധ്യവും വിനോദത്തിന്റെയും ഭക്ഷണവൈവിധ്യത്തിന്റെയും ശ്രദ്ധേയ ആകർഷണങ്ങളും കോട്ടയത്തുണ്ടാകും. ബ്യൂട്ടി ആൻഡ് വെൽനസ്, വിനോദം, കഫേ ആൻഡ് റെസ്റ്ററന്റ്, മെൻസ് ഫാഷൻ, ജ്വല്ലറി തുടങ്ങിയ മേഖലകളിലെ ആഭ്യന്തര, രാജ്യാന്തര ബ്രാൻഡുകൾ അണിനിരക്കും.
മക്ഡോണൾസ്, കോസ്റ്റ കോഫീ, കെഎഫ്സി, അമുൽ, ലൂയി ഫിലിപ്പ്, ആരോ, നോർത്ത് എക്സ്പ്രസ്, മമാ എർത്ത്, ദ് പൾപ് ഫാക്ടറി, ബെൽജിയൻ വാഫ്ൾ, ജോക്കി, വൗ മോമോ, അൽ–ബെയ്ക്, അന്നഃപൂർണ, സ്വ ഡയമണ്ട്സ് തുടങ്ങിയവ അതിലുൾപ്പെടുന്നു. കുട്ടികളുടെ വിനോദത്തിനായി ഫൺട്യൂറയുമുണ്ടാകും. 500 പേർക്ക് ഒരേസമയം ഇരിക്കാവുന്നതാണ് ഫുഡ് കോർട്ട്. മൾട്ടി-ലെവൽ പാർക്കിങ് സൗകര്യത്തിൽ ഒരേസമയം 1,000 വാഹനങ്ങൾ പാർക്ക് ചെയ്യാം.
കേരളത്തിൽ ലുലു ഗ്രൂപ്പ് പുതുതായി ആരംഭിക്കുന്ന ഹൈപ്പർമാർക്കറ്റുകളിലേക്ക് വിവിധ തസ്തികകളിലേക്ക് വോക്ക്-ഇൻ-ഇന്റർവ്യൂ നാളെ രാവിലെ 10 മുതൽ വൈകിട്ട് മൂന്നുവരെ കൊച്ചി ഇടപ്പള്ളിയിലെ മാരിയറ്റ് സോളിറ്റയറിൽ നടക്കും. സൂപ്പർവൈസർ, സെയിൽസ്മാൻ/സെയിൽസ്‍സുമൺ, കാഷ്യർ, ഷെഫ് തുടങ്ങിയ തസ്തികകളിലേക്കാണ് ഇന്റർവ്യൂ. താൽപര്യമുള്ളവർ ബയോഡേറ്റയുമായി എത്തണം. ലുലു കേരളത്തിൽ വൈകാതെ ആരംഭിക്കുന്ന തിരൂർ, പെരിന്തൽമണ്ണ, കൊട്ടിയം, തൃശൂർ ഹൈപ്പർമാർക്കറ്റുകളിലേക്കും നിലവിലെ മാളുകളിലെ ഒഴിവുള്ള തസ്തികകളിലേക്കുമാണ് ഇന്റർവ്യൂ.