കോട്ടയം ലുലുമാൾ നാളെ തുറക്കും; മാളിന്റെ ഉൾക്കാഴ്ചകൾ ആദ്യമായി മനോരമ ഓൺലൈനിൽ
Mail This Article
പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന്റെ, കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാൾ കോട്ടയം മണിപ്പുഴയിൽ നാളെ പ്രവർത്തനം ആരംഭിക്കും. ലുലുവിന്റെ പാലക്കാട്, കോഴിക്കോട് മാളുകൾക്ക് സമാനമായ ‘മിനി ഷോപ്പിങ് മാൾ’ ആണ് കോട്ടയത്തേതും. അക്ഷരനഗരിക്കും മധ്യകേരളത്തിനാകെയും ഷോപ്പിങ്ങിന്റെ ലോകോത്തര അനുഭവം ഒരുക്കുന്ന കോട്ടയം ലുലുമാളിൽ ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്ട് എന്നിവയാണ് മുഖ്യ ആകർഷണങ്ങൾ.
3.22 ലക്ഷം ചതുരശ്ര അടി, 1,000 വാഹനങ്ങൾക്ക് പാർക്കിങ്
രണ്ടു നിലകളിലായി 3.22 ലക്ഷം ചതുരശ്ര അടിയിലാണ് കോട്ടയം ലുലുമാൾ ഒരുക്കിയിരിക്കുന്നത്. ലോകോത്തര ബ്രാൻഡുകളുടെ സാന്നിധ്യവും വിനോദത്തിന്റെയും ഭക്ഷണവൈവിധ്യത്തിന്റെയും ശ്രദ്ധേയ ആകർഷണങ്ങളും കോട്ടയത്തെ മാളിലുമുണ്ടാകും. ബ്യൂട്ടി ആൻഡ് വെൽനസ്, വിനോദം, കഫേ ആൻഡ് റസ്റ്ററന്റ്, മെൻസ് ഫാഷൻ, ജ്വല്ലറി ശ്രേണികളിലെ ആഭ്യന്തര, രാജ്യാന്തര ബ്രാൻഡുകളും അണിനിരക്കും.
മക്ഡോണൾഡ്സ്, കോസ്റ്റ കോഫീ, കെഎഫ്സി, മാമഎർത്ത്, അമുൽ, ലൂയി ഫിലിപ്പ്, ആരോ, നോർത്ത് എക്സ്പ്രസ്, ദ് പൾപ് ഫാക്ടറി, ബെൽജിയൻ വാഫ്ൾ, ജോക്കി, വൗ മോമോ, അവ്-ബെയ്ക്, അന്നഃപൂർണ, സ്വ ഡയമണ്ട്സ് തുടങ്ങിയവ അതിലുൾപ്പെടുന്നു. കുട്ടികളുടെ വിനോദത്തിനായി ലുലുവിന്റെ ഫൺട്യൂറയുമുണ്ട്. 500 പേർക്ക് ഒരേസമയം ഇരിക്കാവുന്നതാണ് ഫുഡ്കോർട്ട്. മൾട്ടി-ലെവൽ പാർക്കിങ് സൗകര്യത്തിൽ ഒരേസമയം 1,000 വാഹനങ്ങൾ പാർക്ക് ചെയ്യാം.
മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും
നാളെ രാവിലെ 11.30ന് മന്ത്രി വി.എൻ. വാസവൻ മാളിന്റെ ഉദ്ഘാടനം നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലി ആമുഖ പ്രഭാഷണം നടത്തും. എക്സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി സ്വാഗതം പറയും.
മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, എംപിമാരായ ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, ഹാരിസ് ബീരാൻ, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു എന്നിവർ മുഖ്യാതിഥികളാകും. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, വാർഡ് കൗൺസിലർ ഷീന ബിനു, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സിഇഒയുമായ എം.എ. നിഷാദ് എന്നിവർ പ്രസംഗിക്കും. ഉദ്ഘാടനശേഷം നാളെ വൈകിട്ട് 4 മുതലാണ് പൊതുജനങ്ങൾക്ക് മാളിലേക്ക് പ്രവേശനം.
ലുലുവിന്റെ കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാൾ
കൊച്ചി, തിരുവനന്തപുരം എന്നിവയാണ് ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ വലിയ ഷോപ്പിങ് മാളുകൾ. പാലക്കാട്, കോഴിക്കോട്, കോട്ടയം എന്നിവ ലുലു ഹൈപ്പർമാർക്കറ്റിന് മുഖ്യ ഊന്നലുള്ള ‘മിനി’ മാളുകളാണ്. ലുലുവിന്റെ കേരളത്തിലെ അഞ്ചാമത്തെ മാൾ ആണ് കോട്ടയത്തേത്. എം.എ. യൂസഫലിയുടെ ജന്മനാടായ തൃശൂർ തൃപ്രയാറിൽ വൈമാൾ പ്രവർത്തിക്കുന്നുണ്ട്.
കേരളത്തിൽ ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന ആറാമത്തെ ലുലു ഹൈപ്പർമാർക്കറ്റുമാണ് കോട്ടയത്തേത്. കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ലുലു മാളുകൾക്ക് പുറമേ എറണാകുളം കുണ്ടന്നൂരിലെ ഫോറം മാളിലുമാണ് നിലവിൽ ലുലു ഹൈപ്പർമാർക്കറ്റുകളുള്ളത്.
കൊട്ടിയത്തും തൃശൂരിലും ക്രിസ്മസ് സമ്മാനമായി ലുലു ഡെയ്‍ലി
കോട്ടയത്തിന് പുറമേ ക്രിസ്മസ്-പുതുവത്സര സമ്മാനമായി തൃശൂർ, കൊല്ലം ജില്ലയിലെ കൊട്ടിയം എന്നിവിടങ്ങളിലും ഈമാസം തന്നെ ലുലു ഡെയ്‍ലി സൂപ്പർമാർക്കറ്റുകൾ തുറക്കും (Read more). ഉദ്ഘാടന തീയതി ഉടൻ പ്രഖ്യാപിക്കും. തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. തൃശൂർ ഹൈ-ലൈറ്റ് മാളിലാണ് ലുലു ഡെയ്‍ലി സൂപ്പർമാർക്കറ്റ് തുറക്കുന്നത്.