സ്വർണവില കുറഞ്ഞു; വെള്ളിക്ക് മാറ്റമില്ല, ഇസ്രയേൽ-ഹിസ്ബുല്ല വെടിനിർത്തലിൽ ആശയക്കുഴപ്പം, വില ഇനി കൂടുമോ?
Mail This Article
സംസ്ഥാനത്ത് സ്വർണവില ഇന്ന് താഴേക്കിറങ്ങി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,090 രൂപയായി. 120 രൂപ കുറഞ്ഞ് 56,720 രൂപയാണ് പവൻവില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 10 രൂപ താഴ്ന്ന് 5,860 രൂപയിലെത്തി. വെള്ളിക്ക് ഇന്നും വിലമാറ്റമില്ല; ഗ്രാമിന് 96 രൂപ.
രാജ്യാന്തരവില ഔൺസിന് 2,639 ഡോളറിൽ നിന്ന് 2,622 ഡോളർ നിലവാരത്തിലേക്ക് താഴ്ന്ന പശ്ചാത്തലത്തിലാണ് ഇന്ന് കേരളത്തിലും വില കുറഞ്ഞത്. ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ ഫ്രാൻസും യുഎസും മുൻകൈ എടുക്കുകയും 60-ദിവസത്തെ വെടിനിർത്തൽ കരാർ നിലവിൽവരുകയും ചെയ്തത് സ്വർണവില കുറയാനിടയാക്കി.
എന്നാൽ, ഗാസയിൽ ബന്ധികളാക്കപ്പെട്ടവർ ഇനിയും മോചിതരായിട്ടില്ലെന്നതിനാൽ വെടിനിർത്തൽ യാഥാർഥ്യമാകുമോ എന്ന സംശയം നിരീക്ഷകർ ഉന്നയിക്കുന്നുണ്ട്. റഷ്യയുമായുള്ള പോര് കനക്കുകയാണെന്ന സൂചന യുക്രെയ്ൻ നൽകിയതും ആഗോള സമ്പദ്‍വ്യവസ്ഥയ്ക്ക് തിരിച്ചടിയാണ്.
പുറമേ, യുഎസിൽ പണപ്പെരുപ്പം, തൊഴിലില്ലായ്മനിരക്ക് എന്നിവ ആശ്വാസതലത്തിൽ തുടരുന്നതിനാൽ ഡിസംബറിലും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയേറിയിട്ടുണ്ട്. ഇതോടെ, യുഎസ് സർക്കാരിന്റെ ട്രഷറി ബോണ്ട് യീൽഡും താഴേക്കിറങ്ങി. ഇവയും സ്വർണവില കൂടാനിടയാക്കുന്ന ഘടകങ്ങളാണ്. രാജ്യാന്തരവില ഇപ്പോൾ 2,632 ഡോളറിലേക്ക് കയറിയിട്ടുമുണ്ട്. വില വരുംദിവസങ്ങളിലും കയറ്റിറക്കങ്ങൾക്ക് സാക്ഷിയായേക്കുമെന്ന് ഇത് വ്യക്തമാക്കുന്നു.