ലുലുവിന്റെ 5-ാം ‘മാൾ’ കെഎൽ-05ൽ; പിന്നാലെ കൊട്ടിയവും തിരൂരും പെരിന്തൽമണ്ണയും, തൃശൂരിലും വരും ഹൈപ്പർമാർക്കറ്റ്
Mail This Article
പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് കേരളത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത് വൻ വികസന പദ്ധതികൾ. ലുലുവിന്റെ കേരളത്തിലെ അഞ്ചാമത്തെ ‘ഷോപ്പിങ് മാൾ’ അക്ഷരനഗരിയായ കോട്ടയത്ത് ഡിസംബർ 14ന് ഉദ്ഘാടനം ചെയ്യും. 15 മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം. കോട്ടയം ജില്ലയുടെ വാഹന രജിസ്ട്രേഷൻ നമ്പർ വരുന്ന ‘കെഎൽ-05ൽ’ ലുലുവിന്റെ അഞ്ചാമത്തെ മാൾ വരുന്നു എന്നതും കൗതുകം.
മലബാറുകാർക്ക് ലുലുവിന്റെ ഓണസമ്മാനമായാണ് കോഴിക്കോട് ലുലുമാൾ ആരംഭിച്ചതെങ്കിൽ, മധ്യകേരളത്തിനുള്ള ക്രിസ്മസ്-പുതുവത്സര സമ്മാനമാണ് കോട്ടയം മണിപ്പുഴയിലെ ലുലു ഹൈപ്പർമാർക്കറ്റ്. കോഴിക്കോട്, പാലക്കാട് ലുലുമാളുകൾക്ക് സമാനമായ ‘മിനി’ ഷോപ്പിങ് മാളാണ് കോട്ടയത്തേതും. ലോകോത്തര ഷോപ്പിങ് അനുഭവം സമ്മാനിക്കുന്ന ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്റ്റ് എന്നിവയ്ക്കാണ് മുഖ്യ ഊന്നൽ.
ലോകോത്തര ബ്രാൻഡുകളുടെ സാന്നിധ്യവും വിനോദത്തിന്റെയും ഭക്ഷണവൈവിധ്യത്തിന്റെയും ശ്രദ്ധേയ ആകർഷണങ്ങളും കോട്ടയത്തുണ്ടാകും. ബ്യൂട്ടി ആൻഡ് വെൽനസ്, വിനോദം, കഫേ ആൻഡ് റെസ്റ്ററന്റ്, മെൻസ് ഫാഷൻ, ജ്വല്ലറി തുടങ്ങിയ മേഖലകളിലെ ആഭ്യന്തര, രാജ്യാന്തര ബ്രാൻഡുകൾ അണിനിരക്കും.
മക്ഡോണൾസ്, കോസ്റ്റ കോഫീ, കെഎഫ്സി, അമുൽ, ലൂയി ഫിലിപ്പ്, ആരോ, നോർത്ത് എക്സ്പ്രസ്, മമാ എർത്ത്, ദ് പൾപ് ഫാക്ടറി, ബെൽജിയൻ വാഫ്ൾ, ജോക്കി, വൗ മോമോ, അൽ–ബെയ്ക്, അന്നഃപൂർണ, സ്വ ഡയമണ്ട്സ് തുടങ്ങിയവ അതിലുൾപ്പെടുന്നു. കുട്ടികളുടെ വിനോദത്തിനായി ഫൺട്യൂറയുമുണ്ടാകും. 500 പേർക്ക് ഒരേസമയം ഇരിക്കാവുന്നതാണ് ഫുഡ്കോർട്ട്. മൾട്ടി-ലെവൽ പാർക്കിങ് സൗകര്യത്തിൽ ഒരേസമയം 1,000 വാഹനങ്ങൾ പാർക്ക് ചെയ്യാം.
കൊട്ടിയം, തിരൂർ, തൃശൂർ... വരുന്നൂ കൂടുതൽ പദ്ധതികൾ
കൊച്ചി, തിരുവനന്തപുരം എന്നിവയാണ് ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ വലിയ ഷോപ്പിങ് മാളുകൾ. പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ ലുലു ഹൈപ്പർമാർക്കറ്റിന് മുഖ്യ ഊന്നലുള്ള ‘മിനി’ മാളുകളും പ്രവർത്തിക്കുന്നു. ലുലുവിന്റെ ‘അഞ്ചാമത്തെ മാളാണ്’ കോട്ടയത്ത് ഉയരുന്നത്. എം.എ. യൂസഫലിയുടെ ജന്മനാടായ തൃശൂർ തൃപ്രയാറിൽ വൈമാളും പ്രവർത്തിക്കുന്നു.
കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ലുലുമാളുകൾക്ക് പുറമേ എറണാകുളം കുണ്ടന്നൂരിലുള്ള ഫോറം മാളിലും ലുലുവിന്റെ ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നു. കോട്ടയത്ത് തുറക്കുന്നത് കേരളത്തിലെ ലുലുവിന്റെ ആറാമത്തെ ഹൈപ്പർമാർക്കറ്റാണ്. തൃശൂരിൽ സജ്ജമാകുന്ന ഹൈ-ലൈറ്റ് മാളിലും ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിക്കും. കൊല്ലത്തെ കൊട്ടിയം, മലപ്പുറത്തെ തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലും ലുലു ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കും. ഇവിടങ്ങളിൽ മികച്ച തൊഴിലവസരങ്ങൾ കൂടിയാണ് ലുലു സൃഷ്ടിക്കുന്നത്.