ADVERTISEMENT

കേരളത്തിൽ സ്വർണവിലയിൽ ഇന്ന് മികച്ച കുറവ്. പവന് 440 രൂപ താഴ്ന്ന് വില 57,840 രൂപയിലെത്തി. 55 രൂപ കുറഞ്ഞ് 7,230 രൂപയാണ് ഗ്രാം വില. തുടർച്ചയായി 3 ദിവസം കൊണ്ട് ഗ്രാമിന് 170 രൂപയും പവന് 1,360 രൂപയും വർധിക്കുകയും ഇന്നലെ മാറ്റമില്ലാതിരിക്കുകയും ചെയ്തശേഷമാണ് ഇന്ന് വില കുറഞ്ഞത്. മൂന്നു ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും ചേരുന്നതാണ് കേരളത്തിലെ സ്വർണവില. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 45 രൂപ കുറഞ്ഞ് 5,970 രൂപയിലെത്തി. കനംകുറഞ്ഞ (ലൈറ്റ്‍വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉൾപ്പെടെയുള്ള കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വർണം. കഴിഞ്ഞദിവസങ്ങളിൽ ഗ്രാമിന് 100 രൂപയ്ക്ക് മുകളിൽ തുടർന്ന വെള്ളി വിലയും ഇന്ന് മൂന്നുരൂപ കുറഞ്ഞ് 98 രൂപയായി.

എന്തുകൊണ്ട് ഇന്ന് വില താഴ്ന്നു?
 

ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപപദ്ധതികളിൽ വൻതോതിൽ ലാഭമെടുപ്പ് നടന്നതാണ് ഇന്ന് സ്വർണവിലയെ പ്രധാനമായും താഴേക്ക് നയിച്ചത്. ഇന്നലെ ഔൺസിന് 2,724 ഡോളർ എന്ന ഒരുമാസത്തെ ഉയരത്തിലെത്തിയ രാജ്യാന്തരവില, ഇന്ന് 2,679 ഡോളറിലേക്ക് വരെ ഇടിഞ്ഞു. ഇപ്പോൾ വ്യാപാരം നടക്കുന്നത് 2,686 ഡോളറിൽ. യുഎസിൽ പണപ്പെരുപ്പം ആശ്വാസതലത്തിൽ തന്നെ നിൽക്കുന്നതിനാൽ ഈമാസവും കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ട്.

Image : Istock/Casarsa
Image : Istock/Casarsa

പലിശ കുറയുന്നത് സ്വർണത്തിന് നേട്ടമാണെങ്കിലും ഇപ്പോൾ നിക്ഷേപകരുടെ ശ്രദ്ധയിലുണ്ടായ വ്യതിചലനമാണ് സ്വർണത്തിൽ ലാഭമെടുപ്പിന് പ്രേരിപ്പിക്കുന്നത്. ഡിസംബറിൽ പലിശ കുറയുമെങ്കിലും 2025ലെ അനുമാനം എന്താണെന്ന് ഇപ്പോൾ നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. 2025ൽ പലിശയിൽ തൊടാൻ ഫെഡറൽ റിസർവ് തയാറായില്ലെങ്കിൽ അത് സ്വർണത്തിന് സമ്മർദമാകും. ഡോളർ, ബോണ്ട് എന്നിവ മെച്ചപ്പെടും. സ്വർണനിക്ഷേപ പദ്ധതികളുടെ തിളക്കവും കുറയുമെന്നതാണ് കാരണം.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Gold Price - Gold price down in Kerala today: Gold prices tumble in Kerala due to profit booking in investment schemes. Sovereign rate falls below ₹58,000. Silver prices also decline. Get the latest updates on gold and silver rates.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com