സോളോ യാത്രകൾക്ക് 2025ൽ ഏറ്റവും മികച്ച രാജ്യം, അതു നമ്മുടെ ഇന്ത്യയാണ്, ടോപ് 10 റാങ്ക് ലിസ്റ്റ് ഇങ്ങനെ

Mail This Article
ലോകത്ത് സോളോ യാത്രകൾക്ക് 2025ൽ ഏറ്റവും അനുയോജ്യമായ രാജ്യം ഇന്ത്യയെന്ന് പ്രമുഖ ആഡംബര യാത്രാ സേവനദാതാക്കളായ കെൻസിങ്ടണിന്റെ സർവേ റിപ്പോർട്ട്. സർവേ അടിസ്ഥാനമാക്കി തയാറാക്കിയ റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമതും ഇറ്റലി രണ്ടാമതുമാണ്. ജപ്പാൻ, ഈജിപ്റ്റ്, തായ്‍ലൻഡ് എന്നിവയാണ് യഥാക്രമം ടോപ് 5ലുള്ള മറ്റ് രാജ്യങ്ങൾ.

ഓസ്ട്രേലിയ, സ്പെയിൻ, ഐസ്‍ലൻഡ്, ഫ്രാൻസ്, ന്യൂസിലൻഡ് എന്നിവ യഥാക്രമം 6 മുതൽ 10 വരെ സ്ഥാനങ്ങളിലുള്ള പട്ടികയിലാണ് ഇന്ത്യയ്ക്ക് ഒന്നാംസ്ഥാനം. ജയ്പുരിലെ ത്രസിപ്പിക്കും തെരുവുകളും കേരളത്തിലെ മനംനിറയ്ക്കും ഉൾനാടൻ ജലയാത്രകളും ഉൾപ്പെടെ ഇന്ത്യയുടെ വൈവിധ്യക്കാഴ്ചകൾ സഞ്ചാരിക്ക് അസാധാരണ അനുഭവമാണ് നൽകുകയെന്ന് കെൻസിങ്ടണിന്റെ ഇന്ത്യ സബ്കോണ്ടിനന്റ് ഡെസ്റ്റിനേഷൻ എക്സ്പേർട്ട് അനിത് സിങ് ട്രാവൽ പ്ലസ് ലഷർ മാധ്യമത്തോട് അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ ജിഡിപിയിൽ ടൂറിസം മേഖലയുടെ വിഹിതം കോവിഡിന് മുമ്പത്തെ 5 ശതമാനത്തിലേക്ക് 2022-23 സാമ്പത്തിക വർഷത്തിൽ തിരിച്ചെത്തിയെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. 2023ലെ കണക്കുപ്രകാരം ലോകത്ത് വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 1.45 ശതമാനമാണ് ഇന്ത്യയുടെ പങ്ക്. തനിച്ചു നടത്തുന്ന യാത്രകളെയാണ് സോളോ ട്രാവൽ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. സ്വന്തമായി ഷെഡ്യൂൾ തയാറാക്കാം, കൂടുതൽ അറിവും അനുഭവങ്ങളും സ്വന്തമാക്കാം, ആത്മവിശ്വാസം വളർത്താം എന്നിങ്ങനെ സോളോ ട്രാവലിന് മികവുകളേറെ.

ലോകത്ത് 2025ൽ വിനോദ സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ രാജ്യം ഇറ്റലിയാണെന്നും സർവേ വ്യക്തമാക്കുന്നു. ഈ റാങ്കിങ്ങിൽ ജപ്പാനാണ് രണ്ടാംസ്ഥാനത്ത്. ടോപ് 10ൽ ഇന്ത്യയില്ല. ഗ്രീസ് മൂന്നാമതും ഫ്രാൻസ്, സ്പെയിൻ എന്നിവ യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിലുമാണ്. അയർലൻഡ്, സ്കോട്‍ലൻഡ്, പോർച്ചുഗൽ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവയാണ് യഥാക്രമം ടോപ് 10ലെ മറ്റു രാജ്യങ്ങൾ.