ഇന്ത്യയിലേക്ക് ഇനിയും കുതിച്ചൊഴുകും റഷ്യൻ എണ്ണ; വഴിയൊരുക്കി റിലയൻസിന്റെ വമ്പൻ ഇടപാട്
Mail This Article
ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഒഴുക്കിന്റെ ശക്തികൂട്ടാൻ കരാറുമായി ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ്. റഷ്യൻ സർക്കാരിന് കീഴിലെ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റുമായി 10 വർഷത്തെ സഹകരണത്തിന് തീരുമാനമായെന്നാണ് റിപ്പോർട്ടുകൾ. ഇതുപ്രകാരം പ്രതിദിനം 5 ലക്ഷം ബാരൽ വീതം റഷ്യൻ ക്രൂഡ് ഓയിൽ റിലയൻസ് വാങ്ങും. ഇന്ത്യക്കും റഷ്യക്കുമിടയിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ വാങ്ങൽ ഇടപാടാണിത്.
നിലവിലെ വില പ്രകാരം പ്രതിവർഷം 1,300 കോടി ഡോളർ (1.10 ലക്ഷം കോടി രൂപ) മതിക്കുന്ന ഇടപാടുമാണിത്. കരാർ സംബന്ധിച്ച് റിലയൻസ് ഇൻഡസ്ട്രീസോ റോസ്നെഫ്റ്റോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ വർഷം ജനുവരി-ഒക്ടോബർ കാലയളവിൽ റഷ്യയിൽ നിന്ന് റിലയൻസ് പ്രതിദിനം 4.05 ലക്ഷം ബാരൽ വീതം എണ്ണ വാങ്ങിയിട്ടുണ്ട്. മുൻവർഷത്തെ സമാനകാലത്ത് ഇത് 3.88 ലക്ഷം ബാരൽ വീതമായിരുന്നു. പുതിയ കരാർ പ്രകാരമുള്ള എണ്ണ, റിലയൻസിന്റെ വമ്പൻ റിഫൈനറിയായ ഗുജറാത്തിലെ ജാംനഗറിലേക്കാണ് എത്തുകയെന്നും റിപ്പോർട്ടുകൾ പറയുന്നു.
നിലവിൽ ഇന്ത്യയിലേക്ക് ഏറ്റവുമധികം എണ്ണവിതരണം ചെയ്യുന്ന രാജ്യമാണ് റഷ്യ. യുക്രെയ്നുമേലുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയനും യുഎസും റഷ്യൻ എണ്ണയ്ക്ക് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യൻ കമ്പനികൾക്ക് അത് തടസ്സമല്ല. മാത്രമല്ല, ഉപരോധം മൂലം റഷ്യൻ എണ്ണയുടെ വില വിപണിയിലെ മറ്റ് ക്രൂഡ് ഇനങ്ങളെ അപേക്ഷിച്ച് ബാരലിന് 3-4 ഡോളർ വരെ കുറവാണെന്നതും ഇന്ത്യക്ക് റഷ്യൻ കമ്പനികൾ ഡിസ്കൗണ്ട് നൽകുന്നുണ്ടെന്നതും നേട്ടമാണ്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business