ADVERTISEMENT

കോട്ടയം ലുലു മാളിന്റെ ഉദ്ഘാടനം  രാവിലെ 11.30ന് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. വൈകിട്ട് 4 മുതൽ പൊതുജനങ്ങൾക്ക് മാളിലേക്ക് പ്രവേശിക്കാം. 

ലുലു എന്നാൽ മുത്ത് എന്നർഥം. അറബ് ജനതയുടെ ജീവിതത്തിന്റെ ഭാഗമാണു മുത്തും പവിഴവും. പെട്രോൾ സമ്പന്നത കൊണ്ട് നിറയും മുൻപ് അറബ് നാടുകൾ പേരുകേട്ടിരുന്നതും ഇവയ്ക്കുതന്നെ. തന്റെ രണ്ടാം വീടായ യുഎഇയിൽ അബുദാബി എയർപോർട്ട് റോഡിൽ 36-ാം വയസ്സിൽ ആദ്യ സൂപ്പർമാർക്കറ്റ് തുടങ്ങിയപ്പോൾ എം.എ.യൂസഫലി ആ നാടിന്റെ ആത്മാവുതൊട്ട പേരു തന്നെയിട്ടു; ലുലു! 1990-91 കാലത്തു ഗൾഫ് യുദ്ധഭീതിയിൽ എല്ലാവരും ആ നാടു വിട്ടപ്പോൾ യൂസഫലി രണ്ടും കൽപിച്ച് അവിടെത്തന്നെ നിൽക്കാൻ തീരുമാനിക്കുകയായിരുന്നു.

യുഎഇ രാഷ്ട്രപിതാവും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ഈ സൂപ്പർമാർക്കറ്റ് പദ്ധതി ശ്രദ്ധിക്കുകയും യൂസഫലിയെ കൊട്ടാരത്തിലേക്കു വിളിപ്പിക്കുകയും ചെയ്തു. ഭരണാധികാരികളോടും രാജ്യത്തോടുമുള്ള യൂസഫലിയുടെ വിശ്വാസം ഷെയ്ഖ് സായിദിന് ഇഷ്ടപ്പെട്ടു. അതൊരു ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു; ഒപ്പം ലുലുവിന്റെ വളർച്ചയുടെയും.

lulu-ktm - 1

മറ്റുള്ളവർക്ക് 7 വർഷത്തെ വായ്പ അനുവദിക്കുന്ന രാജ്യം ലുലുവിന് 15 വർഷത്തേക്കു വായ്പയും സ്ഥലവും അനുവദിച്ചു. യൂസഫലിക്ക് എല്ലാ സഹായവും ചെയ്യണമെന്നു മക്കളോടും ഉദ്യോഗസ്ഥരോടും നിർദേശിക്കുകയും ചെയ്തു. ഇന്നു മൂന്നു ഭൂഖണ്ഡങ്ങളിൽ ലുലുവിന്റെ സാന്നിധ്യമുണ്ട്. ഒരിടത്തു സൂര്യൻ അസ്തമിക്കുമ്പോൾ മറ്റൊരിടത്തു ലുലുവിൽ കച്ചവടം പൊടിപൊടിക്കും.

എംകെ സ്റ്റോഴ്സിൽ 

മുംബൈയിൽനിന്ന് ദുംറ എന്ന കപ്പലിൽ 10 ദിവസമെടുത്താണ് 1973 ഡിസംബർ 31നു തൃശൂർ നാട്ടിക സ്വദേശി എം.എ.യൂസഫലി ദുബായ് കടപ്പുറത്ത് എത്തിയത്. എളാപ്പ (ഉപ്പയുടെ അനിയൻ)  എം.കെ.അബ്ദുല്ലയ്ക്ക് അബുദാബി മാർക്കറ്റിനു സമീപം എം.കെ.സ്റ്റോഴ്സ് എന്നൊരു കടയുണ്ട്. അവിടെനിന്നാണു തുടക്കം. ഒരു സെക്കൻഡ്ഹാൻഡ് പിക്കപ് വാഹനത്തിൽ സാധനങ്ങളുമായി മരുഭൂമികളിലേക്കു യാത്രയായിരുന്നു ആദ്യജോലി.

എണ്ണക്കമ്പനികളിൽ ജോലി ചെയ്യുന്നവരുടെ അടുത്തേക്കു സാധനങ്ങൾ എത്തിച്ചതോടെ ആവശ്യക്കാരേറി. കച്ചവടം ഉഷാറായി. സ്വന്തമായി ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തു തുടങ്ങി. ഇവ കേടുകൂടാതെ സൂക്ഷിക്കണം. അതിൽനിന്നാണ് അൽതായബ് കോൾഡ് സ്റ്റോർ എന്ന സ്ഥാപനം അബുദാബിയിൽ യൂസഫലി തുടങ്ങിയത്. ഇന്നും അതുണ്ട്. തുടർന്നു സ്വന്തമായി സാധനങ്ങൾ ഇറക്കുമതി ചെയ്തു സമീപ കടകൾക്കു കൂടി നൽകാൻ തുടങ്ങി. ഇറക്കുമതി, വിതരണം, വിൽപന എന്നിവ ശക്തമായതോടെയാണ് സൂപ്പർമാർക്കറ്റ് എന്ന ആശയം മനസ്സിൽ മിന്നിയത്.

പുതിയ തുടക്കം

lulu-ktm3 - 1
കോട്ടയം ലുലുമാളിലെ സ്റ്റാളുകളിലൊന്ന്..

കച്ചവടം വിജയിക്കണമെങ്കിൽ മൂന്നു കാര്യം ശ്രദ്ധിക്കണമെന്ന് യുസഫലി പറയും. ഒന്നാമതും രണ്ടാമതും മൂന്നാമതും ലൊക്കേഷൻ തന്നെ. 2000ൽ ആണ് ലുലു ഹൈപ്പർമാർക്കറ്റിന്റെ ആരംഭം; ദുബായ്-ഷാർജ അതിർത്തിയായ ഖിസൈസിൽ. മരുഭൂമിയിൽ ഹൈപ്പർമാർക്കറ്റ് തുടങ്ങിയപ്പോൾ പലരും മൂക്കത്തു വിരൽവച്ചെങ്കിലും അതിനു ചുറ്റും ആ നഗരം വികസിക്കുന്നതാണു പിന്നീടു കണ്ടത്. തുടർന്നു നഗരത്തിനു പുറത്തേക്കും ഇവ വ്യാപിച്ചു. വിദേശ മാതൃകകൾ തന്റേതായ രീതിയിൽ കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ തുടങ്ങിയതു വളർച്ച വേഗത്തിലാക്കി. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടു സാധനങ്ങൾ ഇറക്കുകയും വിവിധ രാജ്യങ്ങളിൽ സംഭരണകേന്ദ്രം തുറക്കുകയും ചെയ്തു. ഇതുവഴി ഉൽപന്നങ്ങളുടെ നിരന്തര ലഭ്യത, ഗുണമേന്മ, വിലനിയന്ത്രണം എന്നിവ വരുതിയിലായതോടെ ലുലു ജൈത്രയാത്ര തുടങ്ങി.

2002-03ൽ ചൈന, ബാങ്കോക്ക്, ഇന്ത്യ, ഇന്തൊനീഷ്യ, ആഫ്രിക്ക, ഇറ്റലി, സ്പെയിൻ, യുഎസ്, തുർക്കി എന്നിവിടങ്ങളിലെല്ലാം ലുലുവിന്റെ ഓഫിസുകൾ തുടങ്ങി. 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ചൈന, തുർക്കി, അമേരിക്ക എന്നിവിടങ്ങളിൽ ഉൽപന്നങ്ങളുടെ നിർമാണവും തുടങ്ങി. ഐക്കൺ എന്ന സ്വന്തം ബ്രാൻഡിൽ ഇലക്ട്രോണിക് ഉൽപന്നങ്ങൾ ചൈനയിൽ നിർമിക്കുന്നുണ്ട്. ഇന്ത്യയിലും തുർക്കിയിലും തുണിത്തരങ്ങളുണ്ടാക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനവും തുടങ്ങി. അസംസ്കൃത വസ്തുക്കൾ തരംതിരിക്കുന്ന കേന്ദ്രങ്ങളും ആരംഭിച്ചു.

ലുലു എന്ന ബിഗ് ബ്രാൻഡ്

∙ഇന്ത്യയ്ക്കു പുറത്ത് വിവിധ രാജ്യങ്ങളിലായി 276 സൂപ്പർ/ഹൈപ്പർ മാർക്കറ്റുകൾ.

∙ഇന്ത്യയിൽ ആകെ 12 സൂപ്പർ/ഹൈപ്പർ മാർക്കറ്റുകൾ. കേരളത്തിൽ കോട്ടയത്തേത് ഉൾപ്പെടെ -7.

∙ലുലു ഡെയ്‌ലി എന്ന ചെറിയ ഫ്രഷ് മാർക്കറ്റും ലുലുവിനുണ്ട്. കൊട്ടിയം (കൊല്ലം), തൃശൂർ, മംഗളൂരു (കർണാടക) എന്നിവിടങ്ങളിൽ ലുലു ഡെയ്‌ലി ഈ മാസം തുറക്കും.

∙പെരിന്തൽമണ്ണ, തിരൂർ (രണ്ടും മലപ്പുറം) എന്നിവിടങ്ങളിൽ ഹൈപ്പർമാർക്കറ്റ് അടുത്തവർഷം തുടങ്ങും.

മാളുകളിലേക്ക്

lulu-ktm2 - 1

വിവിധ ബ്രാൻഡുകൾ ഒരു കുടക്കീഴിൽ അണിനിരത്തി ഷോപ്പിങ് ആനന്ദകരമായ അനുഭവമാക്കുക എന്ന ലക്ഷ്യത്തോടെ മാളുകൾ തുടങ്ങാനായി അടുത്ത തീരുമാനം. 2009ൽ അബുദാബിയിൽ ഖലീദിയ മാൾ തുടങ്ങി. 15 മുതൽ 20 ലക്ഷം വരെ ചതുരശ്ര അടിയിൽ വിശാല ഷോപ്പിങ് ലോകം ജനം സ്വീകരിച്ചു. ഓരോ നഗരത്തിന്റെയും ആവശ്യമനുസരിച്ച് സൂപ്പർമാർക്കറ്റ്, ഹൈപ്പർമാർക്കറ്റ്, ഷോപ്പിങ് മാൾ, മിനി മാൾ എന്നിവ നിർമിക്കുന്ന രീതി ആരംഭിച്ചു. ഇതു വിജയമാണെന്നു കണ്ടതോടെയാണു കൊച്ചിയിൽ മാൾ എന്ന സ്വപ്നവുമായി മുന്നോട്ടുവന്നത്. കൊച്ചിയിൽ വലിയ മാൾ തുടങ്ങുന്നതിനെപ്പറ്റി പലരും സംശയം പറഞ്ഞെങ്കിലു തുടങ്ങാൻ തന്നെ തീരുമാനിച്ചു. 2013 മാർച്ചിൽ 1600 കോടി രൂപ ചെലവിൽ 25 ലക്ഷം ചതുരശ്ര അടിയിൽ കേരളത്തിലെ ലുലുവിന്റെ ആദ്യ മാൾ കൊച്ചിയിൽ തുടങ്ങി.

2006ൽ തൃശൂർ പുഴയ്ക്കലിൽ  18 ഏക്കറിൽ വിശാല കൺവൻഷൻ സെന്റർ തുടങ്ങിയിരുന്നു. ആതിഥേയ രംഗത്തു ശ്രദ്ധവച്ച ലുലു വൻകിട ഹോട്ടലുകളും കെട്ടിടങ്ങളും ഏറ്റെടുക്കാൻ തുടങ്ങി. ഹോട്ടലുകളുടെ നടത്തിപ്പ് ആ രംഗത്തു പ്രശസ്തരായ ഗ്രൂപ്പുകളെ ഏൽപിക്കുകയാണു ചെയ്തത്. ഒരു കാലത്ത് ഇന്ത്യക്കാരെ ഭരിച്ച ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉടമകളിൽ ഒരാളാകുന്ന നിലയിലേക്കു യൂസഫലിയും ലുലുവും വളർന്നു.

ക്രിസ്മസ്, പുതുവർഷ സമ്മാനം: എം.എ.യൂസഫലി (ചെയർമാൻ, ലുലു ഗ്രൂപ്പ്)

lulu-ktm4 - 1
കോട്ടയം ലുലു മാളിന്റെ ഉൾവശം. ഫുഡ് കോർട്ടാണ് ഇടതുവശത്ത്.

ക്രിസ്മസ്, പുതുവർഷ സമ്മാനമായാണു കോട്ടയത്തിനു ലുലു സമർപ്പിക്കുന്നത്. അക്ഷരങ്ങളുടെ, റബറിന്റെയൊക്കെ നാടായ കോട്ടയത്തിനു നല്ല സേവനങ്ങൾ സ്വീകരിച്ചും ഏറ്റുവാങ്ങിയുമുള്ള അനുഭവപരിചയമുണ്ട്. കൂടുതൽ ആളുകൾ വിദേശത്തേക്കുപോയി പരിചയമുള്ളതിനാൽ രാജ്യാന്തര നിലവാരമുള്ള സൗകര്യങ്ങൾ അനുഭവിച്ചവരാണ് ഇവിടെയുള്ളവർ. അതേ നിലവാരമുള്ള ഷോപ്പിങ് അനുഭവം നൽകാനാണു ലുലു ശ്രമിക്കുന്നത്. സാധാരണ വലിയ നഗരങ്ങൾ കേന്ദ്രീകരിച്ചാണു മാളുകൾ വരുന്നത്. ചെറുപട്ടണങ്ങളിലേക്കും എത്തുമ്പോൾ  ലുലു കൂടുതൽ ജനങ്ങളിലേക്ക് എത്തുന്നു. അതു കോട്ടയത്തെ ജനങ്ങൾ തിരിച്ചറിയുമെന്ന ഉറച്ച വിശ്വാസമുണ്ട്.

കോട്ടയം ലുലുവിൽ  

∙ ഹൈപ്പർമാർക്കറ്റിനു പ്രധാന്യം നൽകിയുള്ള ലുലു മിനി മാളാണു മണിപ്പുഴയിൽ എംസി റോഡരികിൽ ഇന്ന് ആരംഭിക്കുന്നത്. 2.5 ലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ രണ്ടുനില കെട്ടിടത്തിൽ താഴത്തെ നില ഹൈപ്പർമാർക്കറ്റാണ്. രാവിലെ 9 മുതൽ രാത്രി 11 വരെയാണു പ്രവർത്തനസമയം. 

∙ ഉദ്ഘാടനം ഇന്നു രാവിലെ 11.30നു മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. എം.എ.യൂസഫലി അധ്യക്ഷത വഹിച്ചു. ഇന്നു വൈകിട്ട് 4 മുതൽ മാളിൽ പ്രവേശനം അനുവദിക്കും. 

∙ വിവിധ ബ്രാൻഡുകളുടെയും വസ്ത്രശേഖരവുമായി ലുലു ഫാഷൻ മുകളിലത്തെ നിലയിലാണ്. ലുലുവിന്റെ തന്നെ ബ്ലഷ്, ഐ എക്സ്പ്രസ് എന്നിവയാണു സുഗന്ധവിഭാഗവും ഫാഷൻ, കണ്ണട വിഭാഗവും സജ്ജമാക്കിയിരിക്കുന്നത്. 450 പേർക്കോളം ഇരിക്കാവുന്ന ഫൂഡ്കോർട്ടാണുള്ളത്. കുട്ടികൾക്കായി ഫൺടൂറ ആണ് മറ്റൊരു ആകർഷണം.

∙ ആയിരത്തോളം വാഹനങ്ങൾക്കു പാർക്ക് ചെയ്യാവുന്ന മൾട്ടിലവൽ പാർക്കിങ് സൗകര്യമുണ്ട്. ഇതിനുപുറമേ അടുത്തു പാർക്കിങ് ഗ്രൗണ്ടും ഒരുക്കിയിട്ടുണ്ട്. നിലവിൽ പാർക്കിങ് സൗജന്യം.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Lulu Mall opens in Kottayam as a Christmas and New Year gift. Read about the journey of M.A. Yusuffali and the growth of Lulu Group from a small store in Abu Dhabi to a global brand.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com